ഓണ്‍ലൈന്‍ പഠനവും ഓണ്‍ലൈന്‍ പരീക്ഷയും

ഓണ്‍ലൈന്‍ പഠനവും ഓണ്‍ലൈന്‍ പരീക്ഷയും

എം. ഷൈറജ്

ഏറെ വ്യത്യസ്തതകളോടെ ഒരു പരീക്ഷക്കാലം എത്തുകയാണ്. കോവിഡ് എന്ന മഹാമാരിയുടെ പശ്ചാത്തലത്തില്‍ പഠനം ഈ അധ്യയന വര്‍ഷത്തില്‍ ഏതാണ്ടു മുഴുവനായിത്തന്നെ ഓണ്‍ലൈനിലായിരുന്നു. പരീക്ഷകളാവട്ടെ, സാധാരണ രീതിയില്‍ ഓഫ്‌ലൈനായും. അതുകൊണ്ട് പരീക്ഷാ തയ്യാറെടുപ്പിന്റെ കാര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ ഏറെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.

പഠനപുരോഗതി
ഇതുവരെയുള്ള പഠനത്തിന്റെ പുരോഗതി വിലയിരുത്തിക്കൊണ്ടായിരിക്കണം പരീക്ഷാ തയ്യാറെടുപ്പു തുടങ്ങേണ്ടത്. ക്ലാസ്സ് ടെസ്റ്റുകള്‍, മാസപ്പരീക്ഷകള്‍, ടേം പരീക്ഷകള്‍, മോഡല്‍ എക്‌സാം എന്നിങ്ങനെ ക്രമാനുഗതമായ ഒരു വിലയിരുത്തലിന് പലര്‍ക്കും ഈ വര്‍ഷം അവസരം ലഭിച്ചിട്ടില്ല. അവസരം ലഭിച്ചവര്‍ക്കാവട്ടെ ഓണ്‍ലൈന്‍ പരീക്ഷകളാണെഴുതാന്‍ കഴിഞ്ഞത്. ഓണ്‍ലൈന്‍ പരീക്ഷയുടെ ഫലം. പക്ഷേ, പലപ്പോഴും ക്ലാസ്സ് റൂം പരീക്ഷയിലേയ്ക്കുള്ള സൂചകമാവണമെന്നില്ല. അതിനാല്‍ പഠന പുരോഗതി വിലയിരുത്തുന്നതിനായി, മോഡല്‍ പരീക്ഷകള്‍ സ്വന്തമായി എഴുതി നോക്കുകയാണു വിദ്യാര്‍ത്ഥികള്‍ ആദ്യം ചെയ്യേണ്ടത്. മുന്‍ വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകള്‍ ഇതിനായി ഉപയോഗിക്കാം. മാതാപിതാക്കളുടെ മേല്‍നോട്ടവുമാവാം. പബ്ലിക് പരീക്ഷയുടെ അതേ സമയക്രമം പാലിച്ചുകൊണ്ടുവേണം എഴുതി ശീലിക്കേണ്ടത്. ഉത്തരക്കടലാസുകള്‍ സ്‌കൂളില്‍ അതാതു വിഷയം പഠിപ്പിക്കുന്ന അദ്ധ്യാപകരെ കാണിച്ചു വിലയിരുത്തണം.

ടൈംടേബിള്‍
മേല്‍ വിവരിച്ചപോലെയുള്ള നിലവാര നിര്‍ണ്ണയത്തിനു ശേഷം ടൈംടേബിള്‍ തയ്യാറാക്കാം. ഇനിയുള്ള ദിവസങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കുന്നതിന് ടൈം ടേബിള്‍ അത്യാന്താപേക്ഷിതമാണ്. പ്രയാസമുള്ള വിഷയങ്ങള്‍ക്ക് കൂടുതല്‍ ദിവസങ്ങള്‍ നല്കണം. ഓരോ ദിവസവും പഠനത്തിന് എത്ര സമയം വിനിയോഗിക്കണമെന്നും എത്ര പാഠഭാഗം പഠിച്ചു തീര്‍ക്കണമെന്നും കണക്കാക്കി വേണം ടൈംടേബിള്‍ ഉണ്ടാക്കേണ്ടത്.
ഓരോ ദിവസത്തേയും പഠന പുരോഗതി അന്നന്നുതന്നെ വിലയിരുത്തണം. പോരായ്മകള്‍ അടുത്തദിവസം തന്നെ പരിഹരിക്കണം. സംശയങ്ങള്‍ കൃത്യമായി എഴുതി വയ്ക്കുകയും അടുത്ത അവസരത്തില്‍തന്നെ അദ്ധ്യാപകരോടു ചോദിച്ചു നിവാരണം വരുത്തുകയും വേണം. ഓണ്‍ലൈന്‍ പഠനത്തിന്റെ അവസരത്തില്‍ പാഠ്യഭാഗങ്ങളെക്കുറിച്ച് പല തെറ്റിദ്ധാരണകളും ഉണ്ടായിരിക്കാനിടയുണ്ട്. അതിനാല്‍ കഴിവതും അദ്ധ്യാപകരെ നേരില്‍ക്കണ്ട് സംശയനിവൃത്തി വരുത്തുന്നത് ഏറെ പ്രാധാന്യമുള്ള കാര്യമാണ്.

