ഒരുക്കം

ഒരുക്കം

ബ്രദര്‍ ആന്‍റണി ആപ്പാടന്‍

പ്രഗത്ഭരെല്ലാം ഒരിക്കല്‍ തുടക്കക്കാരായിരുന്നു. എന്തിനും ഏതിനും ഒരു തുടക്കം ആവശ്യമാണ്. ആ നല്ല തുടക്കമാണു നമ്മെ പലതുമാക്കുന്നത്. പരീക്ഷയെഴുതാന്‍ തയ്യാറെടുക്കുന്ന ഒരു കുഞ്ഞും അടുക്കളയില്‍ കറി തയ്യാറാക്കുന്ന അമ്മയും ജോലിക്കായി തയ്യാറെടുക്കുന്ന അപ്പനും ഓരോ ദിവസവും ഒരു നല്ല തുടക്കത്തിനായി ആഗ്രഹിക്കുന്നുണ്ട്.

ഓരോ നോമ്പുകാലവും ഇതുപോലൊരു നല്ല തുടക്കത്തിനുള്ള അവസരം നമുക്കു സമ്മാനിക്കുന്നുണ്ട്. ഉപവാസവും പ്രാര്‍ത്ഥനയും അനുതാപവും കാരുണ്യപ്രവൃത്തികളുമെല്ലാം സാധാരണമെങ്കിലും ഒരു അസാധാരണമായ തുടക്കം. ഈ നോമ്പില്‍ നാം കണ്ടെത്തണം. കാരണം ഞാന്‍ എന്നെത്തന്നെ ജയിക്കാന്‍ ശ്രമിക്കുന്നതു നോമ്പിന്‍റെ മാത്രം പ്രത്യേകതയാണല്ലോ. ഏതൊരു വിജയത്തിനും നല്ലൊരു തുടക്കത്തിന്‍റെ കഥ പറയാനുണ്ട്. അങ്ങനെ ഒരു നല്ല തുടക്കം നടത്താന്‍ ഞാന്‍ ചില ഒരുക്കങ്ങള്‍ നടത്തേണ്ടതായിട്ടുണ്ട് എന്നു ലൂക്കാ സുവിശേഷകന്‍ ഓര്‍മപ്പെടുത്തുന്നുണ്ട്. എന്താണ് ആ ഒരുക്കത്തിന്‍റെ പ്രത്യേകത? ആ ഒരുക്കം നമ്മെ വിജയത്തിലെത്തിക്കും, തീര്‍ച്ച. ആ വിജയത്തിന്‍റെ അവസാനമാകട്ടെ ക്രിസ്തുദര്‍ശനവും. നാം നമ്മെത്തന്നെ ജയിക്കാന്‍ ശ്രമിക്കുന്നത് അതിലേക്കുള്ള ഒരു ചവിട്ടുപടി മാത്രമാണ്.

വി. ലൂക്കാ സുവിശേഷകന്‍ രണ്ടു വ്യക്തിത്വങ്ങളിലൂടെ നല്ല ഒരുക്കത്തെക്കുറിച്ചു നമ്മോടു സംസാരിക്കുന്നുണ്ട്, ശിമയോനും അന്നായും (ലൂക്കാ 2:25-38).

