പാരിസ്ഥിതിക ജൈവസമൃദ്ധിയുടെ ഉണര്‍ത്തു പാട്ട്

പാരിസ്ഥിതിക ജൈവസമൃദ്ധിയുടെ ഉണര്‍ത്തു പാട്ട്

ഫാ. സുനില്‍ പെരുമാനൂര്‍
ഡയറക്ടര്‍,
കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി

സാമൂഹ്യസേവനത്തിന്‍റെയും സമഗ്ര വികസനത്തിന്‍റേയും വേറിട്ട മുഖവും വ്യത്യസ്ത കാഴ്ചപ്പാടുകളുമായി മുന്നേറുന്ന കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി കാര്‍ഷിക പാരിസ്ഥിതിക ജൈവ സമൃദ്ധിയുടെ ഉണര്‍ത്തുപാട്ടായി നടപ്പിലാക്കുന്ന പദ്ധതിയാണ് ഹരിത സമൃദ്ധി. സാമൂഹ്യ സേവന രംഗത്ത് അമ്പത്തിയേഴ് വര്‍ഷക്കാലത്തെ സേവന ചരിത്രവുമായി മുന്നേറുന്ന കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ജാതി മത വര്‍ണ്ണ വര്‍ഗ്ഗ ചിന്തകള്‍ക്കതീതമായി എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ച്ചേര്‍ത്തുകൊണ്ടുള്ള സമഗ്ര വികസന കാഴ്ചപ്പാടുകളും പദ്ധതികളുമാണ് നടപ്പിലാക്കി വരുന്നത്. കാര്‍ഷിക പാരിസ്ഥിതിക സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് എപ്പോഴും പ്രത്യേക ശ്രദ്ധയും പരിഗണനയും കെ.എസ്.എസ്.എസ് നല്‍കി വന്നിരുന്നു. സുസ്ഥിര മണ്ണ് ജല കൃഷി പരിസ്ഥിതി ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് രണ്ടായിരം മുതല്‍ കെ.എസ്.എസ്.എസ് ഹരിത സമൃദ്ധി പദ്ധതി നടപ്പിലാക്കി വരുന്നു. ജര്‍മന്‍ ഗവണ്‍മെന്‍റിന്‍റെയും അന്തേരി ഹില്‍ഫേ ബോണിന്‍റെയും സഹകരണത്തോടെയാണ് കെ.എസ്. എസ്.എസ് പദ്ധതി നടപ്പിലാക്കുന്നത്. കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലായുള്ള 50-ഓളം ഗ്രാമങ്ങളിലാണ് ഹരിത സമൃദ്ധി പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി കല്ല് കയ്യാലകളുടെ നിര്‍മ്മാണം, മണ്ണ് കയ്യാല, ജൈവ വേലികളുടെ നിര്‍മ്മാണം, തണ്ണീര്‍ തടങ്ങളുടെ പുനരുദ്ധാരണം, ജല സംരക്ഷണത്തിന് പ്രാധാന്യം നല്‍കികൊണ്ടുള്ള നീര്‍ക്കുഴികളുടെ വ്യാപനം, മഴവെള്ള സംഭരണികളുടെ നിര്‍മ്മാണം, ബയോഗ്യാസ് പ്ലാന്‍റുകളുടെ നിര്‍മ്മാണം, തീറ്റപ്പുല്ല് കൃഷി പ്രോത്സാഹനം, അസോള കൃഷി, കുളങ്ങളുടെയും കിണറുകളുടെയും പുനരുദ്ധാരണം, പുകയില്ലാത്ത അടുപ്പുകളുടെ നിര്‍മ്മാണം, ചെക്ക് ഡാമുകള്‍, തെങ്ങ് കൃഷി പ്രോത്സാഹനം, വരുമാന സംരംഭകത്വ പരിശീലനങ്ങളും പദ്ധതികളും, മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണ പരിശീലനം തുടങ്ങിയ നിരവധിയായ പ്രവര്‍ത്തനങ്ങളാണ് ഹരിത സമൃദ്ധി പദ്ധതിയിലൂടെ കെ.എസ്.എസ്.എസ് നടപ്പിലാക്കി വരുന്നത്.

