നോമ്പുകാലങ്ങളിൽ ശ്രദ്ധിക്കാൻ

മനുഷ്യവംശത്തോട് കരുണ കാണിക്കുവാനായി ദൈവം തന്നിരിക്കുന്ന കാഘട്ടമാണു നോമ്പുകാലം. അനുതപിച്ചുകൊണ്ടു പാപമോചനം നേടുവാനും പാപങ്ങള്‍ക്കു പരിഹാരം ചെയ്ത് കര്‍ത്താവിനോടൊത്തു കുരിശിന്‍റെ പാതയില്‍ക്കൂടി ഉയിര്‍പ്പിന്‍റെ മഹത്ത്വത്തിലേക്കു പ്രവേശിക്കുവാനുള്ള ദൈവികാഹ്വാനമാണ് ഈ കാലഘട്ടത്തില്‍ മുഴങ്ങി കേള്‍ക്കുക. ഈ ആഹ്വാനത്തിനോടു പ്രത്യുത്തരിക്കുക എന്നതു നമ്മളോരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. എന്നാല്‍ ദൈവജനമെന്ന നിലയില്‍ നമ്മള്‍ കൂട്ടമായും പ്രത്യുത്തരം നല്കേണ്ടിയിരിക്കുന്നു.

നോമ്പുകാലം അതിനു വേണ്ട സൗകര്യം നമുക്കു തരുന്നുണ്ട്. ആണ്ടുവട്ടത്തിലെ എല്ലാ വെള്ളിയാഴ്ചകളിലുമുള്ള മാംസവര്‍ജ്ജനത്തിനു പുറമെ നോമ്പുകാലത്തു വിഭൂതി ബുധനാഴ്ചയും (തിങ്കള്‍) ദുഃഖവെള്ളിയാഴ്ചയും നമ്മള്‍ കൂട്ടമായി ഉപവസിച്ചുകൊണ്ടു ദൈവത്തിന്‍റെ പക്കലേയ്ക്കുള്ള നമ്മുടെ തിരിവും ഈശോയുടെ പിന്നാലെയുള്ള കുരിശിന്‍റെ യാത്രയും ഒറ്റക്കെട്ടായി പ്രഖ്യാപിക്കുന്നു; നിര്‍വഹിക്കുന്നു. വ്യക്തിപരമായും സാമൂഹികമായുമുള്ള നമ്മുടെ നോമ്പുകാല ആചരണം ചൈതന്യവത്താക്കിത്തീര്‍ക്കുവാനുതകുന്ന ചില ആശയങ്ങള്‍ നിങ്ങളുടെ പരിഗണനയ്ക്കായി വയ്ക്കുകയാണ്.

1. പാപങ്ങളെക്കുറിച്ചു ഹൃദയപൂര്‍വം അനുതപിച്ചു പാപസങ്കീര്‍ത്തനം നടത്തുക.

2. ദിവ്യബലിയില്‍ ഭക്തിപൂര്‍വം സംബന്ധിക്കുകയും വിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും ചെയ്യുക.

3. നിശ്ചിത ദിവസങ്ങളില്‍ വി. കുര്‍ബാനയുടെ മുമ്പില്‍ ധ്യാനാത്മകമായി പ്രാര്‍ത്ഥനയില്‍ കുറേ സമയം ചെലവഴിക്കുക.

4. ഇടവകയിലോ സ്ഥാപനങ്ങളിലോ ഉപവാസപ്രാര്‍ത്ഥനയുള്ളപ്പോള്‍ അതില്‍ പങ്കുചേരുക.

5. കുരിശിന്‍റെവഴി കഴിക്കുക, അതു സാദ്ധ്യമല്ലെങ്കില്‍ വേദപുസ്തകത്തില്‍ നിന്നു പീഡാനുഭവവിവരണം വായിച്ചു കുറേ സമയം ധ്യാനിക്കുക.

6. ചില ദിവസങ്ങളില്‍ ഒരു നേരത്തെ ഭക്ഷണം പരിത്യജിക്കുക.

7. മാംസം വര്‍ജ്ജിക്കുക.

8. മദ്യപാനശീലമുള്ളവര്‍ നോമ്പുകാലത്തില്‍ മദ്യം പൂര്‍ണമായി വര്‍ജ്ജിക്കുക.

9. പുകവലിക്കുന്നവര്‍ നോമ്പുകാലത്ത് അത് ഉപേക്ഷിക്കുക.

10. പ്രധാന ഭക്ഷണങ്ങള്‍ക്കിടയ്ക്കു കാപ്പി, ചായ തുടങ്ങിയവ കുടിക്കുന്ന പതിവുള്ളവര്‍ അവ ഉപേക്ഷിച്ചു പകരം ശുദ്ധജലം കുടിക്കുക.

11. മദ്യപാനം, പുകവലി, ഇടയ്ക്കിടെയുള്ള ചായ, കാപ്പി തുടങ്ങിയവയ്ക്കുവേണ്ടി വിനിയോഗിച്ചിരുന്ന പണം പരസ്നേഹപ്രവൃത്തികള്‍ക്കായി ദാനം ചെയ്യുക. അതുപോലെ തീരെ നിര്‍ദ്ധനരല്ലാത്തവര്‍ തങ്ങളുടെ പ്രതിദിന വരുമാനത്തിന്‍റെ 10 ശതമാനം പരസ്നേഹപ്രവൃത്തികള്‍ക്കായി നല്കുക.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org