|^| Home -> Suppliments -> Familiya -> ജാഗ്രതൈ! കൊറോണയെക്കാള്‍ പബ്ജി വില്ലനായേക്കാം

ജാഗ്രതൈ! കൊറോണയെക്കാള്‍ പബ്ജി വില്ലനായേക്കാം

Sathyadeepam

ചില വീഡിയോ ഗെയിം വീട്ടുവിചാരങ്ങള്‍, വീണ്ടുവിചാരങ്ങള്‍…


ഡോ. തോമസ് പനക്കളം

മലയാളം വകുപ്പ് മേധാവി, ഭാരതമാതാ കോളേജ്, തൃക്കാക്കര

ലോക്ക്ഡൗണ്‍ കാലത്ത് എല്ലാവരും വീട്ടിനുള്ളിലാണ്. പുറം ഇഷ്ടപ്പെട്ടിരുന്നവരെല്ലാം അകത്തെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു. അകത്തും പുറത്തും പ്രകാശം പരക്കുന്ന വാര്‍ത്തകളൊത്തിരിയുണ്ട്. ‘ലോകം മുഴുവന്‍ സുഖംപകരണേ’യെന്ന പ്രാര്‍ത്ഥനയും പാട്ടും മുതല്‍ പാത്രം കൊട്ടും, പടംപിടുത്തവും, ഓണ്‍ലൈന്‍ മത്സരങ്ങളും കൂട്ടായ്മകളും കലാവതരണങ്ങളും അങ്ങനെയങ്ങനെ കാക്കത്തൊള്ളായിരം കാര്യങ്ങള്‍. ഇതിനിടയിലാണ് പത്തനംതിട്ടയിലെ കൊടുമണ്ണില്‍നിന്ന് ആ വാര്‍ത്ത വന്നത്. ലോക്ക്ഡൗണായതുകൊണ്ടും വലിയ വാര്‍ത്ത കൊറേണയായതു കൊണ്ടും അത് അത്രമേല്‍ ശ്രദ്ധിക്കപ്പെട്ടില്ല. സഹപാഠികള്‍ ചേര്‍ന്ന് കൗമാരക്കാരനെ കൊന്നത് എന്തിന് എന്ന ചോദ്യമുയരുന്നില്ലേ? ഉത്തരം വീഡിയോ ഗെയിം കളി സംബന്ധിച്ചുണ്ടായ തര്‍ക്കവും ഗെയിം തോറ്റുപോയതില്‍ പരിഹസിക്കപ്പെട്ടതിലുള്ള ഇച്ഛാഭംഗവും. തീര്‍ന്നു എന്ന് വിചാരിക്കരുത് അവര്‍ എങ്ങനെ ആ മനോഭാവത്തിലെത്തി എന്നു കൂടി അറിഞ്ഞാലേ കഥ പൂര്‍ണ്ണമാകൂ. ആ വാര്‍ത്ത ഉണര്‍ത്തുന്ന ചില വീഡിയോ ഗെയിം വിചാരങ്ങളാണ് ഈ ലേഖനം.

