പൊലിയുന്ന യുവത്വവും പൊഴിയുന്ന കണ്ണുനീരും…

പൊലിയുന്ന യുവത്വവും പൊഴിയുന്ന കണ്ണുനീരും…

സി. ആന്‍ മരിയ SCV

ഓര്‍മ്മവച്ച നാള്‍ മുതലേ, അല്ല അതിനു മുമ്പും ഉറക്കാനും ഉണര്‍ത്താനും ഊട്ടാനും കൂട്ടിരുന്ന മാതൃപിതൃഹൃദയങ്ങള്‍ക്ക് പേടിസ്വപ്നമായിരിക്കുന്നു മക്കളിലെ വളര്‍ച്ച. കാലം ഹൃദയത്തില്‍ കനല്‍ക്കൂട്ടുന്ന ചില അനുഭവങ്ങള്‍ പല രൂപത്തില്‍ യുവത്വത്തെ കാര്‍ന്നു തിന്നുന്നു. വിടരും മുന്നേ നഷ്ടപ്പെട്ട സ്വപ്നങ്ങളും ധാരാളമാണ്. ഇന്ന് വാര്‍ത്തകളില്‍ തുടരെ നിറയുന്ന ഒന്നാണ് യുവാക്കളുടെ മരണങ്ങള്‍. വെള്ളക്കെട്ടില്‍ മുങ്ങിമരിക്കുന്ന യുവസുഹൃത്തുക്കളും, തെന്നിമറിയുന്ന ബൈക്കുകളില്‍ നിന്നും മരണത്തിലേക്ക് വലിച്ചെറിയപ്പെടുന്ന സഹോദരങ്ങളും ഇന്ന് സാധാരണങ്ങളില്‍ സാധാരണം. പള്ളിയിലേക്ക് പ്രാര്‍ത്ഥിക്കാന്‍ പോയ മകളുടെ ശവശരീരം ദിവസങ്ങള്‍ക്കുള്ളില്‍ കായലില്‍ പൊങ്ങിയതും ദൈവത്തിന്‍റെ സ്വന്തംനാട്ടില്‍ തന്നെ. അപ്പോഴും കരയാനും മാറത്തടിച്ച് നെടുവീര്‍പ്പിടാനും ബാക്കി ഉണ്ടാവുക നൊന്തുപെറ്റ അമ്മയും സ്വപ്നം നെയ്തുകൂട്ടിയ അച്ഛനും മാത്രം. "മാതാപിതാക്കളെ ബഹുമാനിക്കുക" എന്ന് ബൈബിള്‍ നമ്മെ പഠിപ്പിക്കുമ്പോള്‍ ഓര്‍മ്മപ്പെടുത്തുന്ന ഒരു വലിയ സത്യമുണ്ട് – അവരെ കരയിക്കരുത് എന്ന്. സ്നേഹം വാരിച്ചൊരിയുന്ന അവര്‍ക്ക് തിരികെ കൊടുക്കാന്‍ ഒന്നുമില്ലാതാകുമ്പോള്‍ സമയം നമ്മെ വലിച്ചിഴക്കും. അനുഭൂതികളിലേക്കും ദുരനുഭവങ്ങളിലേക്കും സാത്താന്‍ സേവയുടെ പേരില്‍ വെട്ടിമുറിച്ച മാതാപിതാക്കളുടെ ജീവനുള്ള ശരീരം നമ്മുടെ മുന്നില്‍ വലിയ ഒരു ചോദ്യം ഉയര്‍ത്തും – "അവര്‍ വഴിമാറി നടന്നത് എന്തേ….?"

അതിനാല്‍ യുവത്വത്തിന്‍റെ ഈ നാളുകളില്‍ നമുക്ക് മാതൃകയാക്കാം ക്രിസ്തുവെന്ന യുവപുരുഷനെ. ലോക പാപങ്ങള്‍ ഏറ്റെടുത്ത് മരിക്കാന്‍ മാത്രമല്ല, അവന്‍ ധൈര്യം കാണിച്ചത്. മറിച്ച് ദുരനുഭവങ്ങളെ ചോദ്യം ചെയ്യാനും, പിച്ചിചീന്തപ്പെടേണ്ടിയരുന്ന പെണ്ണിന് മാപ്പ് കൊടുത്തും ആരും ഇല്ലാത്തവന് അത്താണിയായും അവന്‍ യുവത്വം ആസ്വദിച്ചു. അവന്‍ നെഞ്ചോടു ചേര്‍ത്തതെല്ലാം വിശുദ്ധമായി മാറി. ക്രിസ്തുവിനെപ്പോലെ സ്നേഹം വാരിച്ചൊരിയാന്‍ ഈ യുവത്വം നിങ്ങളെ പ്രാപ്തമാക്കണം. പുഴയിലും, നാലുവരി പാതകളിലും, മറ്റൊരുവന്‍റെ ആക്രോശത്തിനു മുന്നിലും തീരാനുള്ളതല്ല നിന്‍റെ ജീവിതം. അത് നിനക്കു വേണ്ടി മാത്രം ഒരുക്കപ്പെട്ട ദൈവിക പദ്ധതികള്‍ പൂര്‍ത്തിയാക്കാനുള്ളതാണ്. ഒരിക്കല്‍ നിന്നെ നെഞ്ചോടു ചേര്‍ത്തു നിറുത്തിയ മാതാപിതാക്കളോടു നിശബ്ദതയില്‍ മന്ത്രിക്കു – എന്‍റെ സ്രഷ്ടാവിന്‍റെ പദ്ധതികള്‍ പൂര്‍ത്തിയാകുവോളം എന്‍റെ സ്വപ്നങ്ങള്‍ നിറവേറ്റുവോളം ഞാന്‍ ജീവിക്കും എന്ന്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org