പരാജയങ്ങളില്‍ പതറരുത്

പരാജയങ്ങളില്‍ പതറരുത്

നമ്മുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി എത്തുന്ന ഇരുട്ടുകളാകുന്ന പരാജയങ്ങളില്‍ ഒരിക്കലും നിങ്ങളുടെ മനം തകര്‍ന്നുപോകരുത്. കാരണം മറ്റൊരു വെളിച്ചത്തിന്‍റെ സൗമ്യസാന്നിദ്ധ്യത്തിന് ഈ ഇരുട്ട് ആവശ്യമായിരിക്കാം.

നമ്മുടെ ജീവിതത്തിലുണ്ടാകുന്ന പരാജയങ്ങളെ നാം പലപ്പോഴും വിലയിരുത്തുന്നതു നമ്മുടെ ഇന്നത്തെ ജീവിതസാഹചര്യവുമായി ബന്ധപ്പെടുത്തിയാണ്. എന്നാല്‍ ഇന്നു നമുക്കു സംഭവിച്ചുവെന്നു നാം കരുതുന്ന പരാജയങ്ങള്‍ നാളെകളില്‍ നമ്മുടെ ജീവിതത്തില്‍ സംഭവിക്കേണ്ട മഹാവിജയത്തിന് അനിവാര്യമായിരിക്കാം.

ചില സംഭവങ്ങള്‍ സംഭവിച്ചില്ലായിരുന്നുവെങ്കില്‍ നിങ്ങളുടെ ജീവിതത്തിന്‍റെ ഗതിതന്നെ മറ്റൊന്നാകുമായിരുന്നു.

വൈമാനികനാകുവാനുള്ള മോഹവുമായി ഇന്‍റര്‍വ്യൂവില്‍ പങ്കെടുത്ത അബ്ദുള്‍ കലാം എന്ന ചെറുപ്പക്കാരനു ബോര്‍ഡ്, സെലക്ഷന്‍ നിഷേധിച്ചു. ഈ സംഭവം അയാളെ വളരെയധികം വേദനിപ്പിച്ചു. ജീവിതഗതിതന്നെ മാറ്റിമറിച്ച ആ സംഭവം പില്ക്കാലത്ത് അബ്ദുള്‍ കലാമിനെ കൊണ്ടെത്തിച്ചത് ഇന്ത്യന്‍ പ്രസിഡന്‍റ് പദവിയിലേക്കായിരുന്നു. വിമാനം പറത്തുവാനാഗ്രഹിച്ച മനുഷ്യന്‍, വിമാനങ്ങളുടെയും അതിവേഗ റോക്കറ്റുകളുടെയും സ്രഷ്ടാവായി മാറി.

പരാജയങ്ങള്‍ നമ്മെ മുറിപ്പെടുത്തിയേക്കാം, മാനസികമായി തളര്‍ത്തിയേക്കാം. പക്ഷേ, പരാജയങ്ങളുടെ കാലമാണു ഭാവിജീവിതത്തിലെ വിജയത്തിന്‍റെ വിത്ത് വിതയ്ക്കുവാനുള്ള ഏറ്റവും അനുയോജ്യമായ സമയം. കാരണം ഈ കാലഘട്ടത്തില്‍ നമ്മുടെ കണ്ണുകളുടെ തിമിരം മാറിയിരിക്കും. പാളിച്ചകള്‍ മനസ്സിലാക്കി ശരിയായ തീരുമാനങ്ങളെടുക്കുവാന്‍ ഈയവസരത്തില്‍ നമുക്കു സാധിക്കും.

പരാജയം ഒന്നിന്‍റെയും അവസാനമല്ല; മറിച്ച് ആരംഭമാണെന്നു മനസ്സിലാക്കുക.

ജീവിതത്തില്‍ ഒരിക്കല്‍പ്പോലും പരാജയം സംഭിച്ചിട്ടില്ല എന്ന് ഏതെങ്കിലുമൊരു വ്യക്തി പറയുകയാണെങ്കില്‍ ലോകത്തില്‍ ഏറ്റവും വലിയ വിഡ്ഢിയായിരിക്കും അയാള്‍.

പ്രവര്‍ത്തിക്കുന്നവര്‍ക്കേ പരാജയങ്ങളുണ്ടാകൂ. തന്‍റെ കഴിവുകള്‍ വിനിയോഗിക്കാതെ വെറുതെ വീട്ടിലിരിക്കുന്ന വ്യക്തികള്‍ക്കു പരാജയങ്ങളുണ്ടായി എന്നു വരില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org