പുഞ്ചിരിക്കുന്ന അമ്മ -എവുപ്രാസ്യമ്മ

പുഞ്ചിരിക്കുന്ന അമ്മ -എവുപ്രാസ്യമ്മ

സി. സോണിയ ഡിസി

പുഞ്ചിരിയിലൂടെ പരിശുദ്ധിയുടെ പ്രകാശം പരത്തിയ പുണ്യകന്യാസ്ത്രിയാണ് വി. എവുപ്രാസിയമ്മ.

പുഞ്ചിരിക്കുന്ന മനസ്സ് ദൈവം വസിക്കുന്ന ശ്രീകോവിലാണ്, അവിടുത്തെ ഇരിപ്പിടമാണത്. ദൈവത്തിന്‍റെ ഉത്തമ കരവേലകളായ നാം ഓരോരുത്തരിലും വിടരുന്ന പൂമൊട്ടുകള്‍ പോലുള്ള പുഞ്ചിരികള്‍ നമ്മള്‍ പോലുമറിയാതെ മറ്റുള്ളവരിലേക്ക് ഒരു ദിവ്യപ്രകാശം പകര്‍ന്നു കൊടുക്കുന്നു.

കേരള കര്‍മ്മല സഭയുടെ നിര്‍മ്മല കുസുമം എവുപ്രാസിയമ്മ കേവലം പ്രാര്‍ത്ഥിക്കുന്ന അമ്മ മാത്രമായിരുന്നില്ല. പ്രാര്‍ത്ഥനയുടെ പ്രഭ പുഞ്ചിരിയിലൂടെ സഹചരിലേക്കും, സഹോദരിമാരിലേക്കും പകര്‍ന്ന പുണ്യകന്യകയായിരുന്നു. കൊച്ചുനാളില്‍ മിഷന്‍ ലീഗ് ക്ലാസ്സുകളിലോ, വേദപാഠ ക്ലാസ്സുകളിലോ ആണ് ഞാന്‍ എവുപ്രസിയമ്മയെ കുറിച്ച് കേട്ടത് ഇന്നും ഓര്‍മ്മിക്കുന്ന ഒരേ ഒരു കാര്യം 'മരിച്ചാലും മറക്കില്ലാട്ടോ' എന്ന വാചകമാണ്. എവുപ്രാസിയമ്മയുടെ മുഖത്തെ മങ്ങാത്ത പുഞ്ചിരിയാണ് എന്നെ ഏറ്റവും ആകര്‍ഷിച്ച മറ്റൊരു ഘടകം.

ഒരു പുഞ്ചിരി പ്രത്യാശ നല്കുന്നു, പ്രതീക്ഷയുടെ ഗോപുരങ്ങള്‍ മനസ്സില്‍ പണിയുന്നു. കണ്ടുമുട്ടുന്ന ഓരോ വ്യ ക്തിയിലേക്കും സന്തോഷത്തിന്‍റെയും പ്രത്യാശയുടെയും പൊന്‍രശ്മികള്‍ കൈമാറാന്‍ എവുപ്രാസിയമ്മയുടെ പുഞ്ചിരിക്ക് കഴിഞ്ഞിരുന്നു. അമ്മയുടെ പുഞ്ചിരി അനേകരുടെ ഹൃദയത്തിലവര്‍ക്കിടമൊരുക്കി. കൂടാതെ അവര്‍ക്കായി സ്വഹൃദയത്തിലും ഒരിടമുണ്ടായിരുന്നു. മാത്രമല്ല, അവര്‍ക്കായി തിരുസന്നിധിയില്‍ ജപമാല മണികളിലൂടെ വിരലുകള്‍ നിലക്കാതെ ചലിച്ചിരുന്നു.

ജീവിത പ്രതിസന്ധികളിലൂടെയും, രോഗങ്ങളിലൂടെയും അമ്മ കടന്നുപോയപ്പോഴും ഒളിമങ്ങാത്ത മധുര പുഞ്ചിരി ആ വദനത്തില്‍ തെളിഞ്ഞിരുന്നു..

പുഞ്ചിരികള്‍ പ്രപഞ്ച സൃഷ്ടാവിന്‍റെ പാവന സാന്നിദ്ധ്യത്തിന്‍റെ അടയാളമാണ്. പുണ്യ അമ്മെ, അങ്ങയുടെ വാക്കുകള്‍ കടം ചോദിച്ച് ഞാനും ഉരുവിടട്ടെ… 'മരിച്ചാലും മറക്കില്ലാട്ടോ ഈ മനോഹര പുഞ്ചിരി.'

കാലവര്‍ഷക്കെടുതിയില്‍ പ്രതീക്ഷകള്‍ അറ്റ്, പ്രയത്നങ്ങള്‍ നിഷ്ഫലങ്ങളായി, മണ്ണും, മനസ്സും മാറിയാലും മറക്കില്ല മനുജര്‍ മുഖത്തൊരു മന്ദസ്മിതം വിടര്‍ത്താന്‍…

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org