Latest News
|^| Home -> Suppliments -> Familiya -> പാഠം 7 : പഞ്ചകോശ വിവേകം

പാഠം 7 : പഞ്ചകോശ വിവേകം

Sathyadeepam

ആരോഗ്യനൈവേദ്യം

മനുഷ്യന്‍റെ അസ്ഥിത്വത്തിന്‍റെ അഞ്ച് തലങ്ങള്‍ തൈത്തീരിയ ഉപനിഷത്തില്‍ പ്രതിപാദി ച്ചിരിക്കുന്നത് ഇപ്രകാരമാണ്. സ്ഥൂലത്തില്‍ നിന്ന് സൂക്ഷ്മത്തിലേക്കുള്ള ഒരു അന്വേഷണവും യാത്രയും കൂടിയാണിത് (Gross to subtle).

1. ശാരീരിക തലം – അന്നമയ കോശം, 2. പ്രാണതലം – പ്രാണമയ കോശം, 3. മാനസിക തലം – മനോമയ കോശം, 4. വിവേക തലം – വിജ്ഞാനമായ കോശം, 5. ആനന്ദതലം – ആനന്ദമയ കോശം

1. ശാരീരികതലം – നമ്മുടെ നിലനില്‍പ്പിന്‍റെയും അസ്ഥിത്വത്തിന്‍റെയും പുറം കാഴ്ചയാണ് ശാരീരിക തലം. മാറ്റത്തിന് വിധേയമാണ് ശരീരം. ജനനം, വളര്‍ച്ച, ക്ഷയം, നാശം എന്നീ പരിണാമങ്ങളിലൂടെ അന്നമയകോശം കടന്നുപോകുന്നു. നഗ്നനേത്രങ്ങള്‍കൊണ്ട് കാണാവുന്ന matter എന്നു പറയുന്ന ശരീരമാണ് അസ്ഥിത്വത്തിന്‍റെ ഉപരിതലം.

2. പ്രാണതലം – ഏതൊരു ശരീരത്തിന്‍റെയും ജീവാംശമാണ് പ്രാണതലം. ഏതൊരു വസ്തുവിനും ജീവന്‍ കൊടുക്കുന്നത് പ്രാണവായുവാണ്. ശരീരം മുഴുവന്‍ പ്രാണനുണ്ട്. കോശകോശാന്തരങ്ങളെ ജീവസ്സുറ്റതാക്കുന്നതും ഊര്‍ജ്ജസ്വലമാക്കുന്നതും ഈ പ്രാണനാണ്. പ്രാണനില്ലെങ്കില്‍ ശരീരം ജഢമാണ്.

3. മാനസിക തലം – വിചാരവികാരങ്ങളുടെ ആകെത്തുകയാണ് മനസ്സ്. ഇന്ദ്രിയവിഷയ ബന്ധിയാണ് മനസ്സ്. തിരഞ്ഞെടുപ്പുകളുടെ അനന്തസാധ്യതയുള്ള തലം. ഇന്ദ്രിയവിഷയങ്ങളില്‍ സ്വച്ഛന്ദം വിഹരിക്കുന്ന മനസ്സ് അശാന്തമാണ്. ആഗ്രഹമാണ് ദുഃഖകാരണമെന്ന് ബുദ്ധന്‍.

ശരിതെറ്റുകളുടെ വിവേകതലം ഇല്ലാതെ വരികയും ഇന്ദ്രിയ വിഷയങ്ങളില്‍ കടിഞ്ഞാണില്ലാതെ മുമ്പോട്ടു പോകുകയും ചെയ്യുന്ന മനസ്സ് എന്നും തീവ്രദുഃഖത്തിലും നിരാശയിലും അശാന്തിയിലുമായിരിക്കും. നിരന്തരം അശാന്തമായ മനസ്സ് പ്രാണന്‍റെ ഗതിവിഗതികളില്‍ താളപ്പിഴ സൃഷ്ടിക്കും. ഇത് സാവകാശം ശരീരത്തില്‍ വ്യാധികളായി പ്രത്യക്ഷപ്പെടുന്നു. അശാന്തമാനസം രോഗഹേതുവാണ്. മനസ്സിനെയും ശരീരത്തെയും ബന്ധിപ്പിക്കുന്ന പാലമാണ് ശ്വാസം.

