പ്രളയത്തിനു ശേഷം

പ്രളയത്തിനു ശേഷം

മാതൃപാഠങ്ങള്‍

ഷൈനി ടോമി

മക്കളുടെ സ്വഭാവരൂപീകരണത്തില്‍ മാതാപിതാക്കള്‍ എടുക്കേണ്ട
നിലപാടുകളെക്കുറിച്ചും കരുതലിനെക്കുറിച്ചും
ഒരമ്മയുടെ ജീവിതകാഴ്ചകളുടെ പംക്തി….

സുഹൃത്ത് അയച്ചുതന്ന ചില വരികളാണ് ചുവടെ.

കുത്തൊഴുക്കില്‍ മനസ്സിലെ ചെളിയെല്ലാം ഒലിച്ചുപോയി. കുറെയെല്ലാം പക്ഷെ, സമ്പാദ്യങ്ങളിലാണ് അടിഞ്ഞുകൂടിയത്. അതു കാണേണ്ടി വന്നു. എന്‍റെ മനസ്സിലെത്രമാത്രം ചെളി ഉണ്ടായിരുന്നു എന്നറിയാന്‍. ഡാം തുറന്നുവിടുമെന്നു കേട്ടപ്പോള്‍ ഒരു തമാശപോലെയാണു തോന്നിയത്. വെള്ളം വന്നു തുടങ്ങി. എന്തായാലും എന്‍റെ വീട്ടില്‍ കയറില്ലെന്നുറപ്പിച്ചു. ആറു കോടിയുടെ വീടാണ്. കോണ്‍ക്രീറ്റും തേക്കും ഇരുമ്പും ഉപയോഗിച്ചു നിര്‍മ്മിച്ചത്. എന്നോടസൂയയുള്ള ഒരുത്തനുണ്ട്. വലിയ തറവാടിയാണെന്നും പറഞ്ഞാണു നടപ്പ്. അവന്‍റെ മുറ്റത്തേക്കു വെള്ളം കയറുന്നതു കണ്ടപ്പോള്‍ ഒരു ക്രൂരമായ സന്തോഷം തോന്നി. അവന്‍റെ അപ്പൂപ്പന്‍റെ കാലത്തെ വീടാണ്.

മഴ തിമിര്‍ത്തു പെയ്യുന്നു. നല്ല സുഖം തോന്നി. രണ്ടുമൂന്നു ദിവസത്തേക്ക് ബിസിനസ്സ് തിരക്കുകളൊക്കെ മാറ്റിവച്ച് കുളിരും ചൂടി ഇരിക്കാമെന്നു കരുതി. രണ്ടാം നിലയുടെ വരാന്തയിലിരുന്നു ആട്ടുകട്ടിലില്‍ കിടന്നു സുഖമായുറങ്ങി. ഉച്ചമയക്കം കഴിഞ്ഞുണരുമ്പോള്‍ അനുവാദമില്ലാതെ വെള്ളം ഗേറ്റു കടന്നു വരുന്നു. വീട്ടില്‍ ഗേറ്റ് കീപ്പറുള്ളതുകൊണ്ട് അനുവാദമില്ലാതെ ആരും അകത്തുകടക്കാത്തതാണ്. മനോഹരമായ ലോണിലേക്കു വെള്ളം കയറിയപ്പോള്‍ എന്‍റെ ചങ്കുപിടച്ചു. അയല്‍ക്കാരന്‍റെ വീട്ടില്‍ വെള്ളം കയറിയപ്പോള്‍ ഇല്ലാതിരുന്ന പിടപ്പ്. വെള്ളം റോഡില്‍നിന്ന് ലോണിലേക്കും, അവിടെനിന്നും കാര്‍പോര്‍ച്ചിലേക്കും ഒഴുകി. അയല്‍ക്കാരൊക്കെ വീടുപേക്ഷിച്ചു പോകുന്നതു ഞാന്‍ കണ്ടു. സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ വിളിച്ചു. ഇലക്ട്രിസിറ്റി ഓഫായി. ജനറേറ്റര്‍ ഓണ്‍ ചെയ്യുവാന്‍ ജോലിക്കാരോടു പറഞ്ഞു. പക്ഷെ, അവരെല്ലാവരും കൂടി ബാഗും എടുത്ത് റോഡില്‍ വന്നു നിന്ന ബോട്ടില്‍ കയറിപ്പോയി. വീട്ടില്‍ ഞാനും ഭാര്യയും മാത്രമായി. അയലത്തെ ചെറുവീട്ടുകാരൊക്കെ നേരത്തെതന്നെ ഒഴിഞ്ഞുപോയിരുന്നു. വെള്ളത്തിനു നടുക്ക് ഒറ്റപ്പെട്ടുപോയ വീട് പഴയതുപോലെ ആത്മവിശ്വാസം തന്നില്ല.

