പുല്‍ക്കൂട്

പുല്‍ക്കൂട്


മരിയ റാന്‍സം

ഒക്ടോബറിന്‍റെ അവസാനം, കൊച്ചിയുടെ മൊത്തവ്യാപാര കേന്ദ്രത്തിന്‍റെ തലസ്ഥാനമായ ബ്രോഡ്വേയിലെ മേത്തര്‍ ബസാറിലൂടെ നടക്കുമ്പോള്‍ ഒരു കാഴ്ച ശ്രദ്ധയില്‍പ്പെട്ടു. പല കടകളിലെയും സാധന സാമഗ്രികള്‍ വലിയ പെട്ടികളിലേക്ക് അടുക്കിവെയ്ക്കുന്നു. കൂട്ടത്തോടെയുള്ള ഈ കട കാലിയാക്കല്‍ പ്രക്രിയയുടെ കാരണമന്വേഷിച്ചപ്പോള്‍ കിട്ടിയ മറുപടി ഇതാണ്. ക്രിസ്മസ്സ് ഡെക്കറേഷന്‍ ഐറ്റംസ് ഒരാഴ്ചക്കുള്ളില്‍ എത്തും, നവംബര്‍ പകുതി മുതല്‍ പിന്നീട് ചാകരയാണത്രെ, ചാകര. ഈ ചാകരകൊണ്ട് വേണം ഒരു വര്‍ഷത്തെ എല്ലാ നഷ്ടങ്ങളും നികത്താന്‍. സംഗതി ഉഷാറാവട്ടെ എന്ന് ആശംസിച്ചതിനൊപ്പം മനസ്സ് ഡബിള്‍ ബെല്ലടിച്ച് 80 കളിലെ ഡിസംബറിലേക്ക് പോയി, അന്ന് ഏട്ടനൊപ്പം ലാലു ലീല കളിച്ചു നടക്കുന്ന പ്രായമാണ്. ഒരു നവംബറിന്‍റെ പകുതിയിലാണ് അച്ചാച്ചനെന്ന് വിളിക്കുന്ന വീട്ടിലെ നട്ടെല്ല്, കുട്ടികളായ ഞങ്ങള്‍ കേള്‍ക്കാന്‍ കാത്ത് കാത്തിരുന്ന ആ പ്രഖ്യാപനം നടത്തുന്നത്. പുത്തന്‍ പിള്ളാരുടെ ഭാഷയില്‍ 'അന്തസ്സ്' ആയിരുന്ന പ്രഖ്യാപനം ഇതായിരുന്നു. 'ഇക്കൊല്ലത്തെ പുല്‍ക്കൂട് നിങ്ങള്‍ കുട്ടികള്‍ സ്വന്തമായി കെട്ടിക്കോളു. മുതിര്‍ന്നവര്‍ സഹായിക്കാന്‍ മാത്രമേ ഉണ്ടാകൂ '….പണ്ട് പഞ്ഞം പട വസന്ത കാലഘട്ടത്തില്‍, ജാനുവരി മുതല്‍ നവംബര്‍ വരെയുള്ള അലച്ചിലും മടുപ്പും ഇല്ലാതാക്കാനുള്ള ചാകര ആയിരുന്നല്ലോ ക്രിസ്സ്മസ്? സ്ഥിരം റേഷനരിയില്‍നിന്നും മോചനം, വീടിന് കുമ്മായം പൂശല്‍, പൊളിഞ്ഞു തുടങ്ങിയ വേലികെട്ടല്‍ മുതല്‍, പാലപ്പം സ്റ്റൂ, അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേക്ക്, പുല്‍ക്കൂട് കെട്ടല്‍, പാതിരാ കുര്‍ബാന, അമ്മവീട് സന്ദര്‍ശനം തുടങ്ങി വിവിധങ്ങളായ ആകര്‍ഷണങ്ങളാണ് കലണ്ടറിലെ അവസാന താളില്‍ ഒളിഞ്ഞിരിക്കുന്നത്. വീട്ടിലെ പൊടിക്കുപ്പി ചെക്കനും, ഷെമീസുകാരി പെണ്ണിനുമൊക്കെ പാകതയും പക്വതയും വന്നു എന്ന് സ്വയം തോന്നുന്നതും, മറ്റുള്ളവര്‍ക്ക് ബോധ്യപ്പെട്ട് കിട്ടുന്നതും ഈ ക്രിസ്മസ് കാലത്തായിരുന്നു എന്നാണ് തോന്നുന്നത്. കാരണം മേല്‍പ്പറഞ്ഞ പുല്‍ക്കൂട് നിര്‍മ്മാണമാണ് ആണൊരുത്തന്‍റെ ചുമലില്‍ കാരണവന്മാര്‍ ആദ്യമായി ഏല്‍പ്പിക്കുന്ന ദൗത്യം. ഉരലിന്‍റെ പുറത്ത് പോകാതെ അരി ഇടിക്കാനും, പാലപ്പത്തിന്‍റെ അടി കറുക്കാതെ അരികില്‍ റേന്ത വരുത്താനുമുള്ള ചലഞ്ച് പെണ്ണൊരുത്തി ഏറ്റെടുക്കുന്നതും ക്രിസ്സ്മസിനായിരുന്നു എന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. ഡിസംബര്‍ ആദ്യവാരം മുതല്‍ തുടങ്ങുന്ന പുല്‍ക്കൂട് ഒരുക്കത്തെക്കുറിച്ച് മാത്രം ഒന്നോര്‍ത്ത് നോക്കിയേ…. സത്യമല്ലേ? വ്യക്തിത്വ വികസന ക്യാംപും, നേതൃത്വ പരിശീലനവും, തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും എന്ന് തുടങ്ങി സാമ്പത്തിക ആസുത്രണവും വരെ ഒറ്റച്ചരടില്‍ കോര്‍ത്ത 25 ദിവസങ്ങള്‍.

