Latest News
|^| Home -> Suppliments -> Familiya -> ഔഷധ​ഗുണങ്ങള്‍ നിറഞ്ഞ പാഷന്‍ഫ്രൂട്ട് പഴം

ഔഷധ​ഗുണങ്ങള്‍ നിറഞ്ഞ പാഷന്‍ഫ്രൂട്ട് പഴം

Sathyadeepam

ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെ വിശേഷപ്പെട്ട ഒരു പഴമാണു പാഷന്‍ഫ്രൂട്ട് പഴം. ജീവകം ‘എ’, ജീവകം ‘സി’ എന്നിവ ഈ പഴത്തില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. പഴങ്ങള്‍ക്ക് അമ്ലഗുണം കൂടുതലുണ്ട്. അതിനാല്‍ നേരിട്ടു ഭക്ഷിക്കുവാന്‍ ആരും അത്ര താത്പര്യം കാണിക്കാറില്ല. എന്നാല്‍ പാഷന്‍ഫ്രൂട്ടില്‍ നിന്നും എളുപ്പം നിര്‍മിക്കാവുന്ന സ്ക്വാഷ് വളരെ സ്വാദിഷ്ടവും ഉത്തമവുമായ ഒരു ശീതളപാനീയമാണ്.

പാഷന്‍ പഴത്തിന്‍റെ കുഴമ്പിനു നല്ല പോഷകമൂല്യമുണ്ട്. ഇതില്‍ 2.4 ശതമാനം മാംസ്യവും 2.1 ശതമാനം കൊഴുപ്പും 17.3 ശതമാനം സസ്യനൂറും 1.2 ശതമാനം ധാതുലവണങ്ങളും അടങ്ങിയിരിക്കുന്നു. വില്ലന്‍ ചുമയ്ക്ക് ഇതിന്‍റെ ചാറ് ഔഷധമായി ചില പ്രദേശങ്ങളില്‍ ഉപയോഗിക്കാറുണ്ട്. ദാഹം, ക്ഷീണം എന്നിവയ്ക്കു വളരെ നല്ലതാണ് ഈ പഴം. കൂടാതെ കൂടുതല്‍ സമയം ഇരുന്നു ജോലി ചെയ്യുന്നവര്‍ക്കും ഇതിന്‍റെ ചാറു കുടിക്കുന്നതു ക്ഷീണം മാറ്റാന്‍ ഉപകരിക്കും. ഒട്ടനവധി രോഗങ്ങള്‍ക്കു പ്രതിവിധിയായി ഇന്നു പാഷന്‍പഴം മാറിയിരിക്കുന്നുവെന്നുള്ളതാണു യാഥാര്‍ത്ഥ്യം. പഴത്തിന്‍റെ ചാറ് ഒരു ടോണിക്കിന്‍റെ ഫലം ചെയ്തു കാണുന്നു.

കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഇഷ്ടപ്പെടുന്ന ഒരു പഴം കൂടിയാണു പാഷന്‍ ഫ്രൂട്ട് പഴം. വേനല്‍ക്കാലങ്ങളിലും മറ്റും ദാഹത്തിനും ക്ഷീണത്തിനും ഉത്തമമാണ് ഈ പഴം. ഇവ പഞ്ചസാര ചേര്‍ത്തും സ്ക്വാഷാക്കിയും കഴിക്കാം. അതിഥി സത്കാരത്തിനും യോജിച്ചതാണ് ഈ പഴം. ഇവയുടെ പഴച്ചാറിന്‍റെ സ്വാദും മണവും നിറവും ആരെയും ആകര്‍ഷിക്കുന്നതാണ്. സാധാരണയായി പഴത്തിന്‍റെ വലിപ്പം അനുസരിച്ച് 1 മുതല്‍ 3 വരെ ഗ്ലാസ് പാനീയംവരെ ഒരു പഴത്തില്‍ നിന്നും തയ്യാറാക്കാം. പഴം പിളര്‍ന്നു കുഴമ്പത്രയും പാത്രത്തിലൊഴിച്ചു നല്ലപോലെ ഇളക്കണം. അപ്പോള്‍ ചെറിയ കുരുക്കള്‍ അടിയില്‍ താഴും. പിന്നീട് ഇത് ഊറ്റിയെടുത്തോ അരിപ്പയില്‍ അരിച്ചെടുത്തോ പഞ്ചസാരയും കൂടി ചേര്‍ത്താല്‍ നല്ല പാനീയമായി. ഇതില്‍ വെള്ളം ആവശ്യത്തിനു ചേര്‍ത്തെടുത്തും ഉപയോഗിക്കാം. ഇവയ്ക്കു നല്ല പരിമളവും ഔഷധഗുണവുമുണ്ട്. കേടില്ലാത്ത നല്ല മൂത്തുപഴുത്തു പാകമായ പഴത്തിന്‍റെ വിത്ത് അരിച്ചെടുത്തു പാകി തൈകള്‍ കിളിര്‍പ്പിച്ചു നട്ടുവളര്‍ത്തുവാന്‍ ഉപയോഗിക്കാം.

