Latest News
|^| Home -> Suppliments -> Baladeepam -> പുതുവര്‍ഷം പുത്തന്‍ചിന്തകളോടെ പുതുപ്രതിജ്ഞകളോടെ

പുതുവര്‍ഷം പുത്തന്‍ചിന്തകളോടെ പുതുപ്രതിജ്ഞകളോടെ

Sathyadeepam


സ്മിത സെബാസ്റ്റ്യന്‍

2019 യവനികയ്ക്കുള്ളില്‍ മറഞ്ഞു. Twenty twenty എന്ന് ഓമനിച്ചു വിളിക്കാന്‍ തോന്നുന്ന പുതുവര്‍ഷം നമ്മെ കരവലയത്തിലാക്കിയിരിക്കുന്നു. പുതുവര്‍ഷത്തെ വരവേറ്റതും അതിനായി നടത്തിയ ഒരുക്കങ്ങളും വിവരണാതീതമായിരിക്കും. എങ്കിലും പലതരം ആകുലതകള്‍ നമ്മെ അലട്ടുന്നുണ്ട്. ബാലദീപത്തിന്‍റെ കൂട്ടുകാര്‍ക്ക് പുതുവര്‍ഷത്തെ വേറിട്ട് സമീപിക്കാനുതകുന്ന ചെറുചിന്തകള്‍, പുതുപ്രതിജ്ഞകള്‍ ഒക്കെയാവട്ടെ ഇപ്രാവശ്യം.

എല്ലാം ദൈവത്തിന്‍റെ ദാനമാണ്. മണ്ണും വെള്ളവും വായുവും നമ്മുടെ ജീവനും എല്ലാം. അടിസ്ഥാന ആവശ്യങ്ങള്‍ക്ക് എന്തിനേറെ ശുദ്ധവായുവിനുപോലും ഇനി പണം നല്കേണ്ട അവസ്ഥയിലായിരിക്കുന്നു കാര്യങ്ങള്‍. ജീവന്‍ നിലനിര്‍ത്താന്‍ എന്തെല്ലാം തത്രപ്പാടുകളാണ് നാം കാണിച്ചുകൂട്ടുന്നത്.

എന്തുകൊണ്ടാണിങ്ങനെ? നാം നമ്മുടെ പരിസ്ഥിതിയുമായി യഥാര്‍ത്ഥത്തില്‍ സൗഹൃദത്തിലാണോ? കേട്ടുപഴകിയ കാര്യങ്ങളാണ് ആവര്‍ത്തിക്കുന്നതെങ്കിലും വരും തലമുറയുടെ നിലനില്പിന് എല്ലാം ഒന്ന് അരക്കിട്ടുറപ്പിക്കുന്നത് ഉചിതമായിരിക്കും. മുടങ്ങിപ്പോകുന്ന പ്രതിജ്ഞകള്‍ക്കപ്പുറം മുടക്കാനാകാത്ത ജീവിതശൈലിയായി കുറെ കാര്യങ്ങള്‍ നമുക്ക് കൂടെ കൂട്ടാം.

