പുതിയ നിയമ വിവർത്തനങ്ങൾ

പുതിയ നിയമ വിവർത്തനങ്ങൾ

ഗ്രീക്കു ഭാഷയിലാണല്ലോ പുതിയ നിയമം എഴുതപ്പെട്ടത്. പുതിയ നിയമരചന നടക്കുന്ന ഒന്നാം നൂറ്റാണ്ടില്‍ പാലസ്തീനായിലെ സാഹിത്യഭാഷയായിരുന്നു അത്. വാണിജ്യഭാഷയുടെയും ബന്ധഭാഷയുടെയും സ്ഥാനവും അതിനുണ്ടായിരുന്നു. യഹൂദരുടെ ആരാധനക്രമഭാഷ ഹീബ്രുവും സംസാരഭാഷ അറമായയുമായിരുന്നു. സുവിശേഷങ്ങള്‍ക്കു അറമായ ഭാഷയിലുള്ള സ്രോതസ്സുകള്‍ ഉണ്ടായിരുന്നിരിക്കാം. വിവിധ പ്രദേശങ്ങളില്‍ പുതിയ വിശ്വാസം പ്രചരിച്ചതോടെ മറ്റു ഭാഷകളിലേക്കു പുതിയ നിയമം ഭാഷാന്തരം ചെയ്യപ്പെട്ടു. രണ്ടാം നൂറ്റാണ്ടുവരെ ചെന്നെത്തിനില്ക്കുന്ന പാരമ്പര്യങ്ങള്‍ ചില വിവര്‍ത്തനങ്ങള്‍ക്കുണ്ട്.

ലത്തീന്‍ ഭാഷയിലുള്ള ഏറ്റവും പഴയ വിവര്‍ത്തനത്തിനു "പ്രാചീന ലത്തീന്‍" (Vetus Latina) എന്നാണു പേര്. വുള്‍ ഗാത്ത വിവര്‍ത്തനം പ്രചരിക്കുന്നതിനുമുമ്പു നിലവിലുണ്ടായിരുന്ന എല്ലാ ലത്തീന്‍ വിവര്‍ത്തനങ്ങള്‍ക്കുമായി പറയുന്ന പേരാണിത്. രണ്ടാം നൂറ്റാണ്ടില്‍ ഉത്തരാഫ്രിക്കയില്‍ രൂപപ്പെട്ട ഒരു വിവര്‍ത്തനമാണ് ഇതില്‍ ആദ്യത്തേത്. കാര്‍ത്തേജിലെ മെത്രാനായിരുന്ന സഭാപിതാവ് സിപ്രിയന്‍റെ (മരണം 258) കൃതികളില്‍ ഇതില്‍ നിന്നുള്ള ഉദ്ധരണികളുണ്ട്. സെന്‍റ് അഗസ്റ്റിന്‍ ഇറ്റാലാ പതിപ്പ് എന്നു വിളിക്കുന്ന പ്രാചീന ലത്തീന്‍ വിവര്‍ത്തനം ഇറ്റലിയില്‍ പ്രചാരത്തിലിരിക്കുന്ന ഒരു പതിപ്പിനെയാണു സൂചിപ്പിക്കുന്നത്.

"വുള്‍ഗാത്ത"യാണു (സാധാരണം) ലത്തീന്‍ ഭാഷയിലുണ്ടായ അടുത്ത വിവര്‍ത്തനം. സഭാപിതാവായ ജെറോം (347-420) ബെത്ലഹേമില്‍ താമസിച്ച്, മൂലഭാഷകളില്‍ നിന്നു നേരിട്ടു വിവര്‍ത്തനം ചെയ്ത ലത്തീന്‍ ബൈബിളാണിത് (405), ഡമാസസ് ഒന്നാമന്‍ പാപ്പയുടെ (366-384) നിര്‍ദ്ദേശപ്രകാരം തയ്യാറാക്കിയ ഈ വിവര്‍ത്തനം കത്തോലിക്കാസഭയുടെ ഔദ്യോഗിക ബൈബിളായി 1546-ല്‍ ത്രെന്തോസ് സൂനഹദോസ് പ്രഖ്യാപിച്ചു. വുള്‍ഗാത്തായുടെ പരിഷ്കരിച്ച പതിപ്പ് 1979-ല്‍ നവീന വുള്‍ഗാത്ത (Neo Vulgate) എന്ന പേരില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പുറത്തിറക്കുകയുണ്ടായി.

