Latest News
|^| Home -> Suppliments -> Familiya -> ഓണം; പ്രളയകാലത്തും പ്രളയാനന്തരവും

ഓണം; പ്രളയകാലത്തും പ്രളയാനന്തരവും

Sathyadeepam

അഡ്വ. ചാര്‍ളി പോള്‍

ഓണം നിറവിന്‍റെ പ്രതീകമാണ്. മലയാളിയുടെ ഒത്തൊരുമ സ്ഥിരീകരിക്കുന്ന നാടിന്‍റെ ഉത്സവമാണ് ഓണം. കൂലിപ്പണിക്കാരനും ജന്മിയും അടിയാന്മാരും ജാതിമതഭേദങ്ങള്‍ മറന്ന് ഓത്തൊരുമയോടെ കഴിയുന്ന കാലമാണ് ഓണം. ജാതിഭേദങ്ങളെല്ലാം മറന്ന് “നാമെല്ലാം ഒന്ന്” എന്ന അനന്തമായ സത്യം ഓര്‍മ്മപ്പെടുത്തുന്ന ഒത്തുചേരലിന്‍റെ ഉത്സവമാണ് ഓണം.

ഈ വര്‍ഷമാണ് യഥാര്‍ത്ഥത്തില്‍ നാം ഓണം ആഘോഷിക്കുന്നത്. ഇങ്ങനെ വേണം ഓണം. സ്വന്തം കുടുംബാംഗങ്ങള്‍ക്ക് വേണ്ടിയല്ലാതെ മലയാളി ഇത്തവണ മറ്റുള്ളവര്‍ക്കുവേണ്ടി എല്ലാം വാങ്ങി. കടകളില്‍നിന്ന് മറ്റുള്ളവര്‍ക്കുവേണ്ടി സാധനങ്ങള്‍ വാങ്ങുന്ന ഓരോരുത്തരും ആഘോഷിക്കുന്നത് മാനവികതയുടെ ഉയര്‍ന്ന മൂല്യങ്ങളാണ്. മാവേലി നാടുവാണീടുംകാലം മാനുഷരെല്ലാരും ഒന്നുപോലെയെന്നത് ഈ പ്രളയകാലത്ത് അന്വര്‍ത്ഥമായി. എല്ലാവരും പ്രളയകാലത്ത് സമന്മാരായി. ജാതിയില്ല, മതമില്ല, വര്‍ഗ്ഗമില്ല, വര്‍ണ്ണമില്ല, രാഷ്ട്രീയ ഭിന്നതയില്ല, മറ്റ് വിവേചനങ്ങളുമില്ല. ശ്രീനാരായണ ഗുരു പറഞ്ഞ പോലെ; “ജാതിഭേദം മത ദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന കഴിഞ്ഞകാലം.” എങ്ങും എവിടെയും നന്മ ചെയ്യാനുള്ള ചിന്തമാത്രം.

ഇവിടെ ദുരന്തമാണ് എല്ലാവരെയും ഒന്നിപ്പിച്ചത്. ദേശവും ഭാഷയും ജാതിയും രാഷ്ട്രീയവുമെല്ലാം മറന്നു പ്രളയകാലത്ത് അതിജീവനത്തിനായി ഏവരും ഒന്നിച്ചു നില്‍ക്കും. ലോകമെങ്ങും അതാണ് അനുഭവം. ലോകത്തെ മുഴുവന്‍ പുണ്യ പുസ്തകങ്ങളുടെയും സാരാംശം; “പരോപകാരമേ പുണ്യം” എന്നതാണ്. ഈ പരോപകാരത്തിന്‍റെ പാതയിലാണ് കേരളം. ചിലിക്കാര്‍ പ്രശ്നം വരുമ്പോള്‍ പരസ്പരം പറയും; “വെന്‍സറീമോസ്” ഇതി ന്‍റെ അര്‍ത്ഥം “നാം തരണം ചെയ്യും” എന്നാണ്. കേരളവും പറയുന്നു; ‘we shall overcome’. നമ്മള്‍ അതിജീവി ക്കും. കേരളത്തോളം വളര്‍ന്ന കൂട്ടായ്മയുടെ കരുത്തില്‍ നമ്മുടെ നാട് ആത്മവിശ്വാസത്തോടെ അതിജീവനത്തിന്‍റെ പടവുകള്‍ കയറുക തന്നെ ചെയ്യും.

