ഒരു മാങ്ങാ കഥ

ഒരു മാങ്ങാ കഥ

സെബി ജെയിംസ് (VIII – A)
സെന്‍റ് ജോസഫ്
ഇംഗ്ലീഷ് മീഡിയം സ്കൂള്‍
കീഴൂര്‍, തലയോലപ്പറമ്പ്

നാട്ടിലെ ഏറ്റവും വലിയ മാങ്ങാകര്‍ഷകനായിരുന്നു ശങ്കു.

മാങ്ങയ്ക്കുള്ളില്‍ പുഴു ഉണ്ടാകാതിരിക്കുന്നതിനായി മാവ് പൂവിടുമ്പോള്‍തന്നെ ശങ്കുവിന്‍റെ പണിക്കാര്‍ വലിയ വലിയ പമ്പുകള്‍ ഉപയോഗിച്ച് മാവില്‍ വിഷം തളിക്കുന്ന പതിവുണ്ടായിരുന്നു.

ഉണ്ടാകുന്ന മാങ്ങയെല്ലാം ശങ്കു വലിയ വണ്ടികളില്‍ കയറ്റി അങ്ങകലെയുള്ള നാടുകളിലേക്ക് അയക്കുന്നതായിരുന്നു പതിവ്.

രുചിയുള്ളതും വലുപ്പമുള്ളതും ആയിരുന്നു ഈ മാങ്ങകള്‍. അതിനാല്‍തന്നെ ശങ്കുവിന്‍റെ മാങ്ങയ്ക്ക് നല്ല ആവശ്യക്കാരും ഉണ്ടായിരുന്നു.

ഇങ്ങനെയിരിക്കെ അത്തവണത്തെ മാങ്ങ പറിക്കുന്ന സ്ഥലത്ത് ശങ്കുവിന്‍റെ മകന്‍ അപ്പുവും എത്തി.

ഒരു മാവില്‍ നല്ല പഴുത്തു നില്‍ക്കുന്ന മാങ്ങ കണ്ട് അപ്പു ശങ്കുവിനോട് ചോദിച്ചു,

"അച്ഛാ, അച്ഛാ… എനിക്ക് ആ മാങ്ങ പറിച്ചു തരാമോ?"

അപ്പോള്‍ ശങ്കു മകനോട് പറഞ്ഞു, "അയ്യോ. ഇല്ല മോനേ. ഇവിടെയുള്ള മാങ്ങകളെല്ലാം വിഷം അടിച്ചതാ. അതൊന്നും നമുക്ക് തിന്നാനുള്ളതല്ല. അതിനുള്ളത് നമ്മുടെ വീടിനടുത്ത് ഉണ്ടല്ലൊ. ഇതെല്ലാം അങ്ങകലെയുള്ള നാട്ടിലേക്ക് കയറ്റി വിടാനുള്ളതാ."

അപ്പോള്‍ കുട്ടി ചോദിച്ചു.

"അച്ഛാ. അവിടെയും എന്നെപ്പോലത്തെ കുട്ടികളില്ലേ? അവരും വിഷമടിച്ച ഈ മാങ്ങ തന്നെയല്ലേ തിന്നുന്നത്?"

മകനില്‍ നിന്ന് ഈ ചോദ്യം കേട്ടപ്പോള്‍ അച്ഛന്‍റെ മനസ്സലിഞ്ഞു.

അപ്പോള്‍ തന്നെ അയാള്‍ തോട്ടത്തിലെ പണിക്കാരെ വിളിച്ചു പറഞ്ഞു: "ഇനി മുതല്‍ നാം തോട്ടത്തിലെ മാവുകളില്‍ വിഷം അടിക്കുകയില്ല. വിഷം അടിക്കാതെ ഉണ്ടാകുന്ന മാങ്ങ മതി നമുക്ക്. വിഷമടിച്ചുണ്ടായ ഇത്തവണത്തെ മാങ്ങ വില്‍ക്കുന്നുമില്ല."

അച്ഛന്‍ തിരിഞ്ഞ് അപ്പുവിനോട് പറഞ്ഞു: "നന്ദി അപ്പു. നിന്‍റെ ചോദ്യമാണ് എന്‍റെ കണ്ണു തുറപ്പിച്ചത്."

അതോടെ ശങ്കു മാവുകളില്‍ വിഷം അടിക്കുന്നത് നിറുത്തി.

എന്നാല്‍ വിഷമില്ലാത്ത മാവുകളില്‍ ഉണ്ടായ മാങ്ങകളെല്ലാം നേരത്തേതിലും അതീവ രുചികരമായതിനാല്‍ ശങ്കുവിന്‍റെ മാങ്ങ ചോദിക്കുന്ന വിലക്കെടുക്കുവാന്‍ കച്ചവടക്കാര്‍ മത്സരിച്ചു.

അങ്ങനെ ശങ്കുവിന്‍റെ വരുമാനം പഴയതിലും ഇരട്ടിയുമായി!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org