ഒലിവെര്‍ പ്ളങ്കെറ്റ് (1629-1681) മെത്രാൻ, രക്തസാക്ഷി

ഒലിവെര്‍ പ്ളങ്കെറ്റ് (1629-1681) മെത്രാൻ, രക്തസാക്ഷി

സെയിന്‍റ്സ് കോര്‍ണര്‍

ഒലിവെര്‍ പ്ളങ്കെറ്റ് അയര്‍ലന്‍റില്‍ ഒരു പ്രഭുകുടുംബത്തില്‍ ജനിച്ചു. ഫാ. പാട്രിക്ക് പ്ളങ്കെറ്റിന്‍റെ കീഴില്‍ ലത്തീനും ഗ്രീക്കും മറ്റും പഠിച്ചു. ഐറിഷ് ഐക്യത്തിനും സ്വാതന്ത്ര്യത്തിനുംവേണ്ടി നിരന്തരം ആഹ്വാനം നല്കിയിരുന്ന ഫാ. പീറ്റര്‍ സ്ക്രാമ്പിയോടുകൂടെ അദ്ദേഹം റോമയും ബെല്‍ജിയവും സന്ദര്‍ശിച്ചു. റോമയില്‍വച്ചു വീണ്ടും കുറേ ലത്തീന്‍ പഠിച്ചു. എട്ടു കൊല്ലത്തെ ദൈവശാസ്ത്രപഠനത്തിനുശേഷം 1654-ല്‍ വൈദികപട്ടം സ്വീകരിച്ചു. 15 വര്‍ഷവുംകൂടി ഫാ. സ്ക്രാമ്പിയുടെ കീഴില്‍ ഓറ്റ്റോറിയന്‍ വൈദികരുടെ കൂടെ പാര്‍ത്തു പ്രോപ്പഗാന്‍റാ കോളജില്‍ സന്മാര്‍ഗ ദൈവശാസ്ത്രം പഠിപ്പിച്ചുകാണ്ടിരുന്നു. 1669-ല്‍ ഒലിവെര്‍ പ്ളങ്കെറ്റ് ആര്‍മാഗ് അതിരൂപതയുടെ മെത്രാപ്പോലീത്തയായി നിയമിക്കപ്പെടുകയും നവംബര്‍ 30-ാം തീയതി ബല്‍ജിയത്തില്‍വച്ചു അഭിഷിക്തനാകുകയും ചെയ്തു. ക്ലേശകരമായ യാത്രയ്ക്കുശേഷം 1670 മാര്‍ച്ചില്‍ അതിരൂപതാ ഭരണം ഏറ്റെടുത്തു. ജൂണ്‍ മാസത്തില്‍ ഐറിഷ് മെത്രാന്മാരുടെ സമ്മേളനം ആര്‍ച്ച്ബിഷപ് പ്ളങ്കറ്റിന്‍റെ അദ്ധ്യക്ഷതയില്‍ ഡബ്ലിനില്‍ നടന്നു.

1472-വരെ സമാധാനത്തില്‍ കാര്യങ്ങള്‍ നീങ്ങി. അക്കൊല്ലം ആര്‍ഥര്‍ കാപ്പെന്‍ വൈസ്രോയി ആയി. സഭാമര്‍ദ്ദനം വീണ്ടും ആരംഭി ച്ചു. സ്കൂളുകളെല്ലാം അടച്ചു. മെത്രാന്മാര്‍ വനവാസമായി. അവര്‍ക്കു പരസ്യമായി യാത്ര ചെയ്യാനോ ദിവ്യകര്‍മങ്ങള്‍ നടത്താനോ പാടില്ലായിരുന്നു. അക്കാലത്ത് ഉണങ്ങിയ റൊട്ടിപോലും കിട്ടുക ദുസാദ്ധ്യമായിരുന്നു. ആര്‍ച്ച്ബിഷപ് പ്ളങ്കറ്റും വാട്ടര്‍ഫോര്‍ഡ് ബിഷപ് ഡോക് ബ്രെന്നനും താമസിച്ചിരുന്ന വീടു വയ്ക്കോല്‍ മേഞ്ഞതും നക്ഷത്രങ്ങള്‍ വീട്ടിനകത്തുനിന്നു കാണാവുന്നതുമായിരുന്നു. എങ്കിലും അവര്‍ അജഗണത്തെ ഉപേക്ഷിച്ചു പോയില്ല. കത്തോലിക്കാസഭ സ്വാതന്ത്ര്യത്തിനുവേണ്ടി 1678-ല്‍ ഇംഗ്ലണ്ടില്‍ നടത്തിയ ഒരു വിപ്ലവത്തോടെ ഐറിഷ് മര്‍ദ്ദനത്തിനു മൂര്‍ച്ച കൂട്ടി. 1579-ല്‍ ഡബ്ലിന്‍ ആര്‍ച്ച്ബിഷപ് ഡോ. ടാല്‍ബ്ളട്ടും മീത്തിലെ ബിഷപ് പേട്രിക് പ്ളാങ്കെറ്റും അറസ്റ്റ് ചെയ്യപ്പെട്ടു. ചില ശിക്ഷകള്‍ക്കു വിധേയരായിരുന്ന വൈദികര്‍ പറഞ്ഞുപരത്തി ആര്‍ച്ച്ബിഷപ് പ്ലങ്കറ്റ് എഴുപതിനായിരം ഫ്രഞ്ച് യോദ്ധാക്കളെ വരുത്തി സ്വാതന്ത്ര്യസമരം നടത്താന്‍ പോകുകയാണെന്ന്. ഈ ചാര്‍ജിനുമേല്‍ ആര്‍ച്ച്ബിഷപ് പ്ളങ്കെറ്റിനെ വധിക്കാന്‍ തീരുമാനമുണ്ടായി. അമ്പതാം സങ്കീര്‍ത്തനം ചൊല്ലി ആര്‍ച്ച്ബിഷപ് മരണം കൈവരിച്ചു. 1975-ല്‍ ആറാം പൗലോസ് മാര്‍പാപ്പ അദ്ദേഹത്തെ വിശുദ്ധനെന്നു പ്രഖ്യാപനം ചെയ്തു.

വിചിന്തനം: നീതിക്കുവേണ്ടി പീഡകള്‍ സഹിക്കുന്നവര്‍ ഭാഗ്യവാന്മാരാണ്; സ്വര്‍ഗരാജ്യം അവര്‍ക്കുള്ളതാകുന്നുവെന്ന് ആര്‍ച്ച്ബിഷപ് പ്ളങ്കെറ്റിന്‍റെ ജീവിതം ഉദാഹരിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org