പരീക്ഷാഭയം വേണ്ട
ചിട്ടയായ പഠനം നടത്താതെ പരീക്ഷയടുക്കുമ്പോള്‍ തിരക്കുപിടിച്ചു നടത്തുന്ന ആസൂത്രിതമല്ലാത്ത തയ്യാറെടുപ്പാണു പരീക്ഷാ പേടിയില്‍ ചെന്നവസാനിക്കുന്നത്. അതുകൊണ്ട് ഇനി ബാക്കിയുള്ള ദിവസങ്ങള്‍ കൃത്യമായ പ്ലാനിങ്ങോടെ വിനിയോഗിച്ചാല്‍ ഒരു ഭയവും കൂടാതെ പരീക്ഷയെ തരണം ചെയ്യുവാനാകുമെന്നതില്‍ സംശയം വേണ്ട.

പഠനസ്ഥലവും സമയവും
ഏതു സമയമാണു പഠനത്തിന് അനുയോജ്യമെന്നത് ഓരോ വ്യക്തിയേയും അനുസരിച്ചിരിക്കും. നേരത്തെ ഉറങ്ങുന്നവര്‍ അതിരാവിലെ തന്നെ ഉണര്‍ന്നു പഠിക്കണം. ഏറെ വൈകി രാത്രി പഠനം നടത്തുന്നവര്‍ ആവശ്യത്തിന് ഉറക്കം ലഭിച്ചതിനു ശേഷമേ ഉണരാവൂ.
വായുവും വെളിച്ചവും നന്നായി കിട്ടുന്ന ഇടമായിരിക്കണം പഠനത്തിനു തിരഞ്ഞെടുക്കേണ്ടത്. മൊബൈല്‍, ലാപ്‌ടോപ്പ്, ടി.വി. തുടങ്ങിയ പഠനത്തിനു ശല്യമാകുന്നവയൊന്നും പഠനമുറിയില്‍ വേണ്ട. പഠന സ്ഥലത്ത് പുസ്തകങ്ങള്‍, നോട്ടുകള്‍, പേന പെന്‍സില്‍ തുടങ്ങിയ പഠന സാമഗ്രികള്‍ കൈയെത്തും ദുരത്തുതന്നെ വയ്ക്കുക. പഠനത്തിനിടയില്‍ ഇവയ്ക്കായുള്ള തിരച്ചില്‍ പഠനത്തെ പ്രതികൂലമായി ബാധിക്കും.

സോഫ്റ്റ്‌കോപ്പികള്‍ വേണ്ട
ഓണ്‍ലൈന്‍ പഠനത്തിനിടയില്‍ അദ്ധ്യാപകര്‍ നല്കിയ നോട്ടുകളും മറ്റും കമ്പ്യൂട്ടറിലോ മൊബൈലിലോ ആവും സ്റ്റോര്‍ ചെയ്തിരിക്കുക. ഇനിയുള്ള തയ്യാറെടുപ്പിന് കമ്പ്യൂട്ടറും മൊബൈലും ഒഴിവാക്കുന്നതാവും നല്ലത്. കാരണം, അവയിലുള്ള മറ്റു സോഫ്റ്റ്‌വെയറുകളും ആപ്പുകളും മറ്റും പഠനത്തെ വ്യതിചലിപ്പിക്കാനിടയുണ്ട്. അതിനാല്‍ സ്റ്റോര്‍ ചെയ്തിരിക്കുന്ന നോട്ടുകളുെട പ്രിന്റ് ഔട്ട് എടുത്ത് പഠനത്തിനായി ഉപയോഗിക്കുന്നതാവും നന്ന്.