ചില്ല് ഗ്ലാസ്സും പിഞ്ഞാണവും പോലും സൂക്ഷിച്ച് ഉപയോഗിക്കാനാവാത്ത കുട്ടീസ്, എത്ര സൂഷ്മതയോടും ഉത്തരവാദിത്വത്തോടും കൂടിയാ ചിറകറ്റ മാലാഖയെയും, കഴുത്തൊടിഞ്ഞ ആട്ടിടയനെയും സൂക്ഷിച്ചിരുന്നത്. ഏതാണ്ട് ഡിസംബര്‍ 15 ഓടെ കൃഷിപാഠം ആരംഭിക്കും. ഒരു രാത്രി കുതിര്‍ത്ത് വച്ചതിനയും നെല്ലുമൊക്കെ വിതറുന്ന കൂട്ടത്തില്‍ കുറച്ച് അരിമണികൂടി വിതറി ഉറുമ്പിനെ കളിപ്പിച്ച്…. ഒപ്പം സമാന്തരമായി മറ്റ് അലങ്കോല പണികളും ആരംഭിക്കും. പുല്ലുവെട്ടി ഉണക്കി കൂടിനുള്ള മേല്‍ക്കൂര തയ്യാറാക്കി പട്ടിക കൊണ്ടുള്ള ഫ്രെയ്മില്‍ ഉറപ്പിക്കുമ്പോഴേക്കും, ആണിയില്‍ കൊള്ളേണ്ട ചുറ്റികയുടെ അടിയും അരിവാളിന്‍റെ മൂര്‍ച്ചയുമൊക്കെ അറിഞ്ഞറിഞ്ഞ് കൈക്കരുത്തേറിയിട്ടുണ്ടാവും. രണ്ട് സ്റ്റിച്ച് ഇടേണ്ട മുറിവ് വരെ പിടിച്ച് നിറുത്താന്‍, കമ്യൂണിസ്റ്റ് പച്ചയുടെ നീറുന്ന ചാറും, ഓലമടലിന്‍റെ പൊരിഞ്ഞിനും ധാരാളം. കുമ്മായം കലക്കി വെള്ള പൂശാനും ഇഷ്ടിക പൊടിച്ച് ബോര്‍ഡറടിക്കാനും തുടങ്ങുന്നതോടെ ടെക്നിക്കാലിറ്റീസിന്‍റെ പ്രാഗല്‍ഭ്യം തെളിഞ്ഞ് തെളിഞ്ഞ് വരും. മുളചീന്തി പേപ്പര്‍ ഒട്ടിച്ച് വന്‍ സെറ്റപ്പ് നക്ഷത്രം വേണോ, ഈര്‍ക്കില്‍ ചീന്തി കുഞ്ഞന്‍ താരകത്തില്‍ അഡ്ജസ്റ്റ് ചെയ്യണോ എന്നൊക്കെയുള്ള സാമാന്യബോധത്തിന്‍റെ പ്രാക്ടിക്കല്‍ ക്ലാസ്സാണ് അടുത്തത്. ഒന്നര അടി പുല്‍ക്കൂട്ടില്‍ 6 അടി ക്രിസ്മസ് ട്രീ അന്നാളില്‍ പ്രഹസനമായിരുന്നു എന്നാണ് ഓര്‍മ്മ.

