|^| Home -> Suppliments -> ULife -> ഒട്ടിനില്ക്കാം, വിട്ടുനില്ക്കാതെ

ഒട്ടിനില്ക്കാം, വിട്ടുനില്ക്കാതെ

Sathyadeepam

യുവജന പ്രശ്നങ്ങളിലൂടെയുള്ള ഒരു യുവമനഃശാസ്ത്രജ്ഞന്‍റെ പരീക്ഷണയാത്രകള്‍….


വിപിന്‍ വി. റോള്‍ഡന്‍റ്

മനഃശാസ്ത്രജ്ഞന്‍, പ്രഭാഷകന്‍,
പരിശീലകന്‍, ഗ്രന്ഥകാരന്‍
Chief Consultant Psychologist, Sunrise Hospital,
Cochin Universiry & Roldants Behaviour Studio, Cochin

അടുത്ത സുഹൃത്തുക്കളായിരുന്നു രാകേഷും പീറ്ററും. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ‘ചങ്ക്സ്’. ഏതു നേരവും ഇവരെ ഒരുമിച്ചു കാണാം. എവിടെ പോകാനും ഒരു മടിയുമില്ല, എന്തു ചെയ്യാനും മടിയില്ല, ഉത്സാഹം നിറഞ്ഞ വ്യക്തിത്വങ്ങള്‍. പ്രൊഫഷണല്‍ വിദ്യാഭ്യാസം കഴിഞ്ഞു ജോലി ചെയ്യുമ്പോഴും ഒരുമിച്ചുതന്നെ വേണം എന്നവര്‍ ആഗ്രഹിച്ചു. പീറ്ററിനു ക്യാമ്പസ് ഇന്‍റര്‍വ്യൂവില്‍ ജോലി ലഭിച്ചപ്പോള്‍ രാകേഷിനു കടമ്പ കടക്കാനായില്ല. കൂട്ടുകാരുനോടുള്ള ഐക്യദാര്‍ഢ്യം പീറ്റര്‍ പ്രകടിപ്പിച്ചതു സ്വന്തം ജോലി ഓഫര്‍ നിരാകരിച്ചുകൊണ്ടാണ്. കാരണം സിംപിള്‍, തന്‍റെ ‘ചങ്കി’ന് ജോലി കിട്ടിയില്ല. വീട്ടുകാരും നാട്ടുകാരുമൊക്കെ അമ്പരന്നു, വഴക്കിട്ടു. പക്ഷേ, ‘ടിയാന്‍സ്’ വഴങ്ങിയില്ല. മറ്റൊരു സ്ഥലത്ത് ഇന്‍റര്‍വ്യൂവിനു രാകേഷിനു കിട്ടി, പീറ്ററിനു കിട്ടിയില്ല. അവനും ഓഫര്‍ നിരാകരിച്ചു. എന്തായാലും കുറെ നിരാശാ നിമിഷങ്ങള്‍ കടന്നുപോയി. എങ്കിലും ഒടുവില്‍ രണ്ടാള്‍ക്കും ഒരേ സ്ഥാപനത്തില്‍ത്തന്നെ ജോലി ലഭിച്ചു; രണ്ടാളും ഹാപ്പിയായി