പരിസ്ഥിതിയെയും കാര്‍ഷിക മേഖലയേയും സംരക്ഷിച്ചുകൊണ്ട് ഒരു പ്രദേശത്തിന്‍റെ സമഗ്ര വളര്‍ച്ചയ്ക്ക് ഉതകുന്ന കര്‍മ്മ പദ്ധതികളാണ് ഹരിത സമൃദ്ധി പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ച്ചേര്‍ത്തുകൊണ്ടാണ് പദ്ധതിയുടെ നടത്തിപ്പ്. പ്രകൃതിയേയും കാര്‍ഷിക മേഖലയേയും സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകത ആളുകളിലേയ്ക്ക് എത്തിക്കുന്നതിന് ഹരിത സമൃദ്ധി പദ്ധതിയിലൂടെ കെ.എസ്.എസ്.എസിന് സാധിച്ചു. പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയ വരുമാന പദ്ധതികളായ പശു വളര്‍ത്തല്‍, ആട് വളര്‍ത്തല്‍, കോഴി വളര്‍ത്തല്‍, താറാവ് വളര്‍ത്തല്‍, പന്നി വളര്‍ത്തല്‍ തുടങ്ങിയവയിലൂടെ സാധാരണക്കാരായ ആളുകള്‍ക്ക് ഉപവരുമാന മാര്‍ഗ്ഗ സാധ്യതകളും തുറന്ന് കൊടുക്കുവാന്‍ കഴിഞ്ഞു. മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ വ്യാപനത്തിലൂടെ പുതിയ സംരംഭക സാധ്യതകളും ആളുകള്‍ക്ക് ലഭ്യമാക്കുവാന്‍ കഴിഞ്ഞു. അടിസ്ഥാനപരമായി മണ്ണ്, ജലം, കൃഷി, പരിസ്ഥിതി പരിപാലനത്തോടൊപ്പം ആളുകളുടെ മനോഭാവത്തില്‍ മാറ്റം വരുത്തി പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന ജീവിതശൈലി അവലംമ്പിക്കുന്ന സമൂഹത്തെ വളര്‍ത്തിയെടുക്കുന്നതിനും ഹരിത സമൃദ്ധി പദ്ധതിയിലൂടെ കെ.എസ്.എസ്.എസിന് സാധിച്ചു.

നാടിന്‍റെ പുരോഗതിയുടെ അടിസ്ഥാനം കാര്‍ഷിക മേഖലയാണെന്നും കാര്‍ഷിക മേഖലയെ സംരക്ഷിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളായിരിക്കണം ഒരോരുത്തരും സ്വീകരിക്കേണ്ടത്. അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുവാന്‍ കഴിയുമ്പോഴാണ് ഒരു പ്രദേശത്തിന്‍റെയും ഒരു നാടിന്‍റെയും സമഗ്രവളര്‍ച്ച സാധ്യമാകുന്നത്.