ശിമയോന്‍ – ഒരുക്കത്തിനൊരു മാതൃക
നമ്മുടെ ഒരുക്കം ഒരു നല്ല തുടക്കത്തിലേക്കും പിന്നീടു രക്ഷയ്ക്കും കാരണമാകുമെന്നു വി. ലൂക്കാ സുവിശേഷകന്‍ ശിമയോനിലൂടെ പറഞ്ഞുതരുന്നുണ്ട്. വചനം പറയുക "പരിശുദ്ധാത്മാവിന്‍റെ പ്രേരണയാല്‍ ദേവാലയത്തിലേക്ക് അവന്‍ വന്നു. ശിമയോന്‍ യേശുവിനെ കയ്യിലെടുത്തു…" (ലൂക്കാ 2:27-38). പരിശുദ്ധാത്മാവിന്‍റെ പ്രേരണയാല്‍ ദേവാലയത്തിലേക്കു പ്രവേശിക്കുന്ന ശിമയോന്‍ കാണുന്നത് സകലര്‍ക്കുംവേണ്ടി ദൈവം ഒരുക്കിയിരിക്കുന്ന രക്ഷ – ക്രിസ്തുവിനെയാണ്. പരിശുദ്ധാത്മാവിന്‍റെ പ്രേരണയാല്‍ ദേവായത്തിലേക്കു വന്ന ശിമയോനും മാതാപിതാക്കളുടെയും മറ്റും നിര്‍ബന്ധംമൂലം ദേവാലയത്തിലേക്കു വരുന്ന ഞാനും തമ്മിലുള്ള അന്തരം എന്താണ്? അതൊരു നല്ല ഒരുക്കത്തിന്‍റെ കുറവാണ്. ഞാനും ഒരുങ്ങിത്തന്നെയാണല്ലോ ദേവാലയത്തിലേക്കു പോകുന്നത്. പിന്നെ എന്താണു ശിമയോനെ വ്യത്യസ്തനാക്കുന്നത്? ശാരീരികമായി മാത്രം ഒരുങ്ങിയാല്‍പ്പോരാ, ആത്മീയവും മാനസികവുമായ ഒരുക്കത്തിന്‍റെ കുറവാണിവിടെ. ശിമയോന്‍ പരിശുദ്ധാത്മാവിന്‍റെ പ്രേരണ സ്വീകരിച്ചതുപോലെ പരിശുദ്ധാത്മാവിന്‍റെ പ്രേരണ എനിക്കു ലഭിക്കുവാന്‍ ശിമയോനെപ്പോലെ ഞാനും നീ തിബോധമുള്ളവനും ദൈവഭക്തനും സമൂഹത്തിന്‍റെ നന്മ ആഗ്രഹിക്കുന്നവനും പ്രസാദവരാവസ്ഥയില്‍ ജീവിക്കുന്നവനുമാകണം (ലൂക്കാ 2:25). ശരിതെറ്റുകളെക്കുറിച്ചുള്ള അറിവും എന്നെ പരിരക്ഷിക്കുന്ന ദൈവത്തെക്കുറിച്ചുള്ള ബോധവും ഞാന്‍ സഹോദരങ്ങളില്‍ നിന്നും വ്യത്യസ്തനല്ല, മറിച്ചു ഞാനും സമൂഹത്തിലെ ഒരംഗംതന്നെയാണെന്ന ഉറപ്പും പരിശുദ്ധാത്മാവിന്‍റെ സാന്നിദ്ധ്യത്താല്‍ പ്രസാദവരാവസ്ഥയിലായിരിക്കുന്നതുമായ ഒരു വ്യക്തിക്കു മാത്രമേ പരിശുദ്ധാത്മാവിന്‍റെ സ്വരം കേള്‍ക്കാന്‍ കഴിയൂ. പരിശുദ്ധാത്മാവിന്‍റെ സ്വരം കേട്ടു ദൈവാലയപ്രവേശനം നടത്തുന്ന ശിമയോന്‍ രക്ഷകനായ ക്രിസ്തുവിനെ കണ്ടു കരങ്ങളില്‍ വഹിക്കുന്നു. ശിമയോന്‍റെ തുടക്കം പൂര്‍ണമായ ഒരുക്കത്തിലൂടെയായിരുന്നു. ആ പൂര്‍ണമായ ഒരുക്കം, അവന്‍, ക്രിസ്തുവിനെ അവന്‍റെ കരങ്ങളില്‍ സമ്മാനിക്കുന്നു. അങ്ങനെ അവന്‍ വിജയിച്ചവനായി മടങ്ങുന്നു. നാം ദേവാലയത്തിലേക്കു വരുന്നതു പലരുടെയും നിര്‍ബന്ധം നിമിത്തമാണോ? എങ്കില്‍ എന്‍റെ ഒരുക്കം അതില്‍ത്തന്നെ പൂര്‍ണമല്ലായെന്നു നാം തിരിച്ചറിയണം. നാം ദേവാലയത്തില്‍ നിന്നും മടങ്ങുന്നതു രക്ഷ കാണാതെയും അനുഭവിക്കാതെയും പരാജയത്തിലേക്കാണ് എന്നു മനസ്സിലാക്കണം. രക്ഷ എനിക്ക് അപ്രാപ്യമാണ്, അതിന്‍റെ സൂചനയാണല്ലോ വി. കുര്‍ബാനയോടുള്ള ആഴമേറിയ വിശ്വാസവും അതിന്‍റെ അര്‍ത്ഥവും നമുക്കു നഷ്ടപ്പെട്ടു തുടങ്ങുന്നതും വി. കുര്‍ബാന സ്വീകരിക്കുന്നതില്‍ നാം മടി കാണിക്കുന്നതും. എന്‍റെ ഒരുക്കം പൂര്‍ണമല്ലായെന്നു ശിമയോന്‍ നമ്മെ ഓര്‍മപ്പെടുത്തു ന്നു.

