പൂര്‍ത്തീകരിക്കാത്ത ലോകം

പൂര്‍ത്തീകരിക്കാത്ത ലോകം

ദൈവം നമുക്കായി പൂര്‍ത്തീകരിക്കാത്ത ഒരു ലോകമാണു സൃഷ്ടിച്ചു നല്കിയിരിക്കുന്നത്. സഹജാതരുടെ സുഖദുഃഖങ്ങളില്‍ പങ്കുചേര്‍ന്നു നാം ആ ലോകത്തെ സ്നേഹോഷ്മളമാക്കണം. അവിടുന്നു പാറക്കെട്ടുകളുടെ അടിയില്‍ എണ്ണ സംഭരിച്ചു സൂക്ഷിച്ചിട്ടുണ്ട്. അവിടുന്നു മഴക്കാറുകളില്‍ വിദ്യുച്ഛക്തി നിറച്ചുനിര്‍ത്തിയിട്ടുണ്ട്. അവിടുന്നു പാലങ്ങള്‍ കെട്ടാതെ നദികളെയും റോഡുകള്‍ വെട്ടാതെ പര്‍വതനിരകളെയും സംവിധാനം ചെയ്തു നല്കിയിട്ടുണ്ട്. അവിടുന്നു മരങ്ങള്‍ വെട്ടിവീഴ്ത്താതെ വനങ്ങളെയും നിര്‍മാണമാരംഭിക്കാതെ നഗരങ്ങളെയും നല്കിയിട്ടുണ്ട്. അവിടുന്നു പരീക്ഷണശാലകള്‍ ഉദ്ഘാടനം ചെയ്യാതെയും ഫാക്ടറികള്‍ തുറക്കാതെയും വിഭാവനം ചെയ്തു പൂര്‍ത്തിയാക്കിയിരിക്കുന്നു. രത്നങ്ങള്‍ മുറിക്കാതെയും ആഭരണങ്ങള്‍ പണിയാതെയും സംഭരിച്ചിരിക്കുന്നു. ഓരോ അസംസ്കൃത വസ്തുവിലും വിവരിക്കാനാവാത്ത തോതില്‍ ഊര്‍ജ്ജവും ശക്തിയും സൂക്ഷിച്ചിരിക്കുന്നു. സംഗീതങ്ങള്‍ ആലപിക്കാതെയും നൃത്തനൃത്യങ്ങള്‍ അഭിനയിക്കാതെയും വ്യക്തികളില്‍ ആസൂത്രണം ചെയ്തിരിക്കുന്നു. കാവ്യ-കവിതകള്‍ ഭാവനാലോകത്തില്‍ ആലേഖനം ചെയ്തിരിക്കുന്നു…

ഇതെല്ലാം എന്തിനെന്നോ? പുലര്‍ന്നുവരുന്ന ഓരോ പുലരിയിലും ദിവസത്തിലും കടന്നുവരുന്ന ഓരോ സായാഹ്നത്തിലും രാത്രിയിലും മനുഷ്യരാരും വിരസരാകാതെ വര്‍ത്തിക്കുവാനും അവരുടെ കഴിവുകള്‍ വികസിപ്പിച്ചും മിഴിവുകള്‍ പ്രദര്‍ശിപ്പിച്ചും ആത്മസംതൃപ്തിയടഞ്ഞു ലോകത്തെ ആസ്വാദ്യകരമാക്കുവാനും വേണ്ടിത്തന്നെ. എന്നും എവിടെയും എന്തെങ്കിലും ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും എന്തിലും ഏതിലും മറ്റൊന്നു കാണുവാനും മറുവശം ദര്‍ശിക്കുവാനും ദൃശ്യവും അദൃശ്യവുമായ ഓരോന്നും പരിശോധിക്കുവാനും പരീക്ഷിക്കുവാനും അങ്ങനെ അനുഭവങ്ങളിലൂടെയും ഗവേഷണങ്ങളിലൂടെയും ആത്മസംതൃപ്തിയും ആനന്ദവും ആസ്വദിക്കുവാനും വേണ്ടിത്തന്നെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org