ഈ നൂറ്റാണ്ടുകണ്ട ഏറ്റവും വലിയ പ്രളയത്തെ അതിജീവിച്ചുകൊണ്ടിരിക്കുന്ന കേരള സമൂഹത്തിന് കൈത്താങ്ങൊരുക്കുന്ന ഒട്ടനവധി പ്രവര്‍ത്തനങ്ങളാണ് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. വിവിധ ഏജന്‍സികളും സംഘടനകളുമായി സഹകരിച്ച് ഗ്രഹോപകരണ കിറ്റുകളുടെ വിതരണം, വരുമാന സംരംഭകത്വ പദ്ധതികളുടെ പുനഃസ്ഥാപനം, അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളായ ഭവന നിര്‍മ്മാണം, ഭവന പുനരുദ്ധാരണം, ടോയ്ലറ്റ് നിര്‍മ്മാണം, ആരോഗ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍, കുടിവെള്ള ശുചീകരണ യൂണിറ്റുകളുടെ വിതരണം, ഭക്ഷണ കിറ്റുകളുടെയും വീട്ടുപകരണങ്ങളുടെയും വിതരണം തുടങ്ങിയ നിരവധിയായ പ്രവര്‍ത്തനങ്ങളാണ് കെ.എസ്.എസ്. എസ് നടപ്പിലാക്കി വരുന്നത്, പ്രസ്തുത പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി ഹരിത സമൃദ്ധി പദ്ധതിയില്‍ ഉള്‍പ്പെടുത്തികൊണ്ട് കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ പദ്ധതി നടപ്പിലാക്കിയ മേഖലകളില്‍ പ്രളയം മൂലം ഉണ്ടായ നാശനഷ്ടങ്ങളില്‍ ആളുകള്‍ക്ക് കൈത്താങ്ങ് ഒരുക്കുന്നതിനായി കെ.എസ്.എസ്.എസ് തയ്യാറെടുക്കുകയാണ്. പദ്ധതിയുടെ ഭാഗമായി മുന്‍കാലങ്ങളില്‍ പ്രസ്തുത പ്രദേശത്ത് നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളുടെ പുനരുദ്ധാരണത്തിന് പ്രാധാന്യം നല്‍കികൊണ്ടുള്ള കാര്യങ്ങളാണ് ഹരിത സമൃദ്ധി പദ്ധതിയുടെ രണ്ടാം ഘട്ടമായി കെ.എസ്.എസ്.എസ് നടപ്പിലാക്കുന്നത്. സ്വയം സഹായ സംഘങ്ങളിലൂടെ സമഗ്ര വികസനം എന്ന ആശയം നടപ്പിലാക്കുന്ന കെ.എസ്. എസ്.എസ്. കര്‍ഷകര്‍, വനിതകള്‍, ഭിന്നശേഷിയുള്ളവര്‍, വയോജനങ്ങള്‍, വിധവകള്‍, കുട്ടികള്‍, യുവജനങ്ങള്‍ എന്നിവര്‍ക്കായി രൂപം നല്‍കിയിരിക്കുന്ന സ്വാശ്രയസംഘങ്ങളിലൂടെയാണ് വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിവരുന്നത്. പദ്ധതിയുടെ ഭാഗമായി മത്സ്യ കര്‍ഷകര്‍ക്കായി മീന്‍വല ലഭ്യമാക്കല്‍, മത്സ്യകൃഷി പ്രോത്സാഹനം, കാര്‍ഷികോപകരണങ്ങളുടെ വിതരണം, അടുക്കളത്തോട്ടം വ്യാപനം പദ്ധതി, പശു, ആട്, കോഴി, താറാവ് വളര്‍ത്തല്‍ യൂണിറ്റുകളുടെ വിതരണം, കൃഷി ഭൂമിയുടെ പുനരുദ്ധാരണം, കിണറുകളുടെയും മഴവെള്ള സംഭരണികളുടെയും കിണര്‍ റീച്ചാര്‍ ജിംഗ് യൂണിറ്റുകളുടെയും പുകയില്ലാത്ത അടുപ്പുകളുടെയും ബയോഗ്യാസ് പ്ലാന്‍റുകളുടെയും പുനരുദ്ധാരണം എന്നിവയാണ് നടപ്പിലാക്കുക. അങ്ങനെ പ്രളയാനന്തര കേരളത്തിന്‍റെ പുനര്‍നിര്‍മ്മിതിക്കായി ഒരേ മനസ്സോടെ കൈകോര്‍ത്ത് സ്വാശ്രയ സംഘ പങ്കാളിത്തത്തോടെ നിരവധിയായ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുവാനുള്ള തയ്യാറെടുപ്പിലാണ് കെ.എസ്.എസ്.എസ്. അതിനുള്ള ഉണര്‍ത്തുപാട്ടായിമാറും ഹരിത സമൃദ്ധി പദ്ധതി.

വിശദവിവരങ്ങള്‍ക്ക്:
E-mail: ksss@ksss.in
Ph: 0481-2790947

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org