ഭീകരമായ വാര്‍ത്തകള്‍ കൂടി കണ്ടതോടെ പന്തികേടു തോന്നിത്തുടങ്ങി. ലാപ്ടോപ്പ്, ഫോണുകള്‍ ഒക്കെ ചാര്‍ജ്ജു തീര്‍ന്നു തുടങ്ങി. രാത്രിയായി. ഉറക്കം ശരിയായില്ല. ഒരുള്‍ഭയം. നേരം പുലര്‍ന്നപ്പോള്‍ വീട്ടിനുള്ളില്‍ ഞങ്ങള്‍ കിടന്ന കട്ടിലിനു താഴെ വെള്ളമായിരുന്നു. വിലകൂടി കാര്‍പെറ്റുകളൊക്കെ കുതിര്‍ന്നു കിടക്കുന്നു. തറയും കാര്‍പെറ്റും ക്ലീന്‍ ആക്കുന്നതിനെച്ചൊല്ലി ഞാനെത്ര തവണയാണ് ഭാര്യയെ ശാസിച്ചിരിക്കുന്നതെന്നോര്‍ത്തുപോയി. വേഗം ഉണര്‍ന്നെണീറ്റ് അത്യാവശ്യം സാധനങ്ങളൊക്കെ മുകളിലത്തെ നിലയിലേക്ക് കൊണ്ടുപോയി. അവിടെയിരുന്നു. പക്ഷെ, വെള്ളം നിന്നില്ല. ഞങ്ങള്‍ ഭയപ്പെട്ടു. രണ്ടാം നിലയിലും വെള്ളം എത്തി. പിന്നീട് ജീവിതം ടെറസ്സിലേക്കു മാ റ്റി. ഒടുവില്‍ അവിടെ ഭക്ഷണം ഇല്ലാതായി. വെള്ളവും തീര്‍ന്നു. മഴവെള്ളം ശേഖരിച്ചു കുടിച്ചു. വിശപ്പിന്‍റെ കാഠിന്യം ശരിക്കറിഞ്ഞു. നിരാലംബത. ദൈവത്തെ വിളിച്ചു കരഞ്ഞു പ്രാര്‍ത്ഥിച്ചു. മനസ്സിലെ ഭൗതിക വിഗ്രഹങ്ങളെല്ലാം ഉടഞ്ഞുകഴിഞ്ഞിരുന്നു.

അഹന്തയുടെ വലിയ വിഗ്രഹങ്ങളായിരുന്നു ചുമന്നുകൊണ്ടു നടന്നതെന്ന് അപ്പോഴാണ് മനസ്സിലായത്. മക്കള്‍ രണ്ടുപേരും വിദേശത്തിരുന്നു കുറ്റപ്പെടുത്തി, വിളിച്ചപ്പോള്‍ പോകാതിരുന്നതിന്. ലോകം മുഴുവന്‍ സ്വന്തമാക്കണമെന്ന അതിമോഹവുമുണ്ടായിരുന്നു. അതിനാണ് ബിസിനസ്സ് പലയിടങ്ങളിലേക്കും വളര്‍ത്തിയത്. ഇപ്പോഴിവിടെ ക്യാമ്പിലാണ്. കിട്ടുന്ന ബണ്‍പോലും പങ്കുവച്ചു കഴിയുന്നു. പലരുപയോഗിക്കുന്ന ടോയിലറ്റ് ഉപയോഗിക്കുന്നു. ആവശ്യമുള്ളതിലും ഒരുപാടിരട്ടി പണം സമ്പാദിച്ചു തിരക്കിട്ടു പറന്നപ്പോള്‍ ഞാനറിഞ്ഞില്ല, ഭക്ഷണവും വെള്ളവും മാത്രംകൊണ്ട് മനുഷ്യന് തൃപ്തനാകാന്‍ കഴിയുമെന്ന്.

