രക്ഷയുടെ അടയാളമായ പിച്ചളസര്‍പ്പം

രക്ഷയുടെ അടയാളമായ പിച്ചളസര്‍പ്പം

ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ ഇസ്രായേല്‍ ജനതയ്ക്ക് പല പ്രതിസന്ധികളെ നേരിടേണ്ടിവന്നു. അവിടെയെല്ലാം ദൈവത്തിന്‍റെ ശക്തമായ കരങ്ങള്‍ അവരെ സംരക്ഷിച്ചു. എന്നാല്‍ പലപ്പോഴും പ്രശ്നങ്ങളുടെ മുമ്പില്‍ അവര്‍ അക്ഷമരായി. ഏദോം ചുറ്റി പോകുവാന്‍ ഹോര്‍മലയില്‍ നിന്ന് ചെങ്കടലിലേക്കുള്ള വഴിയെ അവര്‍ യാത്ര പുറപ്പെട്ടു; യാത്രാമദ്ധ്യേ അക്ഷമരായ ജനം ദൈവത്തിനും മോശയ്ക്കുമെതിരെ സംസാരിച്ചു. മന്ന ഭക്ഷിച്ചുമടുത്ത അവര്‍ 'വിലകെട്ട അപ്പം തിന്നു മടുത്തു' എന്ന് പരാതിപ്പെട്ടു. കര്‍ത്താവില്‍ നിന്നു ലഭിച്ച സ്വര്‍ഗ്ഗീയ ഭക്ഷണവും അവിടുത്തെ മേഘത്തൂണിലും അഗ്നിസ്തംഭത്തിലും ഉള്ള നിരന്തര സംരക്ഷണവും ജനം മറന്നു. അടിമത്തകാലഘട്ടത്തിലെ നൈമിഷിക സുഖഭക്ഷണം അവരെ അവിടേക്കു തിരികെ പോകുവാന്‍ പ്രേരിപ്പിച്ചു.

അപ്പോള്‍ കര്‍ത്താവ് അവരുടെ ഇടയിലേക്ക് ആഗ്നേയസര്‍പ്പങ്ങളെ അയച്ചു. അവയുടെ ദംശനമേറ്റ് അനേകര്‍ മരിച്ചു. തങ്ങള്‍ ചെയ്ത പാപത്തെക്കുറിച്ച് ഈയവസരത്തില്‍ അവര്‍ മനസ്തപിച്ച് തങ്ങള്‍ക്കായി മാദ്ധ്യസ്ഥ്യം വഹിക്കാന്‍ മോശയോട് അപേക്ഷിച്ചു. മോശ ജനത്തിനു വേണ്ടി പ്രാര്‍ത്ഥിച്ചു. കര്‍ത്താവ് ആവശ്യപ്പെട്ട പ്രകാരം പിച്ചള കൊണ്ട് ഒരു സര്‍പ്പത്തെ ഉണ്ടാക്കി മോശ വടിയില്‍ ഉയര്‍ത്തിനിര്‍ത്തി. അതിനെ നോക്കിയവര്‍ ജീവിച്ചു.

വിശ്വാസതീര്‍ത്ഥാടനം ചെയ്യുന്ന സഭാതനയരുടെ ജീവിതത്തിലും ദൈവത്തിനെതിരെ പ്രവര്‍ത്തിക്കുന്ന അവസരങ്ങള്‍ ഉണ്ടാകാറുണ്ട്. പാപത്താല്‍ അവര്‍ ദൈവികജീവന്‍ നഷ്ടപ്പെട്ടു മരണവിധേയരാകുന്നു. പിച്ചള സര്‍പ്പം ഉയര്‍ത്തപ്പെട്ടതുപോലെ ഉയര്‍ത്തപ്പെട്ട മിശിഹായുടെ കാരുണ്യത്തില്‍ (യോഹ. 3:14-15) ആശ്രയിക്കുന്നവര്‍ രക്ഷിതരാവുന്നു. അനുരഞ്ജനകൂദാശയില്‍ ഇതാണു സംഭവിക്കുന്നത്. പാപത്തിന്‍റെ മരണത്തില്‍ കഴിയുന്നവര്‍, ബലിയായിത്തീര്‍ന്ന, ഉയര്‍ത്തപ്പെട്ട കര്‍ത്താവില്‍ ആശ്രയിക്കുമ്പോള്‍ അവിടുത്തെ കാരുണ്യത്താല്‍ പാപം മോചിക്കപ്പെടുന്നു. അനുരഞ്ജനകൂദാശയുടെ പ്രാര്‍ത്ഥന ഇതു വ്യക്തമാക്കുന്നു: "അനുതപിക്കുന്ന പാപികളെ വിശുദ്ധീകരിക്കുന്ന കര്‍ത്താവിന്‍റെ കൃപയാല്‍ നീ പാപങ്ങളില്‍ നിന്ന് മോചിക്കപ്പെട്ടിരിക്കുന്നു."

ജനം മരണവിധേയരായപ്പോള്‍ ദൈവത്തെ വിളിച്ചപേക്ഷിക്കുവാന്‍ മോശയോടാണ് അപേക്ഷിച്ചത്. സഭാമക്കള്‍ സഭയുടെ ശുശ്രൂഷകരായ, പുതിയ ഇസ്രായേലിനെ നയിക്കുവാന്‍ നിയുക്തരായിരിക്കുന്ന പുരോഹിതന്മാരോടു പാപങ്ങള്‍ ഏറ്റു പറയുകയും അവര്‍ മോശയെപ്പോലെ കര്‍ത്താവിന്‍റെ മുമ്പില്‍ മാദ്ധ്യസ്ഥ്യം വഹിക്കുകയും ചെയ്യുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org