വിശുദ്ധ ഗ്രന്ഥത്തിലെ യൗസേപ്പുമാര്‍

വിശുദ്ധ ഗ്രന്ഥത്തിലെ യൗസേപ്പുമാര്‍

ഫാ. ജോസ് പാലാട്ടി സി.എം.ഐ.

പഴയ നിയമത്തിലെ യൗസേപ്പും പുതിയ നിയമത്തിലെ യൗസേപ്പും തമ്മില്‍ ഏറെ സാമ്യമുണ്ട്. ഇരുവരും, പേരിലും പെരുമാറ്റത്തിലും പ്രവര്‍ത്തനശൈലിയിലും ഒട്ടേറെ സാദൃശ്യമുള്ളവര്‍!

യേശുവിന്‍റെ വളര്‍ത്തു പിതാവും കന്യകാ മറിയത്തിന്‍റെ വിരക്ത ഭര്‍ത്താവുമായ വി. യൗസേപ്പിനെക്കുറിച്ച് വിശുദ്ധഗ്രന്ഥത്തില്‍ വളരെ കുറച്ചേ പ്രതിപാദനമുള്ളൂ, ഏറ്റം ശ്രദ്ധേയമായ വാചകം "അവളുടെ ഭര്‍ത്താവായ യൗസേപ്പ് നീതിമാനായിരുന്നു" (മത്താ. 1:19).

ഈജിപ്തിലെങ്ങും ക്ഷാമമായപ്പോള്‍ ജനങ്ങള്‍ ഫറവോയുടെയടുക്കല്‍ ആഹാരത്തിന് അപേക്ഷിച്ചു. അവന്‍ ഈജിപ്തുകാരോടു പറഞ്ഞു. "ജോസഫിന്‍റെ അടുത്തേക്ക് ചെല്ലുക, അവന്‍ നിങ്ങളോടു പറയുന്നതു പോലെ ചെയ്യുക" (ഉത്പ. 41:55).

സഭ ഇന്ന് നമ്മോടും പറയുന്നു; "മാര്‍ യൗസേപ്പിന്‍റെ പക്കല്‍ പോകുവിന്‍."

* * * രണ്ടുപേരും ഒരേ വംശാവലിയില്‍പെട്ടവരാണ്. ദാവീദിന്‍റെ ഗോത്രത്തിലും യൂദയ വംശത്തിലും പെട്ടവര്‍!

* * * ഇരുവരും കളങ്കമറ്റവരും എന്നാല്‍, തെറ്റിധരിക്കപ്പെട്ടവരുമാണ്. ഇരുവര്‍ക്കും ദൈവ പരിപാലനയില്‍ ഉറച്ച വിശ്വാസമുണ്ടായിരുന്നു. പരീക്ഷണഘട്ടം കഴിഞ്ഞ് രണ്ടുപേരും ദൈവസംരക്ഷണത്തിന്‍റെ ഔന്നത്യത്തിലെത്തി. ദൈവം എല്ലാം നന്മയ്ക്കായി ക്രമീകരിക്കുന്നുവെന്നവര്‍ വിശ്വസിച്ചു. വിശ്വാസം പ്രത്യാശയിലേക്കും, പ്രത്യാശ സമാധാനത്തിലേക്കും, സമാധാനം അതിമാത്ര സ്നേഹത്തിലേക്കും നയിച്ചു.

* * * രണ്ടു പേരും ദൈവതിരുമനസ്സിന്‍റെ നിര്‍വഹണത്തിനായി ഈജിപ്തിലേക്ക് നയിക്കപ്പെട്ടു (ഉത്പ. 37:28; മത്താ. 2:14-15).

* * * രണ്ടു കൂട്ടരും പരീക്ഷണങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയും പരിപൂര്‍ണ്ണതയിലെത്തിയവരാണ്.

* * * രണ്ടുപേര്‍ക്കും ജീവിതത്തിന്‍റെ ഒരു ഘട്ടത്തില്‍ ചിലരുടെ സംരക്ഷണം ഏറ്റെടുക്കേണ്ടി വന്നു. പൂര്‍വ യൗസേപ്പിന് സഹോദരങ്ങളുടെയും, ക്രമേണ ഈജി പ്തിന്‍റെ മുഴുവനും! മാര്‍ യൗസേപ്പിതാവിന് തിരുക്കുടുംബത്തിന്‍റെയും, ക്രമേണ തിരുസഭയുടെയും!

* * * രണ്ടുപേരും സ്വപ്നത്തില്‍ ദൈവാരുളപ്പാടു സ്വീകരിച്ചവര്‍ (ഉത്പ. 37:5-11; 40:1 -23; 41:1-36) (മത്താ. 1:20-25; 2:13)

* * * കുടുംബജീവിതക്കാര്‍ക്ക് വി. യൗസേപ്പ് സവിശേഷമായ മാതൃകയാണ്; പൂര്‍വ യൗസേപ്പ് കുടുംബബന്ധങ്ങളുടെ ആണിക്കല്ലും, നാടിന്‍റെയും, ദൈവരാജ്യം മുഴുവന്‍റെയും സുഭിക്ഷതയുടെ ആധാരവുമാകുന്നു.

* * * ജീവിതവിശുദ്ധി, പരസ്പരം വിശ്വസ്തത ഹൃദയ ഐക്യം, എന്നീ ഗുണങ്ങള്‍ കുടുംബജീവിതത്തില്‍ ജാഗ്രതാ പൂര്‍വം കാത്തുകൊണ്ടു.

* * * തൊഴിലിന്‍റെ മഹത്വം, അദ്ധ്വാനശീലം, സമയബദ്ധമായ കാര്യ നിര്‍വഹണം… എന്നീ കാര്യങ്ങളില്‍ രണ്ടു പേരും നല്ല മാതൃകകളാണ്.

* * * ജീവിതത്തിന്‍റെ ഏതവസ്ഥയിലും, ഉയര്‍ച്ചയിലും താഴ്ചയിലും, മനം പതറാതെ കാലിടറാതെ, നൂറുമേനി ഫലമെടുക്കാമെന്ന് രണ്ടു പേരും പഠിപ്പിക്കുന്നു.

* * * നീതിനിര്‍വ്വഹണത്തിലേ സമാധാനമുണ്ടാവൂയെന്ന് രണ്ടു പേരുടെയും ജീവിതം തെളിയിക്കുന്നു; ഒപ്പം, സിദ്ധി മാത്രം പോര വിശുദ്ധിയും വേണം ജീവിതവിജയത്തിന് എന്നും വ്യക്തം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org