അന്നാ – ഒരുക്കത്തിന്‍റെ പ്രഘോഷക
അവള്‍ അപ്പോള്‍ തന്നെ മുന്നോട്ടു വന്നു ദൈവത്തെ സ്തുതിക്കുകയും ജെറുസലേമില്‍ രക്ഷ പ്രതീക്ഷിച്ചുകൊണ്ടിരുന്ന എല്ലാവരോടും ശിശുവിനെക്കുറിച്ചു സംസാരിക്കുകയും ചെയ്തു (ലൂക്കാ 2:38). നമ്മുടെ ഒരുക്കം രക്ഷയിലേക്കും – നാം അനുഭവിച്ചറിഞ്ഞ ആ രക്ഷ അനേകരിലേക്കും പകരാനും കാരണമാകും. അന്നാ ദേവാലയം വിട്ടുപോകാതെ രാപ്പകല്‍ ദൈവത്തെ സ്തുതിച്ചുകൊണ്ട് ഉപവാസത്തിലും പ്രാര്‍ത്ഥനയിലും കഴിഞ്ഞുകൂടി എന്ന് ലൂക്കാ സുവിഷേകന്‍ പഠിപ്പിക്കുന്നു (ലൂക്കാ 2:37).

വേറെയാരിലുമല്ല, ദൈവത്തിലാണ് ആശ്രയിക്കേണ്ടതെന്ന ബോദ്ധ്യമാണ് അവളെ ദേവാലയം വിട്ടുപോകാതെ രാപ്പകല്‍ ദൈവത്തെ സ്തുതിക്കാന്‍ ഉപവസിച്ചു പ്രാര്‍ത്ഥിക്കാന്‍ പ്രേരിപ്പിക്കുന്നത്. തീര്‍ച്ചയായും അവളും പ്രസാദവരാവസ്ഥയിലായിരുന്നു. അതുകൊണ്ടാണ് അവള്‍ മുമ്പോട്ടുവന്നു രക്ഷ ദര്‍ശിക്കുന്നതും ആ രക്ഷയെക്കുറിച്ചു മറ്റുള്ളവരോടു പങ്കുവയ്ക്കുന്നതും. നാം അനുഭവിക്കുന്നതേ മറ്റുള്ളവര്‍ക്കായി പകര്‍ന്നുകൊടുക്കാന്‍ നമുക്കു സാധിക്കൂ. അവള്‍ ദേവാലയത്തിലായിരുന്നു എന്നതു ദൈവത്തെക്കുറിച്ചുള്ള ചിന്തയിലായിരുന്നു എന്നാണു നമ്മോടു പറയുക.

