പരീക്ഷാസമയം ഉണർവുള്ളതാക്കാൻ

പരീക്ഷാസമയം ഉണർവുള്ളതാക്കാൻ


സി. ഡോ. പ്രീത സി.എസ്.എന്‍.

പരീക്ഷാഭയം കുട്ടികളുടെ ആത്മവിശ്വാസം ചോര്‍ത്തി കളയുന്നതും പഠിച്ച കാര്യങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയാതെ മനസ്സിനെ തളര്‍ത്തുന്നതും പലവിധത്തിലാണ്. മിന്നു എല്ലാം പഠിക്കും, പക്ഷേ ചോദ്യപേപ്പര്‍ കാണുമ്പോള്‍ ഒന്നും ഓര്‍മ്മ വരില്ല. ഇരുട്ട് കയറുന്ന അനുഭവം, എല്ലാം ശൂന്യം. മീരയ്ക്കാണെങ്കില്‍ മാതാപിതാക്കളുടെയും അധ്യാപകരുടെയും പ്രതീക്ഷയ്ക്കൊ പ്പം എത്താന്‍ പറ്റുമോ എന്ന അമിതഭയം. മുത്തു നിരന്തരം കൂട്ടുകാരെ വിളിച്ച് അവരുടെ പഠനനിലവാരം താരതമ്യം ചെയ്ത് അസ്വസ്ഥപ്പെടുന്നു. മടിയനായ മണിക്കുട്ടന്‍ മാറ്റിവച്ച് മാറ്റിവച്ച് മലപോലെ കൂടിയിരിക്കുന്ന പാഠഭാഗങ്ങള്‍ കണ്ട് എവിടെത്തുടങ്ങും എന്ന മാനസികസംഘര്‍ഷവും മടുപ്പും.

കുട്ടികളുടെ പ്രശ്നങ്ങള്‍ പരീക്ഷാദിവസങ്ങളില്‍ കൂടിവരുന്നു. ഏതാനും പരിഹാരമാര്‍ഗ്ഗങ്ങളിലൂടെ പരീക്ഷാഭയം അതിജീവിച്ച് ഇനിയുള്ള ദിവസങ്ങള്‍ കൂടുതല്‍ ഉണര്‍വോടെ നന്നായി പഠിക്കാം.
പരിശീലിക്കാം

* നേരത്തേ ഉണരുക, പഠനം തുടങ്ങുന്നതിനുമുമ്പ് ശാന്തമായിരുന്ന് ശ്വാസോച്ഛ്വാസം നടത്തി ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും ഏകാഗ്രമാക്കുക.

* സമയത്ത് ഭക്ഷണം കഴിക്കുക, ആവശ്യത്തിന് ഉറങ്ങുക, വേണ്ടത്ര വെള്ളം കുടിക്കുക.

* തുടര്‍ച്ചയായി പഠിക്കാതെ ചെറിയ ഇടവേള എടുക്കുക

* ടൈംടേബിള്‍ ക്രമീകരിച്ച് വായുസഞ്ചാരമുള്ള മുറിയിലിരുന്ന് പഠിക്കുക.

ഒഴിവാക്കേണ്ട കാര്യങ്ങള്‍
> മറ്റുള്ളവരെ കുറ്റപ്പെടുത്തി പഠനസാഹചര്യങ്ങളെ പഴിച്ച് സ്വയം ശപിച്ച് സമയം പഴാക്കരുത്.

> കൂട്ടുകാരെ കൂടെക്കൂടെ വിളിച്ച് താരതമ്യം ചെയ്യാതെ പഠിക്കുക.

> അമിതാത്മവിശ്വാസം ഒഴിവാക്കി നീട്ടിവയ്ക്കുന്ന സ്വഭാവം മാറ്റി പരീക്ഷാ ദിനങ്ങളില്‍ നന്നായി ഒരുങ്ങി പഠിക്കുക.

> പഠനസ്ഥലം- കിടപ്പുമുറിയില്‍ കട്ടിലില്‍ ഇരുന്ന് പഠിക്കരുത്.

> ഫോണ്‍, ഇന്‍റര്‍നെറ്റ്, ടി.വി. ഉപയോഗം കുറയ്ക്കുക

പരീക്ഷാഹാളില്‍
* ശാന്തമായി മൂന്നുപ്രാവശ്യം ശ്വസിക്കുക, നിശ്വസിക്കുക, നിശബ്ദമായി പ്രാര്‍ത്ഥിക്കുക.

* ചോദ്യപേപ്പര്‍ നന്നായി വായിക്കുക.

* ഉത്തരം കിട്ടാത്തതും പഠിച്ചുതീരാത്തതുമായ ചോദ്യങ്ങള്‍ കണ്ട് അസ്വസ്ഥതപ്പെടാതെ അറിയാവുന്നത് ആദ്യം എഴുതാന്‍ അടയാളപ്പെടുത്തി വയ്ക്കുക.

* ചുറ്റുംനോക്കി മറ്റുള്ളവര്‍ എഴുതുന്നതു കണ്ട് അസ്വസ്ഥതപ്പെടാതെ എഴുതുന്ന ഉത്തരത്തില്‍ ശ്രദ്ധ പതിക്കുക.

* ഉത്തരപേപ്പര്‍ കൊടുക്കും മുമ്പ് ഒന്നുകൂടി വായിച്ചുനോക്കുക.

* പരീക്ഷാഹാളില്‍ നിന്ന് പുറത്തു വന്നാല്‍ മറ്റുള്ളവരുമായി തെറ്റുവരുത്തിയതോര്‍ത്ത് അസ്വസ്ഥതപ്പെട്ട് മനഃസമാധാനം നഷ്ടപ്പെടുത്തരുത്.

പരീക്ഷാപ്പേടി പല കുട്ടികള്‍ക്കും ഉണ്ട്. പക്ഷേ അതിനോടുള്ള നമ്മുടെ സമീപനരീതി മാറ്റി സമയം നഷ്ടപ്പെടാതെ പഠിച്ചത് ഓര്‍ക്കാനും നന്നായി പരീക്ഷ എഴുതാനും പരിശ്രമിക്കുക. അമിതഭയം പഠിച്ച കാര്യങ്ങള്‍ ഓര്‍ക്കാന്‍ പറ്റാത്തവിധം ശൂന്യതയുടെ അവസ്ഥകളിലേക്ക് എത്തിക്കും. ആവശ്യത്തിനൊരുങ്ങി, അനാവശ്യ ഭയം ഒഴിവാക്കി, ആത്മവിശ്വാസം ആര്‍ജ്ജിച്ച് പരീക്ഷാദിനങ്ങള്‍ ഉണര്‍വുള്ളതാക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org