Latest News
|^| Home -> Suppliments -> CATplus -> പുതിയനിയമത്തിന്‍റെ രചനാഘട്ടങ്ങള്‍

പുതിയനിയമത്തിന്‍റെ രചനാഘട്ടങ്ങള്‍

Sathyadeepam

ഏകദേശം നൂറുകൊല്ലംകൊണ്ടാണ് പുതിയനിയമം ഇന്നത്തെ രൂപത്തില്‍ എഴുതി പൂര്‍ത്തിയായത്. ഈശോയുടെ ജനനത്തോടെ പുതിയ നിയമത്തിന്‍റെ ഉത്ഭവചരിത്രവും ആരംഭിക്കുകയാണ്. അവിടുന്ന് ദൈവത്തിന്‍റെ വചനം മനുഷ്യരൂപം പ്രാപിച്ചതാണല്ലോ. ഈശോയുടെ ഉത്ഥാനത്തിനുശേഷം അവിടുത്തെ വാക്കുകളും പ്രവൃത്തികളും ശ്ലീഹന്മാരുടെ പ്രസംഗംവഴി ആദിമ ക്രൈസ്തവര്‍ക്കു കൈമാറിക്കിട്ടി. ആ പാരമ്പര്യങ്ങള്‍ വാമൊഴിയായി ആദിമസഭയില്‍ പ്രചരിച്ചുപോന്നു. അവയുടെ ക്രോഡീകരിക്കപ്പെട്ട ലിഖിതരൂപങ്ങളാണ് സുവിശേഷങ്ങള്‍. സെന്‍റ് പോള്‍ വിവിധ സഭാസമൂഹങ്ങള്‍ക്കെഴുതിയ കത്തുകള്‍ മിശിഹായുടെ പ്രബോധനത്തിന്‍റെ വെളിച്ചത്തില്‍ ക്രൈസ്തവജീവിതം ക്രമപ്പെടുത്തുവാനുള്ള മാര്‍ഗ്ഗരേഖകളാണ്. ശ്ലീഹന്മാരുടെ പ്രസംഗങ്ങളുടെ സാരാംശം വിട്ടുപോകാതെ അവരുടെ ശിഷ്യന്മാര്‍ രചിച്ചതെന്നു കരുതുന്ന മറ്റു ലേഖനങ്ങളും പുതിയ നിയമത്തിലുണ്ട്. യുഗാന്ത്യത്തെക്കുറിച്ചുള്ള ദര്‍ശനം അവതരിപ്പിക്കുന്ന വെളിപാടുപുസ്തകത്തോടെ പുതിയ നിയമം അവസാനിക്കുന്നു. തന്‍റെ രണ്ടാംവരവിനെക്കുറിച്ചുള്ള മിശിഹായുടെ പ്രസ്താവനകള്‍ ഈ പുസ്തകത്തെ സ്വാധീനിച്ചിട്ടുണ്ട്.

പുതിയ നിയമത്തിന്‍റെ രചന മൂന്നു ഘട്ടങ്ങളിലായി നടന്നു എന്നാണ് ഇന്നു പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത്.

1. ഈശോയുടെ കാലഘട്ടം
(ബി.സി. 6-എ.ഡി. 30)
പുതിയനിയമത്തിന്‍റെ കേന്ദ്രബിന്ദു ഈശോമിശിഹായാണ്. ഒരു രേഖപോലും ഈശോ എഴുതിയിട്ടില്ലെങ്കിലും പുതിയ നിയമത്തിലെ 27 പുസ്തകങ്ങളും ഈശോയെക്കുറിച്ച് പറയുന്നു. അവിടുത്തെ ജീവിതവും പ്രബോധനങ്ങളുമാണ് പുതിയനിയമത്തിന്‍റെ ഉള്ളടക്കം. പുതിയനിയമത്തിന് ആധാരമായ സംഭവങ്ങള്‍ ഭൂരിഭാഗവും നടക്കുന്നത് ഇക്കാലത്താണ്. ഈശോയെക്കുറിച്ച് നമുക്കുള്ള അറിവ് സുവിശേഷങ്ങളില്‍ നിന്നാണ് ലഭിക്കുന്നത്.

