പരീക്ഷിക്കപ്പെടുന്ന വിശ്വാസം

പരീക്ഷിക്കപ്പെടുന്ന വിശ്വാസം

ഉല്‍പത്തി 22-ല്‍ ഒന്നാം വാക്യം പറയുന്നു: "ദൈവം അബ്രാഹത്തെ പരീക്ഷിച്ചു." പരീക്ഷിക്കുക എന്ന വാക്കിന് ഹീബ്രുവില്‍ ഉപയോഗിക്കുന്ന വാക്ക് "നാസാ" എന്നാണ്. ഇതിന്‍റെ വാച്യാര്‍ഥം വ്യക്തിയുടെയോ സാധനങ്ങളുടെയോ നിലവാരം പരിശോധിക്കുക എന്നതാണ്. ഇതിന് പ്രലോഭിപ്പിക്കലെന്നോ തിന്മ ചെയ്യാന്‍ പ്രേരി പ്പിക്കലെന്നോ അര്‍ഥമില്ല. അബ്രാഹത്തിന്‍റെ കാര്യത്തില്‍ ഇത് അദ്ദേഹത്തെ ശോധന ചെയ്യാനും ദൈവവഴിയില്‍ കൂടുതല്‍ തീക്ഷ്ണതയോടെ നടത്താനും വേണ്ടിയായിരുന്നു.

പഴയനിയമത്തില്‍ പരീക്ഷണം എന്നത് വ്യക്തികളുടെ മാറ്റുരച്ചു നോക്കലായി കാണുന്നുണ്ട്. "എന്‍റെ ജനത്തിന്‍റെ മാറ്റുരച്ചുനോക്കി അവരുടെ മാര്‍ഗ്ഗം മനസ്സിലാക്കുന്നതിന് ഞാന്‍ നിന്നെ സംശോധകനായി നിയമിച്ചിരിക്കുന്നു" (ജറെ. 6:27). "ഞാന്‍ അവരെ ചൂളയിലുരുക്കി ശുദ്ധീകരിക്കും." (ജറെ. 9:7). ദൈവം ജെറമിയായോടു പറഞ്ഞ വാക്കുകള്‍: "ഈ മൂന്നിലൊന്നു ഭാഗത്തെ വെള്ളിയെന്നപോലെ ഞാന്‍ അഗ്നിശുദ്ധി വരുത്തും; സ്വര്‍ണ്ണമെന്ന പോലെ മാറ്റ് പരിശോധിക്കും,. അവര്‍ എന്‍റെ ജനം എന്നു ഞാന്‍ പറയും. കര്‍ത്താവ് എന്‍റെ ദൈവം എന്ന് അവരും പറയും" (സം ഖ്യ. 13:9).

വിശ്വാസം ശുദ്ധീകരിക്കപ്പെടേണ്ടതിന്‍റെ ആവശ്യകത ദൈവികമാണ്. വിശ്വാസത്തിന്‍റെ ശുദ്ധീകരണ പ്രക്രിയയിലൂടെ കടന്നുപോകാത്തവര്‍ക്ക് ദൈവം തനിക്കു സ്വന്തം താന്‍ ദൈവത്തിനും സ്വന്തം എന്ന കാഴ്ചപ്പാടില്‍ എത്താന്‍ കഴിയില്ല.

ഇതിനെല്ലാം ശേഷം ദൈവം അബ്രാഹത്തെ പരീക്ഷിച്ചു. ഏതിനെല്ലാം ശേഷം? വൃദ്ധരായിരിക്കുന്ന അബ്രാഹത്തിനും സാറായ്ക്കും ഒരു പുത്രനെ വാഗ്ദാനം ചെയ്തശേഷം. അവനിലൂടെ ഒരു ജനത ഉരുവാകുന്നത് സ്വപ്നം കാണാന്‍ പറഞ്ഞശേഷം. ആകാശത്തിലെ നക്ഷത്രങ്ങളെയും കടല്‍ത്തീരത്തെ മണല്‍ത്തരികളെയും പോലെ പെരുകുന്ന ഒരു ജനതതിയെ നല്കാമെന്നു പറഞ്ഞശേഷം.

