Latest News
|^| Home -> Suppliments -> CATplus -> നോമ്പാചരണം

നോമ്പാചരണം

Sathyadeepam

നമ്മള്‍ നോമ്പുകാലത്താണ്. പരസ്യജീവിതത്തിനു മുമ്പു 40 ദിവസം ഉപവാസവും പ്രാര്‍ത്ഥനയുമായി മരുഭൂമിയില്‍ ചെലവഴിച്ച ക്രിസ്തുനാഥന്‍റെ മാതൃക അനുകരിക്കുന്നതിനും ഉയിര്‍പ്പു തിരുനാളിനു വേണ്ടവിധം ഒരുങ്ങുന്നതിനുമാണു നമ്മള്‍ നോമ്പ് ആചരിക്കുന്നത്. പാപജീവിതം ഉപേക്ഷിക്കുന്നതിനും സത്പ്രവൃത്തികളിലൂടെ പരിഹാരം അനുഷഠിക്കുന്നതിനുമുള്ള സന്ദേശമാണ് ഈ അവസരത്തില്‍ ദൈവം തരുന്നത്.

യേശുവിനു വഴിയൊരുക്കാന്‍ വന്ന സ്നാപക യോഹന്നാന്‍റെ പ്രസംഗം ഒറ്റ ആശയത്തെ കേന്ദ്രീകരിച്ചുള്ളതായിരുന്നു. പശ്ചാത്തപിക്കുക, അനുതാപത്തിനു യോജിച്ച ഫലങ്ങള്‍ പുറപ്പെടുവിക്കുക. വി. ലൂക്കായുടെ സുവിശേഷം മൂന്നാം അദ്ധ്യായം നാലു മുതല്‍ 10 വരെയുള്ള വാക്യങ്ങള്‍ യോഹന്നാന്‍റെ ഉജ്ജ്വലമായ പ്രഭാഷണം രേഖപ്പെടുത്തിയിട്ടുണ്ട്. അനുതാപം പ്രവൃത്തിയില്‍ കൊണ്ടുവരേണ്ടത് എങ്ങനെയെന്ന് ഓരോ വിഭാഗം ആളുകള്‍ക്കും അദ്ദേഹം നിര്‍ദ്ദേശം നല്കിയിരുന്നു.

“സമയം സമാഗതമായി, അനുതപിച്ചു സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍” (മര്‍ക്കോ. 1:15) എന്ന ആഹ്വാനവുമായിട്ടാണു ക്രിസ്തുനാഥന്‍ തന്‍റെ സുവിശേഷപ്രചാരണം ആരംഭിച്ചത്. ‘ഇന്നുതന്നെ’ നാം അനുതപിക്കണമെന്ന് ഈശോ ആവശ്യപ്പെടുന്നു. ഇനിയും മറ്റൊരു ദിവസം നമുക്കു ലഭിക്കുമോ എന്നറിയില്ല. അതു ദൈവത്തിന്‍റെ കരങ്ങളിലാണ്. ഇതിനു മുമ്പും ധാരാളം അവസരങ്ങള്‍ ഇങ്ങനെ കടന്നുപോയിട്ടുള്ളതാണല്ലോ. അതുകൊണ്ടു ഭാവിയിലും സമയം ലഭിക്കും എന്ന ചിന്തയോടെ ലാഘവബുദ്ധിയോടെ നാം പെരുമാറുവാന്‍ പാടില്ല. ഇത്രയും നാള്‍ ദൈവം നമ്മളോടു കാരുണ്യം കാണിച്ചതു നമ്മള്‍ ഓരോരുത്തരെയും അനുതാപത്തിലേക്കു നയിക്കുവാനാണ് (റോമാ 2:4) എന്നാണു വി. പൗലോസ് ശ്ലീഹാ പ്രസ്താവിച്ചിട്ടുള്ളത്. ദൈവത്തിന്‍റെ ക്ഷമയെ നാം പരീക്ഷിച്ചുകൂടാ.

അനുദിനജീവിതത്തില്‍ അനുതാപത്തിന്‍റെ ഫലം പുറപ്പെടുവിക്കുന്നതെങ്ങനെയെന്നു ചിന്തിക്കുമ്പോള്‍ ഓര്‍മ്മയില്‍ വരുന്നതു സുവിശേഷത്തിലെ സക്കേവൂസിന്‍റെ കാര്യമാണ്. ദൈവപുത്രന്‍തന്നെയായ യേശു സക്കേവൂസിന്‍റെ വീട്ടീല്‍ ചെന്നപ്പോള്‍ അദ്ദേഹത്തിനു തന്‍റെ പാപത്തെപ്പറ്റിയും അയോഗ്യതയെപ്പറ്റിയും അവബോധമുണ്ടായി. പശ്ചാത്താപ വിവശനായ സക്കേവൂസ് യേശുവിനോട് ഉടനെ പറയുകയാണ്. “കര്‍ത്താവേ, ഇതാ എന്‍റെ സമ്പത്തില്‍ പകുതി ഞാന്‍ ദരിദ്രര്‍ക്കു കൊടുക്കുന്നു. ആരുടെയെങ്കിലും വക വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കില്‍ നാലിരട്ടിയായി തിരിച്ചുകൊടുക്കുന്നു” (ലൂക്കാ 19:8).

