Latest News
|^| Home -> Suppliments -> ULife -> പിറവി: മൗനത്തില്‍ സ്ഫുടം ചെയ്ത കാലത്തിന്‍റെ സുകൃതം

പിറവി: മൗനത്തില്‍ സ്ഫുടം ചെയ്ത കാലത്തിന്‍റെ സുകൃതം

Sathyadeepam

“നിശ്ശബ്ദതയാണ് ദൈവത്തിന്‍റെ ഭാഷ, മറ്റെല്ലാം അപര്യാപ്തങ്ങളായ വിവര്‍ത്തനങ്ങള്‍ മാത്രം” – ജലാലുദ്ദീന്‍ റൂമി

ക്രിസ്മസിന്‍റെ അര്‍ത്ഥതലങ്ങള്‍ ആഴത്തില്‍ ഒപ്പിയെടുത്തിരിക്കുന്ന മനോഹരമായ ഒരു ഗാനമാണ് ‘സൈലന്‍റ് നൈറ്റ്, ഹോളി നൈറ്റ്’ (Silent Night, Holy Night). ശുദ്ധ മൗനത്തില്‍ നിന്നും ഉറവെടുത്ത ഒരു സംഗീതമാധുരി! 1818-ലെ ക്രിസ്മസ് കാലത്ത് ഓസ്ട്രിയന്‍ ആല്‍പ്സിലെ ഒരു കൂട്ടം കലാകാരന്മാര്‍ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് ക്രിസ്തുവിന്‍റെ ജനനത്തെപ്പറ്റി നാടകം കളിച്ചുപോന്നു. ഡിസംബര്‍ 23-ാം തീയതി ഒബന്‍ ഡോര്‍ഫ് ഗ്രാമത്തിലെത്തിയ അവര്‍ സെന്‍റ് നിക്കോളാസ് പള്ളിയില്‍ നാടകം കളിക്കുവാന്‍ തീരുമാനിച്ചു.

നിര്‍ഭാഗ്യവശാല്‍ പള്ളിയിലെ ഹാര്‍മോണിയം പണിമുടക്കി. തീരുമാനിച്ചുറച്ചതുപോലെ നാടകം കളിക്കാന്‍ സാധിച്ചില്ല. അത് പള്ളിയുടെ അസി. പാസ്റ്റര്‍ മോഹറിനെ തെല്ല് മൗനത്തിലാക്കി. വൈകിട്ട് അദ്ദേഹം വീട്ടിലേക്ക് നടന്നുപോകുന്ന വഴിയില്‍, ബൈബിളിലെ മത്തായി, ലൂക്കാ സുവിശേഷങ്ങളിലെ ആദ്യ അദ്ധ്യായങ്ങളായിരുന്നു മനസ്സില്‍ തളംകെട്ടി നിന്നിരുന്നത്. മലയുടെ മുകളില്‍ നിന്ന് താഴ്വാരത്തേക്കു നോക്കിയപ്പോള്‍ മഞ്ഞുപുതച്ച തന്‍റെ ഗ്രാമം, ശീതകാലത്തെ ശാന്തമായ രാത്രി, കാലിത്തൊഴുത്തിലെ ഉണ്ണി, മറിയം, ഔസേപ്പ്. ഈ നിശ്ശബ്ദ ചിത്രങ്ങള്‍ തീക്ഷ്ണമായ ഒരു അനുഭവമായി. താന്‍ രണ്ടു വര്‍ഷം മനസ്സില്‍ കോറിയിട്ട ഒരു കവിതയുടെ ഓര്‍മ്മ! മോഹര്‍ തന്‍റെ സുഹൃത്ത് ഗ്രൂബറിന്‍റെ അടുത്തേയ്ക്കോടി. അദ്ദേഹത്തിന് ഒരു ഗിത്താര്‍ മാത്രമാണ് കൈവശമുണ്ടായിരുന്നത്. അത് വെച്ച് ആ കവിത ഇമ്പമായി ചിട്ടപ്പെടുത്തി.