2008-ലെ അദ്ധ്യയനവര്‍ഷാരംഭം ഓര്‍ത്തുപോകുന്നു. ഗവണ്‍മെന്‍റ് എല്‍.പി. സ്കൂളിലെ ഒന്നാം ക്ലാസ്സില്‍ ആദ്യദിനം തന്നെ ഡസ്കില്‍ തലചേര്‍ത്ത് കിടക്കുന്ന മൂന്നു കുട്ടികള്‍. കാരണം വയറുവേദന. പരിഹാരങ്ങള്‍ ഒന്നും അവര്‍ക്ക് ബോധിച്ചില്ല. ആദിവാസി കുട്ടികളാണ്. പുഴയും കാടും ഇഷ്ടപ്പെടുന്നവര്‍/ഒരിക്കലും മടുക്കാത്തവര്‍. അവര്‍ സ്കൂളില്‍ വരുന്നത് അപൂര്‍വ കാഴ്ചയാണ്. ഒടുവില്‍ കാരണം അറിഞ്ഞപ്പോള്‍ നടുങ്ങലായി. വിശന്നിട്ടാണ് കമിഴ്ന്നു കിടക്കുന്നത്. മൂന്ന് നേരം ആഹാരം വീട്ടിലുണ്ടെങ്കില്‍ അവര്‍ സ്കൂളില്‍ വരാന്‍ മടിക്കും. വീട്ടില്‍ ആഹാരം ഇല്ലാത്ത ദിവസം നിശ്ചയമായും അവര്‍ വന്നിരിക്കും. ഉച്ചയ്ക്കുള്ള ചോറും കറികളുമാണ് ആകര്‍ഷണം. പിന്നീട് രാവിലെയുള്ള കിടപ്പു കാണുമ്പോഴേ ആഹാരം വാങ്ങി നല്കിത്തുടങ്ങി. മുഖം തെളിഞ്ഞു. തല ഉയര്‍ത്തിവച്ചു. ഇത് ഒരു നേരനുഭവമാണ്. പട്ടിണി കാണാന്‍ സോമാലിയയിലെ ചിത്രങ്ങളോ വാര്‍ത്തകളോ തേടിപോകേണ്ടതില്ല. അട്ടപ്പാടിയിലെ മധു ഒരാള്‍ മാത്രമല്ല… ഒരുപാടു പേരുണ്ട് നമ്മുടെ നാട്ടില്‍. പട്ടിണിയാവുന്ന കുഞ്ഞുങ്ങളുടെ ദയനീയതയ്ക്കു പിന്നില്‍ പണം വഴിമാറ്റി ചെല വഴിക്കുന്ന അപ്പന്മാരുണ്ടെന്നതും സത്യമാണ്. ഒരുവശം ഇങ്ങനെയാണെങ്കിലും മറുവശത്തെ തീന്മേശകളില്‍ നിന്നും ഇത് വേണ്ട, എനിക്ക് വേണ്ട എന്ന ജല്പനങ്ങള്‍ നിത്യവും ഉയരുന്നുണ്ട്. പാഴായിപ്പോകുന്ന, പാഴാക്കി കളയുന്ന ഓരോ വറ്റും ആരുടെയൊക്കെയോ മുഖപ്രസാദത്തിന് വഴിവെയ്ക്കുന്ന പാഥേയമായി മാറേണ്ടതല്ലേ. ഒന്ന് ശ്രദ്ധിച്ചാല്‍ അനാവശ്യമായ പലതും നമുക്കൊഴിവാക്കാം. വേണ്ടത് വെച്ചുവിളമ്പണം. വിളമ്പിയത് ഭക്ഷിക്കണം. പരസ്പരം പങ്കുവയ്ക്കാന്‍, നന്മനിറഞ്ഞ മനസ്സിന് ഉടമകളാകാന്‍ നമുക്ക് കഴിയണം. പുതുവര്‍ഷപ്രതിജ്ഞകളിലൊരെണ്ണം ഇതാവട്ടെ. വിശക്കുന്നവന്‍റെ നിലവിളി മായ്ക്കാന്‍ എന്നാലാവുന്നത് ഞാന്‍ ചെയ്യും. ഇനി ഒരിക്കലും ഞാന്‍ ആഹാരം വെറുതെ കളയില്ല എന്ന് ഓരോരുത്തരും ഉള്ളില്‍ ഉറപ്പിക്കട്ടെ. രാജ്യമോ, നാടോ എന്നല്ല, എന്‍റെ ചുറ്റുവട്ടം. അതെന്‍റെ കണ്ണില്‍ ഉണ്ടാവണം. എന്‍റെ സഹപാഠിയുടെ നോവ് എന്‍റെ നോവായി മാറണം.