കാണാതെ കാണാതെ കാണാമറയത്ത്
കാലക്രമത്തില്‍ രണ്ടാളും വി വാഹിതരായി, കുട്ടികളുണ്ടായി. അവരുടെ ഭാര്യമാരും മക്കളും ആ സൗഹൃദകൂട്ടായ്മയിലെത്തി; അവരും ഹാപ്പി. തന്‍റെ ഭാര്യയുടെ ജോലിയില്‍ ഒഴിവാക്കാനാവാത്ത ഒരു ട്രാന്‍സ്ഫര്‍ വന്നപ്പോള്‍ അതിനനുസരിച്ചു തന്‍റെ ജോലിയും മാറ്റിയെടുക്കേണ്ട ഒരു അവസ്ഥയുണ്ടായി രാകേഷിന്. ആരോഗ്യസംബന്ധമായ ചില പ്രശ്നങ്ങളും ഭാര്യയ്ക്കുണ്ടായിരുന്നു. അതിന്‍റെ ബുദ്ധിമുട്ടുകളും മക്കളുടെ പഠനക്കാര്യങ്ങളും, മറ്റു തിരക്കുകളും വന്നുചേര്‍ന്നു തന്‍റെ പഴയ ചങ്ങാതിയോടു കാര്യമായി സംസാരിക്കാനോ ആശയവിനിമയം ഫലപ്രദമായി നടത്താനോ രാകേഷിനു കഴിയാതെയായി. ആദ്യമൊക്കെ ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും പിന്നീടു തന്‍റെ തിരക്കുകളില്‍ നിപതിച്ചു. ദിവസവും കണ്ടുകൊണ്ടിരുന്ന ചങ്ങാതിയെ കാണാന്‍ അവസരമില്ലാതെ കാണാതെയായി. സംസാരം കുറഞ്ഞു, വിശേഷങ്ങള്‍ പരസ്പരം സമയത്ത് അറിയാതായി. മനസ്സില്‍ മാത്രം നല്ല സൗഹൃദം നിലനിന്നുവെങ്കിലും അവര്‍ അവരവരുടെ സ്വര്‍ഗരാജ്യത്തുതന്നെയായിരുന്നു മിക്കപ്പോഴും.

അകന്നിരിക്കരുത് എന്നാഗ്രഹിച്ചിട്ടും….
കൂട്ടുകാരുനെ പിരിയാന്‍ കഴിയാത്തതുകൊണ്ടു സ്വന്തം ജോലിപോലും വേണ്ടെന്നു വച്ച പീറ്ററിനെയും രാകേഷിനെയും പോലുള്ള അനേകര്‍ ഈ സമൂഹകത്തിലുണ്ടാകാം. ഒരിക്കലും അകന്നിരിക്കരുത് എന്നാഗ്രഹിച്ചിട്ടും കാലം അവരെ അകറ്റി. പുതിയ സൗഹൃദങ്ങള്‍ അവര്‍ക്കും ചുറ്റും പുത്തന്‍ കളിക്കളം തീര്‍ത്തു; അതാണു ജീവിതം. ഒന്നും ശാശ്വതമല്ല. എല്ലാം മാറിക്കൊണ്ടേയിരിക്കും. ജീവിതത്തില്‍ സുഹൃത്തിന് ഒന്നാംസ്ഥാനം കൊടുത്തിരുന്ന ആള്‍ വിവാഹം കഴിയുന്ന ആദ്യമാസങ്ങളിലും വര്‍ഷങ്ങളിലും തന്‍റെ പഴയ സുഹൃത്തിനുതന്നെ മനസ്സില്‍ നമ്പര്‍ വണ്‍ സ്ഥാനം നല്കിയാലും പതിയെപ്പതിയെ തന്‍റെ ജീവിതപങ്കാളിയെ അവിടെ പ്രതിഷ്ഠിക്കും; അല്ലെങ്കില്‍ പ്രതിഷ്ഠിക്കണം. ഇണയും തുണയുമായി മാറാന്‍ എങ്കിലേ അവര്‍ക്കു സാധിക്കൂ. ഇപ്രകാരം ‘പങ്കാളിപ്രതിഷ്ഠ’ നടത്താത്തവര്‍ക്കാണു ജീവിതത്തിന്‍റെ ചുറ്റുമതിലിടിഞ്ഞുപോകുന്നത്.

