പരിശുദ്ധ അമ്മയും വിശുദ്ധരായവരും

പരിശുദ്ധ അമ്മയും വിശുദ്ധരായവരും

വിശുദ്ധരെ ജനിപ്പിക്കുന്നതിലും വളര്‍ത്തുന്നതിലും ദൈവഹിതമനുസരിച്ച് രൂപപ്പെടുത്തുന്നതിലും പരിശുദ്ധ കന്യകാമറിയത്തിനുള്ള പങ്ക് അതുല്യമാണ്.

വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ 16-ാം വയസ്സില്‍ തന്‍റെ അമ്മ മരിച്ചപ്പോള്‍ പരിശുദ്ധ കന്യകാമറിയത്തിന്‍റെ തിരുസ്വരൂപത്തിന്‍റെ മുമ്പില്‍ ചെന്ന് മുട്ടുകുത്തി ഇങ്ങനെ പ്രാര്‍ത്ഥിച്ചു: "എന്‍റെ അമ്മേ, ഞാന്‍ അമ്മയുടെ മകളായി ജീവിച്ചുകൊള്ളാം. അമ്മയുടെ അന്തസ്സിനു ചേരാത്തതൊന്നും ഈ മകളില്‍നിന്ന് ഉണ്ടാകാതെ എന്നെ കാത്തുകൊള്ളണമേ."

വിശുദ്ധ കൊച്ചുത്രേസ്യയും ഈശോയ്ക്ക് തന്‍റെ സ്നേഹസമര്‍പ്പണം നടത്തിയത് പരിശുദ്ധ ദൈവമാതാവു വഴിയായിരുന്നു. "എന്‍റെ ആത്മസമര്‍പ്പണം, ഈശോയേ, അങ്ങേക്കു സമര്‍പ്പിക്കണമെന്നപേക്ഷിച്ചുകൊണ്ട് ഞാന്‍ ഭരമേല്പിക്കുന്നത് പരിശുദ്ധ കന്യകാമറിയത്തെയാണ്."

വിശുദ്ധ ചെറുപുഷ്പം പരിശുദ്ധ കന്യകാമറിയത്തിന്‍റെ തിരുസ്വരൂപത്തിന്‍റെ മുമ്പില്‍ ചെന്ന് ഇങ്ങനെ പറഞ്ഞിരുന്നു: "അമ്മേ, ഞാനാണ് നിന്നെക്കാള്‍ ഭാഗ്യവതി. എന്തുകൊണ്ടെന്നാല്‍ ഇത്രയേറെ മഹത്ത്വപൂര്‍ണയും സുകൃതസമ്പന്നയുമായ അമ്മ എനിക്കുണ്ടല്ലോ. നിനക്കാകട്ടെ അങ്ങനെയൊരമ്മ ഇല്ലല്ലോ."

ഡോണ്‍ ബോസ്കോ പരിശുദ്ധ അമ്മയുടെ രൂപത്തിനു മുമ്പില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു: "അമ്മേ, ഇപ്പോള്‍ ഞാനും എന്‍റെ കുട്ടികളും ഭൗതികതലത്തില്‍ ഒരമ്മയില്ലാത്തവരായിരിക്കുന്നു. അതിനാല്‍ അവിടുന്ന് ഞങ്ങള്‍ക്ക് എന്നും അമ്മയായി അരികില്‍ ഉണ്ടാകണമേ." അന്നു മുതല്‍ പരിശുദ്ധ അമ്മയുടെ സജീവസാന്നിദ്ധ്യം കൂടുതലായി ഡോണ്‍ ബോസ്കോ അനുഭവിച്ചിരുന്നു.

പരിശുദ്ധ അമ്മയ്ക്കായി ആത്മാര്‍ത്ഥമായി സ്വയം സമര്‍പ്പിച്ചവരാരും വിശുദ്ധരായിത്തീരാതിരുന്നിട്ടില്ല. ഒരു വിശുദ്ധനോ വിശുദ്ധയോ ആകാന്‍ നീ ആഗ്രഹിക്കുന്നുണ്ടോ, അതിനുള്ള വഴി പരിശുദ്ധ അമ്മയ്ക്ക് നിന്നെത്തന്നെ സമര്‍പ്പണം ചെയ്യുക എന്നതാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org