പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്‍റെ ആത്മഹത്യ സാക്ഷര കേരളത്തിനു നല്കുന്ന പാഠവും ഇന്നത്തെ ക്യാമ്പസുകളും:

പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്‍റെ ആത്മഹത്യ സാക്ഷര കേരളത്തിനു നല്കുന്ന പാഠവും ഇന്നത്തെ ക്യാമ്പസുകളും:

ഡോ.ഡെയ്സന്‍ പാണേങ്ങാടന്‍

കാമ്പസുകളില്‍ നിന്നും രാഷ്ട്രീയം പടിയിറങ്ങിയപ്പോള്‍ പകരക്കാരായെത്തിയവര്‍ സ്വാശ്രയ കോളേജുകളില്‍ ഗുണ്ടകളും, സര്‍ക്കാര്‍ എയ്ഡഡ് കോളേജുകളില്‍ മയക്കുമരുന്നു മാഫിയയുടെ വക്താക്കളുമെന്നത് ഒരു പരിധി വരെ നമ്മുടെ നാട്ടിലെ കാമ്പസുകളിലെ പറയാന്‍ മടിക്കുന്ന സത്യമാണ്. ഒരു ദശാബ്ദം മുമ്പു വരെ കാമ്പസുകള്‍ ഭരിച്ചിരുന്നതും നിയന്ത്രിച്ചിരുന്നതും വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളായിരുന്നു. അതിന് ഗുണങ്ങളും ദോഷങ്ങളുമുണ്ടായിരുന്നുവെന്നത് വാസ്തവം തന്നെ. ഇന്ന് കേരളത്തിലെ മിക്കവാറും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും അമരക്കാരായിരിക്കുന്നത് വിവിധ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളിലൂടെ നേതൃരംഗത്തെത്തിയവരാണ്. പക്ഷേ കഴിഞ്ഞ കുറച്ചു കാലയളവുകളിലായി വ്യത്യസ്ത കാരണങ്ങളാല്‍ പല കാമ്പസുകളില്‍ നിന്നും രാ ഷ്ട്രീയം പടിയിറങ്ങുകയും ചിലയിടങ്ങളിലെങ്കിലും അവയുടെ പകരക്കാരായി പലവിധത്തിലുള്ള സാമൂഹ്യ വിരുദ്ധ സംവിധാനങ്ങള്‍ നിലവില്‍ വരികയും ചെയ്തു.
അതില്‍ പ്രഥമ പ്രധാനമായുള്ളത് കാമ്പസുകളുടെ അരാഷ്ട്രീയ വല്‍ക്കരണത്തോടെ ഉടലെടുത്ത ഭീതിതമായ അവസ്ഥാവിശേഷമാണ്. 2000-നു ശേഷം സ്വാശ്രയ സ്ഥാപനങ്ങളുടെ വ്യാപക വരവോടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്‍റെ പ്രസക്തിക്കപ്പുറത്തേയ്ക്ക് ഒരു മാനേജീരിയല്‍ തന്ത്രം തന്നെ വിദ്യാഭ്യാസ മേഖലയില്‍ വികസിക്കുകയുണ്ടായി. മെറിറ്റുള്ളവരും പണമുള്ളവരുമെന്ന വേര്‍തിരിവ് സര്‍ക്കാര്‍ സ്വാശ്രയ കോളേജുകളെ സംബന്ധിച്ച് ജനമനസ്സുകളേയും രക്ഷിതാക്കളേയും മഥിച്ചപ്പോള്‍ ഇത് ചൂഷണം ചെയ്തു ചില മാനേ ജുമെന്‍റുകള്‍ അച്ചടക്കത്തിന്‍റെ പേര് പറഞ്ഞ് രാഷ്ട്രീയത്തെ പടിയിറക്കി അച്ചടക്കത്തിന്‍റെയും അടിച്ചമര്‍ത്തലിന്‍റേയും പുത്തന്‍ സാധ്യതകള്‍ തേടി. ഇന്‍റേണല്‍ മാര്‍ക്കും അസൈന്‍മെന്‍റുകളും പ്രൊജക്ടുകളും പ്രാക്ടിക്കല്‍ പരീക്ഷകളും വൈവകളുമൊക്കെ ചിലയിടങ്ങളില്‍ ഈ അച്ചടക്കം നിലനിര്‍ത്താനുള്ള മാനദണ്ഡങ്ങളായി.

വിവേചനങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നതും ഉറക്കെയൊന്നു മുദ്രാവാക്യം വിളിക്കുന്നതും മാനേജുമെന്‍റുകള്‍ക്ക് പ്രത്യേകിച്ച് സ്വാശ്രയ മാനേജുമെന്‍റുകള്‍ക്ക് അപ്രിയമായി. ഈ അപ്രിയത്തെ നേരിടാനുള്ള തന്ത്രം സ്വതവേ ബിസിനസ്സുകാരായ ഇക്കൂട്ടര്‍ക്ക് പ്രത്യേകം പറഞ്ഞു കൊടുക്കേണ്ടതില്ലല്ലോ. ഗുണ്ടകള്‍ അരങ്ങു തകര്‍ക്കുന്ന പുത്തന്‍ സംസ്കാരവുമായി അവരെത്തി. വിദ്യാര്‍ത്ഥി വിഷയങ്ങളില്‍ മധ്യസ്ഥരായിരുന്ന വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് ഇത്തരം ക്യാമ്പസുകളില്‍ സാധ്യതയില്ലാതാക്കിയതും അവരുടെ കുതന്ത്രം തന്നെ. പകരം സി.ഇ.ഒ.മാരും പി.ആര്‍.ഒ.മാരും അച്ചടക്ക സംരക്ഷണമെന്ന പേരില്‍ ഗുണ്ടാവിളയാട്ടം തന്നെ തുടങ്ങി. ഇതിന്‍റെ കേരളത്തിലെ അവസാന ഇരയാ ണ് ഈയടുത്ത് സ്വയം മരണത്തെ പുല്‍കിയ ജിഷ്ണു പ്രണോയ്. ആത്മഹത്യ നീതീകരിക്കത്തക്കതല്ലെങ്കിലും അതിലേക്കു നയിച്ച കാരണങ്ങള്‍ സാക്ഷര കേരളത്തിനുണ്ടാക്കിയ അവമതിപ്പ് മാറാന്‍ വര്‍ഷങ്ങള്‍ കഴിയേണ്ടി വരുമെന്ന് തീര്‍ച്ച. കര്‍ണ്ണാടകയിലേയും തമിഴ്നാ ട്ടിലേയും ആന്ധ്രപ്രദേശിലേയും സ്വാശ്രയ എഞ്ചിനീയറിംഗ് മെഡിക്കല്‍ നഴ്സിംഗ് പോളിടെക്നിക് കോളേജുകള്‍ കേന്ദ്രീകരിച്ച് ഇത്തരം വാര്‍ത്തകളുണ്ടാറുണ്ടെങ്കിലും കേരളത്തില്‍ നിന്നുമുള്ള ഇത്തരമൊരു വാര്‍ത്ത അക്ഷരാര്‍ത്ഥത്തില്‍ സമൂഹത്തെ ഞെട്ടിച്ചു കളഞ്ഞു. വിദ്യാര്‍ത്ഥികളുടെ തന്നെ മൊഴിയുടെ അടിസ്ഥാനത്തില്‍ പരീക്ഷ ഹാളില്‍ പിന്തിരിഞ്ഞു നോക്കിയതിന്‍റെ മാനസികശാരീരിക പീഡനം ആത്മഹത്യയിലെത്തിച്ചത് ഒരു കുടുംബത്തിന്‍റെ മുഴുവന്‍ സ്വപ്നമായിരുന്ന മിടുക്കനെയായിരുന്നു. കേള്‍ക്കാന്‍ പോലും ഭയം ജനിപ്പിക്കുന്ന പീഡനമുറകള്‍ ഇവിടങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരിചിതമെങ്കിലും, പൊതു സമൂഹത്തിന് ഇപ്പോഴും ഇത് വി ശ്വസിക്കാന്‍ പ്രയാസം. അവിടങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇതിനെതിരെ പരാതി കൊടുക്കാനുളള ധൈര്യമില്ലാത്തത് തങ്ങളെ സംരക്ഷിക്കാനാരുമുണ്ടാകില്ലെന്ന ആശങ്കയില്‍ നിന്നു തന്നെയെന്ന് അവര്‍ തന്നെ പലയിടത്തായി സാക്ഷ്യപ്പെടുത്തിക്കഴിഞ്ഞു. ഇനിയും ഇത്തരത്തില്‍ ആത്മഹത്യകളുണ്ടാകാതിരിക്കണമെങ്കില്‍ ക്യാമ്പസുകളുടെ കാവലാള്‍മാരായി വിദ്യാര്‍ത്ഥികളും അവരുടെ നേതൃത്വവും തന്നെ ഉണ്ടാകേണ്ടിയിരിക്കുന്നു. ഇതോടൊപ്പം, ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് നാട്ടകം പോളിടെക്നിക്കിലുണ്ടായ റാഗിംഗ് ഉള്‍പ്പെടെയുള്ള സീനിയര്‍ വിദ്യാര്‍ത്ഥികളുടെ പീഡനങ്ങളും ഈ അരാഷ്ട്രീയവല്‍ക്കരണത്തിന്‍റെ പ്രത്യക്ഷമായ ഭവിഷ്യത്തുകളെന്ന് നിസ്സംശയം പറയാം.