വീഡിയോ ഗെയിം വില്ലനോ?
വീഡിയോ ഗെയിം വില്ലനാണോ? ചോദ്യം കേള്‍ക്കുമ്പോള്‍ നെറ്റിചുളിയുന്ന പലരുമുണ്ട് നമുക്കിടയില്‍. മൊബൈല്‍ അങ്ങോട്ട് ഓണ്‍ ചെയ്ത് കൊടുത്താല്‍ പിന്നെ എന്‍റെ പിള്ളേരെക്കൊണ്ട് ഒരു ശല്യോം ഇല്ല. എത്ര മണിക്കൂറുവേണേലും അതും നോക്കി ഇരുന്നോളും. തത്വം പറയുന്നവര്‍ക്കങ്ങ് പറയാം. എന്നാ പാടാന്നേ ഇതുങ്ങളെ പോറ്റാന്‍. പൊതുവെ മാതാപിതാക്കളുടെ പ്രതികരണം ഇവ്വിധമാകും. കുറച്ചുകൂടിക്കടന്ന് അതിന്‍റെ ഗുണപരമായ കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച നടത്താന്‍ ഇറങ്ങിത്തിരിക്കും ചിലര്‍. കുട്ടികള്‍ക്ക് പ്രോബ്ലം സോള്‍വിങ്ങ് ശേഷി വര്‍ദ്ധിക്കും, വിമര്‍ശനാത്മക ചിന്ത വളര്‍ത്തും, കൈയ്യും കണ്ണും ഒന്നിക്കും, ടീം വര്‍ക്കിലെത്തിക്കും, ശ്രദ്ധകൂട്ടും, ലക്ഷ്യവേദിയാവും സമ്മര്‍ദ്ദങ്ങളകറ്റുമെന്നെല്ലാം അക്കൂട്ടര്‍ തട്ടി മൂളിക്കും. കാടടച്ച് വീഡിയോ ഗെയിമിനെ കുറ്റം പറയാനൊന്നുമില്ല കോട്ടോ? മുകളില്‍ പറഞ്ഞതില്‍ ചില സത്യങ്ങളും അര്‍ത്ഥ സത്യങ്ങളുമുണ്ട്. പക്ഷെ, ഏത് ഗെയിം കളിച്ചാല്‍, ആര് കളിച്ചാല്‍, എത്രനേരം കളിച്ചാല്‍, ആരുമായി കളിച്ചാല്‍ തുടങ്ങിയ ചോദ്യങ്ങളോടനുബന്ധിച്ചാണ് ഈ നന്മകളും കൂടിയിരിക്കുന്നത്.

റഫറിയില്ലാത്ത കളി
ലൈവായ ഏത് ഗെയിമിന്‍റെയും പ്രത്യേകത അതിന് ഒരു മേല്‍നോട്ടക്കാരന്‍ ഉണ്ടെന്നതാണ്. വെര്‍ച്വല്‍ ലോകത്ത് നിങ്ങളെ നിയന്ത്രിക്കാന്‍ ആരുമില്ല. അതുകൊണ്ട് എന്തുമാവാമെന്നാണോ? ഒന്നോര്‍ത്താല്‍ നന്ന്, തല ചൊറിയുന്നത് തീക്കൊള്ളികൊണ്ടാണെന്ന്. റഫറിയുണ്ടെങ്കില്‍ നിയന്ത്രിക്കും. ഫൗള്‍ വിളിക്കും. മഞ്ഞ കാര്‍ഡു നല്‍കും ഇവിടെ അവരവര്‍ സ്വയം നിയന്ത്രിക്കണം. അതിനുള്ള പ്രായമോ പക്വതയോ ഇല്ലാത്ത കുഞ്ഞുങ്ങള്‍ വലക്കണ്ണികളില്‍ വീണുപോകും. അപകടം വന്നിട്ട് ചികിത്സ തേടുന്നതിലും നല്ലത് വരാതെ നോക്കലല്ലേ? പബ്ജിപോലെയുള്ള ഗെയിമുകള്‍ വേഗത്തില്‍ കുട്ടികളെ അടിമകളാക്കും. വെര്‍ച്വല്‍ യുദ്ധമുഖത്ത് അവര്‍ നല്ല പോരാളികളാവാം. എന്നാല്‍ ജീവിതത്തിലെ തോല്‍വി അവര്‍ക്ക് താങ്ങാനാവില്ല. കോഴിക്കോട്ടെ ഒരു കൗമാരക്കാരന്‍റെ അപ്പനും അമ്മയും പറഞ്ഞ കഥയിങ്ങനെ. ദിവസങ്ങളായി മകന്‍റെ മുറിയില്‍ നിന്നും ശബ്ദങ്ങള്‍ കേള്‍ക്കുന്നു. എല്ലാ ദിവസവും അവനോട് ചോദിക്കും എന്താ നിന്‍റെ മുറിയില്‍ ബഹളമെന്ന്? “ഓ, അത് ഞാന്‍ വീഡിയോ ഗെയിം കളിക്കുവാ” എന്ന് അവന്‍ മറുപടി പറയും. ഗെയിമല്ലേ, അവര്‍ അത് അത്ര കാര്യമാക്കിയില്ല. ഒരു ദിവസം വെളുപ്പിന് 4 മണിക്ക് മകന്‍റെ മുറയില്‍ നിന്ന് വലിയ ബഹളം കേട്ട് അപ്പനും അമ്മയും ഓടിച്ചെന്ന് വാതിലില്‍ മുട്ടി. വാതില്‍ തുറന്നില്ല. എന്നു മാത്രമല്ല ബഹളം തുടരുകയും ചെയ്തു. ആറുമണിയോടെ കതകുതുറന്ന് പുറത്തു വന്ന മകനോട് അവര്‍ നീയെന്താ കതക് തുറക്കാത്തത് എന്ന് ചോദിച്ചപ്പോള്‍ “ഞാന്‍ കതക് തുറന്നാല്‍ അവരെന്നെ (ഗെയിമിലുള്ളവര്‍) വെടിവെച്ചിടുമെന്നായിരുന്നു” ഉത്തരം. കാര്യങ്ങള്‍ പന്തിയല്ല എന്ന് മനസ്സിലാക്കിയ അവര്‍ മനോരോഗ വിദഗ്ദ്ധന്‍റെയടുത്ത് എത്തിയപ്പോഴാണ് മകന്‍ പബ്ജിക്ക് അടിമയാണെന്ന് മനസ്സിലായത്. മൂന്നു മാസമെടുത്തു ആ കുട്ടി സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചുവരാന്‍. റഫറിയില്ലാക്കളിയുടെ അപകടം വലുതാണെന്ന് ബോധിപ്പിക്കുന്ന ഏറ്റവും ഒടുവിലത്തെ സംഭവമാണ് കൊടുമണ്‍ ദുരന്തം.