4. വിജ്ഞാനതലം – ആഹാരം, നിദ്ര, ഭയം, മൈഥുനം എന്നിവ മൃഗത്തിനും മനുഷ്യനും സാമാന്യമാണ്. വിവേകമാണ് മനുഷ്യന്‍റെ വിശിഷ്ടതലം. ക്ഷണികമായതിനെ നിത്യമായും, അശുദ്ധമായവയെ ശുദ്ധമായും, ദുഃഖത്തെ സന്തോഷമായും, ആത്മാവല്ലാത്തതിനെ ആത്മാവായും ഗണിക്കുന്നത് അവിവേകവും അജ്ഞതയുമാണ്. വിജ്ഞാനതലം ഈ അജ്ഞയെ മറികടക്കലാണ്.

5. ആനന്ദതലം – മനുഷ്യന്‍റെ അടിസ്ഥാനം ആനന്ദമാണ്. ഏറ്റവും സൂക്ഷ്മവും അസ്ഥിത്വത്തിന്‍റെ അടിസ്ഥാനവുമാണ് ആനന്ദം. മനസ്സിന്‍റെ എല്ലാ വേലിയേറ്റങ്ങളില്‍ നിന്നും വിമുക്തമായുള്ള നിശബ്ദതയുടെ (Total silence) തലമാണിത്. സമ്പൂര്‍ണ്ണ ആരോഗ്യവും സംതൃപ്തിയും പൂര്‍ണ്ണതയും ഇവിടെ വിളങ്ങി നില്‍ക്കുന്നു.

പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ – മുകളില്‍ പറഞ്ഞിരിക്കുന്ന ഓരോ തലത്തേയും വിമലീകരിക്കാനുള്ള പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. ഇവ നശ്വരമായ പുറംകാഴ്ചകളില്‍ നിന്ന് അനശ്വരമായ അകക്കാഴ്ചകളിലേക്ക് വളരാന്‍ നമ്മെ സഹായിക്കും.

1. അന്നമയകോശം – വ്യായാമങ്ങളും, ശുദ്ധിക്രിയകളും ശരീരത്തിന്‍റെ ആരോഗ്യ സംരക്ഷണത്തിന് പ്രധാനമാണ്.

2. പ്രാണമയകോശം – ശ്വസന ക്രിയകള്‍ (പ്രാണായാമം) പ്രാണന്‍റെ താളം തിരിച്ചു പിടിക്കാനും, മനസ്സിനെ ശാന്തമാക്കാനും സഹായിക്കും.

3. മനോമയകോശം – ഏകാഗ്രമായ ഇരിപ്പും നിശബ്ദ ധ്യാനവും മനസ്സിനെ ശാന്തമാക്കും.
യേശുനാമജപവും, കീര്‍ത്തനങ്ങളും ഭജനകളും പ്രാര്‍ത്ഥനയും ജപമാലയും മനോനിയന്ത്രണത്തിന് തീര്‍ച്ചയായും സഹായിക്കും.

4. വിവേകതലം – ധ്യാനം, വിശുദ്ധ ഗ്രന്ഥ വായന, സത്സംഗം എന്നിവ ശരിയായ അറിവിലേയ്ക്ക് വളര്‍ത്തും.

5. ആനന്ദതലം – പ്രതിഫലേച്ഛ കൂടാതെയുള്ള വൊളന്‍ററി ജോലികള്‍, സാമൂഹ്യപ്രവര്‍ത്തനങ്ങള്‍, പ്രവര്‍ത്തന നിരതരായിരിക്കുമ്പോഴും ആഴമായ നിശബ്ദതയെ ആസ്വദിക്കാനാകുന്നതുമെല്ലാം അസ്ഥിത്വത്തിന്‍റെ വളര്‍ച്ചയുടെ പടവുകളാണ്.

Comments

One thought on “പാഠം 7 : പഞ്ചകോശ വിവേകം”

 1. bhattathiri says:

  ചെറുതില്‍ ചെറുതിനും വലുതില്‍ വലുതിനും ഉണ്മ കൊടുക്കുന്നത് ആത്മാവാണ്. ലോകത്തില്‍ അണുവും മഹത്തും ആയി എന്തെല്ലാമുണ്ടോ അതെല്ലാം ഉണ്ടെന്നുതോന്നുന്നത് നിത്യമായ ആത്മാവ് അവയില്‍ ഉള്ളതിനാലാണ്. ആത്മാവ് വിട്ടാല്‍ അവയില്ല. അതുകൊണ്ട് ആത്മാവ് ഏറ്റവും സൂക്ഷ്മവും മഹത്തുമാണ്. എല്ലാ നാമവും രൂപവും ക്രിയയും ആത്മാവിന്റെ ഉപാധികളാണ്. ബ്രഹ്മാവ് മുതല്‍ തൃണം വരെയുള്ള സകലതിലും ഹൃദയത്തില്‍ ആത്മാവ് ഇരിക്കുന്നു. കാണുക, കേള്‍ക്കുക, ചിന്തിക്കുക, അറിയുക എന്നിവകൊണ്ട് ആത്മാവിനെക്കുറിച്ച് കുറച്ചൊക്കെ അറിയാമെങ്കിലും ഇന്ദ്രിയങ്ങള്‍, മനസ്സ് എന്നീ ധാതുക്കളുടെ പ്രസാദംകൊണ്ട് ആത്മാവിന്റെ മാഹാത്മ്യത്തെ അറിയാനാകും. ഇന്ദ്രിയ മനസ്സുകളെ സാധനാനുഷ്ഠാനംകൊണ്ട് അന്തര്‍മുഖങ്ങളും ശുദ്ധവുമാക്കണം. ശരീരത്തെ നിലനിര്‍ത്തുന്നവ എന്ന അര്‍ത്ഥത്തിലാണ് ഇന്ദ്രിയങ്ങളേയും മനസ്സിനേയും ധാതുക്കള്‍ എന്നുപറയുന്നത്. ബാഹ്യവിഷയങ്ങളില്‍ നിന്ന് ഇവയെ പിന്തിരിപ്പിക്കുമ്പോഴേ ധാതുപ്രസാദം ഉണ്ടാകൂ. വിഷയങ്ങളില്‍ ആസക്തിയുള്ളവര്‍ക്ക് ആത്മജ്ഞാനം നേടല്‍ വളരെ ബുദ്ധിമുട്ടാണെന്ന് മനസ്സിലാക്കണം.

  കാമികളായവര്‍ക്ക് ആത്മാവിനെ അറിയാന്‍ വിഷമമാണെന്ന് പറയുന്നത് എന്തുകൊണ്ടാണ്? വിശദീകരിക്കുന്നു.

  ആസീനോദൂരം വ്രജതി ശയാനോ യാതി സര്‍വതഃ
  കസ്തം മദാമദം ദേവം മദന്യോജ്ഞാതു മഹര്‍തി
  ഒരിടത്ത് അനങ്ങാതെ ഇരുന്ന് ദൂരെ ദിക്കിലേക്ക് പോകുകയും കിടന്നുകൊണ്ട് എല്ലായിടത്തും എത്തുകയും ചെയ്യുന്നു. സന്തോഷത്തോടും അസന്തോഷത്തോടും കൂടിയ ആ ദേവനെ ഞാനല്ലാതെ ആരാണ് അറിയുന്നതിന് അര്‍ഹനായിട്ടുള്ളത? ഇപ്രകാരം വിരുദ്ധങ്ങളായ ധര്‍മ്മങ്ങളോടുകൂടിയ ആത്മാവിനെ അറിയാന്‍ സാധാരണക്കാര്‍ക്ക് സാധിക്കുകയില്ല. സൂക്ഷ്മബുദ്ധിയുള്ളയാള്‍ക്ക് മാത്രമേ ആത്മാവിനെ ശരിയായി അറിയാന്‍ കഴിയൂ.

  ഒറ്റനോട്ടത്തില്‍ പരസ്പര വിരുദ്ധങ്ങളാണ് എന്ന് തോന്നുന്നതാണ് ആത്മാവിന്റെ ധര്‍മ്മങ്ങളായി ഇവിടെ പറഞ്ഞത്. ഉപാധികളോട് കൂടാതെയുള്ള ആത്മാവ് ചലനമില്ലാത്തതാണ്. ആസീനഃ, ശയാന എന്നീ വാക്കുകള്‍ ഇതിനെ കാണിക്കുന്നു. എന്നാല്‍ ഉപാധികളോട് ചേര്‍ന്നാലോ അവയ്ക്കനുസരിച്ച് ചലിക്കുന്നതുപോലെ ചലനത്തെ കാട്ടുന്നു. അതുപോലെതന്നെ മദവും അമദവും. നിരുപാധിക ഭാവത്തില്‍ ആത്മാവിന് സന്തോഷം തുടങ്ങിയ വികാരങ്ങളൊന്നുമില്ല. സോപാധികമാണെങ്കില്‍ വികാരങ്ങളുണ്ട് താനും. ഇങ്ങനെ പരസ്പര വിരുദ്ധ ഭാവങ്ങളുള്ള ആത്മാവിനെ അറിയാന്‍ യമനെപ്പോലുള്ളവര്‍ക്ക് മാത്രമേ സാധിക്കൂ. ഞാനല്ലാതെ വേറെ ആരാണ് അര്‍ഹന്‍ എന്ന് യമന്‍ പറയുന്നത് അഹന്തകൊണ്ടല്ല, ആത്മാവിനെ അറിയാനുള്ള ഇത്തരത്തിലുള്ള വിഷമതകളെക്കൊണ്ടാണ്. നചികേതസ്സിന്റേയോ ഇത് പഠിക്കുന്ന ശിഷ്യന്റെയോ മനസ്സിനെ കൂടുതല്‍ ഏകാഗ്രമാക്കിത്തീര്‍ക്കുകയാണ് ചെയ്യുന്നത്.

