പുരസ്കാരത്തേക്കാള്‍ വലുത്

പുരസ്കാരത്തേക്കാള്‍ വലുത്

വിശുദ്ധ വിചാരം-2

ഫാ. ജോണ്‍ പുതുവ

മദര്‍ തെരേസയ്ക്കു യുനെസ്കോ പുരസ്കാരം ലഭിച്ചപ്പോള്‍ ഡല്‍ഹിയില്‍ മദര്‍ തെരേസയെ അനുമോദിക്കാന്‍ വലിയ യോഗം ചേര്‍ന്നു. അതില്‍ രാഷ്ട്രീയനേതാക്കളുണ്ടായിരുന്നു, മതാചാര്യന്മാരുണ്ടായിരുന്നു, ഡല്‍ഹിയിലെ പ്രശസ്തരായ ഒട്ടേറെ വ്യക്തികളുണ്ടായിരുന്നു. അവരെല്ലാവരും മദര്‍ തെരേസയെയും അവരുടെ പ്രവര്‍ത്തനങ്ങളെയും അനുമോദി ച്ചു സംസാരിച്ചു. അവസാനം മദറിനെ മറുപടി പ്രസംഗത്തിനായി ക്ഷണിച്ചു.

വിറയ്ക്കുന്ന ശബ്ദത്തോടെ മദര്‍ ഒരനുഭവമാണു പങ്കുവച്ചത്. ഒരു രാത്രിയില്‍ എല്ലാവരും ഉറങ്ങിക്കിടക്കുമ്പോള്‍ കല്‍ക്കട്ടയിലെ മദര്‍ ഹൗസിന്‍റെ കോളിംഗ് ബെല്‍ ശബ്ദിച്ചു. മദര്‍ ഇറങ്ങിച്ചെന്നു വാതില്‍ തുറന്നു. ഒരു കുഷ്ഠരോഗി വാതില്ക്കല്‍ ഇരിക്കുന്നു. തണുപ്പു സമയമായതുകൊണ്ട് അകത്തേയ്ക്കു കയറ്റിയിരുത്തി, അടുക്കളയില്‍ സൂപ്പ് ചൂടാക്കി കൊണ്ടു വന്നു കൊടുത്തു. ഒരു കമ്പിളിപുതപ്പും അദ്ദേഹത്തിനു നല്കി.

എന്നാല്‍ ആ കുഷ്ഠരോഗി പറഞ്ഞു: "ഞാന്‍ ഇതിനല്ല വന്നത്. അമ്മയ്ക്ക് ഒരു അവാര്‍ഡ് കിട്ടിയെന്നറിഞ്ഞു. അമ്മയെ അനുമോദിക്കാനും ഒരു സമ്മാനം തരാനുമാണു വന്നത്. വിരലുകളറ്റ കൈകൊണ്ടു തന്‍റെ കീറിപ്പറിഞ്ഞ സഞ്ചിയില്‍ നിന്നും അന്നത്തെ ഭിക്ഷാടനംകൊണ്ടു കിട്ടിയ 70 പൈസ അമ്മയ്ക്കു കൊടുത്തു. മദര്‍ പറഞ്ഞു: "യുനെസ്കോ പുരസ്കാരത്തേക്കാളും ഈ എഴുപതിനു വിലയുണ്ട്."

പാവപ്പെട്ടവന്‍റെ രോദനം ദൈവത്തിന്‍റെ രോദനമായി കാണുമ്പോള്‍ കരുണ ജനിക്കണം. സ്നേഹം കരുണയായി മാറിയ രൂപമാണു മദര്‍ തെരേസ. നമ്മിലെ സ്നേഹഭാവം. ഇതുപോലെ കരുണയുടെ രൂപമായി മാറുമ്പോള്‍ അതാണു നമ്മില്‍ രൂപപ്പെടുന്ന യഥാര്‍ത്ഥ ആത്മീയത.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org