പബ്ജിയടക്കമുള്ള കളികളുടെ കെണികള്‍
1. കുട്ടികളിലും കൗമാരക്കാരിലും വയലന്‍സ് വളര്‍ത്തുന്നു
പബ്ജിയടക്കമുള്ള ഒട്ടുമിക്ക ഗെയിമുകളും അക്രമത്തെ നീതീകരിക്കുകയും സാധൂകരിക്കുകയും ചെയ്യുന്നു. അക്രമവാസന ഉള്ളവരില്‍ അത് വളര്‍ത്താനും ഇല്ലാത്തവരില്‍ അത് സൃഷ്ടിക്കാനും ഇത്തരം ഗെയിമുകള്‍ കാരണമാകും. തോല്‍ക്കാന്‍ ഇഷ്ടപ്പെടാത്തവരായി കുട്ടികള്‍ മാറുന്നു. നിത്യജീവിതത്തിലെ ചെറിയ മോഹഭംഗങ്ങള്‍ പോലും അവരെ അക്രമികളാക്കി മാറ്റുന്നു. വീട്ടുസാധനങ്ങള്‍ എറിഞ്ഞ് പൊട്ടിക്കുന്നതും മാതാപിതാക്കളോട് ദേഷ്യപ്പെടുന്നതും അദ്ധ്യാപകരോട് കയര്‍ത്ത് പറയുന്നതും സഹപാഠിയുടെ മൂക്കിടിച്ച് ചതയ്ക്കുന്നതുമെല്ലാം അതിന്‍റെ പ്രാരംഭദശയാണ്.

2. ഗെയിമുകള്‍ നിങ്ങളെ അടിമകളാക്കും
നിരന്തരമായ ഗെയിംകളികളില്‍ ഏര്‍പ്പെടുന്നവരെ പോകെ, പോകെ ആ ഗെയിം അടിമയാക്കി മാറ്റും. ലഹരി ഉപയോഗത്തെക്കാള്‍ കടുത്ത അടിമത്വം ഗെയിമുകള്‍ ഉണ്ടാക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. (ഗെയിം തന്നെ ജീവിതം എന്ന അവസ്ഥയുണ്ടാകും.)