മല, കുന്ന്, വയല്‍, തോട്, കിണറ്, കുളം, പാടവരമ്പ്, വരമ്പിന് വേലി എന്ന് വേണ്ട ഒരു ചെറിയ ശാസ്ത്രമേളക്ക് വേണ്ട ഐറ്റംസ് കിട്ടാന്‍ ഒരു വെട്ടുവഴിയിലുള്ള 10 വീട്ടില്‍ കയറിയാല്‍ മതിയായിരുന്നില്ലേ?

തോട്ടില്‍നിന്ന് വെള്ളം തിരിക്കാന്‍ റബര്‍ കായക്കുള്ളില്‍ തീപ്പെട്ടിക്കോല് കുത്തിയൊരു പ്രയോഗമുണ്ട്. ആ പരിപാടിയില്‍ മിടുക്കനായ ചേട്ടന്‍ നാട്ടിലെ ഹീറോ ആയിരുന്നു. സഹായ സംഘങ്ങള്‍ രൂപീകരിച്ചാവും മിക്കവാറും പണികളെല്ലാം. കാരണം കൂടുകെട്ടാനറിയുന്ന കുരിപ്പിന് പെയ്ന്‍റടി വശമുണ്ടാകില്ല. അയല്‍പക്ക-ബന്ധു വീടുകളിലെ വിദഗ്ദ്ധര്‍ സഹകരണാടിസ്ഥാനത്തില്‍ സഹകരിച്ചാവും മിക്കവാറും ഓരോ വീട്ടിലെയും പണികള്‍ പൂര്‍ത്തിയാക്കുന്നത്.

തൂമ്പ, പാര, വെട്ടുകത്തി, കരണ്ട് മുതലായ അപകടങ്ങളെ, ചില്ലറ നാശനഷ്ടങ്ങള്‍ വരുത്തിയാലും കൈകാര്യം ചെയ്യാന്‍ നമ്മള്‍ പഠിച്ചതും അന്നാളിലല്ലേ?

ആദ്യം പറഞ്ഞ 80-കളിലെ ക്രിസ്മസിന്‍റെ റ്റെയ്ല്‍ എന്‍ഡ് ഇങ്ങനെയായിരുന്നു. എന്‍റെ ഇടവകപള്ളിയായ വല്ലാര്‍പാടത്തെ പെരുന്നാളിന്, അമ്മ കാച്ചിക്കൊടുത്ത 5 കുപ്പി സര്‍ബത്തും വെല്യാന്‍റി സ്പോണ്‍സര്‍ ചെയ്ത നാരങ്ങ ഞെക്കിയുമായി ഏട്ടന്‍ പള്ളിപറമ്പില്‍ നാരങ്ങാവെള്ളം വിറ്റു. കിട്ടിയ കാശ് സൂക്ഷിച്ചുവച്ച് പുല്‍ക്കൂട് സെറ്റ് വാങ്ങി. പിന്നീടങ്ങോട്ട് ക്രിസ്മസ് എന്നാല്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് അന്തസ്സായിരുന്നു, അന്തസ്സ്.