മുട്ടിനില്ക്കണം…. വെറുതെ നില്ക്കണം
കുടുംബജീവിതത്തോടൊപ്പംതന്നെ വ്യക്തിജീവിതം ഔദ്യോഗിക ജീവിതം, സാമൂഹ്യജീവിതം, തുടങ്ങിയ കലാജീവിതവും കായികജീവിതവുമെല്ലാം ഒരാളുടെ അവശ്യഘടകങ്ങള്‍തന്നെയാണ്. ലഭിക്കുന്ന പുത്തന്‍ പരിചയങ്ങള്‍ വെള്ളവും വളവും നല്കി വളര്‍ത്തണമെങ്കില്‍ നിരന്തരം ബന്ധപ്പെട്ടുനില്ക്കാനുള്ള മനസ്സ് നമുക്കുണ്ടാകണം. സ്കൂളിലും കോളജിലും കൂടെപ്പഠിച്ച ചങ്ങാതികളോടു കൂടെ ജോലി ചെയ്യുന്ന സഹപ്രവര്‍ത്തകരോ മാത്രം സുഹൃത്തുക്കളായി കൂടെയുണ്ടായതുകൊണ്ടു കാര്യമില്ല. വിജയജീവിതത്തിന്‍റെ വ്യത്യസ്ത സാദ്ധ്യതകള്‍ നമ്മുടെ മുന്നില്‍ തുറക്കപ്പെടണമെങ്കില്‍ വ്യത്യസ്ത മേഖലകളിലുള്ളവരുമായി നമുക്കു നെറ്റ്വര്‍ക്ക് ഉണ്ടാകണം. ഒട്ടിനില്ക്കണം, മുട്ടിനില്ക്കണം പൊട്ടാതെ നില്ക്കണം. പരിചയപ്പെട്ടുവെങ്കിലും followup ഇല്ലാതെ, പിന്നീടു നേരിട്ടോ വാട്സാപ്പിലൂടെയോ ഇമെയില്‍ മുഖാന്തിരമോ ഫെയ്സ് ബുക്ക് വഴിയോ മറ്റെന്തെങ്കിലും മാര്‍ഗങ്ങള്‍ വഴിയോ ആശയവിനിമയം സജീവമാക്കി നിലനിര്‍ത്തിയാല്‍ അവരുടെ മനസ്സിലും അവരിലൊരാളായി നമ്മളെ പരിഗണിക്കാം. ബിസിനസ്സിലും കരിയറിലും ലഭിക്കുന്ന വളര്‍ച്ചയെല്ലാം ഈ മുട്ടിനില്ക്കലിന്‍റെ മുട്ടന്‍ ഫലങ്ങളാണ്.

നമ്മെ അവര്‍ ഓര്‍മിക്കുന്നുണ്ടോ?
അവരും ഇവരുമെല്ലാം എന്‍റെ സുഹൃത്തുക്കളാണെന്ന് അഭിമാനിക്കുകയും വീമ്പു പറയുകയും ചെയ്യുന്നവരുണ്ടാകും. നിങ്ങള്‍ പരിശോധിക്കേണ്ടത്, നിങ്ങള്‍ അവരെ ഓര്‍ക്കുന്നുണ്ടോ എന്നതല്ല, അവര്‍ നമ്മളെ ഓര്‍മിക്കുന്നുണ്ടോ അതോ മറന്നോ എന്നതാണ്. ഒട്ടിനില്ക്കുക, മുട്ടിനില്ക്കുക എന്നു പറഞ്ഞാല്‍ മറ്റൊരാളെ ശല്യപ്പെടുത്തേക്കൊണ്ടിരിക്കുക എന്നതല്ല, മറിച്ചു നമ്മളെക്കുറിച്ച് അയാള്‍ക്കു ചിന്തിക്കാന്‍ പോസിറ്റീവായ ഓര്‍മകളും ഓര്‍മപ്പെടുത്തലുകളുമുണ്ടാകണം എന്നതാണ്.

മുതല്‍ക്കൂട്ടാവട്ടെ നമ്മുടെ സൗഹൃദം
മറ്റുള്ളവരുടെ നന്മ ആഗ്രഹിക്കുന്ന, സംസാരിക്കുമ്പോഴും ഇടപഴകുമ്പോഴും മറ്റൊരാളെ ഇടിച്ചുതാഴ്ത്താത്ത ശൈലിയുള്ള, പുഞ്ചിരിയും പ്രസന്നതയും കാത്തുസൂക്ഷിച്ചാല്‍ ഏതൊരാള്‍ക്കും പുത്തന്‍ സൗഹൃങ്ങള്‍ വന്നുചേരും. എന്നാല്‍ അതു maintain ചെയ്തില്ലെങ്കില്‍, നിലനിര്‍ത്തണമെന്ന ഒരു നിര്‍ബന്ധബുദ്ധി ഉണ്ടായില്ലെങ്കില്‍ ആള്‍ക്കൂട്ടത്തിലൂടെ പോകുമ്പോള്‍ രാഷ്ട്രീയക്കാരും സിനിമാക്കാരും പൊതുജനത്തെ നോക്കി ആവേശപൂര്‍വം ചിരിച്ചുകൊണ്ടു കൈവീശി കാണിക്കുന്ന സൗഹൃദമേ നിങ്ങളുടെ ഏതൊരു സുഹൃത്തിനുമുണ്ടാകൂ, ബന്ധുവിനും സ്വന്തക്കാര്‍ക്കുമുണ്ടാകൂ. മറ്റൊരളുടെ വിജയപരാജയങ്ങളില്‍ ആത്മാര്‍ത്ഥമായി ഇടപെടലുകളോടെ നിങ്ങളൊരു ഉത്തമ സുഹൃത്താണെന്നു ബോദ്ധ്യപ്പെടുത്തൂ, അഭിനയിക്കാതെ. അങ്ങനെ നിങ്ങളുടെ സുഹൃത്തായിരിക്കുക എന്നതു മറ്റേയാള്‍ക്കും മുതല്‍ക്കൂട്ടാവട്ടെ.

