|^| Home -> Suppliments -> Baladeepam -> പഠനത്തില്‍ താത്പര്യം ജനിക്കാന്‍

പഠനത്തില്‍ താത്പര്യം ജനിക്കാന്‍

Sathyadeepam

കഥ വായിക്കുന്നതുപോലെ എല്ലാ കാര്യങ്ങളും രസകരമല്ലല്ലോ. രസകരമല്ലാത്ത കാര്യങ്ങളിലും നമുക്കു താത്പര്യം തോന്നാറുണ്ട്.

കണക്കും ഭൂമിശാസ്ത്രവുമൊക്കെ രസകരമാണോ? മിക്കവര്‍ക്കും അല്ല. പിന്നെ അവയില്‍ താത്പര്യം ഉണ്ടാകുന്നതെങ്ങനെ? അദ്ധ്യാപകന്‍ രസകരമായി പഠിപ്പിച്ചാല്‍ ശരിയാകുമോ? ഇല്ല. അദ്ധ്യാപകന്‍ എത്ര രസകരമായി ഒരു വിഷയം കൈകാര്യം ചെയ്താലും നിങ്ങള്‍ക്കും താത്പര്യം തോന്നുന്നില്ലെങ്കില്‍ നിങ്ങള്‍ ആ വിഷയം പഠിക്കാന്‍ പോകുന്നില്ല. താത്പര്യം നിങ്ങളുടെ ഉള്ളില്‍നിന്നുതന്നെ വരണം. ഇതെങ്ങനെ സാധിക്കും?

1. ലക്ഷ്യമുണ്ടോ?
നിങ്ങള്‍ പഠിക്കുന്ന വിഷയവും നിങ്ങളുടെ വ്യക്തിപരമായ ജീവിതവും തമ്മിലുള്ള ബന്ധം കാണുകയാണ് ആദ്യം ചെയ്യേണ്ടത്. ഈ വിഷയം പഠിച്ചാല്‍ നിങ്ങളുടെ വ്യക്തിപരമായ ലക്ഷ്യം നേടാന്‍ കഴിയുമെന്നു നിങ്ങള്‍ക്കു ബോദ്ധ്യമുണ്ടോ? ഉന്നതമായ ഒരു ലക്ഷ്യം ഉണ്ടായിരിക്കുക, അതു നേടണമെങ്കില്‍ നന്നായി പഠിക്കണമെന്ന ബോദ്ധ്യം ഉണ്ടായിരിക്കുക – പഠനം തീര്‍ച്ചയായും രസകരമാകും. പഠനത്തില്‍ താത്പര്യമുണ്ടാക്കാന്‍ സഹായിക്കുന്ന ഒന്നു രണ്ടു കാര്യങ്ങള്‍ കൂടി കാണാം.

2. അരക്കൈ നോക്കുകതന്നെ
മത്സരബുദ്ധി പഠനത്തില്‍ താത്പര്യമുണ്ടാക്കാന്‍ സഹായിക്കും. ക്ലാസ്സിലെ മറ്റു കുട്ടികളുമായി മത്സരിക്കാം. കൂട്ടുകാരേക്കാള്‍ കൂടുതല്‍ മാര്‍ക്കു വാങ്ങണമെന്നു റോബിന്‍ സുദൃഢമായ തീരുമാനം എടുത്തെന്നു കരുതുക. തീര്‍ച്ചയായും അവന്‍ താത്പര്യപൂര്‍വം പഠിക്കും. കഴിഞ്ഞ തവണ കിട്ടിയതിനേക്കാള്‍ കൂടുതല്‍ മാര്‍ക്ക് അടുത്ത പരീക്ഷയില്‍ വര്‍ദ്ധിപ്പിക്കും. ഇതിനാണു തന്നോടുതന്നെയുള്ള മത്സരം എന്നു പറയുന്നത്. ഇക്കാര്യത്തില്‍ വെറുമൊരാഗ്രഹം പോരാ; ദൃഢമായ തീരുമാനം വേണം. തീരുമാനം ശക്തമായിരുന്നാല്‍ അതു നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുകതന്നെ ചെയ്യും.

