പ്രണയത്തിൽ പ്രതികാരത്തിന് ഇടമുണ്ടോ?

പ്രണയത്തിൽ പ്രതികാരത്തിന് ഇടമുണ്ടോ?

ജോസ് പുതുശ്ശേരി

"The greatest happiness
of life is the conviction that we
are loved; loved for
ourselves, or rather,
loved in spite of ourselves."
-Victor Hugo

പ്രണയം അരങ്ങുവാഴുന്നൊരു ലോകം. ലിംഗഭേദമെന്യേ, പ്രായവ്യത്യാസങ്ങളില്ലാതെ, ജീവിത നിലവാരത്തിന്‍റെ വകഭേദങ്ങള്‍ വകവയ്ക്കാതെ പ്രണയം സിരകളെ തഴുകുകയും മനുഷ്യനെ മത്ത് പിടിപ്പിക്കുകയും ചെയ്യുന്ന ഒരു വര്‍ത്തമാനകാലം. കവികള്‍ കാല്പനികതയില്‍ കോറിയിട്ട പ്രണയവര്‍ണ്ണനകള്‍ നമ്മുടെ കണ്ണിനുമുന്നിലുണ്ട്. അനശ്വര പ്രണയത്തിന്‍റെ മൂര്‍ത്ത ഭാവങ്ങള്‍ പേറുന്ന ചരിത്രബിംബങ്ങള്‍ക്കും നാം സാക്ഷികളാണ്. പ്രാണന്‍റെ പാതിയുടെ സ്മരണകളില്‍ സ്വജീവന്‍ ഹോമിച്ചവരും, അവരോടൊത്തുള്ള നിമിഷാര്‍ദ്രങ്ങളുടെ ഓര്‍മ്മകളില്‍ ബാക്കിയുള്ള ജീവിതം മുഴുവന്‍ ത്യാഗം ചെയ്തവരും, എന്തിനേറെ, ഒരു വാക്ക് മറുപടിക്കായി ഒരു ജന്മം മുഴുവന്‍ കാത്തിരുന്നവരുടേയുമൊക്കെ ചരിത്രമുറങ്ങുന്ന നാടാണിത്. തന്‍റെ പ്രണയം തന്‍റെ ആയുസ്സിനുമേല്‍ ഖഡ്ഗം വയ്ക്കും എന്നറിഞ്ഞിട്ടും പ്രണയത്തെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച വീരപുത്രീപുത്രന്‍മാരുടെ ജന്മദേശമാണിത്.

എന്നാല്‍, പ്രണയത്താല്‍ മത്തുപിടിച്ച ഈ കാലഘട്ടത്തിന്‍റെ നേര്‍ക്കാഴ്ച്ചകള്‍ നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത് അത്ര ശുഭകരമല്ലാത്ത ചില വസ്തുതകളിലേക്കാണ്. സമകാലിക കേരളം നേരില്‍ കണ്ട്, ഉത്തരം കിട്ടാതെ വിറ്റങ്ങലിച്ചു പോയ ചില അനുഭവങ്ങള്‍ പ്രണയമെന്ന ഈ ഭാവവുമായി ബന്ധപ്പെട്ടതാണെന്നു കൂടി കാണുമ്പോള്‍ ഈ വിഷയം നമ്മുടെ ചിന്തയ്ക്ക് വിഷയീഭവിപ്പിക്കേണ്ടതിന്‍റെ അത്യാവശ്യകത നമുക്ക് തെളിഞ്ഞു കിട്ടും. ആട്ടിന്‍ തോലുടുത്ത ചെന്നായ എന്ന ഉപമാനം എണ്ണത്തില്‍ കുറയാത്ത ഇന്നത്തെ കുറെയധികം പ്രണയങ്ങള്‍ക്കും ചേരും എന്ന് തോന്നിപ്പോകുന്നു. 'മാംസനിബദ്ധമല്ലനു രാഗം' എന്ന കുമാരനാശാന്‍റെ വരികള്‍ക്കൊന്നും ഓര്‍മ്മയുടെ നെരിപ്പോടില്‍പ്പോലും ഇടമില്ലാതാകുന്നു. എന്നിലെ പ്രണയം എന്നെയും നിന്നെയും ഒരു പോലെ കീഴ്പ്പെടുത്തുന്ന ദിനത്തില്‍ ഞാനെന്നെ കാമുകനെന്ന് വിളിക്കും എന്ന് പാടിയതൊക്കെ ഇന്ന് വിദേശികളില്‍ കൗതുകമുണര്‍ത്താന്‍ മാത്രം പാടുന്ന ആന്‍റിക് ശേഖരങ്ങളായി മാറി.

