Latest News
|^| Home -> Suppliments -> Baladeepam -> പുതിയ അധ്യയന വർഷം; സ്വപ്നങ്ങളുടെ പ്രായോ​ഗികതയ്ക്കായ്

പുതിയ അധ്യയന വർഷം; സ്വപ്നങ്ങളുടെ പ്രായോ​ഗികതയ്ക്കായ്

Sathyadeepam

ഡോ. ഡെയ്സന്‍ പാണേങ്ങാടന്‍
അസി. പ്രഫസര്‍, സെന്‍റ് തോമസ് കോളേജ്, തൃശ്ശൂര്‍

രണ്ടു മാസത്തെ വേനലവധിയുടെ ആലസ്യത്തില്‍ നിന്ന് വിദ്യാര്‍ത്ഥികളും അധ്യാപകരും ജൂണ്‍ 1-നു തന്നെ വിദ്യാലയങ്ങളിലെത്തിച്ചേര്‍ന്നു. അഞ്ചു വയസ്സു തികഞ്ഞ മുഴുവന്‍ കുട്ടികളും സ്കൂളിന്‍റെ അക്ഷര മുറ്റത്തെത്തുന്ന ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനമായ നമ്മുടെ കൊച്ചുകേരളത്തില്‍ കടുത്ത വേനലിന് അറുതി വരുത്തിക്കൊണ്ട് കാലവര്‍ഷവും അധ്യയനവര്‍ഷത്തിന്‍റെ വരവറിയിച്ചു കൊണ്ട് ഒപ്പം ഗമിച്ചു കഴിഞ്ഞു. നമ്മുടെ നാട്ടിലും വിദ്യാഭ്യാസ പ്രക്രിയയില്‍ ചടുലവും ക്രിയാത്മകവുമായ മാറ്റങ്ങള്‍ അനിവാര്യമായി ഉണ്ടാകണം. പാരമ്പര്യവും വ്യവസ്ഥാപിതവുമായ പഠന പ്രക്രിയകള്‍ മാറി, വിദ്യാര്‍ത്ഥി സമൂഹത്തിനും അതോടൊപ്പം തന്നെ പൊതുസമൂഹത്തിനും നമ്മുടെ നാടിനും ഉതകുന്ന വിദ്യാഭ്യാസ സമ്പ്രദായം നമ്മുടെ നാട്ടിലും ഉടലെടുക്കണം. മത്സരപരീക്ഷകളെ അഭിമുഖീകരിക്കാനും മുഖാഭിമുഖത്തില്‍ ശോഭിക്കാനുമുള്ള മാനസിക നിലവാരത്തിലേയ്ക്ക് നമ്മുടെ കുട്ടികള്‍ കൈപിടിച്ചു വളരണം. വികസിത രാജ്യങ്ങളിലേതു പോലെ മാറ്റങ്ങള്‍ അനിവാര്യമായ മൂല്യവര്‍ദ്ധിത ഉപഭോഗ വസ്തുവായി നമ്മുടെ നാട്ടിലും വിദ്യാഭ്യാസം മാറിയാലേ, നമ്മുടെ നാടിന്‍റെ വിദ്യാഭ്യാസ മുന്നേറ്റത്തില്‍ വലിയൊരു മാറ്റം കൊണ്ടുവരാന്‍ നമുക്ക് സാധിക്കുകയുള്ളൂ.

വിദ്യാര്‍ത്ഥികളോടൊരു വാക്ക്:
അക്ഷരത്തിനു വേണ്ടി കിലോമീറ്ററോളം നടന്നിരുന്ന, ദാരിദ്ര്യത്തിന്‍റെ പരാധീനതകള്‍ക്കിടയില്‍ അക്ഷരത്തെ കൈവിട്ടിരുന്ന പഴയ തലമുറയില്‍ നിന്ന് വിദ്യാഭ്യാസം കുട്ടികളുടെ മൗലികാവകാശമെന്ന അവസ്ഥാവിശേഷത്തിലേയ്ക്കുള്ള മാറ്റം നിങ്ങള്‍ കാണാതെ പോകരുത്. കുട്ടികളുടെ സമഗ്രമായ വളര്‍ച്ചയ്ക്കു വേണ്ടി വിദ്യാഭ്യാസ വിചക്ഷണന്മാര്‍ മുന്നോട്ടുവെച്ച നിരന്തര മൂല്യ നിര്‍ണ്ണയവും വിമര്‍ശനാത്മക ബോധന ശാസ്ത്രവും ഗ്രേഡിംഗ് സംവിധാനവുമൊക്കെ സാമ്പ്രദായിക രീതിയില്‍ നിന്ന് ഗുണപരമായ മാറ്റത്തിലേയ്ക്കുള്ള ചവിട്ടുപടികളാണെന്ന ബോധ്യത്തിലേയ്ക്ക് എത്തിപ്പെടേണ്ടിയിരിക്കുന്നു. പാരിസ്ഥിതികാവബോധം, മൂല്യബോധം, സാമൂഹ്യവീക്ഷണങ്ങള്‍ ഇവയൊക്കെ പഠനക്രമത്തോടൊപ്പം പകര്‍ന്നു തരുന്ന സാക്ഷരകേരളത്തിന്‍റെ വക്താക്കളാണ് നിങ്ങളെന്ന ചിന്ത മനസ്സുകളിലുണ്ടാകണം. അച്ചടിച്ച പുസ്തകത്താളുകളില്‍നിന്നും ലഭ്യമാകുന്ന അറിവുകളേക്കാള്‍ പ്രായോഗികമായ അറിവുകളെ ഗവേഷണതലത്തിലെത്തിക്കാനും നാടിന്‍റെ സാമൂഹ്യനന്മയ്ക്ക് അതുപയോഗിക്കാനും സാധിക്കുമ്പോഴാണ് വിദ്യാഭ്യാസ പ്രക്രിയ പൂര്‍ത്തികരിക്കപ്പെടുന്നത്.