സുറിയാനി ഭാഷയില്‍ താസിയന്‍ (140-200) തയ്യാറാക്കിയ ദിയാ തെസ്സരോന്‍ നാലു സുവിശേഷങ്ങളുടെ ഒരു സമന്വയമാണ് (ചതുര്‍സമന്വയം). ഇതിന്‍റെ മൂലഭാഷ ഗ്രീക്കായിരുന്നോ എന്നു നിശ്ചയമില്ല. സുറിയാനിസഭകള്‍ ചതുര്‍സമന്വയത്തെ ഔദ്യോഗിക സുവിശേഷമായി സ്വീകരിക്കുകയുണ്ടായി. ഇപ്പോള്‍ ഇതിന്‍റെ ഭാഗികമായ വിവര്‍ത്തനങ്ങള്‍ മാത്രമേ നിലവിലുള്ളൂ.

പ്രാചീന സുറിയാനി വിവര്‍ത്തനങ്ങള്‍ (Vetus Syra) ഉണ്ടായതു താസിയാനുമുമ്പോ പിമ്പോ എന്നു നിര്‍ണയിക്കുക വിഷമകരമാണ്. രണ്ടു പ്രധാന കയ്യെഴുത്തു പ്രതികളാണു പ്രാചീന സുറിയാനി വിവര്‍ത്തനങ്ങള്‍ക്കുള്ളത്.

1. ക്യുറെത്തോണിയന്‍ സുറിയാനി (Syrs Curetonious -syrc) അഞ്ചാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ എഴുതപ്പെട്ടു. ഈജിപ്തില്‍ വച്ചു കണ്ടെടുക്കപ്പെട്ട ഇത് 1858-ല്‍ ഡബ്ല്യൂക്യൂറെത്തോന് പ്രസിദ്ധീകരിച്ചു. ഇപ്പോള്‍ ബ്രിട്ടീഷ് മ്യൂസിയത്തിലാണുള്ളത്.

2 സീനായ് സുറിയാനി (Syrus Sinaiticus-syr5) നാലാം നൂറ്റാണ്ടില്‍ എഴുതപ്പെട്ടതാണ്. ഒരു പുനര്‍ലിഖിതരേഖയായ ഇതു സീനായ് താഴ്വരയിലെ വി. കത്രീനയുടെ ആശ്രമത്തിലാണുള്ളത്.

പെശിത്ത (syrp) സുറിയാനിസഭകളിലെ ഔദ്യോഗിക ബൈബിള്‍ വിവര്‍ത്തനമായിരുന്നു. ലത്തീന്‍സഭയില്‍ വുള്‍ഗാത്തപോലെ. ഏദേസ്സായിലെ മെത്രാനായിരുന്ന റാബ്ബുളയാണ് (411-436) ഈ വിവര്‍ത്തനം പൂര്‍ത്തിയാക്കിയത് എന്നു കരുതപ്പെടുന്നു.

മറ്റു പ്രധാനപ്പെട്ട പ്രാചീന വിവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുള്ള ഗോത്തിക്, കോപ്റ്റിക് (സാഹിദിക്ക്, ബൊഹായ്ദിക്ക്, അഖ്മിമിക്ക് ഭാഷാഭേദങ്ങളില്‍), അര്‍മേനിയന്‍, ജോര്‍ജിയന്‍, എത്യോപ്യന്‍ ഭാഷകളിലാണ്. ഈ വിവര്‍ത്തനങ്ങളുടെ കാലം മൂന്ന് – നാല് നൂറ്റാണ്ടുകളാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org