പരിശ്രമം ചെയ്യുകില്‍… ഒരദ്ധ്യാപികയുടെ ഓര്‍മക്കുറിപ്പ്

സ്മിത സെബാസ്റ്റ്യന്‍

ശുഭചിന്തകളും ശുഭപ്രതീക്ഷകളും നമ്മുടെ ജീവിതത്തിന് ഉണര്‍വും ഊര്‍ജ്ജവും നല്കും. കഠിനപ്രയത്നവും ലക്ഷ്യബോധവും സര്‍വോപരി പ്രാര്‍ത്ഥനയും ഈശ്വരവിശ്വാസവും നമ്മെ ഉയരങ്ങളില്‍ എത്തിക്കുകതന്നെ ചെയ്യും. സ്വപ്രയത്നംകൊണ്ട് ഉയരങ്ങള്‍ കീഴടക്കിയ ജിം തോമസ് എന്ന മിടുക്കനെക്കുറിച്ച്…

തിരുവനന്തപുരം ശ്രീകാര്യം സ്വദേശികളായ തോമസ് സാറിന്‍റെയും മറിയാമ്മ ടീച്ചറിന്‍റെയും മകനാണു ജിമ്മി എന്നു വിളിക്കുന്ന ജിം തോമസ്. പത്താം ക്ലാസ്സ് വരെ എപ്പോഴും കളിക്കാന്‍ മാത്രം ഇഷ്ടപ്പെട്ട ഒരു ശരാശരി വിദ്യാര്‍ത്ഥി. പത്താം ക്ലാസ്സില്‍ 75 ശതമാനം മാര്‍ക്കു മാത്രം ലഭിച്ചപ്പോള്‍ മാതാപിതാക്കള്‍ അവനെ സാധാരണക്കാരായ കുട്ടികള്‍ പഠിക്കുന്ന ഒരു എയ്ഡഡ് സ്കൂളില്‍ പ്ലസ് വണ്ണിനു ചേര്‍ത്തു. എന്നാല്‍ മാതാപിതാക്കളെയും അന്നുവരെ പഠിപ്പിച്ച മുഴുവന്‍ അദ്ധ്യാപകരെയും ഞെട്ടിക്കുന്ന പ്രകടനമായിരുന്നു പിന്നീടവന്‍ കാഴ്ചവച്ചത്.

തിരുവനന്തപുരം സിഇടി എന്‍ജിനീയറിംഗ് കോളജില്‍ പ്രവേശനം നേടണം എന്ന ലക്ഷ്യത്തോടെ ചിട്ടയായി അവന്‍ പഠിച്ചു തുടങ്ങി. പ്രത്യേക പരിശീലനം ഒന്നുമില്ലാതെ അവന്‍ അവിടെ അഡ്മിഷന്‍ നേടാന്‍ വേണ്ട റാങ്കോടെ പ്രവേശനപരീക്ഷയില്‍ വിജയം കരസ്ഥമാക്കി. ഗണിതത്തിനു നാലു വര്‍ഷവും മുഴുവന്‍ മാര്‍ക്ക് നേടി കോളജിലെ ഒന്നാം സ്ഥാനക്കാരനുള്ള (ഏറ്റവും നല്ല വിദ്യാര്‍ത്ഥിക്കുള്ള) അവാര്‍ഡും നേടിയാണു ജിം സിഇടിയുടെ പടിയിറങ്ങിയത്. ഐഎസ്ആര്‍ഒ., ഐഒസി എന്നിവിടങ്ങളില്‍ കിട്ടിയ ജോലി ഉപേക്ഷിച്ച്, ബാംഗ്ലൂരിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എന്ന പ്രശസ്ത കോളജില്‍ പ്രവേശനം നേടുക എന്ന ലക്ഷ്യം മുന്നില്‍വച്ചു ഗെയ്റ്റ് എക്സാമില്‍ ഏഴാം റാങ്ക് കരസ്ഥമാക്കി. വിദേശത്തുനിന്നുപോലും ഈ കാലയളവില്‍ പുസ്തകങ്ങള്‍ വരുത്തി പഠിച്ചിരുന്നു. വീട്ടിലെ സാമ്പത്തികസ്ഥിതി അറിയാമായിരുന്ന അവന്‍ ഇതിനെല്ലാമുള്ള പണം വിവിധ മത്സരങ്ങളില്‍ ഒന്നാംസ്ഥാനം നേടുക വഴി ലഭിച്ചിരുന്ന കാഷ് അവാര്‍ഡുകളിലൂടെ കണ്ടെത്തി.

