പരാജയങ്ങളില്‍ നമ്മള്‍ ഓര്‍ക്കേണ്ട ആറു കാര്യങ്ങള്‍

പരാജയങ്ങളില്‍ നമ്മള്‍ ഓര്‍ക്കേണ്ട ആറു കാര്യങ്ങള്‍

പരാജയങ്ങളുണ്ടാകുമ്പോള്‍ അതിന്‍റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് കണ്ടുപിടിക്കുവാന്‍ പലരും മിനക്കെടാറില്ല. ഇരുട്ട് കൊണ്ട് ഓട്ടയടയ്ക്കുവാനാണ് പലരും ശ്രമിക്കുന്നത്.

ഒരിക്കല്‍ ഒരു മദ്ധ്യവയസ്കന്‍ തെരുവ് വിളക്കിന്‍റെ വെളിച്ചത്തില്‍ തന്‍റെ വീടിന്‍റെ വെളിയിലായി എന്തോ തിരയുകയായിരുന്നു. അപ്പോള്‍ അതുവഴി വന്ന ഒരു അപരിചിതന്‍ അയാള്‍ എന്താണ് തിരയുന്നതെന്ന് ചോദിച്ചു.

"തന്‍റെ വീടിന്‍റെ നഷ്ടപ്പെട്ട താക്കോല്‍ തിരയുകയാണ്" എന്നായിരുന്നു ആ മദ്ധ്യവയസ്കന്‍റെ മറുപടി.

താനും സഹായിക്കാം എന്നു പറഞ്ഞ് ആ അപരിചിതനും അയാളോടൊപ്പം താക്കോല്‍ തപ്പുവാന്‍ തുടങ്ങി. ഏകദേശം അരമണിക്കൂറോളം തപ്പിയിട്ടും താക്കോല്‍ കിട്ടാതെ വന്നപ്പോള്‍ അപരിചിതന്‍ അയോളോട് ചോദിച്ചു.

"എവിടെ വച്ചാണ് നിങ്ങള്‍ക്ക് താക്കോല്‍ നഷ്ടപ്പെട്ടത്"?

"വീട്ടിനുള്ളില്‍ വച്ച്" മദ്ധ്യവയസ്കന്‍ മറുപടി നല്കി.

"പിന്നെയെന്താണ് നിങ്ങള്‍ ഈ തെരുവ് വിളക്കിന് കീഴില്‍ തപ്പുന്നത്?" അപരിചിതന്‍ വീണ്ടും ചോദിച്ചു.

"അതോ, എന്‍റെ വീട്ടിനുള്ളില്‍ വെട്ടമില്ല. അതുകൊണ്ട് ഞാന്‍ വെട്ടമുള്ളിടത്ത് തപ്പുന്നു." ആ മദ്ധ്യവയസ്കന്‍ വളരെ കൂളായി മറുപടി നല്കി.

പലപ്പോഴും ഈ മദ്ധ്യവയസ്കനെപ്പോലെയാണ് ജീവിതത്തില്‍ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളുമുണ്ടാകുമ്പോള്‍ നാമും പെരുമാറുന്നത്.

നമ്മുടെ ജീവിതത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്കുള്ളിലേക്ക് നോക്കാതെ, പ്രശ്നങ്ങള്‍ക്കു വെളിയില്‍ തപ്പിത്തിരിയുന്ന അവസ്ഥയിലാണ് ബഹുഭൂരിപക്ഷം പേരും.

ജീവിതം നമുക്ക് പരാജയങ്ങള്‍ സമ്മാനിക്കുമ്പോള്‍ ആറ് കാര്യങ്ങളോര്‍മ്മിക്കുക.

1. ഞാന്‍ സമാനതകളില്ലാത്ത വ്യക്തിയാണ് – എന്നെപ്പോലെ ഈ ലോകത്തില്‍ ഞാന്‍ മാത്രമേയുള്ളൂ. ലോകത്തില്‍ ഒരു വ്യക്തിക്കും നിങ്ങള്‍ നല്കുന്ന അതേ സംഭാവന ലോകത്തിനു നല്കാന്‍ കഴിയില്ല. വ്യത്യസ്തനായ നിങ്ങള്‍ക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യുവാന്‍ സാ ധിക്കും.

2. നിങ്ങളുടെ നല്ല ഗുണങ്ങളിലേക്ക് ശ്രദ്ധതിരിക്കുക – ഏതൊരു വ്യ ക്തിയിലും ഒരുപാട് നല്ല ഗുണങ്ങളുണ്ട്. ചിലര്‍ മികച്ച ഗായകരാകാം, ചിലര്‍ നല്ല എഴുത്തുകാരാകാം. ഇത്തരത്തില്‍ നമ്മുടെയുള്ളില്‍ നാം ഇഷ്ടപ്പെടുന്ന ആ നല്ല ഗുണങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് വിജയങ്ങള്‍ കൊയ്യുക.

3. മനസ്സില്‍ ദൃഢപ്രതിജ്ഞ ചെയ്യുക – പരാജയങ്ങളുണ്ടാകുമ്പോള്‍ നിരാശയില്‍ വീഴാതെ നിങ്ങള്‍ സ്വയം പറയുക. ഞാന്‍ കഴിവുള്ളയാളാണ്, മറ്റുള്ളവര്‍ എന്നെ സ്നേഹിക്കുന്നു. ഒരു മികച്ച ജീവിതം കെട്ടിപ്പടുക്കുവാന്‍ എനിക്ക് സാധിക്കും.

4. സ്വയം ക്ഷമിക്കുവാന്‍ തയ്യാറാവുക – കഴിഞ്ഞത് കഴിഞ്ഞു. കഴിഞ്ഞ കാലത്തില്‍ സംഭവിച്ച തെറ്റുകള്‍ക്ക് സ്വയം കുറ്റപ്പെടുത്തി സമയം നഷ്ടപ്പെടുത്തുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല.

5. പ്രചോദനാത്മക ഗ്രന്ഥങ്ങള്‍ വായിക്കുക – ജീവിതത്തില്‍ പരാജയങ്ങളുണ്ടാകുമ്പോള്‍ പ്രതീക്ഷയുടെ ഒരു പൊന്‍വെട്ടം മനസ്സില്‍ പ്രകാശിച്ചാല്‍പോലും അതിനെ ഊതിക്കെടുത്തുവാന്‍ നമ്മുടെയുള്ളിലെ നിഷേധാത്മക ചിന്തകള്‍ക്ക് സാധിക്കും. അതിനാല്‍ ഇത്തരം പുസ്തകങ്ങള്‍ വായിച്ച് സ്വയം പ്രചോദിതരാകുക.

6. നിങ്ങളോട് തന്നെ സത്യസന്ധത പുലര്‍ത്തുക – നിങ്ങളെ നന്നായി അറിയുന്നത് നിങ്ങള്‍ക്ക് മാത്രമാണ്. പരാജയത്തിന്‍റെ മഞ്ഞുപെയ്യുമ്പോള്‍ സൗജന്യ ഉപദേശം തരാന്‍ ധാരാളം ആളുകളുണ്ടാകാം. അപ്പോള്‍ എവിടെയാണ് അവസരം കണ്ടെത്തേണ്ടതെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org