എന്താണ് പ്രണയം എന്ന് ചോദിച്ചാല്‍ ക്ലിപ്തമായ ഒരുത്തരം ഇല്ലെങ്കിലും, നാം സാധാരണ പ്രയോഗിക്കുന്ന ഒരു പദം അതിനിണങ്ങുമെന്ന് തോന്നുന്നു – അവരു തമ്മില്‍ നല്ല കെമിസ്ട്രിയുണ്ട്. ഒന്നിലധികം രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ന്ന്, ഇഴപിരിച്ചെടുക്കാനാവാത്ത വിധം പുതിയ ഒന്ന് രൂപപ്പെടുന്നതുപോലെ, രണ്ട് ചെറുനദികള്‍ ചേര്‍ന്ന് വലിയൊരു നദി ഉരുവാകുന്നതു പോലെ, ബഷീറിന്‍റെ ഒന്നും ഒന്നും ചേര്‍ന്ന് ഇമ്മിണി വല്യ ഒന്നായതുപോലെയൊക്കെ ഇതിനെ നമുക്ക് വ്യാഖ്യാനിക്കാം. ഈ വ്യാഖ്യാനങ്ങള്‍ക്കുമപ്പുറം, പല വര്‍ണ്ണങ്ങള്‍ കോറിയിട്ട ചിത്രമാണ് പ്രണയം. താളലയ സമ്മിശ്രത്തില്‍ വിരിഞ്ഞ സംഗീതമാണ് പ്രണയം. നൃത്ത നൃത്ത്യത്തില്‍ പൊതിഞ്ഞ നടനമാണ് പ്രണയം. ചുരുക്കത്തില്‍, എന്താണ് പ്രണയം എന്ന് പറയാനാകില്ലെങ്കിലും, എപ്പോഴാണ് രണ്ടുപേര്‍ യഥാര്‍ത്ഥത്തില്‍ പ്രണയത്തിലാവുക എന്ന് പറയാനാകും എന്നാണ് എനിക്ക് തോന്നുക. തങ്ങളെതന്നെ രണ്ടായി കാണാന്‍ പറ്റാത്തവിധം, അവരുടെ ഉള്ളില്‍ എന്നാണോ പ്രകാശം വിരിയുന്നത് അപ്പോള്‍ അവര്‍ പ്രണയത്തിലാണെന്ന് കരുതാം. പൂവിന് സുഗന്ധം പോലെ, മധുവിന് മധുരം പോലെ വേര്‍തിരിച്ചെടുക്കാനാവാത്ത വിധം പരസ്പരം ഒന്നായിത്തീരുന്ന നിമിഷം പ്രണയം വിരിയുന്നു.