2. ശ്ലീഹന്മാരുടെ കാലഘട്ടം
(എ.ഡി. 30-70)
ഈശോയുടെ ഉത്ഥാനത്തിനും സ്വര്‍ഗ്ഗാരോഹണത്തിനും ശേഷം ശിഷ്യന്മാര്‍ അവിടുത്തെ ജീവിതത്തെക്കുറിച്ചും ഉപദേശങ്ങളെക്കുറിച്ചും ഗാഢമായി ചിന്തിച്ചു. ഈശോയുടെ ജീവിതത്തെ ആധാരമാക്കി നടത്തിയ പ്രഘോഷണം അനേകരെ അവിടുത്തെ അനുയായികളാക്കി മാറ്റി. അങ്ങനെ വിശ്വാസികളുടെ കൂട്ടായ്മകള്‍ രൂപം കൊണ്ടു. ഈശോയുടെ നേരിട്ടുള്ള ശിഷ്യന്മാരുടെ കാലഘട്ടമാണിത്. ഇക്കാലത്ത് പുതിയ നിയമത്തിലെ പല രചനകളും എഴുതപ്പെടുകയുണ്ടായി. മൂന്നു പാരമ്പര്യങ്ങള്‍ ഇക്കാലത്ത് രൂപപ്പെട്ടതായി പണ്ഡിതന്മാര്‍ കരുതുന്നു.

* വായ്മൊഴിപാരമ്പര്യങ്ങള്‍ (എ.ഡി. 30-70): ശ്ലീഹന്മാരുടെ പ്രഘോഷണഫലമായി വിശ്വാസികളുടെ കൂട്ടായ്മകള്‍ (സഭകള്‍) രൂപം കൊണ്ടു. യഹൂദ സിനഗോഗുകളില്‍ യഹൂദരോടും പിന്നീട് മറ്റുള്ളവരോടും അവര്‍ ഈശോമിശിഹായെക്കുറിച്ചുള്ള സദ്വാര്‍ത്ത (സുവിശേഷം) പ്രസംഗിച്ചു.

* ആദ്യത്തെ വരമൊഴി സ്രോതസ്സുകള്‍ (എ.ഡി.30-70): വാമൊഴിയായി പ്രചരിച്ച പാരമ്പര്യങ്ങള്‍ കാലതാമസം കൂടാതെ വാമൊഴിയിലേക്കു കൈമാറ്റം ചെയ്യപ്പെടുവാന്‍ തുടങ്ങി. ഈശോയുടെ വാക്കുകള്‍ (ഉപമകള്‍), പീഡാനുഭവവിവരണം, അത്ഭുതപ്രവൃത്തികള്‍ മുതലായവ ഉള്‍ക്കൊള്ളുന്ന രേഖകള്‍ പലയിടങ്ങളിലായി പല എഴുത്തുകാര്‍ എഴുതി എന്നാണ് കരുതുന്നത്. ഈ സഞ്ചയികകള്‍ വിവിധ സഭാകേന്ദ്രങ്ങളില്‍ പ്രചരിക്കുകയും ചെയ്തു.

* സെന്‍റ് പോളിന്‍റെ ലേഖനങ്ങള്‍ (എ.ഡി. 51-60): പുതിയനിയമത്തിലെ ആദ്യരചനകള്‍ സെന്‍റ് പോളിന്‍റെ ലേഖനങ്ങളാണ്. ക്രിസ്തുമതത്തിന്‍റെ നമുക്ക് ലഭ്യമായിരിക്കുന്ന ആദ്യരചനകളും കൂടിയാണ് അവ. സെന്‍റ് പോള്‍ താന്‍ സ്ഥാപിച്ച സഭകളിലേയ്ക്കും പരിചയിച്ച വ്യക്തികള്‍ക്കുമാണ് കത്തുകള്‍ എഴുതിയത്. റോമാക്കാര്‍ക്കുള്ള ലേഖനം മാത്രമാണ് ഇതിന് അപവാദം. സെന്‍റ് പോളിന്‍റേതായി പുതിയ നിയമത്തിലുള്ള 13 ലേഖനങ്ങളില്‍ ഏഴെണ്ണമാണ് അദ്ദേഹം എഴുതിയതായി നിസ്സംശയം അംഗീകരിക്കപ്പെട്ടിരിക്കുന്നവ (റോമ, 1-2 കോറി, ഗലാ, ഫിലി, 1തെസ, ഫിലെ). മറ്റ് ആറെണ്ണം പോളിന്‍റെ ദൈവശാസ്ത്രപാരമ്പര്യത്തില്‍ ഉറച്ചുനിന്നുകൊണ്ട് അദ്ദേഹത്തിന്‍റെ ശിഷ്യര്‍ പിന്നീട് രചിച്ചതായി കരുതപ്പെടുന്നു.

