ഒരമ്മയുടെ ചിരി

ഒരമ്മയുടെ ചിരി


ജോവന്‍ റോസ് അനുജ്

ക്ലാസ്സ് VI

തന്‍റെ കുഞ്ഞു പിറന്ന നിമിഷം ഓമനത്തം നിറഞ്ഞ മുഖം നോക്കി ആ അമ്മ പുഞ്ചിരിച്ചു. തന്‍റെ മകന്‍റെ വളര്‍ച്ച കണ്ട് ആ അമ്മ ചിരിച്ചു. ആദ്യമായി തന്‍റെ പൊന്നോമന പുത്രന്‍ തന്നെ "അമ്മേ" എന്നു വിളിച്ച നിമിഷം, ആനന്ദക്കണ്ണീരോടെ ചിരി വിടര്‍ന്നു.

പഠനത്തില്‍ ഒന്നാമനായി വന്ന മോനു സമ്മാനങ്ങള്‍ വാങ്ങി നല്കുമ്പോഴും അമ്മ ചിരിച്ചു. ആത്മസംതൃപ്തിയോടെയുള്ള പുഞ്ചിരി. മകന്‍ പത്താം ക്ലാസ്സ് പാസ്സായപ്പോള്‍ ലാപ്ടോപ്പ് വാങ്ങിക്കൊടുക്കാം എന്ന് അച്ഛന്‍. വേണ്ട, ബൈക്ക് മതിയെന്ന് അമ്മ. അങ്ങനെ മകനു ബൈക്ക് വാങ്ങിക്കൊടുത്തു.

കുറച്ചു നാളുകള്‍ക്കുശേഷം അച്ഛന്‍ അവന് ഒരു ലാപ്ടോപ്പ് വാങ്ങിക്കൊടുത്തു. ഓഫര്‍ കിട്ടിയതാണത്രേ. മകന്‍ അവ ഉപയോഗിക്കുന്നതു കണ്ട് അമ്മ ചിരിച്ചു. പരീക്ഷ അടുത്തു. ഫലം വന്നപ്പോള്‍ മകന്‍ എല്ലാ വിഷയത്തിനും തോറ്റു. രാത്രി മുഴുവന്‍ മുറിയില്‍ ഇരുന്നു പഠിച്ചിട്ടും മകന്‍ എന്തുകൊണ്ടു തോറ്റു എന്ന് അമ്മ ചോദിച്ചപ്പോള്‍ മകന്‍റെ ലാപ്ടോപ്പ് എടുത്തുമാറ്റിവയ്ക്കാന്‍ ടീച്ചര്‍ ഉപദേശിച്ചു.

വീട്ടിലെത്തിയ അച്ഛന്‍ ലാപ്ടോപ്പ് എടുത്തുമാറ്റി വയ്ക്കാന്‍ ഒരുങ്ങിയതും മകന്‍ അലറി. അതെന്‍റെ ലാപ്ടോപ്പാണ്, തൊട്ടുപോകരുത്. അത്രയും പറഞ്ഞു ലാപ്ടോപ്പ് തട്ടിപ്പറിച്ചു വാങ്ങി. ബൈക്കെടുത്തു മകന്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി. ഭര്‍ത്താവിനോടു ദേഷ്യപ്പെട്ട് ആ അമ്മ പടിവാതിലില്‍ കാത്തുനിന്നു.

അപ്പോള്‍ ഒരു ഫോണ്‍ കോള്‍ വന്നു, മകന്‍ ബൈക്കപകടത്തില്‍ മരിച്ച വിവരം അറിയിച്ചുകൊണ്ട്. മകന്‍റെ മൃതദേഹം കണ്ട് ആ അമ്മ ചിരിച്ചു… ഭ്രാന്തമായ ഒരു പൊട്ടിച്ചിരി…

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org