ഒരു നവ ആത്മീയ വിപ്ലവത്തിനായി

ഒരു നവ ആത്മീയ വിപ്ലവത്തിനായി


സിമി വര്‍ഗീസ്

പുതുക്കാട്, തൃശൂര്‍

എങ്ങും സംഘര്‍ഷഭരിതമായ സാമൂഹ്യ അന്തരീക്ഷം. സഭയുടെ സ്ഥിതിയും മറിച്ചല്ല. കത്തോലിക്കാസഭ ഇതുവരെ അഭിമുഖീകരിക്കാത്ത തരത്തിലുള്ള പ്രതിസന്ധികള്‍. വളര്‍ച്ചയുടെ കാലഘട്ടത്തില്‍ പ്രതിസന്ധികള്‍ സ്വാഭാവികമാണെങ്കിലും ഞങ്ങള്‍ വിശ്വാസികള്‍ സങ്കടത്തിലാണ്. കുത്തിമുറിവേല്പിക്കുന്ന ചോദ്യശരങ്ങളും 'ഇപ്പോഴെന്തായി' എന്ന മട്ടിലുള്ള ചര്‍ച്ചകളുമല്ല നമുക്കാവശ്യം.

മാറ്റങ്ങള്‍ അനിവാര്യമാണെങ്കിലും ചില മാറ്റങ്ങള്‍ അഭികാമ്യമല്ല എന്നു പറയേണ്ടി വരുന്നതു വേദനാജനകമാണ്. ചില വികാരിയച്ചന്മാര്‍ കോണ്‍ട്രാക്ടര്‍മാരാകുന്ന കാഴ്ചയാണു കുറേ വര്‍ഷങ്ങളായി നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. വിശ്വാസികളുടെ ആത്മീയപോഷണത്തിനായി മാറ്റിവയ്ക്കേണ്ട സമയം മുഴുവന്‍ ധനസമാഹരണത്തിനും പള്ളിപണിക്കുമായിത്തീരുന്നു. അച്ചന്‍റെ ആയുസ്സും ആരോഗ്യവുമെല്ലാം വര്‍ഷങ്ങള്‍ നീളുന്ന ഈ നിര്‍മ്മാണ പ്രവര്‍ത്തനം അപഹരിക്കുന്നു. കോടികളുടെ പള്ളി മോടിയില്‍ പണിയുമ്പോള്‍ വിശ്വാസികള്‍ ചിലരെങ്കിലും ആത്മീയദാരിദ്ര്യത്തിലേക്കു കൂപ്പുകുത്തുകയാണെന്നു സഭാധികാരികള്‍ മറന്നുപോകരുത്. പണക്കൊഴുപ്പിന്‍റെയും ആഡംബരത്തിന്‍റെയും പ്രതീകങ്ങളായ അത്യന്താധുനിക പള്ളികള്‍ കാണുമ്പോള്‍ കര്‍ത്താവ് ഇവിടെനിന്നൊക്കെ ഓടി രക്ഷപ്പെട്ടു കാണുമോ എന്നു സംശയം തോന്നാറുണ്ട്.