ഒരു ജൈവഫലമെന്ന നിലയിലും ഇവയ്ക്കു നല്ല ഡിമാന്‍റുതന്നെയുണ്ട്. നമ്മുടെ വീട്ടുവളപ്പിലെ കൃഷിയിടത്തില്‍ നട്ടുവളര്‍ത്തുവാന്‍ പറ്റിയ ഒരു ഉത്തമ പഴവര്‍ഗ വള്ളിച്ചെടിയാണു പാഷന്‍ ഫ്രൂട്ട്. ഇവ പ്രധാനമായും മഞ്ഞ, വയലറ്റ് എന്നിങ്ങനെ രണ്ടു നിറത്തില്‍ കായ്കള്‍ ഉണ്ടാവുന്നതാണ്. കൂടാതെ ഇപ്പോള്‍ വ്യത്യസ്ത ഇനങ്ങളും കാണപ്പെടുന്നു. വിത്തുകള്‍ മുളപ്പിച്ചെടുത്തും കമ്പുകള്‍ (തണ്ട്) വേരുപിടിപ്പിച്ചും പാഷന്‍ഫ്രൂട്ട് നട്ടുവളര്‍ത്താം. വീടിനു സമീപത്തായോ കൃഷിയിടത്തിലോ ഇവ നട്ടുവളര്‍ത്താം. പടര്‍ന്നുവളരുവാന്‍ വേണ്ട സൗകര്യങ്ങള്‍ ഉണ്ടായിരിക്കണം. ടെറസില്‍ പന്തല്‍ കെട്ടി വളര്‍ത്തുന്നതും നന്നായിരിക്കും. നടുന്ന അവസരത്തില്‍ അടിവളമായി ചാണകപ്പൊടി കമ്പോസ്റ്റ് എന്നിവ ചേര്‍ത്തുകൊടുക്കണം. തുടര്‍ന്നുള്ള കാലയളവില്‍ എല്ലാത്തരം ജൈവവളങ്ങളും ഉപയോഗിക്കാം. വേനല്‍ക്കാലങ്ങളില്‍ നനച്ചുകൊടുക്കുന്നതും പുതയിടല്‍ നടത്തുന്നതും നല്ലതാണ്.

കായ്കള്‍ക്കു മഞ്ഞനിറം ലഭിക്കുന്നതോടെ പറിച്ചെടുക്കാം (ഇനങ്ങള്‍ക്കനുസരിച്ചു നിറത്തില്‍ വ്യത്യാസമുണ്ടാകും). നന്നായി പാകമായാല്‍ പിന്നെ തനിയെ പഴം നിലത്തുവീഴും. ഒരു ചെടിയില്‍ നിന്നും അമ്പതിലധികം കായ്കള്‍ ആരംഭത്തിലെ ലഭിച്ചു തുടങ്ങും.

ഇവയുടെ പുറന്തോട് താരതമ്യേന കട്ടിയുള്ളതാണ്. അതിനാല്‍ കൂടുതല്‍ ദിവസം ഇവ കേടുവരാതെയിരിക്കും. ദൂരെ സ്ഥലങ്ങളിലേക്കു പായ്ക്ക് ചെയ്ത് അയയ്ക്കുവാനും ഈ പഴം നല്ലതാണ്. ഒരു മൂടുചെടി അഞ്ചു മുതല്‍ ആറു വര്‍ഷംവരെ നല്ല വിളവു തരും. ഓരോ വര്‍ഷവും ചെടി വെട്ടിനിര്‍ത്തുന്ന രീതിയും നല്ലതാണ്. തുടര്‍ന്നു വളപ്രയോഗവും നടത്തണം. നന്നായി പരിപാലിച്ചാല്‍ ഇവയില്‍നിന്നും നന്നായി വിളവു ലഭിക്കുകയും ചെയ്യും.

ആരോഗ്യത്തിനും സൗന്ദര്യത്തിനും വിശേഷപ്പെട്ട ഒട്ടനവധി ഔഷധസസ്യങ്ങളുടെ ഉറവിടവുമായ പാഷന്‍ഫ്രൂട്ട് നമ്മുടെ വീട്ടുവളപ്പിലെ കൃഷിയിടത്തില്‍ നട്ടുവളര്‍ത്തുവാന്‍ കര്‍ഷകസുഹൃത്തുക്കള്‍ ശ്രമിക്കേണ്ടതുണ്ട്.

Leave a Comment

*
*