3. ക്രൈസ്തവരുടെ രണ്ടും മൂന്നും തലമുറകള്‍ (എ.ഡി. 70-120)
പുതിയനിയമത്തിലെ ബഹുഭൂരിപക്ഷം പുസ്തകങ്ങളും എഴുതപ്പെടുന്നത് രണ്ടാം തലമുറയിലാണ് (എ.ഡി. 70-100). ശ്ലീഹന്മാരുടെ മരണശേഷം ഈശോമിശിഹായെക്കുറിച്ചുള്ള പാരമ്പര്യങ്ങള്‍ അനന്തരതലമുറകള്‍ക്കു പകര്‍ന്നുകൊടുക്കാനുള്ള ദൗത്യത്തെപ്പറ്റി സഭാംഗങ്ങള്‍ക്കുണ്ടായ അവബോധമാണ് ഈ രചനകളിലേക്കു നയിച്ചത്. ഇക്കാലഘട്ടത്തിലാണ് സമവീക്ഷണസുവിശേഷങ്ങളും (മര്‍ക്കോസ്: 65-70; മത്തായി, ലൂക്കാ: 80-90) എഴുതപ്പെടുന്നത്. തുടര്‍ന്ന് യാക്കോബിന്‍റെയും യൂദാസിന്‍റെയും ലേഖനങ്ങള്‍, ശ്ലീഹന്മാരുടെ നടപടി, കൊളോസോസ്, എഫേസൂസ് സഭകള്‍ക്കുള്ള ലേഖനങ്ങള്‍, അജപാലക ലേഖനങ്ങള്‍ (1,2 തിമോ; തീത്തോ) എന്നിവ എ.ഡി. 90-നു മുമ്പ് രചിക്കപ്പെട്ടു. എ.ഡി. 80-100 വര്‍ഷങ്ങളിലായി യോഹന്നാന്‍റെ സുവിശേഷവും യോഹന്നാന്‍റെ മൂന്നു ലേഖനങ്ങളും വെളിപാടു പുസ്തകവും വിരചിതമായി. ഈശോയുടെ പ്രേഷ്ഠശിഷ്യനായ യോഹന്നാന്‍ സ്ഥാപിച്ച ഒരു സഭാസമൂഹത്തിലാണ് ഈ പുസ്തകങ്ങളുടെ ഉത്ഭവം.

ക്രൈസ്തവരുടെ മൂന്നാം തലമുറയുടെ (എ.ഡി. 100-120) കാലഘട്ടത്തിലാണ് പുതിയനിയമത്തിലെ അവസാനത്തെ രണ്ടു കൃതികള്‍ രചിക്കപ്പെട്ടത്. അവ ഹെബ്രായര്‍ക്കുള്ള ലേഖനവും പത്രോസിന്‍റെ രണ്ടാം ലേഖനവുമാണ് (എ.ഡി. 120-ഓടുകൂടിയാണ് ഇവ രചിക്കപ്പെടുന്നത്).
പുതിയ നിയമം പഠിക്കുമ്പോള്‍ അടിസ്ഥാനപരമായി അത്യാവശ്യം അറിഞ്ഞിരിക്കണം രചനാ കാലഘട്ടങ്ങളും അതിന്‍റെ വളര്‍ച്ചയും.

Leave a Comment

*
*