3. നീ മിടുക്കന്‍
പ്രതിഫലം കിട്ടുമെന്ന പ്രതീക്ഷയാണു പഠനത്തില്‍ താത്പര്യം വര്‍ദ്ധിപ്പിക്കുന്ന മറ്റൊരു ഘടകം. മറ്റുള്ളവരില്‍ നിന്നു പ്രത്യേകിച്ചു മാതാപിതാക്കള്‍, അദ്ധ്യാപകര്‍ തുടങ്ങിയ പ്രധാന വ്യക്തികളില്‍നിന്നു പ്രോത്സാഹനവും അംഗീകാരവും കിട്ടുന്നതു നല്ല പ്രതിഫലമാണ്. ഇതിനെ പുറമേനിന്നുള്ള പ്രതിഫലം എന്നു പറയും. അമ്മാതിരിയുള്ള പ്രതിഫലം കിട്ടുക എളുപ്പമല്ല. അതുകൊണ്ടു സ്വയം പ്രതിഫലം നല്കാന്‍ പരിശീലിക്കുന്നതു നല്ലതാണ്. നിങ്ങള്‍ ഒരു പദ്യഭാഗം മനഃപാഠം പഠിക്കാന്‍ ഉദ്ദേശിക്കുന്നു എന്നു കരുതുക. ഒരു നിശ്ചിത സമയത്തിനുള്ളില്‍ പഠിച്ചാല്‍ നിങ്ങള്‍ക്കിഷ്ടമുള്ള ഒരു കാര്യം ചെയ്യുമെന്നു സ്വയം പറയുക. ഉദാ: മിഠായി, ഐസ്ക്രീം തുടങ്ങിയവകൊണ്ടും സ്വയം സല്കരിക്കുക. പരീക്ഷയില്‍ ഉന്നതമായ വിജയശതമാനം കരസ്ഥമാക്കുക എന്നത് അകന്ന ലക്ഷ്യം (long range goal) ആണ്. അകന്നതായതുകൊണ്ടു ആ ലക്ഷ്യം ചിലപ്പോള്‍ അത്ര ആവേശം ഉളവാക്കിയെന്നു വരില്ല. അതുകൊണ്ട് അടുത്ത ലക്ഷ്യം (short-range goal) ഉണ്ടാകുകയും അതു പ്രാപിക്കുമ്പോള്‍ സ്വയം പ്രതിഫലം നല്കുകയും ചെയ്യുന്നതു നല്ലതാണ്. പദ്യഭാഗം മനഃപാഠം പഠിക്കുക, ഹോംവര്‍ക്ക് ചെയ്യുക തുടങ്ങിയവ ഇപ്പോള്‍ പ്രാപിക്കാവുന്ന അടുത്ത ലക്ഷ്യങ്ങളാണ്. അവ പ്രാപിച്ചുകഴിഞ്ഞാലുടന്‍ സ്വയം അഭിനന്ദിക്കുകയും ഏതെങ്കിലും വിധത്തില്‍ സ്വയം സല്കരിക്കുകയും ചെയ്യുമ്പോള്‍ പഠനത്തില്‍ താത്പര്യം വര്‍ദ്ധിക്കും.

പഠനത്തില്‍ താത്പര്യം ഉളവാക്കാന്‍ സഹായിക്കുന്ന ഒരു ഘടകം ഉന്നതമായ ലക്ഷ്യമാണെന്നു പറഞ്ഞുവല്ലോ. എന്താണീ ലക്ഷ്യം എന്നു പറയുന്നത്? ലക്ഷ്യബോധം എങ്ങനെ ഉണ്ടാകും? ഇതേക്കുറിച്ച് അല്പം ചിന്തിക്കാം.

ഇംഗ്ലീഷില്‍ Value എന്നൊരു വാക്കുണ്ട്. വില എന്നാണിതിന്‍റെ അര്‍ത്ഥം. നാം ജീവിതത്തില്‍ വില കല്പിക്കുന്നതെന്തോ അതാണു ജീവിതമൂല്യം.

മൂല്യങ്ങള്‍ താനേ ഉണ്ടാകുന്നതല്ല. മാതാപിതാക്കളുടെയും മുതിര്‍ന്നവരുടെയും സാമൂഹ്യസമ്പര്‍ക്ക മാധ്യമങ്ങളുടെയും സ്വാധീനമാണ് ഒരു കുട്ടിയില്‍ മൂല്യങ്ങള്‍ കരുപ്പിടിപ്പിക്കുന്നത്. മാതാപിതാക്കള്‍ സമ്പത്തിനാണു മുന്‍ഗണന നല്കുന്നതെങ്കില്‍ അവരുടെ കുട്ടികളും സമ്പത്തിനേ മുന്‍ഗണന നല്കൂ. സത്യസന്ധതയ്ക്കു പ്രാധാന്യം കൊടുക്കുന്ന മാതാപിതാക്കളുടെ കുട്ടികളും സത്യസന്ധതയ്ക്കു പ്രാധാന്യം കൊടുക്കും.

കുട്ടികളായിരുന്നപ്പോള്‍ ചോദ്യം ചെയ്യപ്പെടാതെ മനസ്സില്‍ കടന്നുകൂടിയ മൂല്യങ്ങളെ കൗമാരപ്രായത്തില്‍ അവന്‍ ചോദ്യം ചെയ്യാന്‍ തുടങ്ങുന്നു.

നാമറിയാതെ നമ്മുടെ മനസ്സില്‍ കയറിപ്പുറ്റുന്ന വികലമായ മൂല്യങ്ങളെ ചോദ്യം ചെയ്യുകയും ആരോഗ്യകരമായ മൂല്യങ്ങളെ സ്വീകരിക്കുകയും ചെയ്യുമ്പോഴാണു നമുക്കു വളര്‍ച്ച ഉണ്ടാവുക. മൂല്യങ്ങളുടെ വെളിച്ചത്തിലാണു ലക്ഷ്യങ്ങള്‍ തിരഞ്ഞെടുക്കുക. മറ്റു വാക്കില്‍ നിങ്ങള്‍ ജീവിതത്തില്‍ എന്തിനു പ്രാധാന്യം കൊടുക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. നിങ്ങളുടെ ജീവിതലക്ഷ്യം ഉത്കൃഷ്ടമായ മൂല്യങ്ങള്‍ ഉള്ളവര്‍ക്കു മാത്രമേ ഉന്നതമായ ലക്ഷ്യങ്ങള്‍ മുന്നില്‍ കാണാന്‍ കഴിയുകയുള്ളൂ.

Leave a Comment

*
*