പരീക്ഷക്കാലത്തേയ്ക്ക്

പരീക്ഷക്കാലത്തേയ്ക്ക്

1. പരിചയം – ആത്മവിശ്വാസത്തെ വളര്‍ത്തുന്നു
ചോദ്യപേപ്പറിന്‍റെ ഘടനയെക്കുറിച്ചും ലേ ഔട്ടിനെക്കുറിച്ചും കുട്ടികളെ പരിചയപ്പെടുക. സാധിക്കുമെങ്കില്‍ പ്രത്യേക ക്ലാസ്സുകള്‍ നല്കുക. പഴയ ചോദ്യപേപ്പര്‍ വിശകലനം ചെയ്തുകൊണ്ടുള്ള പരിശീലനം, ഹോം വര്‍ക്കുകള്‍ എന്നിവവഴി നന്നായി അവരെ ഒരുക്കുക.

2. പരീക്ഷയുടെ രീതി എന്താണ്?
പരീക്ഷയില്‍ കുട്ടികളുടെ കഴിവുകളെ കൂടുതല്‍ അളക്കുകയാണു ചെയ്യുന്നത്. ഉത്തരങ്ങള്‍ എഴുതുന്ന രീതി, എഴുത്തിന്‍റെ ഭംഗി, അവതരണശൈലിയുടെ ആകര്‍ഷകത്വം തുടങ്ങിയവ. തുടര്‍ച്ചയായ പരിശീലനത്തിലൂടെ ഇതു നന്നാക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം അവരില്‍ ഉണര്‍ത്തണം.

3. പരീക്ഷയിലെ സമയപരിധി
സമയത്തു പരീക്ഷയെഴുതിത്തീര്‍ക്കുക എന്നതു വളരെ പ്രധാനപ്പെട്ടതാണ്. തുടക്കത്തിലുള്ള ചുരുക്കിയെഴുത്തു ചോദ്യങ്ങള്‍ക്കു വളരെയധികം സമയം കളഞ്ഞാല്‍ പിന്നീടുള്ള ഉപന്യാസചോദ്യങ്ങള്‍ക്കു സമയം ലഭിക്കില്ല. അതുകൊണ്ട് ഓരോ വിഭാഗത്തിനും എത്ര സമയം വീതമെടുക്കാം എന്ന പരിശീലനവും അദ്ധ്യാപകര്‍ നല്കണം. അതു മുന്‍ കൂട്ടി കണ്ടു പരീക്ഷ എഴുതുക.

4. പഴയ ചോദ്യപേപ്പര്‍ വിശകലനം
ചോദ്യകര്‍ത്താവ് പരീക്ഷാര്‍ത്ഥിയില്‍ നിന്ന് എന്താണ് ആവശ്യപ്പെടുന്നതെന്നു മനസ്സിലാക്കി ഉത്തരമെഴുതാന്‍ കുട്ടികളെ പരിശീലിപ്പിക്കുക. ഉത്തരങ്ങളില്‍ ഊന്നല്‍ നല്കേണ്ടത് എവിടെയെന്ന് അവര്‍ അറിഞ്ഞിരിക്കണം.

എന്തുകൊണ്ട് (Why), എന്ത്? (What), എങ്ങനെ? (How) എപ്പോള്‍? (When), താരതമ്യപ്പെടുത്തല്‍ (Compare), വിശദീകരിക്കുക (Explain). വര്‍ണിക്കുക (Describe), ചര്‍ച്ച ചെയ്യുക (Discuss), ക്രിയാത്മക നിര്‍ദ്ദേശം നല്കുക (Creative suggestion) എന്നിവയുടെ പ്രാധാന്യം മനസ്സിലാക്കി ഉത്തരം എഴുതാന്‍ പഠിക്കുക.