പ്രാദേശികമായി ലഭിച്ചിരുന്ന സാമഗ്രികള്‍ ഉപയോഗിച്ച്, മുതിര്‍ന്നവര്‍ ചെയ്തിരുന്നത് കണ്ടുപഠിച്ച് കെട്ടിയ പുല്‍ക്കൂടുകള്‍ നമ്മുടെ ജീവിതത്തിന്‍റെ, – മനോഭാവത്തിന്‍റെ – അടിസ്ഥാനം കൂടിയായിരുന്നു എന്ന് ഉറപ്പാക്കുന്നത് ന്യൂട്രലും ഫെയ്സും ഏതാണെന്ന് തിരിച്ചറിയാന്‍ നെറ്റില്‍ സേര്‍ച്ച് ചെയുന്ന B.Tech-കാരനെ കാണേണ്ടി വരുന്നത് കൊണ്ടാണ്. ക്രിസ്മസ്സ് കാര്‍ഡില്‍ കണ്ടിരുന്ന മനോഹരമായ ബെല്ലുകളും ഡെക്കറേഷനുകളും നമ്മുടെ കടകളില്‍ ലഭിച്ചു തുടങ്ങിയത്, ഏതാണ്ട് പത്ത് കൊല്ലം മുന്നേയല്ലേ? അവയുടെ ഫിനിഷിങ്ങിന് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ നമ്മുടെ കരവേലകള്‍ക്കാവാത്തത് കൊണ്ടാവാം പച്ചപ്പും നനവും ഉണ്ടായ പുല്‍ക്കൂടുകള്‍ വേഗം അരങ്ങൊഴിഞ്ഞു കൊടുത്തത്. പക്ഷേ അതോടെ മരംവെട്ടുകാരനും, കല്‍പ്പണിക്കാരനും മരപ്പണിക്കാരനും, തുന്നക്കാരനും ഒക്കെ അന്യംനിന്ന് പോകുന്ന ജനവിഭാഗത്തിലിടം നേടി എന്നും ഓര്‍ക്കണേ. 8-ാം തരത്തോടെ സ്കൂള്‍ ഫുള്‍ ഫിനിഷ് ചെയ്തവര്‍ക്കും പത്താം തരത്തില്‍ ഒറ്റക്കുത്തിന് പൊങ്ങാത്തവര്‍ക്കും ഫാനില്‍ തൂങ്ങേണ്ട ഗതികേടില്ലാതെ പോയത്, നല്ല കൈത്തൊഴിലുകളവരെ കാത്തിരുന്നത് കൊണ്ടും, കിണ്ണം കാച്ചിയ ആശാന്‍മാര്‍ക്ക് ശിഷ്യരെ ആവശ്യമായിരുന്നത് കൊണ്ടുമാണ്. പ്രീഡിഗ്രിയും ഡിഗ്രിയുമൊക്കെ കഴിഞ്ഞ് കലുങ്കിലിരുന്ന് നേരം കളയുന്ന ചേട്ടന്മാര്‍ക്കുള്ള ചായക്കാശ് കൂടി മേല്‍പ്പറഞ്ഞ കൈതൊഴിലുകാരുടെ വരുമാനത്തില്‍ നിന്നായിരുന്ന കാലം ഒരുപാട് പുറകിലല്ല.

അവരവിടെ ഇരിക്കട്ടെ, മേത്തര്‍ ബസാറിലെ ചാകരയിലേക്ക് നമുക്ക് തിരിച്ച് വരാം. ആറ്റംബോംബ് ഉണ്ടാക്കാന്‍ വരെ ആശാനാവാന്‍ തയ്യാറുള്ള യൂറ്റ്യൂബ് ഗുരു വിരല്‍തുമ്പിലുണ്ട്. അധ്വാനങ്ങള്‍ ലഘൂകരിക്കാന്‍ ആവശ്യമായ സാധന സാമഗ്രികള്‍ നാട്ടിന്‍പുറത്തെ കടകളില്‍ വരെ ലഭ്യമാണ്. പണ്ടത്തെ അത്ര പഞ്ഞം പേഴ്സുകള്‍ക്ക് ഇല്ല. പുല്ലും വൈക്കോലും കിട്ടാനില്ല എന്ന പരാതിയും വേണ്ട, വല്ലഭന് പുല്ലും ആയുധം എന്ന അനേകം ഐഡിയാസ് കുട്ടീസുകളുടെ കൈയില്‍ ഉണ്ടാകും – ഉറപ്പാണ്, കാരണം തെര്‍മോക്കോള്‍ കരിച്ച് ഗോത്തിക്ക് സ്റ്റൈലില്‍ ഒരു കെട്ടിടം എന്‍റെ അയല്‍വക്കത്തെ ഷോക്കേസില്‍ ഇരിപ്പുണ്ട്. ഇച്ചിരെ നൊസ്റ്റാള്‍ജിയ + ഒരല്‍പ്പം ക്ഷമ + കുട്ടീസിനൊപ്പം ചിലവിടാന്‍ ടൈം + ടെക്നിക്കലി അപ്പ്ഡേഷന്‍ (ഗ്ലൂ ഗം നിസ്സാര വിലക്ക് കിട്ടാനുള്ളപ്പോള്‍ മൈദ കുറുക്കണം എന്ന വാശി അരുത്) സംഭവം ചാകര ആകുമെന്നേ. ക്രിസ്സ്മസിന്‍റെ തൊട്ട് തലേന്നല്ല, ഡിസംബറിന്‍റെ ആദ്യ നാളുകളില്‍ തന്നെ പയ്യെ ഒരുക്കങ്ങള്‍ ആരംഭിച്ചാല്‍ അത് ഏറെ ആഘോഷിക്കുക കുഞ്ഞുങ്ങള്‍ തന്നെയാവും. കാരണം, പുത്തനുടുപ്പ് അവര്‍ക്ക് 10 നിമിഷത്തില്‍ കൂടുതല്‍ സന്തോഷം നല്‍കില്ല, പലതരത്തിലും രൂപത്തിലും കേക്കുകള്‍ 12 മാസവും ലഭിക്കുന്ന ആഗോള വിപണി എന്ന് വേണ്ട 15 കൊല്ലം മുന്നെ വരെ കുഞ്ഞുങ്ങളെ ത്രസിപ്പിച്ചിരുന്ന ഒന്നിനും ഇന്ന് പ്രസക്തിയില്ല. ഇവിടെയാണ്, നമുക്കു ചുറ്റും ലഭ്യമായ വസ്തുക്കള്‍ ഉപയോഗിച്ച് വ്യത്യസ്തങ്ങളായ പുല്‍ക്കൂടുകള്‍ ഉണ്ടാക്കുന്നതിലുള്ള ഉല്‍സാഹം പ്രയോഗിക്കേണ്ടത്.