ഇത് കേവലം ലൈംഗീക വേഴ്ച്ചയായും ശാരീരികസംഗമമായും മാത്രം ആരും ചിന്തിക്കരുത്. ശരീരത്തിന്‍റെ കൂടിച്ചേരലുകളിലേക്കും, അതിന്‍റെ വൈകൃതങ്ങളിലേക്കും മാത്രമായി പ്രണയം ഒതുങ്ങിപ്പോകരുത്. ശരീരത്തിന്‍റെ കാമനകളെ ഇക്കിളിപ്പെടുത്തുന്ന അപക്വമായ ബന്ധങ്ങളില്‍ ഏര്‍പ്പെട്ട് അതിനെ പ്രണയം എന്ന ഓമനപ്പേരില്‍ വിളിക്കുന്ന വലിയൊരു വിഭാഗം 'പ്രണയജോടികള്‍' (അവരെ ഈ പേരിട്ട് വിളിക്കാമോ എന്നറിയില്ല) ഇന്നത്തെ സമൂഹത്തിലുണ്ട്. ഇത്തരമൊരു അബദ്ധ വിചാരം നമ്മുടെ കുട്ടികളുടേയും മുതിര്‍ന്നവരുടേയും ഇടയില്‍ അരങ്ങുവാഴുന്നുണ്ട്. അവര്‍ക്ക് Sex is not a promise, but only a means to pleasure. 'ഒന്നാകുക' എന്ന പദത്തിന് മനുഷ്യന്‍റെ കേവല വിചാരങ്ങള്‍ക്കപ്പുറമുള്ള ദൈവീക പ്രഭയുണ്ടെന്ന് നാം തിരിച്ചറിയണം. Sex is not a promise but its giving of oneself.

മനുഷ്യനിലെ മൃദുല വികാരങ്ങളെ ഉണര്‍ത്തുകയും, അവന്‍റെ/ അവളുടെ ക്രിയാത്മകമായ ചോദനകളെ ഒരു പരിധിവരെ പരിപോഷിപ്പിക്കുകയും ചെയ്യാനുള്ള സാധ്യത പ്രണയത്തിനുണ്ട്. യഥാര്‍ത്ഥ പ്രണയത്തിന്‍റെ സാധ്യതയും ഉത്തരവാദിത്തവുമാണത്. അവളോടുള്ള പ്രണയത്താല്‍ ഞാന്‍ കവിതകളെഴുതി എന്ന് പറഞ്ഞത് ടെന്നിസണാണ്. എന്‍റെ കഥകള്‍ പകര്‍ത്തിയെഴുതുമ്പോള്‍ അവളുടെ കണ്ണുകളില്‍ വിരിഞ്ഞ ആശ്ചര്യഭാവം, പുതിയ അദ്ധ്യായങ്ങള്‍ കുറിക്കാന്‍ എനിക്ക് ചാലകശക്തിയായി എന്നെഴുതിയത് ദെസ്തോ യവ്സ്കിയാണ്. കൃഷ്ണനോടുള്ള പ്രണയത്തില്‍ മതിമറന്ന് ഗാനമാലപിച്ച് നൃത്തമാടിയത് മീരയാണ്. ഇന്നും പ്രണയം ഒരു ഉത്തേജക ശക്തിയാണ്. അവനിലെ സംഗീതത്തെയും, അവളിലെ നൃത്തത്തെയും, ജീവിതത്തിലെ സ്വപ്നങ്ങളെ മുഴുവനേയും പ്രണയം തന്‍റെ ചിറകുകളിലേറ്റി പുത്തന്‍ ചക്രവാളങ്ങളിലേക്ക് കൊണ്ടുപോകുന്നു. ഒരിക്കലും പാടാത്ത അവന്‍ അവള്‍ക്കായി മൂളിപ്പാട്ടുകള്‍ പാടുമ്പോഴും, പുതിയ രസകൂട്ടുകള്‍ ചേര്‍ത്ത് അവള്‍ അവനായ് വിഭവങ്ങള്‍ ഒരുക്കുമ്പോഴും ഈ പ്രണയമാണ് ആഘോഷിക്കപ്പെടുന്നത്. അനന്തമായ സാദ്ധ്യതകളിലേക്ക് നിന്നെ കൈപിടിച്ചുയര്‍ത്താന്‍ നീ പങ്കു പറ്റുന്ന പ്രണയത്തിന് സാധിക്കുന്നുണ്ടെങ്കില്‍ മാത്രമേ, അത് യഥാര്‍ത്ഥ പ്രണയമാവൂ. ഏതെങ്കിലും ഒരു കോണില്‍ നിനക്കോ നിന്‍റെ സ്വപ്നങ്ങള്‍ക്കോ മതില്‍ കെട്ടുകള്‍ തീര്‍ക്കാന്‍ കല്ലുകള്‍ കുന്നുകൂട്ടപ്പെടുന്നുണ്ടെങ്കില്‍ ഓര്‍ത്തുകൊള്ളുക ആ പ്രണയത്തില്‍ പ്രകാശമില്ല.