കേരളം രണ്ട് മഹാപ്രളയത്തിന്‍റെ ദുരിതങ്ങള്‍ പേറി ക്ഷീണിതയായിരിക്കുന്നു. പ്രളയത്തില്‍ – തോരാമഴയിലും കുടിവെള്ളത്തിനായി നീണ്ട കൈകള്‍ നാം കണ്ടതാണ്. പ്രളയശേഷം വറ്റിവരണ്ട തോടും പുഴയും കിണറുകളും വരാനിരിക്കുന്ന കൊടുംവരള്‍ച്ചയെന്ന മഹാവിപത്തിലേക്കുള്ള ചൂണ്ടുപലകയല്ലേ? ഇപ്പോഴേ ശ്രദ്ധിക്കാം. സൂക്ഷിച്ചുപയോഗിക്കാം നമുക്ക്. ജലത്തിനു പകരം മറ്റൊന്നുമില്ല എന്ന സത്യം നമുക്കറിയാവുന്നതാണ്. പുലരുമ്പോള്‍ മുതല്‍ അശ്രദ്ധയോടെ പാഴാക്കിക്കളയുന്ന വെള്ളം ശേഖരിച്ചാല്‍ അതെത്രമാത്രം ഉണ്ടാവുമെന്ന് നാം ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പലതുള്ളി പെരുവെള്ളം എന്ന ചൊല്ല് പരിചിതമെങ്കിലും ടാപ്പ് തുറന്നിട്ട് പല്ലു തേയ്ക്കുന്ന, മുഖം കഴുകുന്ന ശീലം കൂടെകൂട്ടിയ നമുക്ക് കാര്യങ്ങള്‍ പെട്ടെന്നൊന്നും ഗ്രഹിക്കാന്‍ കഴിയില്ല. റേഷനായി വെള്ളം വാങ്ങാന്‍ നില്ക്കേണ്ടി വരുന്ന ദുരവസ്ഥ ആലോചിച്ചാല്‍ ടാപ്പുകള്‍ താനേ അടയും. കുളിയും നനയും പരിധി ലംഘിക്കില്ല. സംഭരിക്കണം മഴവെള്ളം… പാഴാകാതെ നോക്കണം ഓരോ തുള്ളിയും. വരും നാളുകളില്‍ ദാഹജലത്തിനായി കേഴേണ്ട ദുരനുഭവം നമ്മെ തേടി വരാതിരിക്കട്ടെ.

പ്ലാസ്റ്റിക് പേപ്പറില്‍ പൊതിഞ്ഞ സമ്മാനം എനിക്കുവേണ്ട എന്ന് ഉറക്കെ വിളിച്ചുപറഞ്ഞ ഒന്നാം ക്ലാസ്സുകാരന്‍റെ ആര്‍ജ്ജവം കുടുംബയൂണിറ്റ് മീറ്റിംഗില്‍ വന്നവരെയെല്ലാം ഞെട്ടിച്ചു. പൊതി അഴിച്ചുമാറ്റി സമ്മാനം മാത്രം അവന്‍ കൈപ്പറ്റിയപ്പോള്‍ വലിയൊരു തിരിച്ചറിവിലായി ഭാരവാഹികളും. ഇതൊരു വേറിട്ട അനുഭവമല്ല. ചൊട്ടയിലെ ശീലം ചുടല വരെ എന്ന പഴഞ്ചൊല്ലിനെ ബലപ്പെടുത്തുന്ന അനുഭവമാണ്. കുഞ്ഞിലേ പകര്‍ന്നു നല്കിയ തിരിച്ചറിവ് അവന്‍ കൂടെ കൂട്ടിയിട്ടുണ്ട് തീര്‍ച്ച. പ്ലാസ്റ്റിക്ക് നാരുപയോഗിച്ച് കൂടുകൂട്ടിയ അമ്മക്കിളി, താനൊരുക്കിയ കൂട്ടില്‍ കുരുങ്ങി ചത്തിരിക്കുന്ന ചിത്രം ഹൃദയത്തെ നൊമ്പരപ്പെടുത്തുന്നത് തന്നെയായിരുന്നു. നമ്മുടെ പ്രവര്‍ത്തികള്‍ സര്‍വ്വ ജീവജാലങ്ങള്‍ക്കും ഹാനികരമായി ദ്രോഹമായി മാറുന്നുണ്ട് എന്നതിന് ഇതില്‍പ്പരം തെളിവെന്തിന്? പ്ലാസ്റ്റിക് വിമുക്ത നാടെന്ന ദൗത്യം നിറവേറാന്‍ നമുക്കും ചിലതു ചെയ്യാനില്ലേ? ചിലതൊക്കെ വേണ്ടെന്നു വയ്ക്കാന്‍ ശീലിക്കണം. വരുംതലമുറയ്ക്കായി ഈ മണ്ണ് സംരക്ഷിക്കപ്പെടണം. തുണിസഞ്ചിയുടെ, പേപ്പറിന്‍റെ ഒക്കെ സുരക്ഷിതത്വത്തിലേക്ക് ഒരു പറിച്ചുനടല്‍… പഴയതലമുറയുടെ മാതൃക പിന്‍ചെന്ന് മനസ്സാക്ഷി കുറ്റപ്പെടുത്താത്ത പ്രവൃത്തികളുടെ വക്താക്കളായി നമുക്കും മാറാം….