വിട്ടുനില്ക്കാതെ ഒട്ടിനില്ക്കാന്‍….
1. പറയിക്കല്ലേ ഇങ്ങനെ!
കാണുമ്പോള്‍ വെളുക്കെ ചിരി, പൊരിഞ്ഞ സ്നേഹം, പ്രകടനം ഗംഭീരം, കാര്യത്തോടടുക്കുമ്പോള്‍ പ്രയോജനമില്ല എന്ന തോന്നലുണ്ടാക്കരുത്. അവശ്യസമയത്ത് ഇടപെടാന്‍ മനസ്സു കാണിച്ചാല്‍ ബന്ധം ഒട്ടും, അല്ലെങ്കില്‍ പൊട്ടും.

2. പരിചയപ്പെട്ടവരെ പിരിച്ചുവിടല്ലേ
ബിസിനസ്സ് കോണ്‍ഫ്റന്‍സിനിടയില്‍ കാര്യമായി പരിചയപ്പെട്ടു, പിന്നെ ആകാശത്തേയ്ക്കു വെടിവച്ച് എല്ലാവരെയും പിരിച്ചുവിട്ടു എന്ന മട്ടിലാകരുത് കാര്യങ്ങള്‍. പരിചയപ്പെട്ട അന്നുതന്നെ അവര്‍ക്കൊരു ‘ഹായ്’ എങ്കിലും അയയ്ക്കൂ. നല്ല സൗഹൃദങ്ങള്‍ ഉണ്ടാകട്ടെ.

3. അറിയാന്‍ ശ്രമിക്കാം; പറയാനും
പുതുസൗഹൃദങ്ങള്‍ ആരംഭിച്ചെങ്കിലും പരസ്പരം കൂടുതല്‍ മനസ്സിലാക്കിയാലേ ബന്ധം വളരൂ. അവരെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും പോസിറ്റീവായി കൂടുതല്‍ മനസ്സിലാക്കുക. നാമാരെന്നും നമ്മുടെ കാഴ്ചപ്പാടുകളെന്തെന്നും പങ്കുവച്ചു നിങ്ങളെ മനസ്സിലാക്കാനും അവസരമൊരുക്കുക.

4. അവസരം കളയാതെ അഭിനന്ദിക്കുക:
ചാന്‍സ് കിട്ടും, അഭിനന്ദനമറിയിക്കാന്‍. അറിഞ്ഞ്, നാട്യങ്ങളില്ലാതെ അഭിനന്ദനങ്ങള്‍ നല്കുക. മാറ്റം വരുത്തേണ്ടവയില്‍ നല്ല feedback ഉം കൊടുക്കാം.

5. മുളയിലെ നുള്ളല്ലേ; ഒട്ടുംമുമ്പേ വിടീക്കല്ലേ:
ബന്ധത്തിനിടയില്‍ പണമിടപാടുകള്‍, കടം ചോദിക്കല്‍, അനുയോജ്യമല്ലാത്ത സംസാരശൈലികള്‍, വാട്സാപ്പ് സന്ദേശങ്ങള്‍, ലൈംഗികച്ചുവയുള്ള പോസ്റ്റുകള്‍ ഒക്കെ പ്രയോഗിച്ചു ബന്ധം മുളയിലേ നുള്ളല്ലേ, ഒട്ടുംമുമ്പേ വിടീക്കല്ലേ!

Leave a Comment

*
*