പരീക്ഷക്കാലത്ത് പഠിക്കേണ്ടതെങ്ങനെ?

പരീക്ഷക്കാലത്ത് പഠിക്കേണ്ടതെങ്ങനെ?

"എന്‍റെ പൊന്നുപരീക്ഷേ! നിന്നെ എനിക്കു എന്തിഷ്ടമാണെന്നോ! നീ ഒന്നു വേഗം വരൂ. ഞാന്‍ എത്ര സന്തോഷത്തോടെയാണെന്നോ നിന്നെ കാത്തിരിക്കുന്നത്…" ഇങ്ങനെയൊരു കത്ത് ഒരിക്കലും ഒരു കുട്ടിയും എഴുതുകയില്ല. എഴുതുന്ന കാര്യം ചിന്തിക്കുകപോലുമില്ല. എന്താ കാരണം? എല്ലാവര്‍ക്കും പരീക്ഷയെ പേടിയാണ്, വെറുപ്പാണ്.

പഠിക്കാത്ത കുട്ടികള്‍ പരീക്ഷയെ പേടിക്കുന്നതു മനസ്സിലാക്കാം. പക്ഷേ, പഠിക്കുന്ന കുട്ടികള്‍ക്കും പരീക്ഷയെ പേടിയാണ്. സത്യം പറഞ്ഞാല്‍ അദ്ധ്യാപകര്‍ക്കുവരെ ഉള്ളില്‍ പേടിയുണ്ട്. ഒരു പരീക്ഷയ്ക്കിരിക്കാന്‍ പറഞ്ഞാല്‍ സന്തോഷത്തോടെ, പുഞ്ചിരിയോടെ ആത്മവിശ്വാസത്തോടെ, പരീക്ഷയെ നേരിടാന്‍ തയ്യാറാകുന്ന അദ്ധ്യാപകരും കുറവാണ്. അപ്പോള്‍ പരീക്ഷാപ്പേടി വ്യാപകമാണ്. ലോകമെങ്ങുമുള്ളതാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള ഒരു സ്വഭാവമാണ്.

പരീക്ഷവഴി തന്‍റെ കഴിവുകേടുകളും കുറവുകളും അജ്ഞതയുമെല്ലാം മറ്റുള്ളവര്‍ അറിയുമെന്നുള്ള വിചാരമാകാം പരീക്ഷാപ്പേടിക്കുള്ള ഒരു കാരണം. ചെറുപ്പം മതല്‍ പരീക്ഷ വരും വരും; സൂക്ഷിച്ചോണം എന്നു മുതിര്‍ന്നവര്‍ പറഞ്ഞു പറഞ്ഞു ഉള്ളില്‍ പേടി വളര്‍ത്തിയതു മറ്റൊരു കാരണമാണ്. 'ഉമ്മാക്കി' വരും എന്നു പറഞ്ഞു കൊച്ചുകുട്ടികളെ പേടിപ്പിക്കാറുണ്ടല്ലോ. ഉമ്മാക്കി അപകടകാരിയാണ് എന്ന ധാരണയില്‍ കുട്ടി പേടിക്കും. പരീക്ഷയെയും ഒരു ഉമ്മാക്കിയാക്കി അവതരിപ്പിച്ചു മുതിര്‍ന്നവര്‍ കുട്ടികളില്‍ പേടി വളര്‍ത്താറുണ്ട്.

പരീക്ഷയെ പേടിക്കേണ്ട യാതൊരു കാര്യവുമില്ല. അജ്ഞതയാണു പേടിയുടെ അടിസ്ഥാനം. പരീക്ഷയുമായി പരിചയമാകണം. അപ്പോള്‍ പരീക്ഷ വെറും പാവമാണ് എന്നറിയും. വാസ്തവത്തില്‍ പരീക്ഷ ഒരു സഹായിയാണ്. നന്നായി പഠിച്ചു കഴിവുകള്‍ വളര്‍ത്തി മിടുക്കരാകാന്‍ സഹായിക്കുന്ന മാന്ത്രികനാണു പരീക്ഷ. പരീക്ഷ ഒരു പരീക്ഷണം മാത്രമാണ്. ഒരു മത്സരം. ഒരു സര്‍ക്കസ്, പരിശീലനംകൊണ്ട്, പരിചയംകൊണ്ട്, പരീക്ഷയെ നന്നായി നേരിടാനാകും. അതിന് ഒന്നാമതായി വേണ്ടത് ആത്മവിശ്വാസമാണ്.

നിങ്ങള്‍ക്കു ഏതു പരീക്ഷയെയും നേരിടാനാകും. ഏതു പരീക്ഷണത്തെയും അതിജീവിക്കാനാകും. ഏതു വെല്ലുവിളിയെയും നേരിട്ടു വിജയിക്കാനാകും. അതിനെല്ലാമുള്ള കഴിവുകള്‍ നിങ്ങളിലുണ്ട്. അനന്തമായ കഴിവുകള്‍. വാസനകള്‍, വൈദഗ്ദ്ധ്യങ്ങള്‍ എല്ലാം നിങ്ങളുടെ മസ്തിഷ്കമെന്ന സൂപ്പര്‍ കമ്പ്യൂട്ടറിനുണ്ട്. അതിനായി നിങ്ങളുടെ മസ്തിഷ്കത്തെ ഉണര്‍ത്തിയാല്‍ മതി. പ്രോഗ്രാം ചെയ്താല്‍ മതി. മെരുക്കിയാല്‍ മതി. അതിനാല്‍ പേടി വലിച്ചെറിയുക, ഉണരുക. എനിക്കു വിജയിക്കാന്‍ കഴിയും എന്നു സ്വയം വിശ്വസിക്കുക. നിങ്ങളുടെ വിശ്വാസം നിങ്ങളെ പൊറുപ്പിക്കും. നിങ്ങളുടെ വിശ്വാസം നിങ്ങളെ വിജയിപ്പിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org