പ്രോത്സാ​ഹനത്തിന്റെ വില

പ്രോത്സാ​ഹനത്തിന്റെ വില

ഒന്നര നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഒരു ചെറുപ്പക്കാരന്‍ വലിയൊരു എഴുത്തുകാരനാകാന്‍ മോഹിച്ചു. സാഹചര്യങ്ങള്‍ അവനെതിരായിരുന്നു. കുട്ടിക്കാലം ദുരിതപൂര്‍ണവും വേദനനിറഞ്ഞതുമായിരുന്നു. നാലാം ക്ലാസ്സുവരെ പഠിക്കുവാനേ അവനു സാധിച്ചുള്ളൂ. പഠിക്കുവാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും കുടുംബത്തിലെ സാമ്പത്തികബുദ്ധിമുട്ടുകള്‍ കാരണം അവന്‍ പഠനം നിര്‍ത്തി. ഒരു ചെറിയ ഫാക്ടറിയില്‍ ജോലി ചെയ്തു കഷ്ടിച്ചു ജീവിതം തള്ളിനീക്കി. ദരിദ്രരായ മറ്റു ചെറുപ്പക്കാരോടൊപ്പം ലണ്ടനിലെ ചേരികളിലൊന്നില്‍ അയാള്‍ ജീവിച്ചുവന്നു.

സാഹിത്യത്തോട് അവന് അത്യധികമായ അഭിരുചിയും താത്പര്യവും ഉണ്ടായിരുന്നു. കൂട്ടുകാരൊന്നുംതന്നെ അറിയാതെ വളരെ രഹസ്യമായി അവന്‍ എഴുതിയ സാഹിത്യകൃതികള്‍ പ്രസാധകര്‍ക്ക് അയച്ചുകൊടുക്കുമായിരുന്നു. മറ്റുള്ളവര്‍ തന്‍റെ കഥയും കവിതയും കണ്ടു കളിയാക്കുമോ എന്നായിരുന്നു അവന്‍റെ ഭയം. ഒരു ദിവസം അവന്‍ ഒരു പത്രാധിപര്‍ക്ക് തന്‍റെ ഒരു ചെറുകഥ അയച്ചുകൊടുത്തു. ദിവസങ്ങള്‍ കഴിഞ്ഞു പത്രാധിപരുടെ മറുപടി അവനു കിട്ടി. അയാള്‍ എഴുതിയ ചെറുകഥ പത്രത്തില്‍ പ്രസിദ്ധീകരിക്കുന്നു എന്ന വിവരം പത്രാധിപര്‍ അവനെ അറിയിച്ചു. ഈ വാര്‍ത്ത അയാള്‍ക്കു വളരെയധികം സന്തോഷം നല്കി. അയാള്‍ക്കു ലഭിച്ച മറുപടിക്കത്തില്‍ ചെറുകഥയിലെ ഭാഷാചാതുരിയെയും കഥയെയും മുക്തകണ്ഠം പ്രശംസിച്ചിരുന്നു. ഈ പ്രശംസയും തന്‍റെ കൃതിയുടെ പ്രസിദ്ധീകരണവും ആ യുവാവിന്‍റെ ജീവിതത്തിലെ ഒരു വലിയ വഴിത്തിരിവായിരുന്നു. പത്രാധിപരുടെ പ്രശംസയും അംഗീകാരവും അയാളെ ഏറെ സ്വാധീനിച്ചു. അത് അയാളില്‍ ആത്മാഭിമാനവും ആത്മവിശ്വാസവും വര്‍ദ്ധിപ്പിച്ചു. തുടര്‍ന്ന് ആദ്യത്തേക്കാളും മെച്ചപ്പെട്ട കൃതികള്‍ അയാള്‍ രചിച്ചു.

മറ്റാരുമായിരുന്നില്ല ആ യുവാവ്; സാക്ഷാല്‍ ചാള്‍സ് ഡിക്കന്‍സ്! ലോകപ്രശസ്തനായ ആ നോവലിസ്റ്റിനു വളരെയേറെ പ്രചോദനം നല്കിയ പ്രശംസാപത്രമായിരുന്നു പത്രാധിപരുടെ കത്ത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org