Latest News
|^| Home -> Suppliments -> CATplus -> അനുരഞ്ജന കൂദാശയിലെ പിതാവിന്‍റെ സ്നേഹം

അനുരഞ്ജന കൂദാശയിലെ പിതാവിന്‍റെ സ്നേഹം

Sathyadeepam

കുമ്പസാരമെന്ന കൂദാശ ഏറെ വിവാദമായ കാലമല്ലേ? ധൂര്‍ത്ത പുത്രന്‍റെ ഉപമ അനുരഞ്ജനകൂദാശയുടെ ചൈതന്യം വ്യക്തമാക്കുവാന്‍ ഉപകരിക്കും. ഇളയപുത്രന്‍ പിതാവിനോട് തനിക്കുള്ള ഓഹരി ചോദിച്ചുവാങ്ങുന്നു. തനിക്കുണ്ടായിരുന്നതെല്ലാം അവന്‍ ശേഖരിച്ചു. പിതാവിന്‍റെ സന്നിധിയില്‍നിന്ന് ദൂരദേശത്തേയ്ക്ക് പോയി. എല്ലാം ധൂര്‍ത്തടിച്ച അവന് കഠിനക്ഷാമം അനുഭവപ്പെട്ടു. പന്നികളെ മേയിച്ച് വയലില്‍ കഴിഞ്ഞുകൂടി. സുബോധം വന്നപ്പോള്‍ എഴുന്നേറ്റ് പിതാവിന്‍റെ പക്കലേക്കു പോയി.

തിരിച്ചുവരുന്ന ഇളയപുത്രനെ പിതാവ് ദൂരത്തുവച്ചുതന്നെ കണ്ട് ആശ്ളേഷിച്ച് സ്വീകരിച്ചു. മാത്രമല്ല, ഇളയപുത്രനോട് താന്‍ കാണിച്ച കാരുണ്യത്തെ മനസ്സിലാക്കാത്ത മൂത്തപുത്രനെയും വാത്സല്യപൂര്‍വ്വം ക്ഷണിക്കുന്നു. സ്വര്‍ഗ്ഗീയപിതാവിന്‍റെ കരുണയുടെയും സ്നേഹത്തിന്‍റെയും പ്രതീകമാണ് ഈ ഉപമ.

പിതാവു പുത്രനു സമ്മാനങ്ങള്‍ നല്കി, ചുംബനത്തോടെ സ്വീകരിച്ചു. മേല്‍ത്തരം വസ്ത്രങ്ങള്‍, മോതിരം, ചെരുപ്പ് ഇവ നല്കി. വിരുന്നു തയ്യാറാക്കി ആഘോഷിച്ചു. മരിച്ച പുത്രനെ തിരിച്ചുകിട്ടിയതിലുള്ള സന്തോഷം പിതാവ് ഇവിടെ പ്രകാശിപ്പിക്കുന്നു.

അന്യരുടെ അവകാശത്തിന്മേല്‍ കൈകടത്തുന്നതും പരസ്നേഹത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതും പാപമാണെന്നതില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ സ്വന്തം ഓഹരി എന്നു കരുതുന്നവയും സ്വന്തമായവയുമാണ് ഇളയപുത്രന്‍ നശിപ്പിച്ചത്. എങ്കിലും അത് പിതാവിന്‍റെ സമ്മാനമാണ്. ഓഹരി സ്വീകരിച്ചവന്‍ പിതാവില്‍ നിന്ന് അകന്നു. നമ്മുടെ സ്വീകാര്യമായവ എന്നു നാം കരുതുന്നവയും അവയുടെ ലക്ഷ്യത്തിന്‍റെ പൂര്‍ത്തീകരണത്തിനായിട്ടുവേണം ഉപയോഗിക്കുവാന്‍. നാമും നമുക്കുള്ളവയും ദൈവത്തിന്‍റെ ദാനമാണ്. സ്വകാര്യപാപങ്ങള്‍ എന്ന് ഒന്നില്ല. ഞാനും എനിക്കുള്ളവയും എന്‍റെ ഇഷ്ടത്തിന് എന്ന ധാരണയും ശരിയല്ല.

ഇളയപുത്രന്‍ ചെയ്ത തെറ്റ്, പിതാവില്‍ നിന്നകന്ന് വിദൂരതയില്‍ വസിച്ചു എന്നുള്ളതാണ്. പിതാവിന്‍റെ ഭവനത്തിലാണ് മക്കള്‍ വസിക്കേണ്ടത്. അടിമകളും അന്യരുമാണ് പുറത്തുള്ളവര്‍.