3. സാമൂഹ്യബന്ധങ്ങള്‍ ഇല്ലാതാക്കും
മനുഷ്യന്‍ സാമൂഹ്യജീവിയാണെന്ന് പറയാറുണ്ടല്ലോ? ഗെയിമുകള്‍ക്ക് അടിമയാകുന്നതോടെ വ്യക്തി അയാളിലേയ്ക്ക് ഒറ്റപ്പെടുന്നു. അയാളുടെ വ്യക്തിബന്ധങ്ങള്‍ ഇല്ലാതാവുകയോ തകരുകയോ ചെയ്യുന്നു.

4. ആരോഗ്യം നശിപ്പിക്കും
നിരന്തരമായ ഗെയിം ഉപയോഗം ഒരാളെ രോഗിയാക്കി മാറ്റും. ഉറക്കമില്ലായ്മ, കണ്ണ് രോഗങ്ങള്‍, കാഴ്ചസംബന്ധിയായ പ്രശ്നങ്ങള്‍, നടുവേദന തുടങ്ങി നിരവധി ശാരീരിക രോഗാവസ്ഥകളിലേയ്ക്ക് ഗെയിമുകള്‍ക്ക് അടിമയായ വ്യക്തി എത്തിച്ചേരുന്നു.

5. മാനസികാരോഗ്യം തകര്‍ക്കും
ശാരീരികമായി രോഗാവസ്ഥയിലായ ഒരാള്‍ ക്രമേണ മാനസിക രോഗിയായി മാറാം. ആശങ്കാരോഗം,വിഷാദരോഗം, മാനസിക സംഘര്‍ഷം തുടങ്ങിയ രോഗാവസ്ഥകളാണ് പ്രധാനമായും ഉണ്ടാവുന്നത്. കൃത്യസമയത്ത് ചികിത്സ ലഭിക്കുന്നില്ലെങ്കില്‍ അയാള്‍ കൂടുതല്‍ അപകടാവസ്ഥയിലെത്താനും സാദ്ധ്യതയുണ്ട്.
മേല്‍പറഞ്ഞവയില്‍ തന്നെ ഉള്‍പ്പെടുന്നവയും അല്ലാത്തതുമായ നിരവധി പ്രശ്നങ്ങളിലേയ്ക്ക് ഒരാളുടെ ജീവിതം വഴുതിമാറാന്‍ ഇടയുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധ പഠനങ്ങളെല്ലാം സൂചിപ്പിക്കുന്നത്.

വീഡിയോ ഗെയിമിനെ വരുതിയിലാക്കാന്‍…
ഗെയിമെന്നല്ല,അധികമായാല്‍ അമൃതും വിഷം തന്നെ. എന്തിനോടും സൗന്ദര്യാത്മക അകലംവേണം. പക്ഷെ, ഏത് ഗെയിം കളിച്ചാല്‍, ആര് കളിച്ചാല്‍, എത്രനേരം കളിച്ചാല്‍,ആരുമായി കളിച്ചാല്‍ തുടങ്ങിയ ചോദ്യങ്ങളോടനുബന്ധിച്ചാണ് ഈ നന്മകളും കൂടിയിരിക്കുന്നത്. എന്ന് നമ്മള്‍ ആദ്യം തന്നെ പറഞ്ഞിരുന്നല്ലോ? ഇനി ഈ ചോദ്യങ്ങളുടെ ഉത്തരത്തിലേയ്ക്ക് കടക്കാം.

1. ഏത് ഗെയിം കളിക്കാം
ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതാണ്. ഓരോ ഗെയിമും ഓരോ പ്രായക്കാര്‍ക്കുള്ളതാണ്. 18 വയസ്സുകാരന്‍റെ ഗെയിം 10 വയസ്സുകാരന്‍ കളിച്ചാല്‍ ആ കുട്ടി അപടകത്തിലാവാന്‍ മറ്റൊന്നും വേണ്ട. പബ്ജി ഗെയിമിന്‍റെ നിര്‍ദേശങ്ങളില്‍ 18/16 വയസ്സിന് മുകളിലുള്ള കുട്ടികള്‍ മാത്രമേ ഗെയിം കളിക്കാവൂ എന്ന് കൃത്യമായി പറയുന്നുണ്ട്. പക്ഷെ, പലപ്പോഴും കുട്ടികള്‍ക്ക് മൊബൈല്‍ കൊടുക്കുന്ന മാതാപിതാക്കള്‍ക്ക് അത് അറിയണമെന്നില്ല. കുട്ടികള്‍ തന്നെ ഗെയിം തിരഞ്ഞെടുക്കുമ്പോള്‍ അവര്‍ കൂടുതല്‍ സാഹസികമായത് തിരഞ്ഞെടുക്കും. അത് പലപ്പോഴും ദോഷകരമാവുന്നവെന്നത് സത്യം.