അമ്മ വീടിന്‍റെ, അപ്പന്‍ വീടിന്‍റെ, ക്ലാസ്സ് മുറികളുടെ പേരിലൊക്കെയുള്ള വാട്ട്സാപ്പ് ഗ്രൂപ്പുകളിലേക്ക് വര്‍ക്ക് ന്‍ പ്രോഗ്രസ്സ് കൂടെ അപ്ടേഷന്‍ ഇട്ട് നോക്ക്, സംഗതി പൊളിക്കും….

ഫെയ്സ് ബുക്കില്‍ പോസ്റ്റാം, വാട്സാപ്പ് സ്റ്റാറ്റസാക്കാം, ആത്മ നിര്‍വൃതിയുടെ അനന്ത സാധ്യതകളാണ് നമ്മെ കാത്തിരിക്കുന്നത് എന്ന് മറക്കണ്ട…. നമുക്കും വേണ്ടേ ഒരല്‍പ്പം അന്തസ്സ്.

മേല്‍പ്പറഞ്ഞവയെല്ലാം കളിയില്‍ അല്‍പ്പം കാര്യമായി കൂട്ടിയാല്‍ മതി. എന്നാല്‍ നമ്മുടെ കാലം നമുക്കായ് കാത്ത് വച്ച ഒരു ഒരുക്കത്തിന്‍റെ പുണ്യമുണ്ട്. നിര്‍ബന്ധിച്ചും നിര്‍ബന്ധിക്കാതെയും എടുത്തിരുന്ന നോമ്പിലൂടെ മനസ്സുകൊണ്ട് ഈശോയേ വരവേല്‍ക്കാന്‍ ഒരുങ്ങുന്നതിനൊപ്പം, വീടും പരിസരവും നമ്മള്‍ ഒരുക്കിയിരുന്നു. നമുക്ക് തമ്പുരാന്‍ തന്ന കഴിവുകള്‍ ഉപയോഗിച്ച്, ഉണ്ണിക്കായി ഒരുക്കിയ പുല്‍ക്കൂടുകള്‍ക്ക് വലിയ പൂര്‍ണ്ണത അവകാശപ്പെടാന്‍ ഉണ്ടായിരുന്നില്ല എങ്കിലും അതിന് വല്ലാത്ത വിശുദ്ധി ഉണ്ടായിരുന്നു. നമ്മുടെ വിയര്‍പ്പും, കണ്ണീരും ചോരയും വരെ കൂടിച്ചേര്‍ന്ന പുല്‍ക്കൂടുകളില്‍ ഈശോ പിറന്നിരുന്നു, ചരിഞ്ഞ് ഒടിഞ്ഞ് തൂങ്ങി കിടന്നിട്ടും മാലാഖ നമ്മുടെ കുടുംബങ്ങളെ കാത്തു സംരക്ഷിക്കുകയും ചെയ്തു. ആത്മീയമായ ഒരുക്കം ബാഹ്യമായി അനുഭവിച്ചറിയാന്‍ ലഭിക്കുന്ന അവസരം നന്നായി വിനിയോഗിക്കാന്‍ നമുക്കൊന്ന് പരിശ്രമിക്കാം. അന്തസ്സോടെ ഉണ്ണീശോക്ക് ഗ്ലോറിയ പാടാന്‍ നമുക്കും കഴിയട്ടെ… സന്മനസ്സുകള്‍ക്ക് സമാധാനം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org