അധ്യാപകരേ; ഇതിലേ, ഇതിലേ
വിദ്യാഭ്യാസ പ്രക്രിയയില്‍ പരമ പ്രധാനികളാണ് അധ്യാപകര്‍. ഏതൊരു വിദ്യാര്‍ത്ഥിയുടേയും വിജയത്തിന് പുറകിലൊരു അധ്യാപകനുണ്ടായിരിക്കുമെന്ന് തീര്‍ച്ച. “ഗര്‍ഭപാത്രത്തിലൂടെ പ്രതിഭകള്‍ ഉണ്ടാകുന്നില്ല; മറിച്ച് അവര്‍ സമൂഹത്തില്‍ ഉണ്ടാക്കപ്പെടുകയാണ്” എന്ന ചിന്ത പ്രതിഭകളുടെ കാര്യത്തില്‍ അച്ചട്ടാണ്.
നിരന്തരമായ പ്രോത്സാഹനവും ഇടപെടലും ആവശ്യമുള്ളവരാണ് ക്ലാസ്സ് മുറികളിലെ വിദ്യാര്‍ത്ഥി സമൂഹം. ഒരുപക്ഷേ വളരെയധികം പ്രതിഭാശാലിയായ ഒരു വിദ്യാര്‍ത്ഥി, സ്വയം കഴിവു കൊണ്ട് പ്രതിഭ തെളിയിച്ചേക്കാം. പക്ഷേ 90 ശതമാനത്തിലധികം വരുന്ന സാമാന്യ വിദ്യാര്‍ത്ഥി സമൂഹത്തിന്‍റെ പ്രതിഭയെ വളര്‍ത്തുന്നതില്‍ അധ്യാപകര്‍ നിതാന്ത ജാഗ്രതയോടെ ഇടപെടേണ്ടിയിരിക്കുന്നു. വേണ്ടത്ര പരിചരണവും പ്രോത്സാഹനവും ആസൂത്രണത്തോടെയുള്ള ശിക്ഷണവുമുണ്ടെങ്കില്‍ ഏതൊരു ശരാശരിക്കാരനേയും പ്രതിഭയാക്കാമെന്ന വസ്തുത നാം വിസ്മരിച്ചു കൂടാ. പ്രതിഭകള്‍ ഗര്‍ഭപാത്രത്തില്‍ വെച്ചു ജന്മമെടുക്കുന്നതല്ലെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കി, സമീപനങ്ങളിലെ വ്യത്യസ്തതയിലൂടെ വിദ്യാര്‍ത്ഥി തലമുറയെ പ്രതിഭാധനരുടെ ഗണത്തിലേയ്ക്കുയര്‍ത്താനുള്ള പ്രയത്നത്തില്‍ നാമും പങ്കാളികളാകേണ്ടതുണ്ട്. നല്ല പഠനാന്തരീക്ഷത്തിലൂടെ വിദ്യാര്‍ത്ഥി തലമുറയെ സമൂഹത്തിനും രാജ്യത്തിനും ഉപയുക്തമാക്കും വിധം വളര്‍ത്തിയെടുക്കുകയെന്നതായിരിക്കണം അധ്യാപകഗണത്തിന്‍റെ ആപ്തലക്ഷ്യം. അതിന് പുസ്തകത്താളുകളിലെ അറിവുകള്‍ “കോപ്പി-പേസ്റ്റ്” ചെയ്യുന്ന സാമ്പ്രദായിക അധ്യാപകനില്‍നിന്നും അറിവുകളെ വിമര്‍ശനാത്മക ബോധന ശാസ്ത്രത്തോടെ അവതരിപ്പിക്കുന്ന, അറിവുകളുടെ പ്രായോഗികത കൂടി ചര്‍ച്ച ചെയ്യുന്ന അധ്യാപകനിലേയ്ക്ക് നാം മാറേണ്ടിയിരിക്കുന്നു. വിദ്യാര്‍ത്ഥി തലമുറയുടെ യുക്തിക്കു സ്വാതന്ത്ര്യവും പ്രാധാന്യവും നല്കി, അറിവുകളേയും ബോധ്യങ്ങളേയും ആധുനിക ബോധന മാധ്യമങ്ങളിലൂടെ അവതരി പ്പിക്കുന്ന ന്യൂജെന്‍ അധ്യാപകരായില്ലെങ്കില്‍ നാം പകര്‍ന്നു കൊടുക്കുന്ന അറിവുകള്‍ പരീക്ഷയെന്ന ചവറ്റു കൊട്ടയിലേയ്ക്ക് വലിച്ചെറിയപ്പെടുന്ന കേവലം അറിവുകളാകുമെന്ന യാഥാര്‍ത്ഥ്യം നാമുള്‍ക്കൊണ്ടേ മതിയാകൂ. വിവിധ കാരണങ്ങളാല്‍ കലുഷിതമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ വിദ്യാഭ്യാസാന്തരീക്ഷത്തില്‍ നന്മയുടേയും സാമൂഹ്യബോധത്തിന്‍റേയും പ്രായോഗികതയുടേയും വാഹകരാകാം.