സമ്പത്തുണ്ടാക്കാനുള്ള വഴികളോടു മുഖംതിരിച്ചവരോടെല്ലാം പരമപുച്ഛമായിരുന്നു. അന്നന്നത്തെ ആഹാരം കൊണ്ടു തൃപ്തരായവരെ, നിറമില്ലാതെ ജീവിച്ചവരെ, മനുഷ്യരായിപോലും ഞാന്‍ പരിഗണിച്ചില്ല. ഔദാര്യം ചെയ്തിരുന്നു. ധാരാളം പണം. അതു വാങ്ങിയവരുടെയൊക്കെ വിധേയത്വം ഉറപ്പാക്കുകയും ചെയ്തു. ഇപ്പോഴിതാ അവരോടൊപ്പം ഉടുതുണിക്കു മറുതുണിയില്ലാതെ ഞാനും, ഒരുപാടുപേരുടെ ഔദാര്യം മൂലം ജീവിക്കുന്നു. ആരും ഒരു നന്ദിവാക്കുപോലും കേള്‍ക്കാന്‍ കാത്തുനില്‍ക്കാതെ അടുത്ത ആളെ സഹായിക്കാന്‍ പോകുന്നു.

ഞാനും ഭാര്യയും ബെന്‍സ് കാറിലോ വിമാനത്തിലോ മാത്രമേ യാത്രകള്‍ ചെയ്യാറുള്ളൂ. സുഖമുള്ള മണമുണ്ടായിരിക്കും എപ്പോഴും ഞങ്ങള്‍ക്കു ചുറ്റും. അതിമൃദുലമായ കിടക്കകളും, ഇരിപ്പിടങ്ങളുമായിരുന്നു ഉപയോഗിച്ചിരുന്നത്. പക്ഷെ, ഒടുവില്‍ ദൈവം തങ്ങളുടെ ജീവനെ എഴുന്നേല്പിച്ചത്, മത്സ്യത്തൊഴിലാളിയുടെ തഴമ്പിച്ച കൈകളിലായിരുന്നു. അദ്ദേഹം കൊണ്ടുവന്ന, മീനുളുമ്പുള്ള മത്സ്യബന്ധനബോട്ടില്‍ അദ്ദേഹം തന്നെ ഞങ്ങളെ താങ്ങിയെടുത്തു കയറ്റുകയായിരുന്നു.

ഇവിടെ ദുരിതാശ്വാസ ക്യാമ്പിലിരുന്ന് ഞാനിതെഴുതുമ്പോള്‍, യാതൊരു പരിചയവുമില്ലാത്ത ഞങ്ങള്‍ക്കു വേണ്ടി അദ്ധ്വാനിക്കുന്ന കുറെപ്പേരെ കാണാന്‍ കഴിഞ്ഞു. ഞങ്ങള്‍ക്കുവേണ്ട ഭക്ഷണവും വെള്ളവും എത്തിക്കുന്നവരെയും കാണുന്നു. ഇത്ര മനോഹരങ്ങളായ ഹൃദയം ഇവരില്‍ രൂപപ്പെടുത്തിയ അമ്മമാരെ ഓര്‍ത്ത് അത്ഭുതപ്പെടുകയാണു ഞാന്‍. നീതിബോധവും സത്യസന്ധതയും കാരുണ്യവുമുള്ള മനുഷ്യരാണ് ഏറ്റവും സമ്പന്നര്‍. അവരെ തിരിച്ചറിയുന്നത് ചില ദുരന്തമുഖങ്ങളുടെ ഉരകല്ലിലായിരിക്കും എന്നുമാത്രം.

ആകാശഗോളങ്ങളെ തൊടാനും, മനുഷ്യബുദ്ധിയെ തോല്പിക്കുന്ന കംപ്യൂട്ടറുണ്ടാക്കാനും മനുഷ്യനു കഴിയുന്നത് അവന് ദൈവം ജന്മം നല്കിയതുകൊണ്ടാണ്. പ്രകൃതി അവനുകൂടി വേണ്ടി ക്രമപ്പെടുത്തിയതുകൊണ്ടുമാണ്. ഇക്കാര്യങ്ങള്‍ തിരിച്ചറിയാന്‍ പാകത്തില്‍ വിവേകം ഉള്ളവരായി നമ്മുടെ കുഞ്ഞുങ്ങള്‍ വളരട്ടെ. പ്രകൃതിയുടെ ക്രമം തെറ്റിച്ച് പണം സമ്പാദിക്കാനുള്ള വിഭ്രമം അവര്‍ക്കുണ്ടാകില്ല; മുതിര്‍ന്നാലും. ത്യാഗങ്ങള്‍ ഏറ്റെടുക്കുമ്പോഴാണ് ആനന്ദം ഉണ്ടാകുന്നത്. പ്രതികൂല സാഹചര്യങ്ങളിലാണ് മനുഷ്യന്‍റെ ക്രിയാത്മകത വികസിക്കുന്നത്. അപ്പോഴാണ് സ്നേഹത്തോടെ സേവനം ചെയ്യാനാകുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org