സംശുദ്ധ പ്രണയമേ! നിന്‍റെ പേരോ വാലന്‍റൈന്‍?

സംശുദ്ധ പ്രണയമേ! നിന്‍റെ പേരോ വാലന്‍റൈന്‍?

ബ്രദര്‍ ഗോഡ്സണ്‍ ജോസഫ്

ഉഷസ് പോലെ ശോഭിക്കുന്നവളും ചന്ദ്രനെപ്പോലെ കാന്തിമതിയും സൂര്യനെപ്പോേലെ തേജസ്വിനിയും (ഉത്തമഗീതം 6:10) ആയ തന്‍റെ പ്രിയ പ്രതിശ്രുതവധുവിനെ ജീവിതസഖിയാക്കാന്‍ തീരുമാനിച്ച പടയാളിയുടെ ഹൃദയം നുറുക്കുന്നതായിരുന്നു റോമന്‍ ചക്രവര്‍ത്തിയുടെ ആ രാജവിളംബരം. വിവാഹവാഗ്ദാനം നല്കിയ തന്‍റെ പ്രിയതമയെ വിവാഹം കഴിക്കാന്‍ എതിര്‍ത്ത രാജശാസന തളര്‍ത്തിയപ്പോഴും പടയാളിക്ക് ഉറപ്പായിരുന്നു, കറകളഞ്ഞ സ്നേഹം മാത്രം ആഗ്രഹിച്ച തങ്ങളുടെ സ്നേഹത്തെ പുഷ്കലമാക്കുവാന്‍ ഒരു ദൂതനെപ്പോലെ ഒരുവന്‍ കടന്നുവരുമെന്ന്. ആ ദൂതനായിരുന്ന വി. വാലന്‍റെന്‍. നിര്‍മ്മല സ്നേഹത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ച വി. വാലന്‍റൈന്‍റെ ദിനമാണു (ഫെബ്രുവരി 14) ലോകം മുഴുവന്‍ പ്രണയിതാക്കളുടെ ദിനമായിഘോഷിക്കുന്നത്.
നിര്‍മലവും നിഷ്കളങ്കവുമായ ഹൃദയബന്ധങ്ങള്‍ എന്നും പൂത്തുലയണമെന്ന് ആഗ്രഹിച്ച വാലന്‍റൈന്‍റെ സ്വപ്നം, ലോകമെമ്പാടുമുള്ള പ്രണയിതാക്കള്‍ പരിശുദ്ധ സ്നേഹത്തില്‍ വേരുപാകി വളരണമെന്നതായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഉത്തരാധുനികതയുടെ ശീതക്കാറ്റില്‍, പാശ്ചാത്യനാടുകളില്‍ ക്രൈസ്തവ പാരമ്പര്യത്തോടു ചേര്‍ന്നു വളര്‍ന്ന വാലന്‍റൈന്‍സ് ഡേയുടെ വര്‍ണത്തൂവലുകള്‍ ചിതറിക്കപ്പെട്ടു തുടങ്ങിയിരിക്കുന്നു. പ്രണയത്തിന്‍റെ യഥാര്‍ത്ഥ ചൈതന്യം അപ്രത്യക്ഷമായി, നിയന്ത്രണം നഷ്ടപ്പെട്ട ഒരു പട്ടംപോലെ ദേശങ്ങളും സംസ്കാരങ്ങളും അതിലംഘിച്ച് അതിവേഗം വളര്‍ന്നു കഴിഞ്ഞു നമ്മുടെ "പ്രിയ വാലന്‍റൈന്‍സ്" ദിനം?
അനുരാഗത്തിന്‍റെ വ്യത്യസ്തങ്ങളായ ഭാവനാസങ്കല്പങ്ങള്‍ക്കു തീപ്രഭാവം കൈവരുന്ന പ്രണയവികാരങ്ങളുടെ കാലഘട്ടമാണല്ലോ കൗമാരവും യുവത്വവും. അമിത വൈകാരിക വര്‍ണനകളെ നിയന്ത്രണവിധേയമാക്കി മിതത്വം പാലിച്ചില്ലെങ്കില്‍ ശക്തമായ പ്രേമം ചിലപ്പോള്‍ നമ്മെ മരണവക്കോളം എത്തിക്കും (ഉത്തമഗീതം 3:6).
പ്രണയവും മരണവും നമ്മുടെ ജീവിതത്തിലെ ക്ഷണിക്കപ്പെടാത്ത അതിഥികളാണെന്നു തിരിച്ചറിയാം. ഇതര വര്‍ഗത്തിന്‍റെ വ്യക്തിത്വവും നമുക്ക് അനുയോജ്യമെന്നു തോന്നുന്ന സ്വഭാവചേഷ്ടകളുമാണ് ഒരാളോടു താത്പര്യം തോന്നുന്നതിന്‍റെ മുഖ്യഘടകം. എന്നാല്‍ പ്രണയം അഭൗമികമായി ഉണ്ടാകേണ്ട 'വിശിഷ്ട വികാരമാണ്' എന്നു പലരും വിസ്മരിക്കുന്നു. അഭൗമികമായതിനെ ഭൗമികമായതുകൊണ്ടു വാങ്ങാന്‍ ശ്രമിക്കരുത്. വ്യര്‍ത്ഥവും പരിഹാസ്യവുമാണത്. അതുകൊണ്ടാണല്ലോ, "പ്രേമം വിലയ്ക്കു വാങ്ങാന്‍ സര്‍വ സമ്പത്തും കൊടുത്താലും അത് അപഹാസ്യമാവുകയേയുളളൂ" (ഉത്തമഗീതം 8:4) എന്നു വേദവാക്യം സാക്ഷിക്കുന്നത്. ആയതിനാല്‍ കാല്‍വരിയില്‍ അങ്ങേറിയ നിഷ്കളങ്കസ്നേഹത്തിന്‍റെ കറതീര്‍ന്ന ആവിഷ്കരണം നമ്മുടെ പ്രണയപരിസരങ്ങള്‍ക്കു വഴികാട്ടിയാകട്ടെ….

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org