ആഗോളതാപനം എന്ന വിപത്തിനെക്കുറിച്ച് കേട്ടറിവ് നമുക്കുണ്ട്. കണ്ടറിയാനും കൊണ്ടറിയാനും സമയമടുത്തുവരുന്നുണ്ട്. ആഗോളതാപനം മരമാണ് മറുപടി എന്ന് കേട്ട് പതിഞ്ഞുകഴിഞ്ഞു. സത്യത്തില്‍ എല്ലാറ്റിനുമുള്ള മറുപടി നമ്മുടെ പ്രവൃത്തികളുടെയെല്ലാം നിയന്ത്രണമല്ലേ? ഒരു പേപ്പര്‍ അനാവശ്യമായി കളയുമ്പോള്‍ ഒരു മരം ഇല്ലാതാവുന്നുണ്ട് എന്ന സത്യം നാം ഓര്‍ക്കണം. ഒരു സ്വിച്ച് ഓഫാക്കാന്‍ നാം മറക്കുമ്പോള്‍ അവയുടെയെല്ലാം സ്രോതസ്സുകള്‍ ഇല്ലാതാവുന്നുണ്ട് എന്ന് നാം മനസ്സിലാക്കണം. പുതുവര്‍ഷം നടപ്പിലാക്കുന്ന പ്രതിജ്ഞകളാല്‍ സമ്പുഷ്ടമാകട്ടെ. നമ്മുടെ പ്രവൃത്തികള്‍ പ്രവര്‍ത്തനങ്ങള്‍ നാടിന് പ്രചോദനമാകട്ടെ. നമ്മുടെ കൂട്ടായ്മകള്‍ അതിന് പ്രോത്സാഹനമാകട്ടെ.

പഴയ തലമുറ അമൂല്യമായി കാത്തുസൂക്ഷിച്ച് കൈമാറിയ പ്രകൃതിയും പ്രകൃതി വിഭവങ്ങളും വരും തലമുറകള്‍ക്കായി നമുക്ക് സംരക്ഷിക്കാം. ദൈവം ദാനമായി നിര്‍ലോഭം നല്കിയ സകലതിനും വില നല്കേണ്ടിവരുന്ന നമുക്ക് ചില തിരിച്ചറിവുകള്‍ അനിവാര്യമാണ്. എല്ലാം ആവശ്യത്തിനുമതി എന്നു തീരുമാനിക്കാം. നഷ്ടപ്പെടുത്താന്‍, ഉപയോഗശൂന്യമാക്കി കളയാന്‍ ഒന്നും നമുക്ക് സംഭരിച്ച് വയ്ക്കാതിരിക്കാം. കുട്ടികള്‍ ഏവര്‍ക്കും മാതൃകയാകാം. മുതിര്‍ന്നവര്‍ എല്ലാ നന്മപ്രവൃത്തികളുടെയും പ്രോത്സാഹകരാകാം. പുതുവര്‍ഷം പുത്തന്‍ചിന്തയില്‍ പുതുപ്രതീക്ഷയില്‍ തഴച്ചുവളരട്ടെ. ശുഭപ്രതീക്ഷയില്‍ പ്രപഞ്ചം പൂത്തുലയട്ടെ.

Leave a Comment

*
*