2. എത്രനേരം കളിക്കാം
രണ്ടാമത്തെ പ്രധാനകാര്യമാണ് കളിക്കുന്ന സമയം.അന്തര്‍ദേശീയ മാനദണ്ഡമനുസരിച്ച് കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ഒരു ദിവസം പരമാവധി അനുവദിച്ചിട്ടുള്ള സ്ക്രീന്‍ സമയം 2 മണിക്കൂറാണ്. ടെലിവിഷനും കമ്പ്യൂട്ടറും മൊബൈലുമടക്കം പരമാവധി ഇലക്ട്രോണിക്ക് സ്ക്രീന്‍ ടൈമാണിത്. എന്നു വച്ചാല്‍ ഒരു കുട്ടിക്ക് പരമാവധി ഗെയിം കളിക്കാന്‍ ഉപയോഗിക്കാന്‍ അനുവദനീയമായ സമയം ഒരു മണിക്കൂറാണ്. അത് ഉറങ്ങുന്നതിന് നാലുമണിക്കൂറെങ്കിലും മുന്‍പാവണം ഈ സമയം.

3. ആരുമായി കളിക്കാം
മൂന്നാമത്തെ പ്രധാനകാര്യമാണ് കുട്ടികള്‍ ആരുമായി ഗെയിം കളിക്കുന്നുവെന്നത്. കൂട്ടുകാരുമായി, പരിചയക്കാരുമായി, ബന്ധുക്കളുമായി ഒക്കെയാണെങ്കില്‍ സംഗതി വലിയ കുഴപ്പമില്ല. അല്ലെങ്കില്‍ കാര്യം പ്രശ്നമാണ്. പബ്ജിയുടെ കാര്യം പറഞ്ഞാല്‍ അജ്ഞാതമായ ഒരു യുദ്ധഭൂമിയില്‍ അപരിചിതരുമായാണ് ആ ഗെയിം ഒട്ടുമിക്കപേരും കളിക്കുന്നത്. അത് കെണിയാവാം. നിങ്ങള്‍ക്ക് അറിയാത്ത ആ ആളുകളുടെ പെരുമാറ്റവും അജ്ഞാതമാണല്ലോ? അത് ചിലപ്പോള്‍ വലിയ ചതിക്കുഴിപോലുമാകാം. അതുപോലെതന്നെ അവരുടെ പ്രായം, മനോഭാവം ഇതെല്ലാം കളിയെ ബാധിക്കും.

