മാര്‍പാപ്പയുടെ നയതന്ത്ര കാര്യാലയം

മാര്‍പാപ്പയുടെ നയതന്ത്ര കാര്യാലയം

മാര്‍പാപ്പയ്ക്ക് സാധാരണമായി മൂന്നു തരത്തിലുള്ള നയതന്ത്ര പ്രതിനിധികളുണ്ട് – അപ്പസ്തോലിക് നുണ്‍ഷ്യോ, അപ്പസ്തോലിക് പ്രൊനുണ്‍ഷ്യോ, അപ്പസ്തോലിക് ഡലഗേറ്റ്. അപ്പസ്തോലിക് നുണ്‍ഷ്യോ അംബാസിഡര്‍ക്കു തുല്യമായ പദവിയുള്ള മെത്രാപ്പോലീത്തയാണ്. ഒരു രാജ്യത്തെ വിദേശ അംബാസിഡര്‍മാര്‍ ഒരുമിച്ചു കൂടുമ്പോള്‍ അവരില്‍ ഒരാളെ അവരുടെ ഡീനായി തിരഞ്ഞെടുക്കുന്ന പതിവുണ്ട്. ചില രാജ്യങ്ങള്‍ തമ്മിലുള്ള കരാറനുസരിച്ച് മാര്‍പാപ്പയുടെ നയതന്ത്രപ്രതിനിധി (എക്സ് ഒഫീഷ്യോ) താന്‍ നിര്‍വ്വഹിക്കുന്ന ഉത്തരവാദിത്വത്താല്‍ത്തന്നെ ഡീനാകാറുണ്ട്. ഇത്തരത്തില്‍ ഡീന്‍ പദവിയുള്ള മാര്‍പാപ്പയുടെ നയതന്ത്രപ്രതിനിധികളാണ് അപ്പസ്തോലിക് നുണ്‍ഷ്യോമാര്‍. അവരുടെ നയതന്ത്രകാര്യാലയം അപ്പസ്തോലിക് നുണ്‍ഷ്യേച്ചര്‍ എന്നും അറിയപ്പെടുന്നു. ചില രാജ്യങ്ങള്‍ മാര്‍പാപ്പയുടെ നയതന്ത്രപ്രതിനിധികള്‍ക്ക് ഡീന്‍ പദവി നല്കാറില്ല. അത്തരം രാജ്യങ്ങളിലെ മാര്‍പാപ്പയുടെ നയതന്ത്രപ്രതിനിധികള്‍ അറിയപ്പെടുന്നത് അപ്പസ്തോലിക് പ്രൊനുണ്‍ഷ്യോ എന്നാണ്. ഇവരുടെ നയതന്ത്രകാര്യാലയം അപ്പസ്തോലിക് പ്രൊനുണ്‍ഷ്യേച്ചര്‍ എന്നും അറിയപ്പെടുന്നു. മാര്‍പാപ്പയുടെ നയതന്ത്രപ്രതിനിധികള്‍ ആ രാജ്യത്തെ കത്തോലിക്കാ സഭയുടെ വിശ്വാസപ്രവര്‍ത്തനങ്ങളുടെയും, വത്തിക്കാന്‍ രാഷ്ട്രത്തിന്‍റെ രാഷ്ട്രീയ നയതന്ത്ര പ്രവര്‍ത്തനങ്ങളുടെയും ഉത്തരവാദിത്തം നിര്‍വഹിക്കുന്നവരാണ്. എന്നാല്‍ ചില രാഷ്ട്രങ്ങള്‍ വത്തിക്കാന്‍ രാഷ്ട്രവുമായി രാഷ്ട്രീയ നയതന്ത്രബന്ധങ്ങളോ മാര്‍പാപ്പയുടെ വിശ്വാസപരമായ ഇടപെടലുകളോ അംഗീകരിക്കുന്നില്ല. അത്തരം രാഷ്ട്രങ്ങളില്‍ മാര്‍പാപ്പയുടെ പ്രതിനിധി ആ രാജ്യത്തെ തന്നെ ഏതെങ്കിലും മെത്രാനോ അഥവാ മാര്‍പാപ്പ പുറത്തുനിന്ന് അയയ്ക്കുന്ന മെത്രാനോ ആയിരിക്കും. അത്തരം അധികാരം മാര്‍പാപ്പ നല്കിയിരിക്കുന്ന മെത്രാനെ അപ്പസ്തോലിക് ഡലഗേറ്റ് എന്നും വിളിക്കുന്നു.

