ഔഷധ​ഗുണങ്ങൾ നിറഞ്ഞ കാരറ്റ്

ഔഷധ​ഗുണങ്ങൾ നിറഞ്ഞ കാരറ്റ്

കാരറ്റ് നിരവധി ഔഷധഗുണങ്ങളുടെ കലവറയാണ്. പച്ചക്കറികളുടെ കൂട്ടത്തില്‍ സമുന്നതമായ സ്ഥാനമാണു കാരറ്റിനുള്ളത്. ഇതിലെ പോഷകഗുണം വേവിക്കുമ്പോള്‍ കുറയുവാന്‍ ഇടയുള്ളതിനാല്‍ പച്ചയ്ക്കു തിന്നുന്നതാണു കൂടുതല്‍ നല്ലത്. നന്നായി കഴുകി വൃത്തിയാക്കി പുറംതൊലി ചീകിമാറ്റിയശേഷം പച്ചയ്ക്കു ഭക്ഷിക്കാം.

പ്രോട്ടീന്‍, കാത്സ്യം, ഇരുമ്പ്, തയാമിന്‍ എന്നിവയും വിറ്റാമിന്‍ 'എ', 'സി' എന്നിവയും വിവിധ അളവില്‍ കാരറ്റില്‍ അടങ്ങിയിരിക്കുന്നു. ഇരുമ്പിന്‍റെ കുറവു പരിഹരിക്കുവാന്‍ കാരറ്റ് ഉപയോഗിച്ചാല്‍ മതിയാകും.

വൈറ്റിമിന്‍ 'എ' ധാരാളമായി കാരറ്റില്‍ അടങ്ങിയിരിക്കുന്നതിനാല്‍ നേത്രരോഗമുള്ളവര്‍ ഇതു ഭക്ഷിക്കുന്നതു വളരെ നല്ലതാണ്; കരള്‍രോഗത്തിനും നല്ലതാണ്. 'കിഴങ്ങുവര്‍ഗങ്ങളുടെ റാണി'യായും കാരറ്റ് അറിയപ്പെടുന്നു. ചൊറി, ചിരങ്ങ്, ത്വക്ക്രോഗങ്ങള്‍ എന്നിവയ്ക്കും കാരറ്റും കാരറ്റ് നീരും നല്ലതാണ്. കാരറ്റ് കറികള്‍ക്കും പലഹാരങ്ങള്‍ക്കും ഗുണമേന്മയുണ്ടാക്കും. മുടികൊഴിച്ചിലിന് ഇവ ഉപയോഗിക്കാറുണ്ട് മുഖസൗന്ദര്യത്തിനും ശരീരസൗന്ദര്യത്തിനും നല്ലതാണിത്. കാരറ്റുനീരില്‍ തേന്‍ ചേര്‍ത്ത് ഉള്ളില്‍ സേവിക്കുന്നതും നല്ലതാണ്. കാരറ്റ് നീരും വെള്ളരിക്കാനീരും സമം ചേര്‍ത്ത് ഉപയോഗിക്കുന്നതു വരണ്ട ചര്‍മത്തിനു പ്രയോജനം ചെയ്യുന്നതായി കാണുന്നു. രക്തശുദ്ധിക്കു കാരറ്റ് ഫലപ്രദംതന്നെയാണ്. കാരറ്റ് ദിവസം ഒരെണ്ണമെങ്കിലും കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്.
കാരറ്റ് ജ്യൂസ് കുടിക്കുന്നത് ഒരു ശീലമാക്കുക. ഇത് ഒരു ടോണിക്കിന്‍റെ ഫലം ചെയ്യും. കുടല്‍രോഗങ്ങള്‍ക്കും ദഹനേന്ദ്രിയ രോഗങ്ങള്‍ക്കും വളരെ നല്ലതാണ്. കരോട്ടിന്‍റെ അംശം കൂടുതലായി കാരറ്റില്‍ അടങ്ങിയിരിക്കുന്നു. ഭക്ഷണം കഴിച്ച ഉടനെ ഒരു കാരറ്റ് ചവച്ചുതിന്നാല്‍ വായിലുള്ള ഉപദ്രവകാരികളായ അണുക്കളെ നിര്‍ജ്ജീവമാക്കുകയും പല്ലുകളെ ശുചിയാക്കുകയും പോടുകളില്‍ തങ്ങിനില്ക്കുന്ന ഭക്ഷ്യാംശങ്ങളെ നീക്കിക്കളയുകയും മോണയ്ക്കും മറ്റും കരുത്തു നല്കുകയും ചെയ്യുന്നു. കരളിന്‍റെ ഉത്തേജനത്തിനും സന്ധിസംബന്ധമായ പ്രശ്നങ്ങള്‍ക്കും കാരറ്റ് നല്ലതാണ്. കാരറ്റ് നീരു കഴിക്കുന്നത് ഓര്‍മശക്തിയും ചിന്താശക്തിയും കൂട്ടുമെന്നു പറയപ്പെടുന്നു. പുകവലിക്കാര്‍ക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരറ്റ് നല്ലതാണ്. ഭക്ഷ്യവസ്തുക്കള്‍ക്കു സുഗന്ധവും നിറവും സ്വാദും നല്കുവാനും ഭക്ഷ്യവസ്തുക്കള്‍ അലങ്കരിക്കുവാനും കാരറ്റ് ഉപയോഗിക്കുന്നു.

പോഷകഗുണത്തോടൊപ്പം ഔഷധഗുണങ്ങളും അടങ്ങിയ കാരറ്റ്, തോരനായും മെഴുക്കുപുരട്ടിയായും ഭക്ഷണത്തോടൊപ്പം ഉപയോഗിച്ചുവരുന്നു. ഇവ സൂപ്പായി ഉപയോഗിക്കുന്നത് ആരോഗ്യരക്ഷയ്ക്കു വളരെ ഫലപ്രദമാണ്. കാരറ്റ് അച്ചാര്‍ ഇടുവാനും ജാം, ഹലുവ എന്നിവ ഉണ്ടാക്കുവാനും നല്ലതാണ്. കാരറ്റ് ജ്യൂസ് ദാഹം, ക്ഷീണം എന്നിവ മാറാന്‍ ഉപകരിക്കും. ദഹനത്തിനും ഇവ നല്ലതാണ്. മാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്ന കാരറ്റ് നന്നായി കഴുകി വൃത്തിയാക്കിയെടുത്തശേഷം വേണം ഉപയോഗിക്കുവാന്‍. കേടുവന്നതും പുതുമ നഷ്ടപ്പെട്ടതുമായ കാരറ്റ് ഉപയോഗിക്കരുത്. വൃത്തിയാക്കിയെടുത്ത കാരറ്റ് പച്ചയ്ക്ക് ഉപയോഗിക്കുന്നതാണു കൂടുതല്‍ ഫലപ്രദം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org