നമുക്കു നല്കപ്പെട്ടിരിക്കുന്നവ ധൂര്‍ത്തടിച്ചാല്‍ കഠിനക്ഷാമത്തിലൂടെ കടന്നുപോകേണ്ടി വരും. മനുഷ്യനെ ദൈവികദാനങ്ങളുടെ പൂര്‍ണ്ണതയില്‍ ദൈവം സൃഷ്ടിച്ചു. എന്നാല്‍ അവ ധൂര്‍ത്തടിച്ചതുമൂലം ക്ഷാമമുണ്ടാവുകയും മനുഷ്യമഹത്വം നഷ്ടപ്പെട്ട് മൃഗതുല്യനാവുകയും ചെയ്തു. പിതൃഭവനത്തില്‍ വസിക്കേണ്ടവന്‍ വയലില്‍ കഴിയേണ്ടി വന്നു.

അധഃപതിച്ച ഈ അവസ്ഥയില്‍പോലും പരിശുദ്ധാത്മാവിന്‍റെ കൃപാവരത്താല്‍ പാപബോധം നല്കി ദൈവം മാനസാന്തരത്തിലേക്ക് ക്ഷണിക്കുന്നു. അധഃപതിച്ച അവസ്ഥയില്‍നിന്നും മാനസാന്തരത്തിലൂടെ മനുഷ്യമഹത്ത്വത്തിലേയ്ക്ക് നാം ഉയരണം. മാത്രവുമല്ല, പിതാവിന്‍റെ പക്കലേക്കുള്ള വഴിയില്‍ നാം തിരിച്ചെത്തുവാനും തയ്യാറാകണം. അപ്രകാരം മാനസാന്തരത്തിലൂടെ തിരിച്ചെത്തുന്നവരെ ഭവനത്തില്‍ നിന്ന് വിദൂരത്തായിരിക്കുമ്പോള്‍ പോലും പിതാവ് ഓടി എത്തി സ്വീകരിക്കും. അവിടുന്ന് അവനെ കാണും. അവനായിരിക്കുന്ന അവസ്ഥ അറിഞ്ഞ് മനസ്സലിയും. മാനസാന്തരത്തിന് നാം ആയിരിക്കുന്ന അവസ്ഥയില്‍ നിന്ന് എഴുന്നേല്ക്കണം. എഴുന്നേല്ക്കുവാന്‍ ഉണരണം. ഉയരണം, മാറണം. അന്ധതയില്‍ നിന്ന് ഉണരണം. പാപത്തിന്‍റെ മരണത്തില്‍ നിന്നുയരണം, പാപാവസ്ഥയില്‍നിന്ന് മാറണം. വിശുദ്ധിയുടെ പ്രകാശത്തില്‍ ഉണരുക. നിത്യജീവനിലേക്ക് ഉയരുക, സഭയാകുന്ന വിശുദ്ധ സ്ഥലത്തേക്കു മാറുക.

ചുംബനം സ്വീകരണത്തിന്‍റെ പ്രത്യക്ഷ അടയാളമാണ്. വസ്ത്രം പുതിയ മനുഷ്യനെ ധരിക്കുന്നതിന്‍റെ സൂചനയും. മാമ്മോദീസയില്‍ സ്വീകരിച്ച കൃപാവരത്തിന്‍റെ അനശ്വരവസ്ത്രം, മിശിഹായാകുന്ന ശുഭ്രവസ്ത്രം, അതിലൂടെ തിരികെ ലഭിക്കുന്നു. മോതിരം അധികാരത്തെ സൂചിപ്പിക്കുമ്പോള്‍, ചെരിപ്പ് പുത്രസ്ഥാനത്തേയും സ്വാതന്ത്ര്യത്തേയും തുല്യതയെയും സൂചിപ്പിക്കുന്നു. വിരുന്ന് സന്തോഷത്തിന്‍റെ അടയാളമാണ്. അനുരജ്ഞന കൂദാശയില്‍ ഈ ദിവ്യാനുഭവത്തിന്‍റെ സഭയിലുള്ള ആഘോഷവും പ്രഘോഷണവുമാണ് നടക്കുക.

Leave a Comment

*
*