'കറ്റ അടുക്കുന്നതു പോലെ നിങ്ങളെ അവന്‍ അവനോട് ചേര്‍ത്ത് വയ്ക്കും. നഗ്നരാക്കാന്‍ വേണ്ടി മെതിക്കും. പുറന്തോടില്‍ നിന്ന് സ്വതന്ത്രരാകുവോളം പാറ്റും. തൂവെള്ളയാകുവോളം പൊടിക്കും. നന്നായി കുഴയ്ക്കും. പിന്നെ പവിത്രക്കനലില്‍ ചുട്ട് ഈശ്വരന്‍റെ വിരുന്നു മേശയിലെ നൈവേദ്യമാക്കും. എന്തിനു വേണ്ടിയാണ് പ്രണയം നിങ്ങളോട് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്നോ-ഹൃദയത്തിന്‍റെ നിഗൂഢതകളെ സ്വയം അറിയാനും ആ അറിവില്‍ പ്രപഞ്ചഹൃദയത്തോട് അഗാധമായി ചേര്‍ന്ന് നില്ക്കാനും' എന്നെഴുതിയത് ഖലീല്‍ ജിബ്രാനാണ്. പ്രണയം പ്രണയിക്കാനുള്ളത് മാത്രമല്ല, അത് കരയാനും ചിരിക്കാനും, കൂട്ടുകൂടാനും കുറുമ്പുകാട്ടി പിരിയാനും, അകലെയായിരിക്കാനും അടുത്തിരിക്കാനുമൊക്കെ ഉള്ളതാണ്. അവിടെ പരാതികള്‍ക്കും പരാധീനതകള്‍ക്കും ഇടമുണ്ട്. അവിടെ വൈകാരികതയുടെ ഋതുചംക്രമണങ്ങള്‍ കാണാനാകും. എല്ലാറ്റിനും ഉപരിയായി, അവിടെ സ്വന്തമാക്കലും നഷ്ടപ്പെടലും ഉണ്ടാകും. ഇത്തരമൊരു പ്രണയത്തെ ഉള്‍ക്കൊള്ളാന്‍ നിനക്കാവില്ലായെങ്കില്‍, പ്രണയത്തിന്‍റെ കുപ്പായം ഊരിയെറിഞ്ഞ് പുറത്തേക്കിറങ്ങിപ്പോവാന്‍ പറഞ്ഞതും ജിബ്രാന്‍ തന്നെയാണ്.

കൊതിച്ചതൊക്കെ കിട്ടണം എന്നതിന്‍റെ പര്യായപദമാണ് പ്രണയം എന്നൊരു അബദ്ധ വിചാരം ഇന്നത്തെ സമൂഹത്തില്‍ അറിയാതെ കടന്നുകൂടിയിട്ടുണ്ട്. അത്തരം ചില വിചാരങ്ങളുടേയും സ്വാധീനങ്ങളുടേയും പ്രകടഭാവങ്ങളാണ് നാം ഇന്ന് അഭിമുഖീകരിക്കുന്ന അസ്വസ്ഥതകള്‍. പ്രണയം നിരസിച്ചു എന്ന ഒറ്റക്കാരണത്താല്‍ ഒരാള്‍ മറ്റൊരാളുടെ ജീവന്‍ അപഹരിക്കുന്നത്ര കൊടുംക്രൂരതയിലേക്ക് ഈ വിഷയം നമ്മെ കൊണ്ട് ചെന്നെത്തിച്ചിരിക്കുന്നു. പ്രണയത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ടായാല്‍, വ്യത്യസ്ത വിചാരങ്ങളുണ്ടായാല്‍ പിന്നെ മുന്നിലുള്ള ഏകവഴി പ്രതികാരം മാത്രമായി ഇന്ന് മാറിയിരിക്കുന്നു. അവിടെ റോസാപ്പൂവിന് പകരം കഠാരയും, ഐസ്ക്രീമിനു പകരം വിഷവും, പെട്രോളുമൊക്കെ ഇടം കണ്ടെത്തുന്നു. പ്രണയനാളുകളിലെ മധുരനിമിഷങ്ങളില്‍ പകര്‍ത്തിയ ഫോട്ടോസും വീഡിയോസുമൊക്കെ പരസ്പരം ഭീഷണിപ്പെടുത്താനും, അപകീര്‍ത്തിപ്പെടുത്താനുമൊക്കെയുള്ള ഉപാധികളായി മാറുന്നു.