  ഈശാവാസ്യോപനിഷത്തിലും ഇതിന് സമാനമായ മന്ത്രങ്ങള്‍ നാം കാണുകയുണ്ടായി. ഈശത്തിലെ നാല്, അഞ്ച് മന്ത്രങ്ങള്‍ ഈ വിരുദ്ധഭാവങ്ങളെ വരച്ചുകാട്ടുന്നുണ്ട്. വാസ്തവത്തില്‍ ആത്മാവില്‍ പരസ്പര വിരുദ്ധങ്ങളായ ധര്‍മ്മങ്ങള്‍ ഇല്ല എന്ന് മനസ്സിലാക്കണം.
  ആത്മാവിനെ അറിഞ്ഞാല്‍ ശോകനാശമുണ്ടാകുമെന്ന് പ്രത്യേകം പറയുന്നു.

  അശരീരം ശരീരേഷ്വ നവസ്ഥേഷ്വവസ്ഥിതം
  മഹാന്തം വിഭുമാത്മാനം മത്വാ ധീരോ നശോചതി

  സ്വയം ശരീരമില്ലാത്തവനും നാശമുള്ളതായ ശരീരങ്ങളിലെല്ലാം ഇരിക്കുന്നവനും മഹത്തായിട്ടുള്ളവനും എല്ലായിടത്തും നിറഞ്ഞവനുമായ ആത്മാവിനെ സാക്ഷാത്കരിച്ച ബുദ്ധിമാന്മാര്‍ ദുഃഖത്തിന് എതിരാകുന്നു. ആ ആത്മാവ് താന്‍ തന്നെയെന്ന് ബോധ്യമാകുമ്പോള്‍ പിന്നെ ദുഃഖത്തിന് തരമില്ല. ആത്മാവ് ആകാശംപോലെ ശരീരമില്ലാതെ എങ്ങും നിറഞ്ഞിരിക്കുന്നു. മനുഷ്യര്‍, മൃഗങ്ങള്‍, പക്ഷികള്‍ തുടങ്ങി എല്ലാ അനിത്യങ്ങളായ ശരീരങ്ങളിലും ആത്മാവ് കുടികൊള്ളുന്നു. യാതൊരു മാറ്റവുമില്ലാതെ നിത്യനായാണ് ഇരിപ്പ്. ആത്മാവ് നാശമുള്ള ശരീരങ്ങളില്‍ നാശമില്ലാതെ ഇരിക്കുന്നവനാണ്. സ്ഥൂല, സൂക്ഷ്മ, കാരണ ശരീരങ്ങള്‍ ഇല്ലാത്തവനാണ്. മഹത്തും സര്‍വ്വവ്യാപിയുമായ ആത്മാവിനെ ദൃഢവിചാരംകൊണ്ട് വേണം നേടാന്‍. പിന്നെ ദുഃഖമുണ്ടാവുകയേ ഇല്ല. വേറെയെന്തു നേടിയാലും സങ്കടം തന്നെ.

  ദേഹമാണ് താന്‍ എന്ന ചിന്തയാണ് ദുഃഖത്തിന് കാരണം. ഇത് വിചാരത്തിലൂടെ മാറ്റി ആത്മാവാണ് താന്‍ എന്ന അനുഭവമായ വിവേകിക്ക് പിന്നെ ശോകമുണ്ടാകില്ല. ആത്മാവിന്റെ സ്വരൂപം സുഖവും ആനന്ദവും ആയതിനാല്‍ ആത്മാവിനെ അറിഞ്ഞയാള്‍ക്ക് പിന്നെ ശോകമോഹങ്ങളില്ല.

Leave a Comment

*
*