മാതാപിതാക്കള്‍ ജാഗ്രത! കതിരില്‍ വളം വെച്ചിട്ടെന്തു കാര്യം
പലപ്പോഴും ശ്രദ്ധിക്കേണ്ട പ്രായത്തിലും കാലത്തിലും കുട്ടികളെ ശ്രദ്ധിക്കാത്ത മാതാപിതാക്കള്‍ കുട്ടികള്‍ ഗെയിം അഡിക്ടാണെന്ന് അറിഞ്ഞുകഴിഞ്ഞാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവരിക. അത് അവരെ റിബലാക്കി മാറ്റും. മൂന്നൂം നാലും വയസ്സില്‍ ഫോണ്‍ കൊടുത്തിട്ട് 15 വയസ്സില്‍ വിലക്കിയാല്‍ ചിലപ്പോള്‍ പ്രതികരണം നാം പ്രതീക്ഷിക്കുന്നതാവില്ല. നമ്മുടെ പല മാതാപിതാക്കളും വിചാരിക്കുന്നത് പേരന്‍റിങ്ങ് എന്നത് കൗമാരത്തില്‍ ചെയ്യേണ്ട കാര്യമെന്നാണ്. ഗര്‍ഭത്തില്‍ കുഞ്ഞ് ഉരുവാകുന്നതു മുതല്‍ ആരംഭിക്കേണ്ടതാണ് അത്.ചെറിയ പ്രായത്തിലൊന്നും തിരുത്താതെ കൗമാരത്തിലോ യൗവ്വനത്തിലോ തീവ്രസ്വരത്തില്‍ അത് ചെയ്യുമ്പോള്‍ കുട്ടികള്‍ മാതാപിതാക്കളുടെ ശത്രുക്കളായി മാറും. അതു മാതാപിതാക്കള്‍ തിരിച്ചറിയണം. പ്രശസ്ത മനോരോഗ വിദഗ്ദ്ധനായ ഡോ. സി.ജെ. ജോണിന്‍റെ വാക്കുകളാണ് ഇത്. നിയന്ത്രണം എന്തിനെന്ന് മക്കളെ ബോദ്ധ്യപ്പെടുത്തണം. നിന്‍റെ പ്രായത്തിന് ഇത് ചേരാത്തതുകൊണ്ടാണ്, മോന് ഈ കളി അപകടമാണ്. എന്നൊക്കെ കളിയുടെ ദൂഷ്യവശങ്ങള്‍ കുട്ടികളെ പറഞ്ഞ് മനസ്സിലാക്കണം. അവരെന്ത് കാണുന്നു, എന്ത് കളിക്കുന്നുവെന്നെല്ലാം കുട്ടിക്കാലത്തു തന്നെ നിരീക്ഷിക്കണം. ഇതിനെല്ലാം സമയമെവിടെ എന്ന ചോദ്യം മനസ്സിലുയരുന്നുണ്ടല്ലേ? നമ്മുടെ മക്കളുടെ ജീവിതമാണ,് അതിന് നമ്മുടെ ക്വാളിറ്റി ടൈം കൊടുത്തേ മതിയാവൂ.

നമ്മുടെ കുഞ്ഞുങ്ങള്‍ തോല്‍ക്കാന്‍ പഠിക്കട്ടെ
നമ്മുടെ കുഞ്ഞുങ്ങളെ ജയിക്കാന്‍ മാത്രമാണ് നാം പഠിപ്പിക്കുന്നത്. ഇനിയവരെ തോല്‍ക്കാനും പഠിപ്പിക്കണം. വിയര്‍പ്പുവീഴാത്ത ഭക്ഷണവും, പടപൊരുതാത്ത വിജയവും അലയാതെ നേടിയ നേട്ടങ്ങളും കണ്ണീരില്ലാത്ത കവിതയും കുറ്റകരമാണെന്ന് അവര്‍ പഠിക്കണം. പാടത്തും പറമ്പിലുമവര്‍ നടക്കണം. മണ്ണിന്‍റെ മണമറിയണം. വിത്തുമുളയ്ക്കുന്നതിന്‍റെ കൗതുകം കാണണം. മഴയില്‍ നനഞ്ഞ് പനിക്കണം. പ്രകൃതിയെ തൊട്ടറിയണം. അപ്പോള്‍ ചിരിയും കരച്ചിലും ഒരു നാണയത്തിനുരുപുറമെന്ന് അവര്‍ തിരിച്ചറിയും.

ഇടയ്ക്കുകണ്ണീരുപ്പുപുരട്ടാ-
തെന്തിനു ജീവിത പലഹാരം
………………………………………………..
എനിക്കുരസമീ നിമ്ന്നോന്നതമാം
വഴിക്കുതേരിരുള്‍ പായിക്കാന്‍
ഇതേതിരുള്‍ക്കുഴിമേലുരുളട്ടെ
വിടില്ല ഞാനീ രശ്മികളെ …
(ഇടശ്ശേരി-അമ്പാടിയിലേ യ്ക്ക് വീണ്ടും…)

എന്ന് ഇടശ്ശേരിയെപ്പോലെ അവര്‍ പാടണം. തോല്‍ക്കില്ല, മക്കളെ നിങ്ങളൊരിക്കലും ജീവിതത്തില്‍.

Leave a Comment

*
*