നിന്നെയും നീ വിരുന്നൂട്ടിയ പ്രണയത്തേയും ആവശ്യമില്ലെന്ന് പറഞ്ഞ് രണ്ടില്‍ ഒരാള്‍ പടിയിറങ്ങുമ്പോള്‍, മുന്നോട്ടുള്ള യാത്രയില്‍ കൈയ്യില്‍ കരുതാന്‍ പൊതിച്ചോറ് കെട്ടി കൊടുത്ത് യാത്രയാക്കുന്ന സുഹൃത്തായി മാറാന്‍ നമ്മെ പ്രാപ്തരാക്കുന്നതാകണം പ്രണയം.

സമകാലിക പ്രണയബന്ധങ്ങളില്‍ അപചയങ്ങള്‍ സംഭവിക്കാനുള്ള ഒരു പ്രധാന കാരണം, അതില്‍ പലതും വിടരും മുമ്പേ കായ്ക്കുന്നു എന്നതാണ്. വിതയ്ക്കാനൊരു കാലം വളരാനൊരു കാലം, വിളവെടുക്കാനൊരു കാലം എന്ന പഴമൊഴി പ്രണയത്തെ സംബന്ധിച്ചും സാര്‍ത്ഥകമാകണം. ചില സിനിമകളില്‍ പറയുന്നതുപോലെ, കാണണം, പരിചയപ്പെടണം, മേനിയഴകിനപ്പുറം പോസിറ്റീവ്സും നെഗറ്റീവ്സും അറിയണം, നല്ല കൂട്ടുകാരാവണം, പ്രണയിക്കണം, ആ പ്രണയത്തിന്‍റെ പൂര്‍ണ്ണതയില്‍ പരസ്പരം പങ്കുവയ്ക്കണം. ഒന്നാകണം.

രണ്ട്, പ്രണയത്തിലേക്ക് പ്രവേശിക്കുന്ന ഒരാള്‍ തന്‍റെ ചുറ്റുപാടുകളെ മുഴുവന്‍ മറക്കുന്നു എന്നതാണ്. പഠനം, ജീവിതലക്ഷ്യങ്ങള്‍, കുടുംബം, വിദ്യാഭ്യാസ യോഗ്യത, ജീവിതനിലവാരം ഒക്കെ മറന്ന് നടത്തുന്ന ഒരു തെരഞ്ഞെടുപ്പ്. പ്രണയം സമ്മാനിക്കാവുന്ന അദ്ഭുതങ്ങള്‍ക്കുള്ള സാധ്യത ഞാന്‍ തള്ളിക്കളയുന്നില്ല. പക്ഷേ, അന്ധമായ തെരഞ്ഞെടുപ്പുകള്‍ എന്നും പരിഹസിക്കപ്പെടേണ്ടതാണ്. ജീവിതത്തിലെ തീരെ ചെറിയ തെരഞ്ഞെടുപ്പുകള്‍ക്കു പോലും ആഴമായ homework ആവശ്യമാണെന്ന സത്യം നാം ഓര്‍ക്കണം.

