പൊന്നോണം വരവായി

പൊന്നോണം വരവായി
Published on

ഡോ. ജോര്‍ജ് മരങ്ങോലി

കാലദേശാന്തരങ്ങള്‍ക്കതീതമായി ലോകമെമ്പാടുമുള്ള മലയാളികള്‍ നെഞ്ചോടു ചേര്‍ത്തുപിടിച്ചിരിക്കുന്ന വരികളാണിത്. ചെമ്മണ്ണു മുറ്റത്തുള്ളവര്‍ ഓണപ്പൂക്കളവും തുമ്പയും തുമ്പിയും വാഴയിലത്തുമ്പിലെ വിഭവസമൃദ്ധമായ ഓണസദ്യയും മാവിന്‍ചില്ലയിലെ ഊഞ്ഞാലും ഓണപ്പാട്ടും പുലികളിയും ഓണക്കോടിയുമെല്ലാം ഓര്‍ക്കുന്തോറും നമ്മെ ഹരം പിടിപ്പിച്ചുകൊണ്ടേയിരിക്കുമെന്നുള്ളതാണു നമ്മള്‍ മലയാളികളുടെ അനുഭവസമ്പത്ത്.

പരമ്പരാഗതങ്ങളായ ഉത്സവങ്ങള്‍ ഒരിക്കല്‍ നമ്മുടെ സംസ്കാരത്തിന്‍റെ പ്രതീകങ്ങളായിരുന്നു. എന്നാല്‍ പുതിയ ന്യൂക്ലിയര്‍ തലമുറ വന്നപ്പോള്‍ പുതുമയാര്‍ന്ന ജീവിതചര്യകള്‍ക്കും സാഹചര്യങ്ങള്‍ക്കുമിടയില്‍ ആഘോഷങ്ങള്‍ നടത്താനോ സദ്യവട്ടങ്ങള്‍ ഒരുക്കാനോ സമയമില്ലാത്ത അവസ്ഥയായി! തലയെണ്ണി ഓണ്‍ലൈനില്‍ ബുക്ക് ചെയ്താല്‍ രാജകീയമായ ഓണക്കിറ്റ് ഹോം ഡെലിവറിയായി വീട്ടിലെത്തും. അതും കഴിച്ചു ടെലിവിഷന്‍റെ മുമ്പില്‍ ഇടം പിടിച്ചാല്‍ ഓണാഘോഷം പൂര്‍ത്തിയായി എന്ന സംതൃപ്തിയിലാണു പല പുതുതലമുറക്കാരും!

നമ്മുടെ കേരളത്തില്‍ നിന്നു കൃഷിയും കൃഷിക്കാരും, വിളവും വിളവെടുപ്പുമെല്ലാം ദൈനംദിനം അപ്രത്യക്ഷമായിക്കൊണ്ടാണിരിക്കുന്നത്. ഈ മാറ്റം നമ്മുടെ ദേശീയോത്സവത്തിനു സാരമായ മങ്ങലേല്പിച്ചു കഴിഞ്ഞു! ഒരു കാലത്തു കേരം തിങ്ങി നിന്ന കേരളനാട്ടില്‍ ഇന്നു കേരവൃക്ഷത്തിനു വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നു! എന്തിനു പറയുന്നു, മലയാളിക്ക് ഓണമുണ്ണണമെങ്കില്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും എല്ലാറ്റിനുമുപരി പൂക്കളം തീര്‍ക്കാന്‍ പൂക്കള്‍ പോലും വരുന്നത് അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് എന്നുള്ളതാണു ഖേദകരമായ പരമാര്‍ത്ഥം!

ഇതിനെല്ലാം പുറമേ കേരളം ഇന്ന് അന്യസംസ്ഥാന തൊഴിലാളികളുടെ 'ഗള്‍ഫ്' രാജ്യമായി മാറിയിരിക്കുകയാണ്. ഏതാണ്ട് ഒന്നര ലക്ഷത്തോളം തൊഴിലാളികളാണു കേരളത്തിലേക്കു പ്രതിവാരം എത്തിച്ചേരുന്നത്. പ്രവാസി മലയാളികള്‍ അന്യനാടുകളില്‍ ഓണം ആഘോഷിക്കുന്നതുപോലെ കാലക്രമേണ ഇക്കൂട്ടരും അവരുടെ ഉത്സവങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്കില്ല എന്നാരു കണ്ടു? മഹാബലിയായി വേഷം കെട്ടാന്‍ പോലും മലയാളം വശമില്ലാത്ത ഈ അന്യസംസ്ഥാനതൊഴിലാളികള്‍ രംഗത്തുണ്ട് എന്നുള്ളതാണ് ഇപ്പോഴത്തെ അവസ്ഥ!

എന്നിരുന്നാലും ഒരിക്കലും നഷ്ടപ്പെട്ടുപോകാത്ത കുറേയേറെ നല്ല ഓര്‍മ്മകളും ഓണസങ്കല്പങ്ങളും കേരളീയര്‍ക്കു സ്വന്തമായിട്ടുണ്ട്. അവയെയെല്ലാം അയവിറക്കിക്കൊണ്ട് ഒരിക്കല്‍ കൂടി നമുക്കെല്ലാവര്‍ക്കും ഒത്തുചോരാം, ആഘോഷിക്കാം, വരവേല്ക്കാം മാവേലിത്തമ്പുരാനെ, ആ പൊന്നിന്‍ തിരുവോണനാളില്‍.

ഏവര്‍ക്കും ഓണാശംസകള്‍!

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org