പുഞ്ചിരി

പുഞ്ചിരി

നിങ്ങള്‍ ചിരിക്കാറുണ്ടോ? വെറുമൊരു മന്ദഹാസമാണോ അതോ വിടര്‍ന്ന പുഞ്ചിരിയോ? എന്തായാലും പുഞ്ചിരിക്കാന്‍ തയ്യാറായിക്കൊള്ളൂ. കാരണം, പുഞ്ചിരി മുഖപേശികളുടെ ചലനം കൊണ്ടുളവാകുന്ന പ്രവര്‍ത്തനമെന്നതിലുപരിയായി വളര്‍ന്നിരിക്കുന്നു.

എന്താ, അതെങ്ങനെയെന്ന് അതിശയിക്കുകയാണോ? അതിശയിക്കേണ്ട കൂട്ടുകാരേ, സംഗതി സത്യമാണ്.

നിങ്ങള്‍ക്ക് അപരിചിതനായ ഒരു വ്യക്തിയെ ആദ്യമായി കണ്ടുമുട്ടുകയാണെന്നിരിക്കട്ടെ. അയാള്‍ നിങ്ങളെ കാണുന്ന അതേ നിമിഷം നിങ്ങള്‍ അവരാല്‍ വിലയിരുത്തപ്പെടുന്നുണ്ട്. അതൊരുപക്ഷേ, നിങ്ങളുടെ വേഷമോ, സ്വഭാവരീതിയോ പരിഗണിച്ചിട്ടാകാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ മുഖത്തു വിടരുന്ന പുഞ്ചിരിയോടൊപ്പമുള്ള സമീപനം പ്രസന്നമായൊരു മനോഭാവം സൃഷ്ടിക്കാന്‍ സഹായിക്കും. നിങ്ങള്‍ ഏതൊരു ചുറ്റുപാടിലുമായിക്കൊള്ളട്ടെ, സ്കൂളിലോ, കോളജിലോ പൊതുസ്ഥലങ്ങളിലോ അങ്ങനെ എവിടെയായാലും പുഞ്ചിരി നിങ്ങളുടെ വ്യക്തിത്വത്തിനു നവഭാവുകത്വം പകരുന്നു.

ഏതു സങ്കീര്‍ണ്ണമായ അവസ്ഥകളിലും പോസിറ്റീവായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള ഊര്‍ജ്ജം പകര്‍ന്നു നല്കാന്‍ ചെറുപുഞ്ചിരിക്കു സാധിക്കും. നിങ്ങളുടെ ജീവിതത്തിലുടനീളം ഒരു നല്ല പുഞ്ചിരി കൈമുതലാക്കിയാലോ? ജീവിതം സുന്ദരമായിത്തീരും.

പുഞ്ചിരിക്കാന്‍ മറന്നുപോയവര്‍ക്ക് ഇനി പുഞ്ചിരിച്ചുകൂടെ? വെറുമൊരു മന്ദഹാസം പോര കേട്ടോ. ഹൃദയത്തില്‍ നിന്നുള്ള പുഞ്ചിരിയാണുണ്ടാകേണ്ടത്. അതിന്‍റെ സുഗന്ധം നിങ്ങള്‍ക്കൊപ്പമുള്ളവരിലേക്കും പകരട്ടെ. 'മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാം സൗരഭ്യം' എന്ന പോലെ.

ചുണ്ടിലെപ്പോഴും ഒരു ചെറുപുഞ്ചിരി സൂക്ഷിക്കുക.

സംഘര്‍ഷഭരിതമായ സാഹചര്യങ്ങളെ ഒഴിവാക്കാന്‍ അതു സഹായിക്കും. മാനസികപിരിമുറുക്കത്തിന് അയവു വരുത്താന്‍ ചെറുപുഞ്ചിരിക്കു കഴിയും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org