മാതാപിതാക്കളും രക്ഷിതാക്കളും അറിയാന്‍:
നല്ല പഠനാന്തരീക്ഷവും മെച്ചപ്പെട്ട കുടുംബാന്തരീക്ഷവും ഒരുക്കുന്നതോടൊപ്പം മക്കളുടെ വഴികളറിയാനും അവരെ ലക്ഷ്യത്തിലേയ്ക്കു നയിക്കുന്ന ചൂണ്ടു പലകകളാകാനും രക്ഷിതാക്കള്‍ കൂടുതല്‍ ശ്രദ്ധകൊടുക്കേണ്ടിയിരിക്കുന്നു. തങ്ങള്‍ക്കാകാനാകാതെ പോയ, തങ്ങള്‍ സ്വപ്നം കണ്ട, അല്ലെങ്കില്‍ തങ്ങള്‍ക്കാരാധനയുള്ള ഒരു തൊഴില്‍ മേഖലയിലേയ്ക്ക് മക്കളെ നിര്‍ബന്ധിച്ചിറക്കുമ്പോള്‍ അവരുടെ സ്വപ്നങ്ങളേയും പ്ര തീക്ഷകളേയും നാം കാണാതെ പോകുന്നു. ഏതു മേഖലയിലായാലും ഏതു വിഷയമെടുത്തു പഠിച്ചാലും ശുഭകരമായ ഭാവിയുണ്ടെന്നു മനസ്സിലാക്കി, നമുക്കവരുടെ സ്വപ്നങ്ങളെ പിന്തുണയ്ക്കാം. നല്ല കൂട്ടുകെട്ടുകളിലേയ്ക്കും നല്ലവരുമായുള്ള സഹവര്‍ത്തിത്വത്തിനും അവരെ വഴി നടത്തേണ്ടതും അതു പരിശോധിക്കേണ്ടതും രക്ഷിതാക്കളുടെ പ്രാഥമിക ദൗത്യമാണെന്ന കാര്യം മറന്നുപോകരുത്.

നല്ല സമൂഹത്തിന്‍റെ നിര്‍മ്മിതിയില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നവരാണ് വിദ്യാര്‍ത്ഥി തലമുറ. അവരെ സ്വപ്നങ്ങള്‍ കാണാന്‍ പ്രേരിപ്പിക്കുകയെന്നത് അധ്യാപകരും ആ സ്വപ്നങ്ങളുടെ പ്രായോഗികതയ്ക്കു വേണ്ട സാഹചര്യമൊരുക്കേണ്ടത് രക്ഷിതാക്കളുമാണ്. ചുരുക്കി പറഞ്ഞാല്‍ വിദ്യാര്‍ത്ഥിയും രക്ഷിതാവും അധ്യാപകനും ഒരേ ഹൃദയമായി പ്രവര്‍ത്തനസജ്ജമാകുമ്പോഴാണ് സമൂഹ നിര്‍മ്മിതിയില്‍ ശുഭോദര്‍ക്കമായ മാറ്റമുണ്ടാകുകയുള്ളൂ. അതിനുള്ള പ്രയത്നത്തില്‍ നമുക്കു കൈകോര്‍ക്കാം.

Leave a Comment

*
*