ആ ഗാനം ആദ്യം രചിക്കപ്പെട്ടത് ജര്‍മ്മന്‍ ഭാഷയിലായിരുന്നു. പിന്നീട് അന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷം ഇംഗ്ലീഷ് ഭാഷയിലും. ഇന്നേക്ക് 198 വര്‍ഷങ്ങള്‍ പിന്നിട്ടു. ആ ഗാനത്തിന്‍റെ ശബ്ദ-നിശ്ശബ്ദ മാധുരി, ആഴവും അര്‍ത്ഥവും, മുന്നൂറോളം ഭാഷകളിലേയ്ക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടു. മനോഹരമായ ഒരു പിറവി!

നമ്മുടെ മലയാളത്തിലും ഈ ഗാനം തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. വാദ്യഘോഷങ്ങളുടെ പെരുമഴയിലും, ചടുല താളത്തിലും ‘ശാന്തരാത്രി തിരുരാത്രി’ എന്ന ഗാനം വരികളര്‍ഹിക്കുന്ന ആന്തരിക സൗന്ദര്യത്തില്‍ എത്രത്തോളം മികവ് പുലര്‍ത്തി എന്നത് ചോദ്യാര്‍ഹം!

ക്രിസ്മസ്, മൗനത്തില്‍ ചാലിച്ച ഒരു പിറപ്പ് ഉത്സവമാണ്. മനുഷ്യനും പ്രകൃതിയും സര്‍വ്വചരാചരങ്ങളും ജൈവപരമായ ഒരു മൗനം. മൗനത്തിന്‍റെ വ്യത്യസ്ത വീക്ഷണകോണുകളില്‍ ഉണ്ണിപ്പിറവിയെ നോക്കിക്കാണാന്‍ ശ്രമിക്കുകയാണ്.

പിറവി: നിശ്ശബ്ദതയില്‍ വിളക്കിയെടുത്ത സമാധാനത്തിന്‍റെ ദൂത്
മറിയം ഗര്‍ഭിണിയാണ്. ജോസഫിനുണ്ടായ വെളിപാടനുസരിച്ച് യാത്ര… അവര്‍ ബെദ്ലഹേമിലെ പുല്‍ത്തൊഴുത്തിലെത്തുന്നു.

“ശാന്തമാകുക, ഞാന്‍ ദൈവമാണെന്നറിയുക” (സങ്കീ. 46:10)

മുഖ്യധാരാസംസ്കാരത്തില്‍ അലിഞ്ഞിരിക്കുന്ന, പൊതുവേ ലോകം ആസ്വദിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ക്രിസ്മസ് ചിന്ത ഇതാണ്. നിശ്ശബ്ദം, മനോഹരം, പ്രൗഢം, ഗംഭീരം!

ചിലപ്പോള്‍ നിശ്ശബ്ദത വാക്കുകളേക്കാള്‍ വാചാലമാകും, ആഴിയേക്കാള്‍ ആഴമേറിയതും. ചരിത്രത്തിന്‍റെ ഏടുകള്‍ നോക്കിയാല്‍ മഹത്തരമായ സൃഷ്ടികളും, മഹാപ്രസ്ഥാനങ്ങളും ഒക്കെ പിറവിയെടുത്തത് ആഴമായ നിശ്ശബ്ദതയില്‍ നിന്നുതന്നെ.

