പാവം ജോയേല്‍

പാവം ജോയേല്‍

ചെറുകഥ

ജോസ്മോന്‍, ആലുവ

പമ്പയാറിന്‍റെ തീരത്തെ സുന്ദരമായ ഒരു കുട്ടനാടന്‍ കുഗ്രാമം. അവിടെയാണു നാലാം ക്ലാസ്സുകാരന്‍ ജോയേല്‍ താമസിച്ചിരുന്നത്. കൃഷിപ്പണിക്കാരായ അപ്പനെയും അമ്മയെയും എല്ലാ ജോലികളിലും അവന്‍ സഹായിക്കുമായിരുന്നു. മാത്രമല്ല, പ്രാര്‍ത്ഥനയിലും പഠനത്തിലും അവന്‍ മുന്‍പന്തിയിലായിരുന്നു.

അന്നു വെളുപ്പാന്‍ കാലത്ത് അഞ്ചു മണിക്കു തന്നെ അമ്മ ജോയേലിനെ വിളിച്ചുണര്‍ത്തി. ഉത്സാഹത്തോടെ അവന്‍ ചാടിയെണീററു. ഒരു തോര്‍ത്തുടുത്തു വീടിന്‍റെ മുന്നിലെ ആറ്റിലേക്ക് എടുത്തുചാടി… വേഗം നീന്തിക്കുളിച്ചു റെഡിയായി. വീട്ടുകാരോടൊപ്പം പള്ളിയിലേക്കു ധൃതിയില്‍ നടന്നു.

കാരണം ഇന്നാണു ജോയേലിന്‍റെ 'ആദ്യകുര്‍ബാനകൈക്കൊള്ളപ്പാട്.' ആദ്യമായി ഈശോയെ സ്വീകരിക്കാന്‍ പോകുന്നതിന്‍റെ ആനന്ദം അവന്‍റെ കുഞ്ഞിക്കണ്ണുകളില്‍ മിന്നിമറയുന്നുണ്ട്. ആരോടും പറയാത്ത ചില സങ്കടങ്ങളും ആ ഇളംമനസ്സിനെ അലട്ടിയിരുന്നു.

ജോയേലിന്‍റെ എല്ലാ കൂട്ടുകാര്‍ക്കും പുത്തന്‍ ഉടുപ്പുണ്ട്… പുത്തന്‍ ഷൂസുണ്ട്. എന്നാല്‍ വീട്ടിലെ ദാരിദ്ര്യം മൂലം അവനു മാത്രം പുത്തന്‍ ഉടുപ്പില്ല… ഷൂസില്ല. അവന്‍റെ ആന്‍റി നല്കിയ ഒരു പഴയ വെള്ള ഉടുപ്പും നിക്കറും മാത്രം. പുതിയതെന്നു പറയാന്‍ ഒരു ജോഡി സോക്സും വള്ളിച്ചെരുപ്പും….

ഈശോയെ സ്വീകരിക്കാന്‍ കുട്ടികള്‍ പാരീഷ് ഹാളില്‍ പുതിയ ഡ്രസ്സൊക്കെയിട്ടു തയ്യാറാവുകയാണ്. അവര്‍ രണ്ടു വരികളിലായി ദിവ്യബലിക്ക് അണിനിരന്നു. എന്നാല്‍ ജോയേലിന്‍റെ ഒരുക്കം മാത്രം തീര്‍ന്നില്ല.

"ജോയേലേ… വേഗം വാ… സമയമായി" – കൂട്ടുകാര്‍ ഉറക്കെ വിളിച്ചുകൊണ്ട് അവന്‍റെ അടുത്തേയ്ക്കു വന്നു.

"എന്‍റെ ചെരുപ്പു കാലില്‍ കയറുന്നില്ല" – ജോയേല്‍ കൂട്ടുകാരോടു സങ്കടം പറഞ്ഞു.

"നിനക്കു ഷൂസില്ലേ…? എടാ മണ്ടാ സോക്സിന്‍റെ കൂടെ ആരെങ്കിലും വള്ളിച്ചെരുപ്പ് ഇടുമോ…?" – കൂട്ടുകാരെല്ലാം ജോയേലിനെ കണക്കിനു കളിയാക്കി.

"എനിക്കു ഷൂസില്ലാ… വള്ളിച്ചെരുപ്പേ ഉള്ളൂ" – സങ്കടം സഹിക്കാനാവാതെ അവന്‍ വിതുമ്പി.

"ഈശോയെ എന്‍റെ കുഞ്ഞിന്‍റെ വിഷമം കാണാന്‍ എനിക്കു വയ്യാ" – ജോയേലിന്‍റെ അമ്മ തലയില്‍ കൈ വച്ചു തളര്‍ന്നിരുന്നു. ഇത്രയുമായപ്പോള്‍ ജോയേലിന്‍റെ സങ്കടം വര്‍ദ്ധിച്ചു. അവന്‍ ഏങ്ങലടിച്ചു കരഞ്ഞു.

ജോയേലിന്‍റെ അപ്പ ഓടിപ്പോയി ബോട്ടുജെട്ടിക്ക് അടുത്തുള്ള മാടക്കടയില്‍നിന്നും ഒരു ബ്ലേഡ് വാങ്ങിക്കൊണ്ടുവന്നു സോക്സ് രണ്ടും കീറി. ഒരു വിധത്തില്‍ വള്ളിച്ചെരുപ്പു കാലില്‍ കയറ്റി.

