Latest News
|^| Home -> Suppliments -> ULife -> പുറകോട്ടു നടക്കുന്ന മലയാളി പ്രബുദ്ധത

പുറകോട്ടു നടക്കുന്ന മലയാളി പ്രബുദ്ധത

Sathyadeepam

ഡോ. ഡെയ്സന്‍ പാണേങ്ങാടന്‍
അസി. പ്രൊഫസര്‍,
സെന്‍റ് തോമാസ് കോളേജ്, തൃശ്ശൂര്‍

2018-ല്‍ കേരളം കണ്ട രാഷ്ട്രീയ സംഘട്ടനങ്ങളില്‍നിന്നും വ്യത്യസ്തമായ മൂന്ന് ദുരന്തങ്ങളിലെ ഇരകളാണ് മധുവും ശ്രീജിത്തും, കെവിനും. ഒരാള്‍ (മധു) വിശപ്പിന്‍റെ ഇരയായി, മലയാളിയുടെ സാംസ്കാരികാധപതനത്തിന് തുടക്കം കുറിച്ചെങ്കില്‍ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്‍റെ ഇരയായി സ്വന്തം സ്വത്വം പോലും നഷ്ടപ്പെടുത്തേണ്ടി വന്ന ശ്രീജിത്ത് ഇന്ന് മലയാളിയുടെ നൊമ്പരമാണ്. സത്യപ്രണയത്തിന്‍റെ ഇരയായി ദുരഭിമാനകൊലയ്ക്ക് വിധേയനാവേണ്ടി വന്ന കെവിനും, ഇതിനകം അവര്‍ണ്ണ ജാതീയതയുടെ പരിവേഷം ചാര്‍ത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

രാഷ്ട്രീയ സംഘട്ടനങ്ങളും കൊലപാതകങ്ങളും ഒരു പരിധി വരെ കണ്ടും കേട്ടും പരിചയിച്ച മലയാളിക്ക് വിശപ്പിനും സ്വത്വബോധത്തിനും അഭിമാനത്തിനും നേരെയുള്ള സംഘര്‍ഷങ്ങളും ഇതോടനുബന്ധിച്ചുള്ള രക്തസാക്ഷിത്വങ്ങളും പക്ഷേ അത്രകണ്ട് പരിചിതമല്ല. കുറച്ചു കാലം മുന്‍പുവരെ വടക്കേ ഇന്ത്യയില്‍ നിന്നും മാത്രം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരുന്ന മേല്‍ സൂചിപ്പിച്ച തരത്തിലുള്ള വാര്‍ത്തകളും ചിത്രങ്ങളും വീഡിയോകളും ഇങ്ങേയറ്റത്ത് സാംസ്കാരിക നിലവാരത്തിലും സാക്ഷരതയുടെ ഔന്നത്യത്തിലും മുന്‍പന്തിയിലെന്ന് അവകാശപ്പെടുന്ന നമ്മുടെ നാട്ടില്‍ ഉണ്ടാകുന്നതും ആവര്‍ത്തിക്കുന്നതും ശുഭകരമാവില്ല. ഒത്താശ ചെയ്തവന്‍റെയും വണ്ടിയോടിപ്പിച്ചവന്‍റേയും കൊന്നവന്‍റേയും ഒപ്പം ഇരയുടെ രാഷ്ട്രീയവും കൊടിയുടെ നിറവും മാത്രം ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നു.

മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ കേരള സമൂഹം ചര്‍ച്ച ചെയ്യാനാഗ്രഹിച്ചതും വിധി കല്‍പ്പിച്ചതും, ഇക്കാര്യങ്ങളിലെ മലയാളിയുടെ സാംസ്കാരിക തകര്‍ച്ചയെന്നതിനപ്പുറത്ത് ഭരണനിര്‍വഹണത്തിലെ വീഴ്ചയെന്നതു മാത്രമാണെന്നതാണ് വിരോധാഭാസം. ഇരയെ സ്വന്തം പാര്‍ട്ടിക്കാരനായും പ്രതിയെ മറ്റൊരു പാര്‍ട്ടിയുടെ തലയിലും ചാര്‍ത്തിവെയ്ക്കാനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ മത്സരങ്ങള്‍ക്കിടയില്‍, സ്വത്വബോധം നഷ്ടപ്പെട്ട മലയാളിയായി നാം അധഃപതിക്കരുത്. ആരു പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിച്ചാലും അക്കാര്യം എതിര്‍ക്കപ്പെടുകയും വിചാരണ ചെയ്യപ്പെടുകയും വേണമെന്നത് നിസ്തര്‍ക്കവും സാമൂഹ്യനീതിയും തന്നെ. എന്നാല്‍ പ്രതിസ്ഥാനത്ത് അവരെത്തിപ്പെടാനുണ്ടായ മലയാളിയുടെ ഇന്നത്തെ മാനസികാവസ്ഥയും അതിന്‍റെ ന്യായീകരണങ്ങളും ചര്‍ച്ച ചെയ്യപ്പെടാതെ ഇക്കാര്യത്തി ലെ രാഷ്ട്രീയം മാത്രം മുതലെടുപ്പിനുപയോഗിക്കുന്ന ചാണക്യതന്ത്രം തികച്ചും കുബുദ്ധിപരമാണ്. വര്‍ത്തമാനകാലത്തെ നൂറു വര്‍ഷം പുറകോട്ടു വലിക്കുന്ന സന്ദര്‍ഭസാരങ്ങളിലും അവയുടെ പക്ഷപാതപരമായ ന്യായീകരണങ്ങളിലും നാം മലയാളികള്‍ക്കെന്തു പറ്റുന്നുവെന്ന ശാസ്ത്രീയമായ വിശകലനങ്ങളും പഠനങ്ങളുമാണ് ഇന്നിനാവശ്യം. മധുവിന് കൈമുതലായുണ്ടായിരുന്ന വിശപ്പും ശ്രീജിത്തിന്‍റെ സ്വതസിദ്ധമായ ചിന്താധാരയും കെവിന്‍റെ ത്യാഗപൂര്‍ണ്ണമായ പ്രണയവുമാണ് രക്തസാക്ഷിത്വത്തിലേക്ക് അവരെ നയിച്ചതെങ്കില്‍ നാം മലയാളിക്ക് വേണ്ടത് തൊലിപ്പുറത്തെ ചികിത്സയല്ല; മറിച്ച് മജ്ജയ്ക്കുള്ളിലെ മലയാളിയുടെ സ്വത്വബോധത്തിനെന്ന് ചുരുക്കം.