മനുഷ്യക്കുരുതി പ്രാകൃതമാണ്. വിജാതീയരുടെ ഇടയില്‍ നിലനിന്നിരുന്ന ഒരു പ്രാകൃതസംസ്കാരം ആയിരുന്നു പ്രതിമകള്‍ക്ക് ആദ്യജാതനെ ബലി നല്കുക എന്നത്. സ്നേഹത്തെ പ്രതിയല്ല, അവരുടെ പാപത്തിനു പരിഹാരമായി.

ദൈവം മനുഷ്യക്കുരുതി ആവശ്യപ്പെട്ടപ്പോള്‍ അബ്രാഹത്തിനും നൂറായിരം ചോദ്യങ്ങള്‍ ചോദിക്കാമായിരുന്നു. വിശുദ്ധ അഗസ്തീനോസ് പറയുന്നതുപോലെ, "ദൈവം നരബലി സ്വീകരിക്കുമെന്ന് അബ്രാഹം ഒരിക്കലും വിശ്വസിച്ചില്ല. എന്നാല്‍ ദൈവം തന്നെ അത് ആവശ്യപ്പെട്ടപ്പോള്‍ മറിച്ചൊന്നും പറയാന്‍ അബ്രാഹത്തിന്നുണ്ടായിരുന്നില്ല. വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം പറയുന്നു: "അബ്രാഹത്തിനെപ്പോലെ ഒരു നല്ല മനുഷ്യനു മറ്റെന്തു ചെയ്യാം. അവന്‍റെ ചിന്തകള്‍ ചിതറിക്കപ്പെട്ടില്ല. മനസ്സിനു വിഭ്രാന്തിയുണ്ടായില്ല. വിചിത്രമായ കല്പനയെക്കുറിച്ച് ആശങ്കയുണ്ടായില്ല. യുക്തിവാദമോ ന്യായവാദമോ ഉന്നയിച്ചില്ല. എന്താ കാരണം? തന്‍റെ നിത്യമായ സ്നേഹത്തെപ്രതി വന്ധ്യയായ സാറായുടെ ഉദരത്തില്‍ എല്ലാ പ്രതീക്ഷകള്‍ക്കും വിപരീതമായി, മാനുഷിക കഴിവുകള്‍ക്കും അപ്പുറത്ത് ഒരു കുഞ്ഞിനെ തരാന്‍ ദൈവം മനസ്സായെങ്കില്‍ അവിടുത്തെ ഈ പ്രവൃത്തി മാത്രം ഞാനെന്തിനു ചോദ്യം ചെയ്യണം? അവനു ന്യായമായി ചോദിക്കാനൊരു ചോദ്യമുണ്ടായിരുന്നു. ദൈവം തന്‍റെ മകനെ ബലിയായി എടുക്കുന്നുവെങ്കില്‍ എങ്ങനെ ദൈവം നല്കിയ വാഗ്ദാനം നിറവേറും? വേരറുത്ത മരത്തിന്‍റെ ശാഖകള്‍ എങ്ങനെ പുഷ്പിക്കും? അറുത്തു മുറിച്ച മരത്തില്‍ എങ്ങനെ ഫലമുണ്ടാകും? ഉറവയില്ലാത്ത നദി എങ്ങനെയൊഴുകും? ഈ മനുഷ്യന്‍ ഇത്തരം ചിന്തകളുടെ പുറകെ പോകുന്നില്ല. കല്പിക്കപ്പെട്ടതു ചെയ്യുക. അത് അബ്രാഹം ചെയ്തു. അതാണ് യഥാര്‍ത്ഥ വിശ്വാസം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org