ഓഷ്യനോഗ്രഫി

ഓഷ്യനോഗ്രഫി

എം. ഷൈറജ്

കടല്‍ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്? ശാന്ത-രൗദ്ര ഭാവങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച സാമുദ്രിക രഹസ്യങ്ങള്‍ ആരെയും അത്ഭുതപ്പെടുത്തും. അറിവിന്‍റെയും സമ്പത്തിന്‍റെയും ഏറ്റവും വലിയ കലവറയായ സമുദ്രം എക്കാലത്തും അന്വേഷണകുതുകികളുടെ ശ്രദ്ധാകേന്ദ്രമായിരുന്നു.

കടലിന്‍റെ ശാസ്ത്രമാണ് ഓഷ്യനോഗ്രഫി. സമുദ്രതീരം, അടിത്തട്ട്, കടല്‍ജലം, കടലിലെ ജീവജാലങ്ങള്‍, അഴിമുഖം, സാമുദ്രിക പ്രതിഭാസങ്ങള്‍, ജൈവഘടന, കടല്‍സമ്പത്ത്, കാലാവസ്ഥ, കടലിലെ പുരാവസ്തുക്കള്‍ തുടങ്ങി കടലുമായി ബന്ധപ്പെട്ടതെന്തും ഓഷ്യനോഗ്രഫിയുടെ പരിധിയില്‍ വരും. ഇത്ര വിപുലമായ പാഠ്യശാഖയായതിനാല്‍ പല ഉപശാഖകള്‍ ഈ മേഖലയിലുണ്ട്.

ഓഷ്യനോഗ്രഫി ഒരു മള്‍ട്ടി ഡിസിപ്ലിനറി പഠനമാണ്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ജിയോളജി, ജ്യോഗ്രഫി, എഞ്ചിനീയറിംഗ്, നിയമം, സാമ്പത്തികശാസ്ത്രം തുടങ്ങി നിരവധി ശാസ്ത്ര സാമൂഹിക മേഖലകളുടെ സംഗമമാണ് ഓഷ്യനോഗ്രഫിയില്‍.

ഉപശാഖകള്‍:
കെമിക്കല്‍ ഓഷ്യനോഗ്രഫി: കടല്‍ജലത്തിന്‍റെ ഘടനയെയും ഗുണനിലവാരത്തെയും കുറിച്ചുള്ള പഠനം, അമൂല്യ മൂലകങ്ങളെ വേര്‍തിരിച്ചെടുക്കല്‍, അഴിമുഖങ്ങളുടെയും തീരത്തിന്‍റെയും മലിനീകരണവും അതിനുള്ള പരിഹാരമാര്‍ഗ്ഗങ്ങളും ഇവയൊക്കെയാണീ ഉപശാഖയില്‍.

ജിയോളജിക്കല്‍ ഓഷ്യനോഗ്രഫി: തീരത്തിന്‍റെയും അടിത്തട്ടിന്‍റെയും ഘടനയാണു പഠനവിഷയം. ധാതുസമ്പത്തിനെക്കുറിച്ചും സാമുദ്രിക പ്രതിഭാസങ്ങളെക്കുറിച്ചുമുള്ള അറിവ് ഇതിലൂടെ ലഭിക്കും.

ഫിസിക്കല്‍ ഓഷ്യനോഗ്രഫി: തിരകള്‍, ഒഴുക്ക്, വേലിയേറ്റം-ഇറക്കം തുടങ്ങിയവയുടെ ഊര്‍ജ്ജതന്ത്രപഠനമാണിതില്‍. റിമോട്ട് സെന്‍സിംഗ് ഒരു പ്രധാന മേഖലയാണ്.

ബയോളജിക്കല്‍ ഓഷ്യനോഗ്രഫി: സാമുദ്രിക പരിസ്ഥിതിയാണു പഠനവിഷയം. സമുദ്രത്തിലെ ജീവജാലങ്ങളും അവയുമായി ബന്ധപ്പെട്ടതൊക്കെയും ഈ ശാഖയില്‍ വരും.

മറൈന്‍ ആര്‍ക്കിയോളജി, മറൈന്‍ എഞ്ചിനീയറിംഗ്, മറൈന്‍ പോളിസി, മറൈന്‍ ഇക്കണോമിക്സ് എന്നിങ്ങനെ ശാഖകള്‍ വേറെയുമുണ്ട്.

വ്യക്തിഗുണങ്ങള്‍: ശാസ്ത്രീയാഭിമുഖ്യം, അന്വേഷണാത്മക മനസ്സ്, പ്രകൃതിയോട് – പ്രത്യേകിച്ചും കടലിനോടുള്ള സ്നേഹം, കഠിനാധ്വാനം, പാഠ്യവിഷയങ്ങളിലെ വൈദഗ്ദ്ധ്യം, പുതിയ അറിവുകള്‍ കണ്ടെത്താനുള്ള വ്യഗ്രത, അപഗ്രഥന പാടവം, ക്ഷമാശീലം എന്നിവയൊക്കെയാണ് ഓഷ്യനോഗ്രഫിക്കുവേണ്ട വ്യക്തിഗുണങ്ങള്‍.