വിശപ്പിനെയും സ്വത്വബോധത്തേയും പ്രണയത്തേയും വലിയ കുറ്റങ്ങളായി കാണുന്ന മലയാളിയുടെ ഉപബോധമനസ്സ് മാറേണ്ടതിന്‍റെ ആവശ്യകതയിലേയ്ക്കാണ് ഈ സംഭവങ്ങള്‍ വിരല്‍ചൂണ്ടുന്നത്. സാമാന്യവല്‍ക്കരിക്കത്തക്ക ദാരിദ്ര്യമില്ലാത്ത നമ്മുടെ നാട്ടില്‍ അല്പ്പം ഭക്ഷണം മോഷ്ടിച്ചത് മാരക പാപമായിക്കണ്ട് പച്ചയ്ക്കവനെ സംഘം ചേര്‍ന്ന് മൃഗീയമായി തല്ലിക്കൊല്ലാനും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാന്‍ അവരെ പ്രേരിപ്പിച്ച മാനസികാവസ്ഥയ്ക്കാണ് ചികിത്സ നല്കേണ്ടത്. കണ്ടു കെട്ടിയ തൊണ്ടി മുതലായ ഭാണ്ഡക്കെട്ടിലുണ്ടായിരുന്ന മൊത്തം മോഷണ വസ്തുക്കളുടെ മൂല്യം നൂറ്റിയമ്പത് രൂപയില്‍ താഴെയാണെന്നറിയുമ്പോഴാണ് മനുഷ്യജീവന്‍റെ മൂല്യം സംബന്ധിച്ച് ഒരു സാധാരണക്കാരനില്‍ ആശങ്കയുണ്ടാകുക. ബ്രിട്ടീഷ് ഭരണകാലത്തെ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം ചോദ്യം ചെയ്ത മലയാളിയുടെ മുഖത്തേറ്റ വലിയ അടിയായേ ശ്രീജിത്തിന്‍റെ മരണത്തെ കാണാനാകൂ. ആളുമാറി കസ്റ്റഡിയിലെടുത്തെന്ന ആരോപണം നിലനില്ക്കെ, മേല്‍സൂചിപ്പിച്ച ദുഷ്പ്രഭുത്വം മനുഷ്യജീവന്‍ പൂണ്ട് മറ്റൊരു ജീവനെയെടുത്തത് പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ അവസാനത്തെയും ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യ പകുതിയിലേയും ചരിത്രം സാക്ഷ്യപ്പെടുത്തിയ പതിവുകാഴ്ചകളിലേയ്ക്ക് നമ്മെ നയിച്ചതായി കാണാം. മനുഷ്യസമൂഹം ഉണ്ടായ കാലം മുതല്‍ മാനവികതയുടെ കൂടപ്പിറപ്പായ പ്രണയം തീവ്രജാതീയ ചിന്തയുടെയും ദുരഭിമാനത്തിന്‍റേയും പേരില്‍ രക്തം ചിന്തിയതും അക്കാര്യത്തിലവരില്‍ ലവലേശം പോലുമില്ലാതെപോയ കുറ്റബോധവും നമ്മെ ചിന്തിപ്പിക്കുകയും നമ്മുടെ ചിന്താധാരയെ പുനര്‍വിചിന്തനത്തിന് വിധേയമാക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.

ഇരകളേയും പ്രതികളേയും അവരുടെ പ്രവൃത്തികളേയും അണുവിട ചോരാതെ വിമര്‍ശനവിധേയമാക്കി, യഥാര്‍ത്ഥ പ്രശ്നങ്ങളില്‍നിന്നും ഒളിച്ചോടുന്ന ശരാശരി മലയാളിയുടെ യുക്തിബോധത്തിനപ്പുറത്ത് യാഥാര്‍ത്ഥ്യബോധമുള്ളവരായി ഈയൊരു സാഹചര്യത്തെ അതിജീവിക്കാന്‍ സ്വയം സജ്ജരാകുകയും അതിന്‍റെ പ്രാധാ ന്യം പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുകയെന്ന ഭഗീരഥപ്രയത്നത്തിന്‍റെ പ്രായോഗികതയാണ് ഇവിടെയുണ്ടാകേണ്ടത്. തെറ്റു ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടണമെന്നതുപോലെ ഇക്കാര്യത്തിലെ ഇരകള്‍ക്ക് മാനസികവും ബൗദ്ധികവുമായ പിന്തുണ നല്കണമെന്നതും മനുഷ്യസഹജമാണ്. അല്ലെങ്കില്‍ സാഹചര്യങ്ങളിലും സാധ്യതകളിലും പരിണിതപ്രജ്ഞനായ മലയാളിയില്‍ നിന്നും ഇക്കാര്യങ്ങളില്‍ അസ്ത്രപ്രജ്ഞനായ മലയാളിയിലേയ്ക്കുള്ള ദൂരം അതിവിദൂരമല്ല.

Leave a Comment

*
*