അരാഷ്ട്രീയവല്‍ക്കരണത്തോടൊപ്പം കഞ്ചാവും മയക്കുമരുന്നുകളും ക്യാമ്പസുകളില്‍ പ്രചുരപ്രചാരം നേടിവരുന്നതും ഇന്നിന്‍റെ കാഴ്ചകള്‍ തന്നെ. കാമ്പസുകളില്‍ പുകവലിക്കുന്നവരുടേയും മദ്യം ഉപയോഗിക്കുന്നവരുടേയും എണ്ണം താരതമ്യേന കുറഞ്ഞപ്പോള്‍ മേല്‍ സൂചിപ്പിക്കപ്പെട്ട പകരക്കാര്‍ അരങ്ങു തകര്‍ക്കുകയാണ്. ജാര്‍ഖണ്ഡിന്‍റേയും ചത്തീസ്ഗഢിന്‍റേയും കഞ്ചാവു വ്യാപാര കേന്ദ്രമായി വിദ്യാഭ്യാസ രംഗത്ത് സമുന്നതിയില്‍ നില്‍ക്കുന്ന നമ്മുടെ നാട് മാറിക്കഴിഞ്ഞെന്നത് നഗ്ന സത്യമാണ്. ക്യാമ്പസുകളില്‍ ഇത്തരം വിഷയങ്ങളില്‍ പ്രതികരണ ശേഷിയോടെയും പക്വതയോടെയും പെരുമാറേണ്ട വിദ്യാര്‍ത്ഥിയുവത്വം ഇതിനെല്ലാം മൂകസാക്ഷിയായി മൗനിയാകുന്നത് ഇന്നിന്‍റെ പതിവു കാഴ്ചയായി. മാധ്യമാതിപ്രസരവും അതിന്‍റെ ധാര്‍മ്മികതയും ക്യാമ്പസുകളിലെ മേല്‍ പ്രശ്നങ്ങളോട് ചേര്‍ത്തു വായിക്കപ്പെടണം. 3ജിയും 4ജിയും ഫേസ് ബുക്കും വാട്ട്സ്ആപ്പും ഇന്‍സ്റ്റാഗ്രാമുമൊക്കെ ഇന്നത്തെ വിദ്യാര്‍ത്ഥി യുവത്വത്തിന് കൈയെത്തിപ്പിടിക്കാവുന്നത്രയും അരികി ലായി. ഇതൊന്നുമില്ലെന്നു പറയുന്നവര്‍ പഴയകാല പണ്ഡിത പാമര കഥയിലെ പാമരനായി എണ്ണപ്പെടുമെന്നത് ക്യാമ്പസുകളിലെ സംസ്കാരമായി. ഷെയറുകളും പോസ്റ്റുകളും ഇതില്‍ പണ്ഡിത കൂട്ടത്തിന്‍റെ വ്യഗ്രതയായി മാറി ക്കഴിഞ്ഞു.
വിദ്യാര്‍ത്ഥി യുവതയുടെ ക്രിയാത്മകതയും പ്രസരിപ്പും അന്യം നില്‍ക്കുന്ന കാലഘട്ടത്തിലെ കേവല നോക്കു കുത്തികളായി ഞാനുള്‍പ്പെടുന്ന അധ്യാപക സമൂഹവും പൊതുസമൂഹവും മാറുകയാണ്. പ്രതിസന്ധികളിലും പ്രതിഷേധങ്ങളിലും നന്മയുടെ തുടക്കക്കാരനാകേണ്ട യുവത്വം ഇന്ന് മറ്റെന്തിന്‍റെയോ പുറകെ നിര്‍ത്താതെ ഓടുകയാണ്. അവിടെ പ്രതികരണങ്ങളില്ല; അനീതിക്കെതിരെയുള്ള നന്മയുടെ ഒറ്റപ്പെട്ട പ്രതിഷേധങ്ങളുമില്ല. നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളോ ഐക്യദാര്‍ഢ്യങ്ങളോ കാണാനില്ല; മറിച്ച് എവിടെയോ മുഖം കുനിച്ചിരുന്ന് വേറേതോ ലോകത്ത് എന്തിനോ ദാഹിച്ച് ഒറ്റപ്പെട്ട തുരുത്തുകളായി മാറി കൊണ്ടിരിക്കുന്നു. പരസ്പരം പാലങ്ങള്‍ പണിയേണ്ടവര്‍ മതിലുകളും വേലികളും തീര്‍ത്ത് പൊട്ടക്കിണറ്റിലെ തവളകളാകുന്നു.