5. ബുദ്ധിപരമായ തീരുമാനങ്ങള്‍
അഞ്ചോ ആറോ ചോദ്യങ്ങള്‍ തന്നിട്ട് അതില്‍നിന്നു നാലെണ്ണത്തിന് ഉത്തരം നല്കുക എന്ന രീതിയില്‍ ചോദ്യം വരാം. ഇങ്ങനെയുള്ള അവസരങ്ങളില്‍ ഓരോ ചോദ്യവും അവധാനതയോടെ വായിക്കണം നന്നായി അറിയാവുന്ന ചോദ്യങ്ങള്‍ ആദ്യം എഴുതുക. ഇത്തരം തീരുമാനങ്ങളെടുക്കാന്‍ പരിശീലിക്കുക.

6. ചോദ്യങ്ങള്‍ പുനഃപരിശോധിക്കുക
എഴുതുംമുമ്പു ചോദ്യം പല തവണ വായിച്ചുനോക്കണം. ചോദ്യം എന്താണ് ആവശ്യപ്പെടുന്നതെന്നു മനസ്സിലാക്കാനും പെട്ടെന്നു വിഷയത്തില്‍ നിന്നു മാറിപ്പോകാതിരിക്കാനും ഇതു സഹായിക്കും.

7. ഒരു ചോദ്യത്തില്‍ത്തന്നെ ഒട്ടിപ്പിടിച്ചു സംശയിച്ചിരിക്കരുത്
നന്നായി അറിയാവുന്നതും എന്നാല്‍ പെട്ടെന്ന് ഉത്തരം കിട്ടാത്തതുമായ ചോദ്യത്തെ അഭിമുഖീകരിക്കുമ്പോള്‍ പേടിയും പിരിമുറുക്കവും ഉണ്ടാകാം. തുടര്‍ന്നുള്ള ചോദ്യത്തിന് ഉത്തരം എഴുതാന്‍ വിയര്‍ക്കും. ഇത്തരം അവസരങ്ങളില്‍ ടെന്‍ഷന്‍ ഒഴിവാക്കി ആത്മവിശ്വാസത്തോടെ അടുത്ത ചോദ്യത്തിന് ഉത്തരമെഴുതാന്‍ മുന്‍കൂട്ടി ഒരുങ്ങണം.

8. പരീക്ഷകനും മനുഷ്യനാണ്!
പരീക്ഷകന്‍ തെറ്റുകള്‍ മാത്രം അന്വേഷിച്ചുകൊണ്ടിരിക്കുന്നവനല്ല. അവരെ പേടിക്കേണ്ട കാര്യമില്ല. ശരിയുത്തരത്തിനു നല്ല മാര്‍ക്ക് തരാനും കുട്ടികളെ ഉയരങ്ങളിലേക്കു നയിക്കാനുമാണു നല്ല അദ്ധ്യാപകന്‍ ആഗ്രഹിക്കുന്നത്.

9. ഒത്തുനോക്കുന്നതിനുള്ള സമയം
പരീക്ഷയുടെ അവസാനം ഉത്തരങ്ങള്‍ വായിച്ചുനോക്കാന്‍ കുറേ സമയം നീക്കിവയ്ക്കണം. എഴുതിയത് ഒരു തവണകൂടി വായിച്ചാല്‍ ഒട്ടേറെ പ്രയോജനമുണ്ട്. പ്രകടമായ തെറ്റുകള്‍ തിരുത്താനും ആദ്യം എഴുതിയപ്പോള്‍ ലഭിക്കാത്ത നല്ല ആശയങ്ങള്‍കൂടി ഉള്‍പ്പെടുത്താനും ഇതുവഴി സാധിക്കും. ചോദ്യോത്തരങ്ങള്‍ക്കു നമ്പര്‍ തെറ്റിയാലോ അക്ഷരത്തെറ്റുകള്‍ വന്നാലോ തുന്നിക്കെട്ടിയപ്പോള്‍ പേപ്പര്‍ മാറിപ്പോയാലോ തിരുത്താന്‍ ഇത്തരം അവസരം സഹായിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org