റബേക്കാ

റബേക്കാ

ബൈബിൾ വനിതകൾ

ജെസ്സി മരിയ

"തിടുക്കത്തില്‍ കുടം താഴ്ത്തിപ്പിടിച്ച് അവള്‍ അവനു കുടിക്കാന്‍ കൊടുത്തു." അബ്രാഹത്തിന്‍റെ ഭൃത്യനു വെള്ളം കുടിക്കാന്‍ കൊടുത്ത റബേക്കയെക്കുറിച്ചു വി. ബൈബിള്‍ ഇങ്ങനെയാണു പറഞ്ഞിരിക്കുന്നത്. ഇത്ര പ്രസരിപ്പോടെയും ആത്മസ്വാതന്ത്ര്യത്തോടെയും ബൈബിളില്‍ നാം കണ്ടുമുട്ടുന്ന ആദ്യസ്ത്രീയാണു റബേക്ക. തന്നോടു വെള്ളം ചോദിച്ച വയോധികനും അയാളുടെ ഒട്ടകങ്ങള്‍ക്കും മതിയാവോളം ദാഹജലം കോരിക്കൊടുത്തുകൊണ്ടു കുലീനയായൊരു പെണ്‍കുട്ടി എങ്ങനെയായിരിക്കണമെന്നു റബേക്കാ കാണിച്ചുതരുന്നുണ്ട്. അവളുടെ ആത്മസ്വാതന്ത്ര്യത്തില്‍ നിന്നുണ്ടായ പ്രവൃത്തിയാണ്. മാത്രമല്ല, തന്‍റെ വീട്ടിലേക്ക് അവനെ ക്ഷണിക്കുന്നുണ്ട്. അവര്‍ തീര്‍ച്ചയായും സ്വാതന്ത്ര്യത്തോടെ വീട്ടില്‍ വളര്‍ന്ന പെണ്‍കുട്ടിയാണ്. ഉല്പത്തിക്കാലം മുതല്‍ തന്നെ സ്ത്രീക്കു സ്വാതന്ത്ര്യമുണ്ടായിരുന്നു എന്നു റബേക്കാ പറഞ്ഞുതരുന്നുണ്ട്. റബേക്കയുടെ വീട്ടിലെത്തിയ അബ്രാഹത്തിന്‍റെ ഭൃത്യന്‍ താന്‍ വന്ന കാര്യം അവളുടെ പിതാവായ ബത്തുവേലിനോടും സഹോദരന്‍ ലാബാനോടും പറയുന്നതും അവര്‍ സന്തോഷപൂര്‍വം സമ്മതിക്കുന്നതും നാം കാണുന്നു. എല്ലാം ശുഭമായി തീര്‍ന്നതിനുശേഷം ഭൃത്യന്‍ അവളെയുംകൊണ്ടു യജമാനനായ അബ്രാഹത്തിന്‍റെ വീട്ടിലേക്കു പോകാന്‍ അനുവാദം ചോദിക്കുന്നു. അവളുടെ അമ്മയും സഹോദരനും കുറച്ചു ദിവസംകൂടി അവള്‍ തങ്ങളോടൊപ്പം നില്ക്കട്ടെ എന്ന് ആഗ്രഹം പറയുന്നുണ്ടെങ്കിലും തന്‍റെ യജമാനന്‍റെ പക്കല്‍ എത്രയും വേഗം തിരിച്ചു ചെല്ലേണ്ടതിന്‍റെ ആവശ്യകത ഭൃത്യന്‍ ബോദ്ധ്യപ്പെടുത്തുന്നു. അവസാനം അവര്‍ റബേക്കയെ വിളിച്ചു അഭിപ്രായം ചോദിക്കുന്നു – താന്‍ ഭൃത്യനോടൊപ്പം ഇസഹാക്കിന്‍റെ വീട്ടിലേക്കു പോകുന്നുവെന്ന അവളുടെ മറുപടി ധീരമായ സ്വതന്ത്രമായ തീരുമാനമാണ്. അവളുടെ സ്വപ്നങ്ങള്‍ വര്‍ണപ്പകിട്ടോടെ ഇസഹാക്കിന്‍റെ കൂടാരത്തിനു മുകളില്‍ പറന്നുതുടങ്ങിയിരുന്നു. വളരെ വ്യക്തമായ തീരുമാനങ്ങളുള്ള സ്ത്രീയായിരുന്നു റബേക്കാ. പിന്നീടു നടന്ന കാര്യങ്ങളില്‍നിന്ന് ഇതു കൂടുതലായി മനസ്സിലാകും.