ഊട്ടുനേര്‍ച്ചകളുടെ അതിപ്രസരമാണു മറ്റൊരു പ്രശ്നം. പണ്ടു ഭക്ഷണത്തിനൊക്കെ ബുദ്ധിമുട്ടുണ്ടായിരുന്ന സമയത്തു കണ്ണമാലി, പാവറട്ടി പോലുള്ള ചില ദേവാലയങ്ങളില്‍ മാത്രമാണ് ഊട്ടുനേര്‍ച്ചയുണ്ടായിരുന്നത്. അതീവ നിഷ്ഠയോടെ നടത്തുന്ന നൊവേനകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കുമൊടുവിലായിരുന്നു ആഹാരം എന്ന ആഡംബരം വിശ്വാസിസമൂഹം അനുഭവിച്ചിരുന്നത്. ഇന്നു നമ്മുടെ സമൂഹം ഭക്ഷണകേന്ദ്രീകൃതമായി മാറിക്കഴിഞ്ഞല്ലോ. നമ്മുടെ സമൂഹത്തില്‍ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്നവര്‍ ഇന്നു വളരെ കുറവാണ്. വിവേകത്തിന്‍റെയും വിവരത്തിന്‍റെയും ദാരിദ്ര്യമാണ് ഇന്നുളളത്. സാമൂഹ്യമാധ്യമങ്ങളുടെ വരവോടെ 24x 7 മനുഷ്യന്‍ മാധ്യമങ്ങള്‍ക്കിടയിലായപ്പോള്‍ ഈ ദാരിദ്ര്യം വര്‍ദ്ധമാനമായി. ഒരു പ്രത്യേക സാഹചര്യത്തിലാണു കര്‍ത്താവുപോലു അപ്പം വര്‍ദ്ധിപ്പിച്ചത്. സമൃദ്ധിയില്‍ ഒരിക്കലും യേശു അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല എന്നതു ശ്രദ്ധേയമാണ്. സമൃദ്ധിയിലായിരുന്ന ധനവാന്‍ നരകത്തിലും ധനവാന്‍റെ മേശയില്‍ നിന്നു വീണ അപ്പക്കഷണങ്ങള്‍ ഭക്ഷിച്ച ലാസര്‍ സ്വര്‍ഗത്തില്‍ പിതാവിന്‍റെ മടിയിലുമാണ് ഇരിക്കുന്നത് എന്നു ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്നു. ധനവാന്‍ എന്തെങ്കിലും തിന്മ ലാസറിനോടു ചെയ്യുന്നതായി നമ്മള്‍ കാണുന്നില്ല (Sin of Commission) എന്നാല്‍ ചെയ്യാന്‍ കഴിയുമായിരുന്ന നന്മ ധനവാന്‍ ചെയ്യാതിരുന്നതാണ് അവന്‍റെ സ്ഥാനം നരകത്തിലാക്കിയത് (Sin of Omission).

ഇന്നു കാണുന്ന മറ്റൊരു പ്രവണത അടിക്കടിയുള്ള വിശുദ്ധ നാടുകളുടെ സന്ദര്‍ശനമാണ്. കര്‍ത്താവ് ജനിച്ചു വളര്‍ന്ന പ്രദേശങ്ങളും അവിടുത്തെ പ്രവര്‍ത്തനമേഖലകളും കാണുക എന്നത് ഏതു ക്രിസ്ത്യാനിയുടെയും ആഗ്രഹമാണ്. എന്നാല്‍ പലവുരു ധനാഢ്യരായ വിശ്വാസികളെയുംകൊണ്ടു വിശുദ്ധനാടുകള്‍ ചുറ്റിക്കറങ്ങുന്നതില്‍ സാരമായ അപാകതയുണ്ട്. യഥാര്‍ത്ഥത്തില്‍ ഇതു ദൈവനിന്ദയാണെന്നു തന്നെ പറയാം. തങ്ങളെ ഭരമേല്പിച്ച വിശ്വാസിസമൂഹത്തെ പാടേ മറന്നു ചില വികാരിയച്ചന്മാരും വികാരികളല്ലാത്ത അച്ചന്മാരും സമ്പന്നരായ വിശ്വാസികളുടെ ഗൈഡുമാരായാണു വിശുദ്ധ നാടുകളിലേക്കു പോകുന്നത്.

കേരളത്തിലെ കത്തോലിക്കരുടെ സ്വന്തമായ അല്‍ഫോന്‍സാമ്മയും ചാവറപ്പിതാവും എവുപ്രാസ്യാമ്മയും വിശുദ്ധ നാടുകള്‍ സന്ദര്‍ശിക്കാന്‍ പോയതായി ചരിത്രത്തിലില്ല. അവര്‍ ഈ കേരളം തന്നെ മുഴുവന്‍ കണ്ടിട്ടുണ്ടോ എന്നു സംശയമാണ്. പക്ഷേ, ഇന്നവര്‍ വിശ്വമാനവികതയുടെ ആള്‍ രൂപങ്ങളായി വണങ്ങപ്പെടുന്നു. അവരുടെ ജന്മനാട്ടിലേക്ക്, കൊച്ചു കേരളത്തിലേക്കു ലോകസമൂഹം ഒഴുകിക്കൊണ്ടിരിക്കുന്നു.