പാവം ജോയേല്‍!! പൊട്ടിക്കരഞ്ഞു. ആദ്യമായി ഈശോയെ സ്വീകരിക്കുന്ന ദിവസം തന്നെ പഴയ ഉടുപ്പും… കീറിയ സോക്സും വള്ളിച്ചെരുപ്പും അവന്‍റെ കുഞ്ഞുഹൃദയം നുറുങ്ങി.

"എന്തിനാ ഈശോയെ, എനിക്കു മാത്രം പഴയ ഉടുപ്പു തന്നത്…? എന്തിനാ ഈശോയെ എനിക്കു മാത്രം കീറിയ സോക്സും വള്ളിച്ചെരുപ്പും…?"- അവന്‍ ഈശോയോടു പരാതി പറഞ്ഞു.

കണ്ണീരോടെ ജോയേല്‍ ഈശോയെ സ്വീകരിച്ചു. വീട്ടിലേക്കു തിരിച്ചുപോകുന്ന വഴിയില്‍ കൂട്ടുകാരുടെ വീടുകളില്‍ ആദ്യകുര്‍ബാനയുടെ ആഘോഷങ്ങളും… ആരവങ്ങളും. തന്‍റെ വീട്ടില്‍ മാത്രം വിരുന്നുകാരാരുമില്ല… ആഘോഷങ്ങളുമില്ല. ഇങ്ങനെ ഓരോ കാര്യങ്ങള്‍ ചിന്തിച്ചു വിഷമിച്ചു വീട്ടിലേക്കു നടക്കുമ്പോള്‍ പെട്ടെന്നു പിന്നില്‍ നിന്നൊരു വിളി.

"എടാ, ജോയേല്‍…! നീ പോകല്ലേ… അവിടെനിന്നേ…?

അവന്‍ തിരിഞ്ഞുനോക്കുമ്പോള്‍ മുടി നീട്ടി വളര്‍ത്തി വെളുത്തു സുന്ദരനായ ഒരു കുട്ടി. അതാ, അവന്‍ ജോയേലിന്‍റെ അടുത്തേയ്ക്ക് ഓടിവരികയാണ്. വന്നപാടെ വലിയൊരു സമ്മാനപ്പൊതി അവന്‍റെ നേരെ നീട്ടി സൗമ്യമായി പുഞ്ചിരിച്ചു.

"ജോയേലെ… വാങ്ങിച്ചോ… ഇതു നിനക്കാ… ആദ്യകുര്‍ബാനസ്വീകരണത്തിന് എന്‍റെ സമ്മാനം. സുന്ദരനായ ആ കുട്ടിയെ മുമ്പൊരിക്കല്‍പ്പോലും കണ്ടിട്ടില്ല… എങ്കിലും ജോയേല്‍ സമ്മാനപ്പൊതി സ്വീകരിച്ചു… അഴിച്ചുനോക്കി; അവന്‍ ഞെട്ടിപ്പോയി.

നല്ല ഭംഗിയുള്ള പുത്തന്‍ ഉടുപ്പ്, പുതിയ ഷൂസ്… ബെല്‍റ്റ്… വാച്ച് അങ്ങനെ ഒത്തിരി സമ്മാനങ്ങള്‍…

ജോയേല്‍ സന്തോഷത്താല്‍ മതിമറന്നു. അവന്‍റെ സങ്കടമെല്ലാം പമ്പ കടന്നു.

ആദ്യകുര്‍ബാനയക്ക് ആകെ കിട്ടിയ സമ്മാനമായിരുന്നു അത്… ജീവിതത്തില്‍ ആദ്യത്തേതും… സമ്മാനങ്ങള്‍ നെഞ്ചോടു ചേര്‍ക്കുമ്പോള്‍ നിറഞ്ഞ കണ്ണുകളോടെ ജോയേല്‍ തന്‍റെ പുതിയ കൂട്ടുകാരനെ അന്വേഷിച്ചു. സമ്മാനം നല്കിയ ആ സുന്ദരനായ കുട്ടിയെ കാണാനില്ല.

അപ്പയോടും അമ്മയോടുമൊപ്പം ആ കുട്ടി വന്ന വഴിയിലൂടെ കുറേ ദൂരം നടന്നു. അതാ, അങ്ങകലെ മുടി നീട്ടി വളര്‍ത്തിയ ആ സുന്ദരനായ കുട്ടിയുടെ രൂപം ജോയേല്‍ വ്യക്തമായി തിരിച്ചറിഞ്ഞു.

തൊണ്ട പൊട്ടുന്ന ശബ്ദത്തില്‍ അവന്‍ ഉറക്കെ വിളിച്ചു. എന്‍റെ ഈശോയേ… ഒന്നു നിക്കണേ…? പോകല്ലേ….

ഈശോയെ എന്‍റെയടുത്തു ഒരിക്കല്‍കൂടി വരാമോ…? പ്ലീസ്… എന്നെയൊന്ന് കെട്ടിപ്പിടിച്ച് ഉമ്മ തരാമോ? അവന്‍റെ ശബ്ദം നിലവിളിയായി മാറി.

ഈശോ വന്ന വഴിയിലൂടെ കുറേ ദൂരം ഓടിയ ജോയേലിന്‍റെ പിന്നാലെ ഓടിയെത്തിയ അപ്പയും അമ്മയും ജോയേലിനെ ആശ്വസിപ്പിച്ചു. കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തു.

അപ്പോഴും അവന്‍ വിതുമ്പിക്കരഞ്ഞുകൊണ്ടിരുന്നു. ഈശോ പോയ വഴിയിലേക്കു ചൂണ്ടി അവന്‍ പറഞ്ഞു: "അത് ഈശോയാ, എന്‍റെ ഈശോ… ഐ ലൗ… ജീസസ്. ഐ ലൗ യൂ സോ മച്ച്."

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org