നുണ്‍ഷ്യോ, പ്രൊനുണ്‍ ഷ്യോ എന്ന വ്യത്യാസം നിലനില്‍ക്കുന്നുണ്ടെങ്കിലും എല്ലാ നയതന്ത്രപ്രതിനിധികളും നുണ്‍ഷ്യോമാരായാണ് അറിയപ്പെടുക. ഭാരതത്തില്‍ മാര്‍പാപ്പയുടെ നയതന്ത്രപ്രതിനിധി യഥാര്‍ത്ഥത്തില്‍ അപ്പസ്തോലിക് പ്രൊനുണ്‍ഷ്യോയാണ്. കാരണം മാര്‍പാപ്പയുടെ നയതന്ത്രപ്രതിനിധിയെ ഭാരതം അംബാസിഡര്‍മാരുടെ ഡീനായി അംഗീകരിക്കുന്നില്ല. ഭാരതത്തിലുള്ള വിദേശ അംബാസിഡര്‍മാര്‍ ഒരുമിച്ചുചേര്‍ന്ന് പ്രത്യേക കാലയളവിലേക്ക് ഒരു രാഷ്ട്രത്തിന്‍റെ അംബാസിഡറെ ഡീനായി തിരഞ്ഞെടുക്കുകയാണു പതിവ്. എന്നാല്‍ അടുത്തകാലം മുതല്‍ വത്തിക്കാന്‍ നയതന്ത്രകാര്യാലയം പ്രൊനുണ്‍ഷ്യോ എന്ന പേര് നിറുത്തലാക്കി. മാര്‍പാപ്പയുടെ നയതന്ത്ര പ്രതിനിധി ആ രാജ്യത്തെ അംബാസിഡര്‍മാരുടെ ഡീനാണെങ്കിലും അല്ലെങ്കിലും നുണ്‍ഷ്യോ എന്ന പേരിലാണ് ഇപ്പോളറിയപ്പെടുന്നത്. വിദേശ രാജ്യങ്ങളിലുള്ള മാര്‍പാപ്പയുടെ നയതന്ത്രപ്രതിനിധികള്‍ക്ക് നുണ്‍ഷ്യോ എന്ന പേര് പതിനാറാം നൂറ്റാണ്ടു മുതലാണ് നല്കപ്പെട്ടത്. ആദ്യനൂറ്റാണ്ടുകളില്‍ റോമന്‍ കോടതികളിലുണ്ടായ സിവില്‍ കേസുകളില്‍ മാര്‍പാപ്പയ്ക്കുവേണ്ടി കോടതികളില്‍ എത്തിയിരുന്ന വ്യക്തികളെയാണ് നുണ്‍ഷ്യോയെന്ന് വിളിച്ചിരുന്നത്. പിന്നീട് പതിനാറാം നൂറ്റാണ്ടോടുകൂടെ വിദേശരാജ്യങ്ങളുമായുള്ള മാര്‍പാപ്പയുടെ നയതന്ത്രപ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ചപ്പോള്‍ വിദേശരാജ്യങ്ങളിലേക്ക് മാര്‍പാപ്പ അയച്ച നയതന്ത്രപ്രതിനിധികള്‍ക്ക് നുണ്‍ഷ്യോ എന്ന പേര് നല്കുകയായിരുന്നു.