സ്വര്‍ണം പൂശിയ പള്ളിമേടകളോ ആര്‍ഭാടം നിറഞ്ഞ ഊട്ടുനേര്‍ച്ചകളോ ആവര്‍ത്തിച്ചുള്ള വിശുദ്ധനാടു സന്ദര്‍ശനങ്ങളോ മനുഷ്യനെ ദൈവത്തിങ്കലേക്കുയര്‍ത്തുന്നില്ലെന്നു നമുക്കറിയാം. ആത്മീയമേഖലയില്‍ ഒരു പൊളിച്ചെഴുത്തിനുള്ള സമയമായി. മാര്‍ക്കറ്റിങ്ങ് തന്ത്രങ്ങളും വിപണിസാദ്ധ്യതകളും നമുക്കു വേണ്ട. കാലിത്തൊഴുത്തില്‍ പിറന്നു കുരിശില്‍ മരിച്ച് ഉത്ഥാനം ചെയ്ത യേശുവിന്‍റെ അനുയായികളാണു നാം. തന്നെത്തന്നെ പങ്കുവച്ചു തന്ന യേശു പങ്കുവയ്ക്കലിന്‍റെ സുവിശേഷമാണു പഠിപ്പിച്ചത്. ക്രിസ്തീയ ആത്മീയത ഒറ്റ ഉടുപ്പില്‍ നിലനില്ക്കുന്നു. രണ്ടിലൊന്ന് ഇല്ലാത്തവന്‍റെ അവകാശമാണ്. അതാണു ക്രിസ്തീയത.

ക്രിസ്തീയ ആത്മീയത ശബരിമലയ്ക്കു പോയി വന്ന ഹൈന്ദവ സുഹൃത്ത് നല്കിയ അരവണപ്പായസം കഴിച്ചതുകൊണ്ടോ മുസ്ലീം സുഹൃത്തിന്‍റെ കൂടെ നോമ്പു തുറന്നതുകൊണ്ടോ നഷ്ടപ്പെടുന്ന ഒന്നല്ല. മറ്റു മതസ്ഥരുടെ സന്തോഷത്തിലും സ്നേഹത്തിലും പങ്കുപറ്റുന്നത് നമ്മുടെ ആത്മീയതയുടെ മാറ്റ് വര്‍ദ്ധിപ്പിക്കുകയേയുള്ളൂ. നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജിയെക്കുറിച്ചു 'ഹീ വാസ് മോര്‍ ക്രിസ്ത്യന്‍ ദാന്‍ മെനി ക്രിസ്ത്യന്‍സ്' (He was more Christian than many Christians) എന്നു പറയാറുണ്ട്. ജന്മംകൊണ്ടു ക്രിസ്ത്യാനിയല്ലെങ്കിലും കര്‍മ്മംകൊണ്ടു ക്രി സ്ത്യാനിയായിരുന്നു നമ്മുടെ മഹാത്മജി. എങ്കില്‍ നമ്മേക്കാള്‍ നല്ല ക്രിസ്ത്യാനികളെ നമ്മുടെ ഹൈന്ദവ-മുസ്ലീം സുഹൃത്തുക്കള്‍ക്കിടയില്‍ കണ്ടേക്കാം. നമ്മുടെ പേരുകൊണ്ടല്ല, ജീവിതംകൊണ്ടാണു നമ്മിലെ ക്രിസ്ത്യാനിയെ മറ്റുള്ളവര്‍ തിരിച്ചറിയേണ്ടത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org