ഇവിടെ ഒരു കാര്യം ഉറപ്പാണ്. രാഷ്ട്രീയ സ്വത്വബോധവും ധാര്‍മ്മികതയും സംസ്ക്കാരവും ആത്മാഭിമാനവും നേതൃത്വഗു ണവും നഷ്ടപ്പെടുന്ന വിദ്യാര്‍ത്ഥി യുവത, നാട്ടിലെ അസഹിഷ്ണുതയുടെ പ്രതികമാണെന്നു നിസ്സംശയം പറയാം. അക്കാദമിക പരിശീലനത്തോടൊപ്പം ഒരു നല്ല മനുഷ്യനും സാമൂഹ്യ ജീവിയും ആകാനുള്ള പരിശീലനം കലാലയങ്ങളും പൊതു സമൂഹവും നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്കു നല്‍കേണ്ടിയിരിക്കുന്നു. പിഴക്കുന്നതെവിടെയെന്നും എങ്ങനെയെന്നും സ്വയം ബോധ്യപ്പെടാനുള്ള ആര്‍ജ്ജവത്തിലേക്കു നമ്മുടെ വിദ്യാര്‍ത്ഥിയുവത്വം എത്തപ്പെടേണ്ടിയിരിക്കുന്നു.
മേല്‍ സൂചിപ്പിച്ച മുഴുവന്‍ പ്രശ്നങ്ങളും വിദ്യാര്‍ത്ഥി രാഷ്ട്രീയം ശോഷിച്ചതുകൊണ്ടാണെന്ന അഭിപ്രായമൊന്നുമെനിക്കില്ല. പക്ഷേ പ്രതിസന്ധികളിലും പ്രതിഷേധങ്ങളിലും ചൂണ്ടു പലകയും കാവലാളുമാകേണ്ട വിദ്യാര്‍ത്ഥി യൂണിയനുകളുടെയും പ്രസ്ഥാനങ്ങളുടെയും അഭാവം ഇതിലൊരു പ്രധാന ഘടകമെന്നത് കാലം തെളിയിച്ച സത്യം തന്നെ. അക്രമങ്ങള്‍ നടത്തിയും പഠിപ്പുമുടക്കിയുമുള്ള സമരങ്ങള്‍ക്കപ്പുറത്തേയ്ക്ക് വിദ്യാര്‍ ത്ഥികളുടെ നന്മയും ഭാവിയും ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ നേതൃത്വം വഹിച്ചില്ലെങ്കില്‍, ഇത്തരം ദുരന്തങ്ങള്‍ക്കു വിദ്യാര്‍ത്ഥി യൂണിയനുകള്‍ സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് തീര്‍ച്ച. പ്രതികരിക്കേണ്ടിടത്തു പ്രതികരിച്ചും പ്രതിഷേധമറിയിക്കേണ്ടിടത്തു പ്രതിഷേധിച്ചും ശബ്ദമില്ലാത്തവന്‍റെ ശബദമായും നീതി സൂര്യനായും വിദ്യാര്‍ത്ഥികളുടെ ന്യായമായ അവകാശങ്ങള്‍ക്കു വേണ്ടി സര്‍ക്കാരിനും മാനേജുമെന്‍റുകള്‍ക്കും മുമ്പില്‍ ചങ്കുറപ്പോടെ പ്രസ്ഥാനങ്ങള്‍ നിലകൊള്ളണമെന്നാണ് യുവത്വം ആഗ്രഹിക്കുന്നത്. നേരെ മറിച്ചെങ്കില്‍ വിദ്യാര്‍ത്ഥി ഹൃദയങ്ങളിലിടമില്ലാത്ത കേവലം പേരിനുള്ള പ്രസ്ഥാനങ്ങളായി അവ മാറുമെന്നത് കാലം തെളിയിക്കും. അപ്പോള്‍ ഇവിടെ വേണ്ടതും പ്രകടമാക്കേണ്ടതും വര്‍ദ്ധിത വീര്യത്തോടെയുള്ള ആര്‍ജ്ജവവും മൂല്യബോധത്തോടെയുള്ള ക്രിയാത്മകതയുമാണ്. രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ക്കും ആശയ സംഹിതകള്‍ക്കുമൊപ്പം പ്രസ്ഥാനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ ക്ഷേമത്തിനും വേണ്ടിയുള്ളതാകട്ടെ. അങ്ങനെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി, വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ നില കൊണ്ടാല്‍ ഇനിയും ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കും. കേരള മണ്ണില്‍ അവയ്ക്കും അവയുടെ നേതൃത്വത്തിനും പുതിയ ഭാവിയുണ്ടാകും. പുതിയ കാലഘട്ടത്തിന്‍റെ പ്രശ്നങ്ങളും സാധ്യതകളും മുന്നില്‍ കാണാനും അവിടെ നന്മയുടെ വാഹകരാകാനുമുള്ള ആശംസകള്‍ വിദ്യാര്‍ത്ഥി യുവജന, പ്രസ്ഥാനങ്ങള്‍ക്കു നേരുന്നു.
daisonpanengaden@gmail.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org