വി. ബൈബിള്‍ സമാനതകളുടെയും വൈരുദ്ധ്യങ്ങളുടെയും ഒരു പുസ്തകമാണെന്നു നമുക്കറിയാം. ഇസഹാക്കിന്‍റെയും റബേക്കയുടെയും ജീവിതത്തിലെ ചില കാര്യങ്ങള്‍ പെട്ടെന്നു നമുക്കു ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടുണ്ട്. ആകെയുള്ള രണ്ടു മക്കളില്‍ അപ്പന്‍ മൂത്തവനെയും അമ്മ രണ്ടാമനെയും കൂടുതലായി സ്നേഹിക്കുന്നു. ഇതു മാത്രമല്ല ഇളയ മകനോടുള്ള വാത്സല്യക്കൂടുതല്‍ കാരണം മൂത്തവനായ ഏസാവിന് അര്‍ഹതപ്പെട്ട കടിഞ്ഞൂല്‍ പുത്രന്‍റെ അനുഗ്രഹങ്ങള്‍ ചതിയിലൂടെ ഇളയമകനു നേടിക്കൊടുക്കുന്ന അമ്മയായി റബേക്കയെ നാം കാണുന്നു. ചതി ഒരുകാലത്തും പൊറുക്കാനാവാത്ത തെറ്റാണ്. എന്നിട്ടും റബേക്കാ എന്തിന് ഇഹസഹാക്കിനെയും ഏസാവിനെയും ചതിച്ചു?

ചിലപ്പോള്‍ ഏസാവിന്‍റെ ശരിയല്ലാത്ത ബന്ധങ്ങളും വിവാഹങ്ങളും അതിലൂടെ ഇസഹാക്കിനും റബേക്കയ്ക്കും അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളും അവളെ അതിനു പ്രേരിപ്പിച്ചതാകാം. കാനാന്യ സ്ത്രീകളെ വിവാഹം ചെയ്ത ഏസാവിനു കിട്ടുന്ന പൈതൃകാനുഗ്രഹങ്ങള്‍ പാഴായിപ്പോകുമെന്ന ഭീതിയിലായിരിക്കാം റബേക്കാ ഒരുപക്ഷേ, ഇങ്ങനെ ചെയ്തത്. എന്നാല്‍ ഈ ചതിയെല്ലാം പിന്നീടു നന്മയായി തീരുന്നതും നാം കാണുന്നുണ്ട്. റബേക്കായുടെ ദീര്‍ഘവീക്ഷണവും ചടുലനീക്കങ്ങളും മക്കളുടെ നന്മയ്ക്കുവേണ്ടിത്തന്നെയായിരുന്നു. സ്വാതന്ത്ര്യത്തിന്‍റെയും ധിഷണാശക്തിയുടെയും കൂസലില്ലാത്ത സ്ത്രീരൂപമായിരുന്നു റബേക്കാ.

നമുക്കും റബേക്കായുടെ ആത്മസ്വാതന്ത്ര്യവും നയനൈപുണ്യവും സ്വന്തമാക്കാവുന്നതാണ്. നല്ല കാര്യങ്ങള്‍ക്കുവേണ്ടി ധീരമായ തീരുമാനങ്ങളെടുക്കാന്‍ സ്ത്രീക്കാവണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org