മൂന്ന്, ഇന്ന് കാണുന്ന ഒട്ടുമിക്ക പ്രണയബന്ധങ്ങള്‍ക്കും ആരംഭത്തില്‍ പരസ്പരം ആശ്വാസം തേടിയതിന്‍റേയോ കൊടുത്തതിന്‍റേയോ ആയ ഒരു കഥ പറയാനുണ്ടാകും. പ്രണയത്തിലേക്ക് കാല്‍വയ്ക്കുന്ന കുറേ അധികം പേരെങ്കിലും അടിസ്ഥാനപരമായി ആരംഭത്തില്‍ ആഗ്രഹിച്ചത് ആശ്വാസം സമ്മാനിക്കുന്ന ഒരു ഇടമായിരിക്കും എന്നത് തീര്‍ച്ചയാണ്. സംഘര്‍ഷ കലുഷിതവും നിരാശ നിറഞ്ഞതുമായ ഒത്തിരി ജീവിതങ്ങള്‍ നമുക്ക് ചുറ്റിലുമുണ്ട്. സ്വന്തം കുടുംബവും സുഹൃത്തുക്കളും സമ്മാനിക്കാത്ത ചില നന്മകളാണ് പലരേയും ആദ്യം സൗഹൃദത്തിലേക്കും പിന്നീട് പ്രണയബന്ധങ്ങളിലേക്കുമൊക്കെ നയിക്കുന്നത്. ജീവസ്സുറ്റ കുടുംബ പശ്ചാത്തലങ്ങളെ വളര്‍ത്തിയെടുക്കുകയും പരസ്പരം സമ്മാനിക്കുകയും ചെയ്യുക എന്നത് അത്യന്താപേക്ഷിതമാണ്.

നാല്. ആഘോഷങ്ങളുടെ പുറംപൂച്ചുകള്‍ക്കും കെട്ടിമറിച്ചിലുകള്‍ക്കുമപ്പുറം നെഞ്ചോട് ചേര്‍ത്ത് പിടിക്കാവുന്ന സൗഹൃദങ്ങളില്ലാതെ പോകുന്നതും ഈ കാരണങ്ങളോട് കൂട്ടി വായിക്കപ്പെടണം-പ്രധാനമായും സ്ത്രീ- പുരുഷ സൗഹൃദങ്ങള്‍. നമ്മുടെ നാടിന്‍റെ അപജയമായി തന്നെ ഈ വിഷയത്തെ അവതരിപ്പിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. സദാചാരത്തിന്‍റെ കള്ളലേബലില്‍ നാം വെട്ടി മൂടുന്നത് മനുഷ്യ ജീവിതത്തിന്‍റെ തന്നെ ഏറ്റവും ലാവണ്യമേറിയ ഭാവത്തേയാണ്, സ്ത്രീ-പുരുഷ സൗഹൃദം. ആ കാര്യത്തില്‍ ഇനിയും ഒരുപാട് കാതം നാം മുന്നോട്ട് പോകേണ്ടിയിരിക്കുന്നു. യഥാര്‍ത്ഥ സൗഹൃദത്തിന്‍റെ വലയങ്ങള്‍ ഭേദിക്കാനുള്ള ശക്തി അപക്വമായ പ്രണയങ്ങള്‍ക്കില്ല.

അക്കമിട്ട് മേല്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എല്ലാ പ്രണയങ്ങള്‍ക്കും ബാധകമാണ് എന്ന് ഞാന്‍ അവകാശപ്പെടുന്നില്ല. പക്ഷേ, പരാജയപ്പെട്ട, മുറിവേല്പിക്കപ്പെട്ട പ്രണയങ്ങളില്‍ തീര്‍ച്ചയായും ഇവയുടെ സ്വാധീനങ്ങള്‍ തെളിഞ്ഞും മറഞ്ഞും നമുക്ക് കാണാനാകും.

കഠിനമായ ഓട്ടിസം ബാധിച്ച പ്രസിദ്ധയായ ഒരു ശാസ്ത്രജ്ഞയുണ്ട്, പേര് ടെംപിള്‍ ഗ്രാന്‍ഡിന്‍. പ്രണയത്തെക്കുറിച്ച് ആ സ്ത്രീ പങ്കുവയ്ക്കുന്ന മനോഹരമായൊരാശയമുണ്ട്.

"I never loved anyone,
but l Know love is taking
care of others… "

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org