ബാംഗ്ലൂരില്‍ പഠിക്കുമ്പോള്‍ അമേരിക്കയിലെ ഏതെങ്കിലും യൂണിവേഴ്സിറ്റിയില്‍നിന്നും ഡോക്ടറ്റ് നേടുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഏഷ്യയിലെ ഒന്നാം സ്ഥാനക്കാരനായി വിജയിച്ചുകൊണ്ടു അവന്‍ ആ ലക്ഷ്യവും നേടി. മകന്‍റെ ഉന്നതവിജയം മാതാപിതാക്കള്‍ അറിഞ്ഞത് പത്രമോഫീസില്‍നിന്നു വിളിച്ചപ്പോഴായിരുന്നു. നീണ്ട 14 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇങ്ങനെയൊരു കുട്ടിയെ തങ്ങള്‍ക്കു ലഭിച്ചത് എന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു അദ്ധ്യാപകന്‍ അഭിപ്രായപ്പെട്ടു.

ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ നിന്നും മൂന്നു കോടി രൂപയുടെ ഫുള്‍ സ്കോളര്‍ഷിപ്പ് നേടിക്കൊണ്ടു പിഎച്ച്ഡി പഠനം ആരംഭിച്ച ജിമ്മി 2017-ല്‍ ഡോ. ജിം തോമസായി. തുടര്‍ന്ന് ആദ്യത്തെ പോസ്റ്റ് ഡോക്ടറേറ്റ് കാനഡയില്‍ ഡെല്‍ഹൗസി യൂണിവേഴ്സിറ്റിയില്‍ ചെയ്തു. രണ്ടാമത്തേത് അമേരിക്കയിലെ ബോസ്റ്റണിലുള്ള വുഡ്സ്ഹോള്‍ ഓഷ്യനോഗ്രാഫിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചെയ്തു. മൂന്നാമത്തെ പോസ്റ്റ്ഡോക്ടറേറ്റ് ഇപ്പോള്‍ അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് നോര്‍ത്ത് കരോളിനായില്‍ ചെയ്യുന്നു. ഇക്കാലയളവില്‍ ജര്‍മനി, പ്രാഗ്, ബെല്‍ജിയം, നെതര്‍ലാന്‍റ്, ഇസ്രായേല്‍, ഇറ്റലി എന്നീ രാജ്യങ്ങളിലും അമേരിക്കയിലെ ഏകദേശം പത്തു സ്റ്റേറ്റ് യൂണിവേഴ്സിറ്റികളിലും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ലോകപ്രശസ്തരായ പ്രഫസ്സര്‍മാര്‍ അവന്‍റെ ക്ലാസ്സ് കേള്‍ക്കാന്‍ മുന്‍നിരയില്‍ വന്നിരിക്കാറുണ്ടെന്നു നിറകണ്ണുകളോടെ മറിയാമ്മടീച്ചര്‍ പങ്കുവച്ചത് ഒരിക്കലും മറക്കാന്‍ കഴിയില്ല.

2019-ല്‍ ലണ്ടനിലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ 3 മാസം വിസിറ്റിംഗ് റിസര്‍ച്ച് ഫെല്ലോഷിപ്പ് ചെയ്യുവാന്‍ സാധിച്ചു. ഫ്രാന്‍സ്, ആസ്ട്രേലിയ എന്നിവിടങ്ങളില്‍ നിന്നു ലഭിച്ച ക്ഷണങ്ങള്‍ തിരക്കുമൂലം പോകാന്‍ സാധിച്ചിരുന്നില്ല. ഇപ്പോള്‍ അമേരിക്കന്‍ യൂണിവേഴ്സിറ്റിയില്‍ സയന്‍റിസ്റ്റ് അല്ലെങ്കില്‍ റിസര്‍ച്ച് പ്രഫസ്സറായി സ്ഥിരനിയമനത്തിനു ശ്രമിച്ചുകൊണ്ടിരിക്കുന്നു.

പരിശ്രമിച്ചാല്‍ എന്താണസാദ്ധ്യം? ഞങ്ങള്‍ അദ്ധ്യാപകര്‍ക്കു ഡോ. ജിം തോമസ് ഒരു അത്ഭുതമാണ്. വിശിഷ്ട വ്യക്തിത്വമാണ്. ഒന്നും അസാദ്ധ്യമായിട്ടില്ല എന്നവന്‍ ഞങ്ങള്‍ക്കു കാണിച്ചുതന്നു. നന്നായി പ്രാര്‍ത്ഥിക്കുന്ന, ദൈവം നല്കിയ താലന്തുകള്‍ തിരിച്ചറിഞ്ഞ് ഇരട്ടിയാക്കാന്‍ ശ്രമിക്കുന്ന ഏവരെയും ദൈവം അനുഗ്രഹിക്കും. നമുക്കു നമ്മുടെ താലന്തുകള്‍ കണ്ടെത്താം. പ്രാര്‍ത്ഥനയും പരിശ്രമവും ലക്ഷ്യബോധവും നമ്മെയും ഉയരങ്ങളില്‍ എത്തിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org