മനുഷ്യസ്നേഹത്തിന്‍റെയും ത്യാഗസന്നദ്ധതയുടെയും സേവന തത്പരതയുടെയും അടിത്തറ നമ്മുടെ നാട്ടില്‍ വളരെ ശക്തമാണെന്ന് ഈ അതിജീവനം നമുക്ക് കാട്ടിത്തന്നു. സമാനതകളില്ലാത്ത ഈ പ്രതിസന്ധിയെ മറി കടക്കാന്‍ എല്ലാ വിഭാഗം ജനങ്ങളുടെയും ആത്മാര്‍ത്ഥമായ സഹകരണവുമുണ്ടായി. എല്ലാ മേഖലകളില്‍ നിന്നും സന്നദ്ധസേവനത്തിന്‍റെ അനുകരണീയ മാതൃകകള്‍ ഉയര്‍ന്നു വന്നു. ഉദ്യോഗസ്ഥ-രാഷ്ട്രീയ സംവിധാനത്തിന്‍റെ മാനുഷിക മുഖം തെളിമയോടെ ദര്‍ശിക്കാനായി.

വീടും സമ്പാദ്യവും ഉപേക്ഷിച്ച് പലായനം ചെയ്തവര്‍ക്ക് സഹജീവികള്‍ താങ്ങും തണലുമായി. നിസ്സഹായതയിലും നിശ്ചയ ദാര്‍ഢ്യം കേരള സമൂഹത്തെ മുന്നോട്ടു നയിച്ചു. മത ഭേദമില്ലാതെ ദേവാലയങ്ങള്‍ അഭയകേന്ദ്രങ്ങളായി. മത്സ്യത്തൊഴിലാളികള്‍ കൂട്ടത്തോടെ രക്ഷകരായി മാറി. മനുഷ്യരില്‍ അസമത്വങ്ങളും വേര്‍തിരിവുകളും ഇല്ലാതാവുന്നതിന്‍റെ ചാരുതയാര്‍ന്ന അനുഭവങ്ങളാണ് പ്രളയനാളുകളില്‍ നാം കണ്ടത്. ഇതു തന്നെയാണ് ഓണസന്ദേശവും.

കേരളം ഇത്രയേറെ ഒരുമയോടെ നീങ്ങിയ മറ്റൊരു അവസരമില്ല. മനുഷ്യനന്മയുടെ പ്രഭ വിരിഞ്ഞ നിരവധി രംഗങ്ങളാണ് കേരളത്തിലുടനീളം കണ്ടത്. പ്രകൃതിയുടെ സംഹാരതാണ്ഡവത്തില്‍ സഹോദരങ്ങള്‍ ജീവനുവേണ്ടി മല്ലടിച്ചപ്പോള്‍ ജനം ജാതിയും മതവും വര്‍ഗ്ഗീയതയുമെല്ലാം മറന്നു. പ്രശംസാര്‍ഹമായ ഐക്യവും വിഭവങ്ങള്‍ പങ്കുവയ്ക്കാനുള്ള സന്നദ്ധതയും മറ്റുള്ളവരെ രക്ഷിക്കാന്‍ വേണ്ടി തങ്ങളുടെ ജീവന്‍പോലും പണയം വയ്ക്കാനുള്ള ധൈര്യവും പ്രകടിപ്പിച്ചു കേരളീയര്‍. ഓണത്തിന്‍റെ ‘മാനുഷരെല്ലാരുമൊന്നുപോലെ’ എന്ന സന്ദേശം അരക്കിട്ടുറപ്പിക്കുകയായിരുന്നു മലയാളി. ഓണാഘോഷം മാത്രമല്ല, മറ്റാഘോഷങ്ങളും ഒഴിവാക്കി ഒരേ മനസ്സോടെ, ഒരേ ഹൃദയവികാരത്തോടെ അതിജീവനപാതയില്‍ പുതിയൊരു കേരളത്തെ കെട്ടിപ്പടുക്കാന്‍ പരസ്പരം സഹകരിച്ചു മുന്നേറാം. പ്രളയകാലത്തെപോലെ പരസ്പരം ഒരുമയോടെ ഓണനാളുകളിലും ശേഷവും മുന്നേറാം.

Leave a Comment

*
*