ഭാരതത്തിന് അഭിമാനമായ 2016-ലെ ഒളിമ്പിക്സ് മെഡല്‍ ജേതാവ് പി.വി.സിന്ധു തന്‍റെ സാധന ആ രംഭിച്ചത് എട്ടാം വയസ്സില്‍… നിതാന്ത ജാഗ്രത, ദീര്‍ഘക്ഷമ, കഠിനാധ്വാനം. മനസ്സിന്‍റെ കോണിലെവിടെയോ കാത്തുസൂക്ഷിച്ച ശുദ്ധനിശ്ശബ്ദതയില്‍ ഈ ചേരുവകളാണ് അവളെ വിജയത്തിലെത്തിച്ചത്. 2016-ലെ മെഡിസിന്‍ നൊബേല്‍ ജേതാവ് യൊഷിനോ മു ഒഷുമിയുടെ തന്നെ വാക്കുകളില്‍ “ഒരു യുവാവായിരിക്കെ നൊബേല്‍ പുരസ്കാരം എന്‍റെ സ്വപ്നമായിരുന്നു. എന്നാല്‍, എന്‍റെ ശ്രദ്ധ ഗവേഷണത്തില്‍ കേന്ദ്രീകൃതമായപ്പോള്‍ നൊബേല്‍ പുരസ്കാര ചിന്ത അപ്രത്യക്ഷമായി.” ‘ഓട്ടോഫജി’യെക്കുറിച്ചുള്ള 27 നീണ്ട വര്‍ഷങ്ങളുടെ ഗവേഷണം. മനുഷ്യകോശങ്ങളിലെ സങ്കീര്‍ണ്ണ പ്രതിഭാസങ്ങളുടെ കുരുക്കഴിക്കാന്‍ ആഴവും അര്‍ത്ഥവുമുള്ള നിശ്ശബ്ദതയെ പ്രണയിച്ച ഈ മനുഷ്യന് സാധിച്ചു. നൊബേല്‍ സമ്മാനം ലഭിച്ചു എന്ന വാര്‍ത്ത കേട്ടത് അദ്ദേഹം തന്‍റെ പണിപ്പുരയിലായിരുന്നപ്പോഴാണ് – വലിയ ആരവങ്ങളും ആ ഘോഷങ്ങളുമില്ലാതെ.

പിറവി: ഒരു മൗനനൊമ്പരം
മറിയം ഗര്‍ഭിണിയാണെന്നറിഞ്ഞ നിമിഷം മുതല്‍ ഔസേപ്പും മറിയവും തമ്മില്‍ വലിയ സംസാരങ്ങളൊന്നുമില്ല. സ്വാഭാവികമായുണ്ടാകാവുന്ന പിരിമുറുക്കങ്ങള്‍. ദൈവേച്ഛ തിരിച്ചറിയുവാനുള്ള മാനസിക വ്യഥ. മറിയത്തിന്‍റെ ഈറ്റുനോവിന്‍റെ കാലം. വേദന കടിച്ചമര്‍ത്തിയുള്ള യാത്ര. ഔസേപ്പിന് ഭാരിച്ച ഉത്തരവാദിത്വം. അത് ഭീതി, നിസ്സഹായത, ആശയക്കുഴപ്പം എന്നിവയില്‍ കലര്‍ന്നിരിക്കുന്നു. ഒരു നീണ്ട നൊമ്പരം – മൗനനൊമ്പരം.

കടിഞ്ഞൂല്‍ പ്രസവം. നല്ല വേദന… ഒന്നുറക്കെ കരയാന്‍ പോലും സാധിക്കുന്നില്ല. മൗനം! പിറവിയെ പൊന്നാക്കുന്ന മൗനം! മൗനനൊമ്പരം! ക്രിസ്തു… തീയില്‍ കുരുത്തത് ഇനിയെങ്ങനെ വെയിലത്ത് വാടും?

സംഗീതവിദ്വാന്‍ ബിഥോവന്‍, ശാസ്ത്രപ്രതിഭ ആല്‍വാ എഡിസന്‍, ഭാരതത്തെ സ്വപ്നം കാണാന്‍ പഠിപ്പിച്ച അബ്ദുള്‍കലാം… ഇവരുടെയൊക്കെ ജീവിതങ്ങള്‍ പരിശോധിച്ചാല്‍ ഒരു മൗനനൊമ്പരത്തിന്‍റെ അടരുണ്ട്. വി. മദര്‍ തെരേസ വളര്‍ത്തിയെടുത്ത സിസ്റ്റേ ഴ്സ് ഓഫ് ചാരിറ്റി, മേധാ പട്കറുടെ നര്‍മ്മദാ ബചാവോ ആന്ദോളന്‍ തുടങ്ങിയ സംഘടനകള്‍ക്കു പിന്നിലും നീണ്ട ഒരു മൗനനൊമ്പരത്തിന്‍റെ കഥയുണ്ട്.