തൊഴില്‍ സാധ്യത: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫി, നാഷണല്‍ ഫിസിക്കല്‍ ആന്‍റ് ഓഷ്യനോഗ്രഫിക്ക് ലാബ് തുടങ്ങിയ ഗവേഷണ സ്ഥാപനങ്ങള്‍, ഗവണ്‍മെന്‍റ് ഡിപ്പാര്‍ട്ടുമെന്‍റുകള്‍ (ഓഷ്യനോഗ്രഫി, കാലാവസ്ഥാ പഠനം തുടങ്ങിയവ), അധ്യാപനം, മറൈന്‍ മേഖലയിലെ സ്വകാര്യ സ്ഥാപനങ്ങള്‍, ഓയില്‍ കമ്പനികള്‍ എന്നിവിടങ്ങളിലൊക്കെയാണു തൊഴിലവസരങ്ങളുള്ളത്. വിദേശ തൊഴിലവസരങ്ങളും ലഭിക്കാം, പ്രത്യേകിച്ചും GIS (ജ്യോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം) തുടങ്ങിയ മേഖലകളില്‍.

പഠനകേന്ദ്രങ്ങള്‍: ഓഷ്യനോഗ്രഫി പഠനകേന്ദ്രങ്ങള്‍ എണ്ണത്തില്‍ കുറവും ഗുണനിലവാരത്തില്‍ ഉന്നതതലത്തിലുമാണ്. കൊച്ചി യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍റ് ടെക്നോളജി ഇന്ത്യയിലെ തന്നെ മികച്ച ഓഷ്യനോഗ്രഫി, മറൈന്‍ ബയോളജി-ജിയോളജി പഠനകേന്ദ്രമാണ്.

M.Sc. (ഓഷ്യനോഗ്രഫി) പഠനത്തിന് മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങളോടെ ബിരുദം നേടിയിരിക്കണം. മറൈന്‍ ജിയോളജി, മറൈന്‍ ജിയോ ഫിസിക്സ്, മറൈന്‍ ബയോളജി, കെമിക്കല്‍ ഓഷ്യനോഗ്രഫി തുടങ്ങിയ വിഷയങ്ങളിലും ബിരുദാനന്തര ബിരുദ പഠനാവസരമുണ്ട്. വിവിധ വിഷയങ്ങളില്‍ ബിരുദമാണ് അടിസ്ഥാനയോഗ്യത.

M.Tech. (ഓഷ്യനോഗ്രഫി) മറ്റൊരു കോഴ്സാണ്. ഔഷ്യനോഗ്രഫിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ M.Sc. നേടിയവര്‍ക്കും എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്കും അപേക്ഷിക്കാം.

CAT (Common Admission Test) ലൂടെയാണ് കൊച്ചി യൂണിവേഴ്സിറ്റിയിലെ പ്രവേശനം.

ചെന്നൈയിലെയും മുംബൈയിലെയും IIT കള്‍, ആന്ധ്രയൂണിവേഴ്സിറ്റി, അണ്ണാമലൈ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലും ഓഷ്യനോഗ്രഫി പഠനത്തിന് അവസരമുണ്ട്. ഇവയില്‍ IIT കള്‍ പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫി (NIO): ഗോവയിലെ NIO ഈ മേഖലയിലെ ഉന്നത ഗവേഷണ സ്ഥാപനമാണ്. കൊച്ചി, മുംബൈ, വിശാഖപട്ടണം എന്നിവിടങ്ങളില്‍ ശാഖകളുണ്ട്. Ph.D. ഗവേഷണത്തിനാണ് ഇവിടെ അവസരമുള്ളത്. 60 ഗവേഷകര്‍ക്ക് ഒരു സമയം ഇവിടെ റിസര്‍ച്ച് ചെയ്യുവാനാകും.

ഭൂമിയുടെ 70% പരന്നുകിടക്കുന്ന കടലിന്‍റെ അറിവുകള്‍ തേടി ആഴത്തില്‍ യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് ഉത്തമ തൊഴില്‍ മേഖലയാണ് ഓഷ്യനോഗ്രഫി. ഉപരിപഠനത്തിനും ഗവേഷണ ബിരുദം നേടുന്നതിലും പ്രത്യേക ശ്രദ്ധയുണ്ടാവണം.

വെബ്സൈറ്റുകള്‍:
www.cusat.ac.in
www.nio.org
www.iitm.ac.in
www.andhrauniversity.info

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org