പാപത്തിനു പരിഹാരമായി തന്‍റെ സമ്പത്തു സഹായമര്‍ഹിക്കുന്നവര്‍ക്കായി പങ്കുവയ്ക്കുന്ന ഒരു മനുഷ്യന്‍. പലവിധത്തില്‍ സാമ്പത്തികക്ലേശങ്ങള്‍ അനുഭവിക്കുന്നവരെ നമുക്കു ചുറ്റും നാം കാണുന്നുണ്ട്. തങ്ങള്‍ക്കും കുട്ടികള്‍ക്കും വിശപ്പടക്കാന്‍ ഭക്ഷണത്തിനു മാര്‍ഗമില്ലാത്തവര്‍, വസ്ത്രം വാങ്ങാന്‍ ക്ലേശിക്കുന്നവര്‍, മഴ നനയാതെ കിടന്നുറങ്ങാന്‍ ഒരു കൊച്ചു പുര നിര്‍മിക്കാനാഗ്രഹിക്കുന്നവര്‍, വിവാഹപ്രായമായ പെണ്‍കുട്ടികള്‍ക്കു വിവാഹം നടത്തിക്കൊടുക്കാന്‍ ചില്ലിക്കാശുപോലുമില്ലാത്തവര്‍… എല്ലാം അക്കൂട്ടത്തില്‍പ്പെടും.

മനോഹരമായി വീടുകളില്‍ വിലയേറിയ ആഭരണങ്ങളും വസ്ത്രങ്ങളുമണിഞ്ഞു ജീവിക്കുമ്പോള്‍ നമുക്കു ചുറ്റും സഹായമര്‍ഹിക്കുന്ന ഈ പാവപ്പെട്ടവരെ കാണാതിരിക്കുന്നതു നീതിയാണോ? അവരും ദൈവത്തി ന്‍റെ മക്കളാണെന്നതു നാം വിസ്മരിക്കരുത്. നമ്മിലൂടെ അവര്‍ക്കു സഹായം നല്കുന്നതിനുവേണ്ടിയാണു ദൈവം നമുക്കു സമ്പത്തും ആരോഗ്യവും നല്കിയിട്ടുള്ളത്.

ദൈവവുമായി രമ്യപ്പെടുമ്പോള്‍ സഹോദരന്മാരുമായും നാം രമ്യപ്പെടണം. വിരോധവും വിദ്വേഷവുമുള്ളവര്‍ അതുപേക്ഷിച്ച് അവയെല്ലാം സ്നേഹത്തില്‍ പറഞ്ഞുതീര്‍ക്കണം. അതുപോലെ മറ്റുള്ളവരെ അകാരണമായി വിമര്‍ശിക്കുന്ന പ്രവണതയുള്ളവര്‍ ആ ശീലം നിര്‍ത്തണം. നമുക്കു ബലഹീനതകള്‍ ഉണ്ടെന്നതു മറക്കരുത്. മറ്റുളളവരോട് നമ്മള്‍ ക്ഷമിക്കുമ്പോഴാണു ദൈവം നമ്മുടെ തെറ്റുകളും ക്ഷമിക്കുന്നത്. മദ്യപാനം, പുകവലി തുടങ്ങിയ ദുശ്ശീലങ്ങള്‍ക്ക് അടിപ്പെട്ടവര്‍ക്ക് അവ ഉപേക്ഷിക്കുന്നതിനുള്ള നല്ലൊരവസരമാണു നോമ്പുകാലം.

ഉപവാസവും മറ്റു ത്യാഗപ്രവൃത്തികളും നാം സ്വമേധയാ അനുഷ്ഠിക്കണം. നിയമങ്ങളുടെ നിര്‍ബന്ധത്താലല്ല, സ്വയം പ്രേരിതമായിത്തന്നെ അവ അനുഷ്ഠിക്കുന്നതിനും നാം സന്നദ്ധരാകണം. അതിനാണ് ഇവയെ സംബന്ധിച്ചു പണ്ടു നിലവിലിരുന്ന നിയമങ്ങള്‍ നിര്‍ത്തലാക്കിയത്. സര്‍വോപരി, നോമ്പുകാലത്ത് ഓരോ ദിവസവും ദൈവവചനം വായിക്കുകയും കൂടുതലായി പ്രാര്‍ത്ഥിക്കുകയും ചെയ്യണം. കര്‍ത്താവിന്‍റെ പീഡാനുഭവരംഗങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന സുവിശേഷഭാഗങ്ങള്‍ നോമ്പുകാലത്തു വായിക്കുകയും അവയെപ്പറ്റി ധ്യാനിക്കുകയും ചെയ്യുന്നതു വളരെ നല്ലതാണ്.

ഇങ്ങനെ നമ്മുടെ ത്യാഗങ്ങളും അനുദിനജീവിതത്തിലെ സഹനങ്ങളും പരിഹാര പ്രവൃത്തികളും വഴി ക്രിസ്തുനാഥന്‍റെ പീഡാനുഭവത്തില്‍ പങ്കുചേരാന്‍ നമുക്കു പരിശ്രമിക്കാം. യാതന നിറഞ്ഞ സഹനത്തിന്‍റെ പാതയിലൂടെ ഉയിര്‍പ്പിന്‍റെ മഹത്ത്വത്തിലേക്കു പ്രവേശിച്ച ക്രിസ്തുനാഥന്‍ നമുക്കു മാതൃകയും പ്രചോദനവുമായിരിക്കട്ടെ.

Leave a Comment

*
*