പിറവി: ക്രൂരമനസിന്‍റെ രാഷ്ട്രീയം
സത്രത്തിനു മുന്‍പില്‍ നില്‍ക്കുന്ന നിര്‍ദ്ധന, നിസ്സഹായ, നിശ്ശബ്ദ ദമ്പതികള്‍. അവരുടെ കണ്ണുകളിലെ ദൈന്യം അര്‍ത്ഥവും ചോദ്യവും വെളിവാക്കുന്നു.

സത്രം സൂക്ഷിപ്പുകാരന്‍റെ ശരീരഭാഷയോ നിശ്ശബ്ദത, നിര്‍മമത, നിര്‍ഭയത്വം. ചിന്താസ്വാധീനമുള്ള മനുഷ്യന്‍ പൂര്‍ണ്ണഗര്‍ഭിണിയായ മറിയത്തെയും അവളുടെ നിര്‍ദ്ധനനായ ഭര്‍ത്താവിനെയും നിര്‍മമതയോടെ നിശ്ശബ്ദ ശരീരഭാഷയില്‍ ആട്ടിപ്പായിച്ച ദിനം (ലൂക്കാ 2:7). അടിസ്ഥാന മനുഷ്യാവകാശത്തിന്‍റെ നിശ്ശബ്ദവും ദൃഢവുമായ ലംഘനം നടന്ന ദിനം! പിന്നീട് ഈ നിര്‍ദ്ധന കുടുംബത്തിന്‍റെ, ഹേറോദോസിനെ പേടിച്ചുള്ള ഈജിപ്തിലേക്കുള്ള പലായനവും (ലൂക്കാ 2:13യ) ശക്തമായ മനുഷ്യാവകാശലംഘനത്തിന്‍റെ മൗനരാഷ്ട്രീയമാകുന്നു.

സൗത്ത് ആഫ്രിക്കയില്‍ നിന്നുള്ള നീതിയുടെ ശബ്ദം നെല്‍സണ്‍ മണ്ടേല, നീണ്ട 28 വര്‍ഷങ്ങളാണ് വിവിധ ജയിലുകളില്‍ കഴിച്ചുകൂട്ടിയതും രാഷ്ട്രീയ അടിമത്തത്തിന്‍റെ ചുവയറിഞ്ഞതും. 15 വര്‍ഷത്തെ വീട്ടുതടങ്കല്‍ അനുഭവിച്ച മ്യാന്‍മാറിലെ ആങ് സാന്‍ സൂകിയും 16 വര്‍ഷം നിരാഹാര സമരം നടത്തി നീതിയുദ്ധം നടത്തിയ മണിപ്പൂരിലെ ഇറോം ശര്‍മിളയും അവരുള്‍പ്പെടുന്ന രാഷ്ട്രീയ സാഹചര്യങ്ങളുടെ ക്രൂരമൗനത്തിനിരയായെങ്കിലും, ഏകാന്തതയുടെ തടവില്‍ ആര്‍ജ്ജിച്ചെടുത്ത നിശ്ചയദാര്‍ഢ്യവും നീതിക്കുവേണ്ടിയു ള്ള ദാഹവും ഇന്നും പോരാട്ടവീര്യത്തോടുകൂടി മുന്നേറാന്‍ അവര്‍ക്ക് കരുത്തു നല്‍കുന്നു.

ഭൂമിയുടെ നിലനില്പിനുള്ള സ്നേഹത്തിന്‍റെ ഊര്‍ജ്ജമാകണം പിറവി. പ്രതീക്ഷയുടെ പൊന്‍പുലരിയാണ് പിറവി. ഈ ഭൂമിക്ക് എത്ര കണ്ട് ഊര്‍വ്വരത നഷ്ടപ്പെട്ടാലും, പിറവികള്‍ ഇനിയും ഉണ്ടാകും. പുതുജീവന്‍റെ നാമ്പുകള്‍ ഇനിയും വിടരും എന്ന അടയാളപ്പെടുത്തലാണ് ഓരോ ക്രിസ്മസ് അനുഭവവും.

Leave a Comment

*
*