അനുഭവിച്ചറിഞ്ഞ രക്ഷയെ മറ്റുള്ളവര്‍ക്കു പങ്കുവയ്ക്കുന്ന ചാലകമാണ് ഓരോ ക്രിസ്ത്യാനിയും. സത്യത്തില്‍ അതാണു നമ്മുടെ വിജയവും. ആദ്യം നാം രക്ഷ അനുഭവിക്കണം. അതിനായി പൂര്‍ണമായ ഒരുക്കം നാം നടത്തണം. പിന്നീട് ആ രക്ഷ പങ്കുവയ്ക്കുന്ന പ്രഘോഷകരാകണം. തിരുസ്സഭ നമ്മെ പഠിപ്പിക്കുന്നുണ്ടല്ലോ വി. കുര്‍ബാന യോഗ്യതയോടെ സ്വീകരിക്കാന്‍ വേണ്ട കാര്യങ്ങളെക്കുറിച്ച്. വേണ്ടത്ര ഭക്തിയും ഒരുക്കവുമുണ്ടായിരിക്കുന്നത്. ഒരു മണിക്കൂര്‍ നേരത്തെ ഉപവസിക്കുന്നത്, പ്രസാദവരാവസ്ഥയിലായിരിക്കുന്നത്.

വി. ലൂക്കാ സുവിശേഷകന്‍ അവതരിപ്പിക്കുന്ന ശിമയോനും അന്നായും ക്രിസ്തുവാകുന്ന രക്ഷയെ സ്വീകരിക്കാന്‍ നമ്മെ ഒരുക്കുന്നതും ഇപ്രകാരംതന്നെയാണ്. ഓര്‍ക്കുക, പൂര്‍ണമായ ഒരുക്കം ക്രിസ്തുദര്‍ശനത്തിലേക്കും രക്ഷയുടെ സാക്ഷ്യത്തിലേക്കും നമ്മെ വഴി നടത്തും. പൂര്‍ണമായ ഒരുക്കം ശിമയോന്‍റെ കരങ്ങളിലേക്കു ക്രിസ്തുവിനെ സമ്മാനിച്ചതുപോലെ, വി. കുര്‍ബാന സ്വീകരിക്കുമ്പോള്‍ അര്‍ഹതയോടെ പൂര്‍ണ ഒരുക്കത്തോടെയാണോ ഞാന്‍ സ്വീകരിക്കുന്നത് എന്നു ചിന്തിക്കാന്‍ ഈ നോമ്പുകാലം നമ്മെ ധൈര്യപ്പെടുത്തട്ടെ. ഒരുക്കത്തോടെയാണെങ്കില്‍ അത് എനിക്കു ലഭിക്കുന്ന സമ്മാനമാണ്. മറിച്ച്, ആചാരപരമായ ഒരു അനുഷ്ഠാനം മാത്രമാണെങ്കില്‍ അത് എനിക്കുള്ള ശിക്ഷാവിധിക്കു കാരണവുമാകും. നീതിബോധത്തിലും ദൈവഭയത്തിലും സഹോദരങ്ങളെക്കുറിച്ചുള്ള നല്ല ചിന്തയില്‍ വ്യാപരിക്കുവാനും ദൈവത്തെക്കുറിച്ചുള്ള ചിന്തയില്‍, ഉപവസിച്ച്, പ്രാര്‍ത്ഥിച്ചു ദൈവത്തെ സ്തുതിക്കാനുമായി ഇതാ ഒരു നോമ്പുകാലംകൂടെ നമുക്കായി ദൈവം നല്കിയിരിക്കുന്നു. പൂര്‍ണമായ ഒരുക്കത്തോടെ നല്ല തുടക്കത്തിലേക്കും രക്ഷ കണ്ട് അനുഭവിച്ചറിഞ്ഞുള്ള സാക്ഷ്യജീവിതത്തിലേക്കും വിജയത്തിലേക്കും ഈ നോമ്പുകാലം നമ്മെ നയിക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org