ഔഷധ​ഗുണങ്ങളുടെ കലവറ ഏലക്കാ

ഔഷധ​ഗുണങ്ങളുടെ കലവറ ഏലക്കാ

വീ‌‌ടും തൊടിയും

ജോഷി മുഞ്ഞനാട്ട്

നിരവധി ഔഷധഗുണങ്ങളുടെ കലവറയാണ് ഏലക്കാ. ഏലക്കായില്‍ പ്രോട്ടീന്‍റെ അളവ് കൂടുതലുണ്ടെങ്കിലും കൊഴുപ്പു നന്നേ കുറവാണ്. ശബ്ദശുദ്ധിക്കു സഹായകരമായ ഏലക്കാ ദഹനക്കേട്, ഛര്‍ദ്ദി, കഫകെട്ട്, ഉദരരോഗങ്ങള്‍ തുടങ്ങിയ അസുഖങ്ങളെ അകറ്റാന്‍ ഉത്തമമാണ്.
സുഗന്ധദ്രവ്യമായി ഉപയോഗിക്കുന്ന ഏലക്കാ വൈദ്യശാസ്ത്രത്തിലെന്നല്ല അടുക്കളയിലും പ്രിയപ്പെട്ടവതന്നെയാണ്. അധികം പാകമാകാത്ത പച്ച ഏലക്കായകള്‍ അച്ചാറിടുവാനും ഉപയോഗിക്കുന്നുണ്ട്. ഉണങ്ങിയ ഏലത്തരി സൗരഭ്യമുള്ളതും ദഹനകരവും രുചിപ്രദവുമാണ്. വാതരോഗത്തിന് ഇവ ഫലപ്രദവുമാണ്. ഇവ പല്ലിന്‍റെ ഉറപ്പിനും കേടുപോകുന്നതിനും സഹായിക്കും. കൂടാതെ വായ്നാറ്റം അകറ്റുകയും ചെയ്യും. ഒരു ചെറിയ ഏലക്കാ വായിലിട്ടു നന്നായി ചവച്ചു തുപ്പിക്കളയുന്നതു വായ്നാറ്റം മാറിക്കിട്ടുന്നതിനും വായില്‍ നല്ല മണം കിട്ടുന്നതിനും രുചിയുണ്ടാകുന്നതിനും സഹായിക്കും.
ഏലക്കായില്‍ വിറ്റാമിന്‍ എ, ബി, സി എന്നിവയ്ക്കു പുറമെ കാത്സ്യം, ഇരുമ്പ്, നാരുകള്‍ എന്നിവയും ഈ സുഗന്ധവ്യഞ്ജനത്തില്‍ അടങ്ങിയിട്ടുണ്ട്. വയറു സംബന്ധമായ പല രോഗങ്ങള്‍ക്കും ദഹനത്തിനും വളരെ നല്ലതാണ് ഏലത്തരി. പ്രമേഹമകറ്റാന്‍ മറ്റു മരുന്നകളോടു ചേര്‍ത്തും ഇവ ഉപയോഗിക്കാറുണ്ട്.
യാത്രാവേളയില്‍ ഉണ്ടാകുന്ന ഛര്‍ദ്ദി മറ്റാന്‍ ഏലക്കാ മണക്കുകയും ചവച്ചിറക്കുകയും ചെയ്യുന്നതു നല്ലതാണ്. ഭക്ഷണപദാര്‍ത്ഥങ്ങളില്‍ സ്വാദിനും ഗുണത്തിനും മണത്തിനുംവേണ്ടി ഏലക്കാ പൊടിച്ചു ചേര്‍ക്കാറുണ്ട്. ഏല എണ്ണ പലഹാരങ്ങളിലോ കേക്ക്, ബിസ്കറ്റ് തുടങ്ങിയവയിലോ ചേര്‍ത്താല്‍ രുചികരവും ഹൃദ്യവുമായ വാസനയോടുകൂടിയതുമായിരിക്കും.
ഏലക്കാ പൊടിച്ചുചേര്‍ത്തു കാപ്പിയോ ചായയോ കുടിക്കുന്നതു രുചികരവും ഹൃദ്യവും ഉന്മേഷദായകവുമാണ്. ഏലത്തരി നിരവധി ഔഷധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാറുണ്ട്. മുറുക്കുകാര്‍ സ്വാദിനും മണത്തിനുമായി വെറ്റിലയില്‍ ഏലത്തരി ചേര്‍ത്തു മുറുക്കാറുണ്ട്. ഇവയുടെ തൈലം പല്ലുവേദന, തലവേദന എന്നിവയ്ക്കും നല്ലതാണ്. ഏല എണ്ണ സന്ധിവീക്കത്തിനു ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്. വേദന, നീര്, ഇവയ്ക്ക് ആശ്വാസം നല്കാന്‍ ഇത് സഹായിക്കും. നിരവധി ഗുണങ്ങള്‍ നിറഞ്ഞ ഏലക്കായയെ നമുക്കു മറക്കാതിരിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org