വിശ്രമവും വ്യായാമവും
വിശ്രമമില്ലാത്ത പഠനം പ്രതികൂല ഫലമേ ഉണ്ടാക്കൂ. മനസ്സിനും ശരീരത്തിനും വിശ്രമം ആവശ്യമാണ്. 6 മുതല്‍ 8 മണിക്കൂര്‍ വരെ നിങ്ങളുടെ ശരീര രീതിയനുസരിച്ച് ഉറങ്ങണം. പരീക്ഷയുടെ തൊട്ടുമുമ്പുള്ള രാത്രിയും നന്നായി ഉറങ്ങണം. പരീക്ഷയ്ക്ക് ഇത് ഏറെ ഗുണകരമാണ്.
മിതമായ വ്യായാമം ദിനചര്യയുടെ ഭാഗമാക്കണം. കോവിഡ് നിയന്ത്രണങ്ങള്‍ മൂലം കായിക വിനോദങ്ങള്‍ നടക്കാത്തതിനാല്‍ വിദ്യാര്‍ത്ഥികളില്‍ പല പ്രശ്‌നങ്ങളും കണ്ടു വരുന്നുണ്ട്. രോഗസാധ്യതയുള്ളതിനാല്‍ കൂട്ടായ്മയുള്ള കളികള്‍ പരീക്ഷ വരെ ഒഴിവാക്കാം. അതേസമയം നടത്തം, ഓട്ടം, സ്വന്തമായുള്ള എക്‌സര്‍സൈസ് എന്നിവയിലൂടെ വ്യായാമം ഉറപ്പു വരുത്തുകയും വേണം.

പാഠപുസ്തകങ്ങളില്‍ നിന്നു പഠിക്കാം
നോട്ടുകളും ഗൈഡുകളും മാത്രമുപയോഗിച്ചു പഠനം നടത്തുന്നത് ഒട്ടും നല്ല മാര്‍ഗ്ഗമല്ല. അടിസ്ഥാന പഠനം പാഠപുസ്തകങ്ങളിലൂടെ തന്നെയാവണം. മറ്റുള്ളവ സഹായ ഉപകരണങ്ങളേ ആകാവൂ. ഓണ്‍ൈലന്‍ ക്ലാസ്സുകള്‍ മിക്കവാറും പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിത്തന്നെയാവും നടന്നിട്ടുണ്ടാവുക. പാഠപുസ്തകങ്ങള്‍ മുന്നില്‍ വച്ച് ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് ഇക്കാര്യത്തില്‍ മുന്‍തൂക്കമുണ്ട്. മറ്റുള്ളവര്‍ പാഠപുസ്തകത്തിലെ ഭാഗങ്ങള്‍ ഇനിയുള്ള പഠനത്തിന് കൃത്യമായി പിന്തുടരണം.

പരീക്ഷാ ഹാളില്‍
നേരത്തെതന്നെ പരീക്ഷ ഹാളിലെത്തുക, ചോദ്യക്കടലാസിന്റെ തുടക്കത്തിലും ഉത്തരക്കടലാസിന്റെ ആദ്യപേജുകളിലുമുള്ള നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധയോടെ വായിക്കുക, ഉത്തരങ്ങള്‍ എഴുതിത്തുടങ്ങും മുമ്പ് ചോദ്യപേപ്പര്‍ മുഴുവനായി വായിച്ചു നോക്കി അതനുസരിച്ച് സമയക്രമം നിശ്ചയിക്കുക, ഉത്തരങ്ങള്‍ ഒരാവൃത്തി വായിച്ചു നോക്കാന്‍ ഒടുവില്‍ സമയം കണ്ടെത്തുക എന്നിവയെല്ലാം പ്രധാനമാണ്. വ്യക്തമായി വായിക്കാനാവും വിധം ഉത്തരങ്ങളെഴുതണം. വാക്കുകള്‍ക്കും വരികള്‍ക്കുമിടയില്‍ അകലം സൂക്ഷിക്കണം. പാരഗ്രാഫുകള്‍ തിരിച്ച്, തലക്കെട്ടുകള്‍ നല്കുക, പോയിന്റുകള്‍ അക്കമിട്ടെഴുതുക, ചിത്രങ്ങളും ഗ്രാഫുമൊക്കെ കൃത്യമായി അടയാളപ്പെടുത്തുക എന്നിവയിലൊക്കെ ശ്രദ്ധ വയ്ക്കണം.
തയ്യാറെടുപ്പിലും പഠനത്തിലും പരീക്ഷയെഴുത്തിലും നാം പ്രകടിപ്പിക്കുന്ന ഏകാഗ്രതയും അര്‍പ്പണവുമാണ് ഉന്നത വിജയത്തിനു നമ്മെ പ്രാപ്തരാക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org