മാര്‍പാപ്പയുടെ നയതന്ത്രപ്രതിനിധികള്‍ക്ക് വത്തിക്കാന്‍ പ്രത്യേകം പരിശീലനം നല്കുന്നുണ്ട്. റോമാനഗരത്തിന്‍റെ മദ്ധ്യഭാഗത്തുള്ള പാന്തയോണിനു സമീപമുള്ള പൊന്തിഫിക്കല്‍ എക്ളേസിയല്‍ അക്കാദമി 17-ാം നൂറ്റാണ്ടില്‍ നയതന്ത്ര പ്രതിനിധികള്‍ക്ക് പരിശീലനം നല്കാന്‍ സ്ഥാപിച്ചതാണ്. കുലീനന്മാരുടെ കലാലയമെന്നാണ് ഒരു കാലഘട്ടത്തില്‍ ഈ പരിശീലന കേന്ദ്രം അറിയപ്പെട്ടിരുന്നത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍വരെ ഇറ്റലിക്കാരായ വൈദികര്‍ക്കു മാത്രമേ ഈ കലാലയത്തില്‍ പ്രവേശനം നല്കി പരിശീലിപ്പിച്ചിരുന്നുള്ളൂ. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷം അന്തര്‍ദ്ദേശീയ സ്വഭാവം കൈവരിക്കുകയും ഇതര രാഷ്ട്രങ്ങളിലുള്ള വൈദികരെ നയതന്ത്ര പരിശീലന കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുന്ന രീതി ആരംഭിക്കുകയും ചെയ്തു. ഓരോ വര്‍ഷവും ശരാശരി എട്ട് വിദ്യാര്‍ത്ഥികളെയാണ് ഈ കലാലയത്തില്‍ പരിശീലനത്തിനു പ്രവേശിപ്പിക്കുന്നത്. ഈ കലാലയത്തില്‍ പരിശീലിപ്പിക്കപ്പെടുന്ന വൈദികരായ വിദ്യാര്‍ത്ഥികള്‍ റോമിലെ ഇതര സര്‍വ്വകലാശാലകളില്‍നിന്ന് കാനോനിക നിയമത്തില്‍ ഡോക്ടറേറ്റ് ബിരുദം നേടാറുണ്ട്. സാധാരണ ഗതിയില്‍ സുവിശേഷ വത്കരണ തിരുസംഘത്തിന്‍റെ കീഴില്‍ വരുന്ന ഉര്‍ബാനിയന്‍ സര്‍വകലാശാലയിലാണ് ഈ വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുക. കാനോനിക നിയമത്തില്‍ ഡോക്ടറേറ്റ് എന്നുള്ളത് നിര്‍ബന്ധമായ ഒന്നല്ല. ഇതര വിഷയങ്ങള്‍ പഠിച്ചവരെയും നയതന്ത്രകലാലയത്തില്‍ പരിശീലനം നല്കി നയതന്ത്ര കാര്യാലയത്തിലെ മോണ്‍സിഞ്ഞോര്‍ പദവിയിലുള്ള സെക്രട്ടറിമാരായി നിയോഗിക്കാറുണ്ട്. പൊന്തിഫിക്കല്‍ എക്ളേസിയല്‍ അക്കാദമിയില്‍ പരിശീലനം സിദ്ധിച്ചവരെയാണ് സാധാരണഗതിയില്‍ നുണ്‍ഷ്യോമാരായി നിയോഗിക്കുകയെങ്കിലും ഏതു മെത്രാനെയും നുണ്‍ഷ്യോയായി മാര്‍പാപ്പയ്ക്ക് നിയോഗിക്കാന്‍ സാധിക്കും. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും ബെനഡി ക്ട് പതിനാറാമന്‍ മാര്‍പാപ്പയും വത്തിക്കാന്‍റെ വിദേശ കാര്യാലയങ്ങളില്‍ സേവനമനുഷ്ഠിക്കാത്ത വൈദികരെയും മെത്രാന്മാരെയും നുണ്‍ഷ്യോമാരായി നിയമിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org